Image

മുഖം (കഥ-രമ പ്രസന്ന പിഷാരടി)

Published on 16 November, 2019
 മുഖം (കഥ-രമ പ്രസന്ന പിഷാരടി)
സമചതുരത്തിലുള്ള സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചട്ടക്കൂടിലെ ചില്ലുമൂടിയില്‍ നിന്ന് പുറത്തേയ്‌ക്കൊഴുകാന്‍ തുള്ളി തുളുമ്പി നില്‍ക്കും പോലെയൊരു മന്ദഹാസം ആ മുഖത്തില്‍ നിറഞ്ഞിരുന്നു.

ഞാന്‍ ആ മുഖത്തേയ്ക്ക് തന്നെ നോക്കി.

മുഖവും ജീവിതവും ഒരു ഫ്രെയിമിനുള്ളില്‍ അകപ്പെടുന്ന അവസ്ഥയെ പറ്റി ഇത്രയും അഗാധമായി ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു.

വീണ്ടും ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കി.

എവിടെയോ കണ്ട് മറന്ന പോലെയൊരു ചിരി..

വളരെ പരിചിതമായൊരു മുഖമാണിതെന്ന് എന്റെ മനസ്സ് എന്നെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

എത്ര ശ്രമിച്ചിട്ടും ഏതോര്‍മ്മയുടെ ചിമിഴിലാണ് ഈ മുഖമുള്ളതെന്ന് അറിയാന്‍ എനിക്കപ്പോഴായില്ല..

മിനുക്കി തുടച്ച് തിളക്കമേറിയ പൂമുഖ മുറിയില്‍ ഞാനൊറ്റയ്ക്കായിരുന്നു. ഭംഗിയുള്ള ആ മുറിയിലിരുന്ന് ഞാന്‍ ഇടയ്ക്കിടെ ആ മുഖത്തേയ്ക്ക് നോക്കികൊണ്ടിരുന്നു. എന്റെ ഭാര്യ അകത്തിരുന്ന് സംസാരിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

ചുമരിലെ മുഖവും ഞാനും എന്തിനോ വേണ്ടിയെന്നപോല്‍ ആ മുറിയിലിരുന്നു.

എന്നെനോക്കി നിറഞ്ഞ് ചിരിക്കുന്ന ആ മുഖം എന്നില്‍ ആദ്യമായി ആത്മപരിശോധനയുടെ അക്ഷരലിപികള്‍ നിറച്ചു. എന്നിലൂടെ മഹാപ്രഹാഹങ്ങളുടെ അതിശക്തമായ പ്രളയതാണ്ഡവം കഴിഞ്ഞ ശാന്തതയുണര്‍ന്നു. ഞാനെന്ന ഭാവം ചിരി നിറയും ചതുരക്കൂടിനുള്ളിലേയ്ക്കും, ഓര്‍മ്മകളിലേയ്ക്കും ചുരുങ്ങും വരെയെ ഉണ്ടാവൂ എന്ന് ആ മുഖം എന്നോടു പറയുന്ന പോല്‍ എനിയ്ക്കനുഭവപ്പെട്ടു

ഞാന്‍ പോലുമറിയാതെ എന്റെ മനസ്സ് ആ മുഖത്തോട് സംവദിക്കാനാരംഭിച്ചു..

നിനക്കറിയുമോ മുഖമേ, എന്റെ ഭാര്യ അകത്തിരുന്ന് നിന്റെ ഭാര്യയോട് സംസാരിക്കുന്നു. അവര്‍ കരയുകയും ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. എല്ലാം നിന്നെക്കുറിച്ചായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

നിന്റെ ഭാര്യ എന്റെ ഭാര്യയുടെ അടുത്ത സുഹൃത്തായിരുന്നെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിരുന്നില്ല.

കാര്‍മ്മല്‍ കോണ്‍വെന്റിലും, കാതലിക് കോളെജിലും അവരൊന്നിച്ചായിരുന്നു എന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞത് എനിയ്ക്ക് പുതിയ അറിവായിരുന്നു.

