Image

വന്‍ ഭക്തജന സാന്നിധ്യത്തില്‍ മണ്ഡല മഹോല്‍സവത്തിന് ശുഭാരംഭം (എ.എസ്)

Published on 17 November, 2019
വന്‍ ഭക്തജന സാന്നിധ്യത്തില്‍ മണ്ഡല മഹോല്‍സവത്തിന് ശുഭാരംഭം (എ.എസ്)
എല്ലാം സമര്‍പ്പിച്ചെത്തിയ അയ്യപ്പന്‍മാരില്‍ അനുഗ്രഹം ചൊരിഞ്ഞ് പൊന്നമ്പലവാസന്‍ യോഗനിദ്രവിട്ടുണര്‍ന്നു. പതിനെട്ട് മലകളും മുഴങ്ങിയ ശരണമന്ത്രങ്ങള്‍ക്കിടയില്‍ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട മണ്ഡല മഹോത്സവത്തിനായി തുറന്നത് നവംബര്‍ 16ന്. ദേശങ്ങള്‍ താണ്ടിയെത്തിയ ഭക്തര്‍ ഭഗവാന്റെ ചിന്മുദ്രാങ്കിത യോഗസമാധി രൂപം കണ്ടുതൊഴുതു. തുലാം മുപ്പത് വൈകീട്ട് അഞ്ചിന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ പടികളില്‍ തീര്‍ഥംതളിച്ച് മണിയടിച്ച് നടതുറന്നു. നെയ്‌വിളക്ക് തെളിച്ച്, യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിതെളിളിച്ചു. അതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചു.

പതിനെട്ട് മലകള്‍ തീര്‍ക്കുന്ന പൂങ്കാവനത്തിലാണ് ശബരിമല ക്ഷേത്രം. പുണ്യപാപച്ചുമടുകളുമായി കല്ലും മുള്ളും ചവുട്ടി കാടും മേടും കേറി ഭക്തകോടികളെത്തുന്ന പ്രശാന്തസുന്ദരമായ ആരണ്യ ദേവാലയം. ശബരിമല തീര്‍ത്ഥാടനകാലം മനസിന്റെയും ശരീരത്തിന്റെയും ശൂദ്ധീകരണ കാലമാണ്. വ്രതമെടുത്ത് മലചവുട്ടി അയ്യനെ കണ്ട് തൊഴുതുമടങ്ങുമ്പോള്‍ നമ്മള്‍ ആത്മീയ ഉണര്‍വ് നേടിയ പുതിയ മനുഷ്യരായി മാറുന്നു. ഭക്തരില്‍ കുടികൊള്ളുന്ന ഈശ്വരനെ കണ്ടെത്താനുള്ള തീര്‍ത്ഥയാത്രയാണ്‌വാസ്തവത്തില്‍  ശബരിമലയ്‌ലേയ്ക്ക് നാം നടത്തുന്നത്.

സന്നിധാനത്തെത്തുന്ന ഭക്തരും ഭഗവാനും അക്ഷരാര്‍ത്ഥത്തില്‍ ഒന്നാകുന്ന അപൂര്‍വതയാണ് ശബരിമലയുടെ നിറവ്. ശബരിമല ഭക്തനിലേക്ക് പകരുന്ന ഉപനിഷദ് വാക്യമാണ് "തത്ത്വമസി'. പതിനെട്ടാംപടി കയറി വന്ന് ഭഗവാനെ തിരയുന്നവരിലേക്ക് അതിന്റെ മഹാ തത്ത്വമെത്തും. "അത് നീ തന്നെയാകുന്നു'. തത് ത്വം അസി...ഭഗവാനും ഭക്തനും ഒന്നുതന്നെയെന്ന അദ്വൈത ദര്‍ശനത്തിന്റെ പൊരുളാണ് ഭക്തര്‍ അറിയുന്നത്. നിങ്ങള്‍ ആരെയാണോ കാണാന്‍ വന്നിരിക്കുന്നത് അത് നിങ്ങള്‍ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാപരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു. അങ്ങനെ അയ്യപ്പ സന്നിധിയിലെ ഭക്തരെല്ലാം ഒരേപേരില്‍ വിളിക്കപ്പെടുന്നു..."സ്വാമി...'