എന്റെ ഭാര്യയുടെ പഴയ സുഹൃത്തുക്കളെയൊന്നും

അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. ഞാന്‍ താമസിക്കുന്ന ഗുല്‍മോഹര്‍ ഹൗസില്‍ അറുനൂറിലധികം ഫ്‌ലാറ്റുകളുണ്ട്. അവിടെയുള്ളവരും ജോലി സ്ഥലത്തെ സുഹൃത്തുക്കളും ചേരുന്ന പുതിയ കൂട്ടായ്മയില്‍ പഴയ സുഹൃത്തുക്കള്‍ വല്ലപ്പോഴും കടന്ന് വരുന്ന ഓര്‍മ്മയിലെ അതിഥികള്‍ മാത്രമായിരിക്കും.

ചിരിക്കുന്ന മുഖമേ, നിന്റെ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന്ഞാന്‍ ഇന്ന് നിന്നെ അറിയാന്‍ ശ്രമിക്കുന്നതിന്റെ ആധികാരികമായ അനൗചിത്വം എനിയ്ക്ക് മനസ്സിലാകുന്നുണ്ട്.

പക്ഷെ ചിരിക്കുന്ന ഈ മുഖം എനിയ്ക്കറിയാമെന്ന് എന്റെ ഓര്‍മ്മയുടെ ഗ്രന്ഥശാല പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എവിടെ വച്ചാണ്....

എവിടെ വച്ചാണ് അപരിചിതത്വത്തിലെ പരചയഭാവവുമായ് നമ്മള്‍ കണ്ട് മുട്ടിയത്.

എന്റെ ചിന്തകള്‍ നിറഞ്ഞൊഴുകുമ്പോല്‍ വാതിലനരികില്‍ ഒരുമിന്നലാട്ടം കാണാനായി..
ശരറാന്തലിലെ നക്ഷത്രത്തിളക്കം മിഴിയില്‍ നിറഞ്ഞ ഒരു മുഖം....
വാതില്‍പാളിയില്‍ പാതിചാരി ഒരെത്തിനോട്ടം.

പട്ടുപാവാടയും, എണ്ണമയമുള്ള മുടി കോതിയൊതുക്കി പിന്നിലേയ്ക്ക് മെടഞ്ഞിട്ട ഒരു കുരുന്നു തിരനോട്ടം. ഞാന്‍ നോക്കിയപ്പോള്‍ ആമുഖം ഉള്ളിലേയക്ക് വലിഞ്ഞു.

ആരായിരിക്കും അത്..?

എന്റെ ചിന്തകള്‍ ചുറ്റി വലയുമ്പോള്‍ ആ മുഖം വീണ്ടും വാതിലിലുരുമ്മി പൂമുഖത്തേയ്ക്ക് വന്നു. കൗതുകം നിറയും മുഖമുള്ള ഒരു പെണ്‍കുട്ടി.

സ്‌നേഹം നിറയും ഒരുചിരി ഞാനാ കുട്ടിയ്ക്ക് സമ്മാനമായേകി. എന്റെ ചിരിയില്‍ നിറഞ്ഞ സ്‌നേഹം ഇരുകൈയിലും നീട്ടി ആകുട്ടി ചിരിച്ചു.

ചുമരിലെ മുഖമേ! അത് നിന്റെ മകളാണെന്ന് എനിയ്ക്കാരും പറയാതെ തന്നെ മനസ്സിലായിരിക്കുന്നു.

ഫ്രെയിമില്‍ നിറഞ്ഞ ചിരി തട്ടിത്തൂവിയൊഴുകി ആ കുട്ടിയുടെ മുഖത്ത് നിറഞ്ഞിരുന്നു. ആ ചിരിയെ രണ്ട് കൈയിലുമെടുത്ത് എനിയ്ക്ക് നേരെയെറിഞ്ഞ് ആ കുട്ടി തുള്ളിച്ചാടി അകത്തേയ്‌ക്കോടി.

എന്റെ ഏകാന്തതയെ അല്പനേരത്തേയ്ക്ക് ചുരുക്കിയ ആകുട്ടി ഒരിയ്ക്കല്‍കൂടി വന്നിരുന്നെങ്കിലെന്ന് ഞാനാശിച്ചു.

വീണ്ടും പൂമുഖമുറിയില്‍ ഞാനൊറ്റൊയ്ക്കായി. ചുമരിലെ മുഖംചിരിച്ചു കൊണ്ടേയിരുന്നു. ആ ചിരിയാണെന്നെ വലയ്ക്കുന്നതും, ഇങ്ങനെ ചിരിക്കുന്ന മുഖം ഞാനെവിടെയാണ് കണ്ട് മറന്നത്.

എന്റെ ഓര്‍മ്മകളുടെ നിശ്ശബ്ദലോകത്തിലേയ്ക്ക് കരഞ്ഞ് വലഞ്ഞ മുഖവുമായ്എന്റെ ഭാര്യ കടന്ന് വന്നു.

പിറകില്‍ സുഹൃത്തും.

നോക്കൂ...

ഇതാണെന്റെ സുഹൃത്ത് അനസൂയ..

ചിരി മാഞ്ഞ ഒരു മുഖം എന്നെ നോക്കി മെല്ലെ കൈകൂപ്പി.

എന്റെ നോട്ടം ചുമരിലെമുഖത്തില്‍ വീണ്ടും ഉടക്കിക്കീറി.

എവിടെയോ ഒരക്ഷരം തെറ്റി വീണിരിക്കുന്നു.

ചിരിക്കുന്ന മുഖമേ, നിന്നെ ഞാനെവിടെയാണ് കണ്ടത്...

അന്ന് നിന്റെ കൂടെയുണ്ടായിരുന്നത് ഇന്നെന്റെ മുന്നില്‍ കൈകൂപ്പുന്ന നിന്റെ ഭാര്യയായിരുന്നില്ല എനിയ്ക്കത്രയ്ക്കുറപ്പുണ്ട്.

മീറ്റ് മൈ വൈഫ്'' എന്ന് എന്നോട് പറഞ്ഞപ്പോള്‍ പശ്ചാത്യവസ്ത്രങ്ങളില്‍ തിളങ്ങിനിന്ന ഗ്രീക്ക് ദേവതയെ പോല്‍ മുന്നില്‍ നിന്ന നിന്റെ ഭാര്യയെ എനിയ്ക്കിന്നും ഓര്‍മ്മയുണ്ട്. അവരുടെ ശിരസ്സില്‍ അന്ന് ഒലിവിലകൊണ്ട് മെടഞ്ഞ ഒരു കിIരീടമുണ്ടായിരുന്നു. എന്തിനാണങ്ങനെയൊരു ഒലിവിലക്കിരീടം എന്ന് ഞാനതിശയിച്ചെങ്കിലും വിശുദ്ധ കന്യാമറിയത്തെ പോലെ തോന്നിച്ചു എനിയ്ക്കന്നാ മുഖം..

ഒരാളെ പോലെ ഏഴ് പേരുണ്ടാവും ഈ ലോകത്തിലെന്ന് ഇടയ്ക്കിടെ അമ്മ പറഞ്ഞിരുന്നത് എന്റെ ഓര്‍മ്മയിലേയ്‌ക്കെത്തി.


ആകാശത്തിന്റെ ശുഭ്രനിറമുള്ള ബോണ്‍ ചൈനാകപ്പില്‍ ചായയും ദീര്‍ഘചതുരത്തിലുള്ള ഓറഞ്ച് നിറമാര്‍ന്ന മെലാമിന്‍ പ്ലേറ്റില്‍ ബ്രിട്ടാനിയയുടെ ലിറ്റില്‍ ഹാര്‍ട്ട് ബിസ്‌ക്കറ്റുകളും എനിയ്ക്ക് തന്ന് രണ്ട് ഭാര്യമാരും കരയാനായി വീണ്ടും ഉള്‍മുറിയിലേയ്ക്ക് പോയി.

വീണ്ടും ആ ചെറിയ പെണ്‍കുട്ടി എന്നെ തേടിവന്നു.

ഞാനൊരു ലിറ്റില്‍ഹാര്‍ട്ട് ആ കുട്ടിയ്ക്ക് നേരേ നീട്ടി

നോ എന്ന്പറഞ്ഞ് ആ കുട്ടി വീണ്ടും ചിരിച്ചു..


ചുമരിലെ ഫ്രയിമിനുള്ളില്‍ നിന്നും ആ മുഖം വീണ്ടും പെണ്‍കുട്ടിയില്‍ നിറയുന്നത് അല്പം കൗതുകത്തോടെ ഞാന്‍ കണ്ടിരുന്നു.


ഞാന്‍ ചായ കുടിയ്ക്കുന്നതും കണ്ട് കുറെ നേരം അവിടെനിന്ന് വീണ്ടും പെണ്‍ കുട്ടി തുള്ളിച്ചാടി ഉള്ളിലേയ്‌ക്കോടിപ്പോയി.