സ്വാമിയുടെ പതിനെട്ടു പടികള്‍ പരിപാവനമാണ്. ആദ്യത്തെ അഞ്ച് പടികള്‍ ഇന്ദ്രിയാനുഭവങ്ങളെയും തുടര്‍ന്നുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും അടുത്ത മൂന്ന് പടികള്‍ ഗുണങ്ങളെയും പതിനേഴാംപടി അവിദ്യയെയും പതിനെട്ടാംപടി വിദ്യയെയും സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം ആചാരമാര്‍ഗത്തിലൂടെ കടന്നുചെല്ലുന്നവര്‍ക്ക് ഭഗവത് ഹൃദയത്തിലെത്താനാകും. പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുപേട്ട, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് "പടിപൂജ' നടത്തിവരുന്നത്.

പുണ്യവും പാപവും ഉള്‍ക്കൊള്ളുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നതാണ് ഇരുമുടിക്കെട്ട്. ശബരിമ ലതീര്‍ത്ഥാടകര്‍, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളില്‍ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടുപോകും. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് ഭക്തര്‍ കണക്കാക്കുന്നത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവര്‍ക്ക് കറുപ്പ, നീല നിറങ്ങളിലുള്ള തുണികള്‍ ഉപയോഗിച്ചു ഇരുമുടിക്കെട്ടു തയ്യാറാക്കാവുന്നതാണ്. സാധാരണയായി ഇരുമുടികെട്ടിനുള്ളില്‍ നെയ്‌ത്തേങ്ങ, അരി, അവല്‍, മലര്‍, തേങ്ങ, കര്‍പ്പൂരം, മഞ്ഞള്‍പൊടി (നാഗയക്ഷി, നാഗരാജാവ് എന്നവര്‍ക്ക് അര്‍പ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കല്‍ക്കണ്ടം, മറ്റ് പൂജാസാധനങ്ങള്‍ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശര്‍ക്കര എന്നിവയും ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്താറുണ്ട്.

ശരണമന്ത്രത്തി (സ്വാമി ശരണം) ന്റെ അര്‍ത്ഥവും അറിയേണ്ടതുണ്ട്. ബുദ്ധമതത്തിലെ ശരണത്രയങ്ങളാണ് ശരണം വിളിയില്‍ നിഴലിക്കുന്നത്. മോക്ഷ മാര്‍ഗ്ഗത്തിലേക്കുള്ള വഴികള്‍ തേടിയുള്ള യാത്രയില്‍ ഒരു ബുദ്ധ സന്യാസിയോ അനുയായിയോ വിളിക്കേണ്ട മന്ത്രോച്ചാരണമാണ് ""ബുദ്ധം ശരണം...സംഘം ശരണം.. ബുദ്ധം ശരണം...'' എന്ന മന്ത്രം. "സ്വാ' എന്ന പദം ആത്മബോധത്തെ സൂചിപ്പിക്കുന്നു. "മ' സൂചിപ്പിക്കുന്നത് ശിവനേയും "ഇ' ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് "മി' ആകുമ്പോള്‍ "ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ "സ്വാ'യോടൊപ്പം ചേര്‍ന്ന് തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു.

ശരണം വിളിയാണ് അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയില്‍ ഭക്തന്റെ ആത്മബലവും അര്‍ച്ചനാപുഷ്പവും. "ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ "ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന "ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. "ണം' ശബ്ദം ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരം നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും. മനസിനെയും ശരീരത്തെയും കീഴ്‌പെടുത്തുന്ന ആസുരശക്തികളെ ശരണമന്ത്രഘോഷത്തിലൂടെ അകറ്റാനാകും.

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നത്രേ. ശബരിമലയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരമുള്ള പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ മലവേടന്മാര്‍ മകരസംക്