ചുമരില്‍ ഒരു മുഖവും മലേഷ്യന്‍ ഓക്കില്‍ പണിത സോഫയില്‍ ഞാനും ആ സ്വീകരണമുറിയില്‍ തനിച്ചായി.


ഞാന്‍ എന്റെ ഓര്‍മ്മ പുസ്തകം വീണ്ടും തുറന്നു. വെയില്‍പ്പാളികളിലൂടെ യാത്രാവിവരണങ്ങള്‍ നീണ്ട് പോകും പുസ്തകത്താളില്‍ എന്റെയോര്‍മ്മകളുടെ പുനര്‍വിചിന്തനം....

എവിടെ വച്ചാകും നമ്മള്‍ കണ്ടത്.

ആംസറ്റര്‍ഡാമിലോ, ആഥന്‍സിലോ എവിടേയ്ക്കാണെന്റെ ഓര്‍മ്മപ്പക്ഷികള്‍ പറന്ന് നീങ്ങുന്നത്.

എനിയ്ക്ക് എന്നെ തന്നെ നിയന്ത്രിക്കാനാവുന്നില്ല.

ചില നേരങ്ങളില്‍ എന്നെ ഒപ്രെസിവ് കംപല്‍സീവ്ഡിസോര്‍ഡര്‍ വല്ലാതെ വലയ്ക്കുന്നുണ്ട്.

എനിയ്ക്കതറിഞ്ഞേപറ്റൂ...


ഞാന്‍ മെല്ലെ എന്റെ സെല്‍ഫോണിലെ ക്യാമറ തുറന്നു. മലേഷ്യന്‍ സോഫയില്‍ നിന്ന് മെല്ലെ എണീറ്റ് ചുമരിലെ മുഖത്തിനരികിലേയ്ക്ക് നടന്നു.

കുറെ ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ നിറഞ്ഞു..

ആ മുഖത്തെ ചിരി നിറഞ്ഞു തുളുമ്പി ചുമരാകെ നിറഞ്ഞിരിക്കുന്നുവെന്ന് എനിയ്ക്ക് തോന്നി.

കൂടുതല്‍ അടുത്ത് നിന്ന് ഞാനാമുഖത്തെ പഠിയ്ക്കാനാരംഭിച്ചു.

എന്നിലെ ചിന്താശക്തിയുടെ ഒരോ നാഢികളും എന്റെ പ്രക്ഷുബ്ദമാം ആകാംക്ഷയെ വര്‍ദ്ധിപ്പിച്ചു.

എനിയ്ക്കറിയാം എനിയ്ക്കറിയാം നിന്നെ..

നോക്കൂ.....


എനിയ്‌ക്കോര്‍മ്മ കിട്ടിത്തുടങ്ങുന്നു. അന്റാര്‍ട്ടിക്കിലേയ്ക്ക് പോയ യാത്രാനൗകയില്‍ നമ്മളൊന്നിച്ചുണ്ടായിരുന്നു..

അതെ...അവിടെയാണ് നമ്മള്‍ പരിചയപ്പെട്ടത്.

അര്‍ജന്റനീനീയിലെ യാത്രാവഴിയിലാണ് നമ്മള്‍ ആദ്യം കാണുന്നത്..



എന്റെ ശക്തമായ ഓര്‍മ്മ പാകിയ ലോഹത്താളുകളെ ഒന്നുലച്ച് കൊണ്ട് എന്റെ ഭാര്യയും അനസൂയയും വീണ്ടും പൂമുഖ മുറിയിലേയ്ക്ക് വന്നു. ഇപ്പോള്‍ ഞാന്‍ മുഖത്തിന്റെ ഭാര്യയെ വീണ്ടും ശ്രദ്ധിയ്ക്കുന്നു. അത്രയൊന്നും ഭംഗിയില്ലെങ്കിലും ദൈവീകമായ ഒരു തിളക്കം ആമുഖത്തുണ്ടെന്ന് എനിയ്ക്ക് തോന്നി. കരഞ്ഞു വലഞ്ഞതിനാലും അല്പം അലങ്കോലപ്പെട്ട വസ്ത്രം ധരിച്ചിരിക്കുന്നതിനാലും ഒലിവിലക്കിരീടമണിഞ്ഞ ഗ്രീക്ക് ദേവതെയെപ്പോലെ തോന്നിച്ച മറ്റൊരു സ്ത്രീയുമായി ഞാന്‍ താരതമ്യം ചെയ്തതിനാലും പ്രത്യേകിച്ചൊന്നും എനിയ്ക്കാ പുതിയ മുഖത്തില്‍ കാണുവാനായില്ല.

ഉച്ചഭക്ഷണമെന്ത് വേണമെന്ന് ചോദിയ്ക്കാനായ് ഹോളിലേയ്ക്ക് വന്ന രണ്ട് ഭാര്യമാര്‍ വീണ്ടും കരയാനായി അകത്തേയ്ക്ക് കയറിപ്പോയി.

ഒരു ജീവന്‍ ചുമരിലെ ഫ്രെയിമിനുള്ളിലേയ്ക്ക് ചുരുങ്ങിയ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി കാത്തിരിക്കുന്നതിന്റെ അസ്വസ്ഥത എന്നില്‍ നിറഞ്ഞു

വീണ്ടും പൂമുഖമുറിയില്‍ ഞാനൊറ്റൊയ്ക്കായി. ചുമരിലെ മുഖം ചിരിച്ചു കൊണ്ടേയിരുന്നു. ആചിരിയാണെന്നെ വലയ്ക്കുന്നതും,

തിരിയെ പോരുന്ന വഴിയിലും, വീട്ടിലെത്തിയിട്ടും എന്നെ വലച്ചത് മരണവീടോ, അവിടെയുള്ളവരുടെ സങ്കടമോ വാതിലിനിടയിലൂടെ എന്നെ നോക്കി ചിരിച്ചോടിപ്പോയ കുരുന്നു ബാല്യമോ ആയിരുന്നില്ല. .

ഞാന്‍ ലോകയാത്രയ്ക്കിടയില്‍ കണ്ട രണ്ട് മുഖങ്ങള്‍ എന്നെ വലച്ചു കൊണ്ടേയിരുന്നു.

അന്ന്രാത്രി എനിയ്ക്കുറങ്ങാനായില്ല.. ലാപ്‌ടോപിന് മുന്‍പില്‍ തപസ്സിരിക്കുന്ന ഞാന്‍ ഏതോ മഹാജോലിയിലാണെന്ന് വിശ്വസിച്ച് എന്റെ ഭാര്യ ആകെ കരഞ്ഞുതളര്‍ന്ന മുഖവുമായി ഉറങ്ങുവാന്‍ പോയി.. ഇടയ്ക്കിടെ സുഹൃത്തിനെയോര്‍മ്മിച്ച് പാവം, കഷ്ടമായി എന്നൊക്കെ പറയുന്നത് ഞാന്‍ കേട്ടു.

എനിയ്ക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല. കമ്പല്‍സീവ് ഒപ്രസീവ് ഡിസോര്‍ഡിലേയ്ക്ക് ഞാന്‍ വീണ്ടും വഴുതി വീണു. ലാപ്‌ടോപിലെ ഒരോ ചിത്രവും ഞാന്‍ തിരഞ്ഞു. എവിടെയെങ്കിലും എനിയ്ക്കാ മുഖം കാണാനേയ്ക്കും.

എന്റെ അവസ്ഥയില്‍ എനിയ്‌ക്കെന്നോട് തന്നെ സഹതാപം തോന്നി. മരണപ്പെട്ട് ഫ്രെയിമിലായ മുഖത്തിനൊരു രഹസ്യമുണ്ടെന്ന് വിശ്വസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി എനിയ്ക്ക് തോന്നി.

എന്റെ കണ്ണുകള്‍ വേദനിയ്ക്കാന്‍ തുടങ്ങിയിരുന്നു. ആ മുഖത്തിന്റെ പേരു ചോദിയ്ക്കുവാന്‍ മറന്നു പോയതില്‍ ഞാന്‍ വ്യസനിച്ചു. പേരറിഞ്ഞാലും വ്യാജപേരില്‍ ആമുഖത്തിനൊരക്കൗണ്ട് ഉണ്ടായിക്കൂടെന്നുമില്ല. എന്റെ വ്യഥാപരിശ്രമത്തിനൊടുവില്‍ ഞാനുറങ്ങിപ്പോയി..

പ്രഭാതത്തിന്റെയുണര്‍വിലും ചിരിക്കുന്ന ആ മുഖമെന്റെ പിന്നാലെയെത്തി. എന്നെ വെല്ലുവിളിക്കും പോലൊരു ചിരി ആ മുഖത്തിനുണ്ടെന്നെനിയ്ക്ക് തോന്നി. എനിയ്ക്കതറിയണം വീണ്ടും ഞാന്‍ തേടിക്കൊണ്ടേയിരുന്നു.

ജോലിത്തിരക്കില്‍ എന്നെ ഉപദ്രവിക്കണ്ട എന്ന് കരുതിയാവും എന്റെ ഭാര്യ അടുക്കളയില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. സുഹൃത്തിന്റെ ഫ്രെയിമായി മാറിയ ഭര്‍ത്താവിനെതിരെ ഞാന്‍ നീക്കങ്ങള്‍ നടത്തുന്നു എന്നതറിയാതെ എന്റെ പാവം ഭാര്യ സങ്കടപ്പെട്ട മുഖവുമായി അകത്ത് പാത്രങ്ങള്‍ കഴുകുന്നത് എനിയ്ക്ക് കാണാമായിരുന്നു.

എന്റെ ചിന്തകള്‍ കല്ലടുപ്പുകള്‍ക്കുള്ളില്‍ തിളച്ച് മറിയുമ്പോള്‍ ഞാനത് കണ്ടെത്തി.. ഒലിവിലക്കിരീടം ചൂടിയ ഗ്രീക്ക് ദേവതയുടെ മുഖമുള്ള ഒരാളോടൊന്നിച്ച് ചിരിച്ച് നില്‍ക്കുന്നു, അതേ മുഖം...

സ്വീകരണമുറിയില്‍ എന്നോട് സൗഹൃദം കൂടിയ അതേ ചിരി.. എനിയ്ക്ക് സഹിച്ചില്ല.

മറ്റുള്ളവര്‍ മോശക്കാരെന്ന് ചിന്തിക്കുമ്പോള്‍ അല്പം സന്തോഷം കിട്ടുന്ന ആളായിരുന്നില്ല ഞാന്‍. എങ്കിലും അപ്പോള്‍ എന്റെ ഭാര്യയുടെ സുഹൃത്തിനെ ഈ മുഖം ചതിച്ചു എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെട്ടു..

പക്ഷെ എന്നിലെ ആകാക്ഷ എത്ര വഴികളിലൂടെയൊക്കെ സഞ്ചരിക്കുന്നത് എന്നത് എന്നെ അലോസരപ്പെടുത്തി.

ഓര്‍മ്മയുടെ കുറെയേറെ വര്‍ഷങ്ങളില്‍ ഫ്രയിമിലെ ആ മുഖം എന്നില്‍ നിന്ന് മാഞ്ഞ് പോവാത്തതിന്റെ കാരണം ഒലിവിലക്കിരീടം ചൂടിയ മറ്റൊരു മുഖമായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.

വേള്‍ഡ് ഈസ് സ്‌മോള്‍ 'എന്നൊക്കെ അപ്രതീക്ഷതമാം കണ്ടുമുട്ടലുകളില്‍ പലപ്പോഴും പറഞ്ഞു നീങ്ങുന്ന ഈ നഗരത്തില്‍ എന്റെ മനസ്സിലേയ്ക്കും ചെറിയ ലോകത്തിന്റെ വലിയ മുഖം നിറഞ്ഞു വരുന്നത് ഞാനറിഞ്ഞു.

എന്റെ ഭാര്യയോട് ഈ സംശയത്തെ പറ്റി പറഞ്ഞു ചെറുതാകാന്‍ ഞാനാഗ്രഹിച്ചില്ല. പക്ഷെ ഒപ്രസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ എന്നെ തളര്‍ത്തിക്കൊണ്ടേയിരുന്നു. ഇന്നെനിയ്ക്കറിയേണ്ടത് ആകസ്മികമായി ഒരു യാത്രയില്‍ കാണുകയും അതിലേറെ ആകസ്മികമായി വീണ്ടും ചുമരിലെ ഒരു ഫ്രെയിമില്‍ കാണേണ്ടിയും വന്ന ഒരു മുഖത്തിന്റെ നിഗൂഢതകളാണ്. എനിയ്ക്കതറിഞ്ഞേ പറ്റൂ. ആരുമറിയാതെ എത്രയൊക്കെ സ്വകാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ സൂക്ഷിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി..

എന്റെ ഭാര്യ ഇപ്പോഴും ദു:ഖാചരണത്തിലാണ്. രാവിലെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഗുല്‍മോഹര്‍ ഹൗസിലെ ഡിപാര്‍ട്ട്‌മെറ്റ്‌നല്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ സ്‌പെന്‍സേഴ്‌സ് ബ്രഡ് മെല്ലെ തീന്‍മേശപ്പുറത്ത് വച്ച് പറഞ്ഞു.

ഒന്നും ഉണ്ടാക്കാന്‍ തോന്നുന്നില്ല. സുഹൃത്തിന്റെ വീട്ടിലെ ഫ്രയിമിലേയ്ക്ക് കുടിയേറിയ മുഖം എന്റെ ഭാര്യയെ ഇത്ര ദു:ഖിപ്പിക്കുന്നു എന്നതിനേക്കാളേറെ അങ്ങനെയൊരവസ്ഥ ഉണ്ടായാല്‍ എങ്ങനെ നേരിടും എന്നൊരു ചിന്ത എന്റെ ഭാര്യയ്ക്കുണ്ടെന്നെനിയ്ക്ക് തോന്നി.

ഞാന്‍ ഒരു ഫ്രെയിം ആയി മാറുന്ന അവസ്ഥ എന്നത് ഇന്ന് മുതല്‍ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു..

ഉച്ചയൂണിന്റെ സമയത്ത് എന്റെ ആകാംക്ഷയും, എന്റെ ഭാര്യ മാലിനിയുടെ നിര്‍വികാരതയും രണ്ട്വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ എന്റെ മനസ്സില്‍ സ്വീകരണമുറിയില്‍ കണ്ട ചിരിയ്ക്കുന്ന ഫ്രെയിമിലെ മുഖം നിറഞ്ഞു.

തീന്‍മേശപ്പുറത്ത് മാലിനി സ്റ്റീല്‍ പാത്രത്തില്‍ ആവി പൊന്തുന്ന ചോറ് നിറച്ചിരുന്നു, റഫ്രജിറേറ്ററ്റില്‍ നിന്നെടുത്ത് ചൂടാക്കിയ പഴയ കറികള്‍ എന്നെ അല്പം രോഷപ്പെടുത്തി. ദു:ഖാചരണത്തിലായ മാലിനിയെ നോവിക്കാന്‍ ഞാനാഗ്രഹിച്ചില്ല. അതിനാല്‍ ചൂട് ചോറില്‍ ചട്‌നിപ്പൊടി തൂവി നെയ്യ് ചേര്‍ത്ത് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചു.

എല്ലാ ഭക്ഷണവും കഴിച്ച് മടുത്തു തീരുമ്പോള്‍ എനിയ്‌ക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു ചൂട് ചോറില്‍ തൂവുന്ന ചട്‌നിപ്പൊടിയും നെയ്യും..

മാലിനി ഒന്നും കഴിയ്ക്കാതെ ശിരസ്സ് കുനിച്ചിരിക്കുമ്പോള്‍ ഞാന്‍ കഴിച്ച ഭക്ഷണം എനിയ്ക്ക് വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. എങ്കിലും എനിയ്ക്കാവശ്യം അപ്പോള്‍ ഭക്ഷണമായിരുന്നില്ല. എനിയ്ക്കാവശ്യമുള്ള ഫ്രെയിമിലെ മുഖം വീണ്ടും എന്നെ തേടിവന്നു. ഞാനെന്റെ ഭാര്യയെ നോക്കി. പറയണമോ വേണ്ടയോ എന്നൊരു ആശങ്ക എന്നിലുണ്ടായി..

നിശ്ശബ്ദയായിരിക്കുന്ന മാലിനിയെ ഉണര്‍ത്തുവാനെന്ന പോല്‍ ഫോണ്‍ ശബ്ദിച്ചു. മാലിനിയുടെ ഫോണ്‍ ആനന്ദഭൈരവിയുടെ റിംഗ്‌ടോണ്‍ ഉയര്‍ത്തി. അതിന്റെ സന്തോഷമൊന്നുമില്ലാതെ മാലിനി ഫോണെടുത്തു.

ഏട്ടാ..., ഞാനങ്ങോട്ട് വിളിക്കാം.

ആരോടും സംസാരിക്കാനിഷ്ടപ്പെടുന്നില്ല മാലിനി എന്നെനിക്ക് തോന്നി.

ഏട്ടന്‍..

എന്റെ മനസ്സിലെ കമ്പല്‍സീവ്ഡിസോര്‍ഡര്‍ മെല്ലെയലിയുന്നത്‌പോല്‍ എനിയ്ക്ക് തോന്നി. ഫ്രയിമിലെ മുഖത്തിന്റെ ഏട്ടന്‍ അങ്ങനെയൊരാള്‍..

മാലിനി...ഞാനൊന്ന് ചോദിച്ചോട്ടെ..

മാലിനി ശബ്ദിക്കാനിഷ്ടപ്പെട്ടില്ലെങ്കിലും ശിരസ്സുയര്‍ത്തി എന്നെ നോക്കി..

നിന്റെ സുഹൃത്തിന്റെ മരണ്ണപ്പെട്ട ഭര്‍ത്താവ് മുന്‍പെങ്ങാന്‍ വിദേശത്തുണ്ടായിരുന്നോ?

യെസ്.. ഉണ്ടായിരുന്നു..

ചുമരിലെ ഫ്രെയിം എന്നെനോക്കി ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ കരയുന്നതിനിടയിലും അവര്‍ സംസാരിച്ചിട്ടുണ്ട്എന്നെനെയ്ക്ക് മനസ്സിലായി..

കുറെനാള്‍ ഫ്രാന്‍സിലുണ്ടായിരുന്നു..

ശരി..

എങ്ങനെയെങ്കിലും സംസാരം തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു

ആ കുട്ടി. അവരുടെ മകള്‍..... ചിരിക്കുന്നത് കണ്ടാല്‍ അയാളെപ്പോലെ തന്നെയുണ്ടല്ലേ....

അതെ..

അതങ്ങനെയേ വരൂ....

മാലിനി ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി ചുരുക്കിക്കൊണ്ടിരുന്നു..

നന്നായി അനസൂയയ്‌ക്കോര്‍മ്മിക്കാന്‍ ആ കുട്ടിയുടെ മുഖം....

അച്ഛന്റെ അതേ മുഖം.......
ശരിയാണ്, അനസൂയയുടെ കുട്ടിയ്ക്കല്ലേ അനസൂയയുടെ ഛായ ഉണ്ടാവൂ..

ഇപ്പോള്‍ നടുങ്ങിയത് ഞാനാണെന്ന് എന്റെ മുഖം അറിയാതിരിക്കാന്‍ ഞാന്‍വളരെ പരിശ്രമിച്ചു..

എന്താ മാലിനി നീ പറയുന്നത്

ആ കുട്ടി അനസൂയയുടേതല്ല

പിന്നെ ആരുടേതാണാ കുട്ടി

ആ കുട്ടിയുടെ അമ്മ വിദേശിയായിരുന്നു... ഇറ്റാലിയന്‍. . ഒരപകടത്തില്‍ മരിച്ചു. കുട്ടിയ്ക്ക് രണ്ട് വയസ്സുപ്പോള്‍ കുട്ടിയെനോക്കാനാണ് ശ്രീ വീണ്ടും വിവാഹം കഴിച്ചത്..

എന്റെ മനസ്സ് എന്നെ പരിഹസിക്കുന്ന ശബ്ദം എനിയ്ക്ക് കേള്‍ക്കാനായി..

ഫ്രെയിമില്‍ നിന്നും ഒരു മുഖം താഴേയ്ക്കിറങ്ങി വന്ന് എന്റെയരികിലേയ്ക്ക് വരുന്നത് പോല്‍ എനിയ്ക്ക് തോന്നി. എന്നെ യുദ്ധം ചെയ്ത് പ്രരാജയപ്പെടുത്തിയ എന്റെ കമ്പല്‍സീവ് ഒപ്രസീവ് ഡിസോര്‍ഡര്‍ ചുരുങ്ങി ചുരുങ്ങി ഒരു ഫ്രെയിമിലെ മുഖമായി മാറി

ചിരിക്കുന്നമുഖം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക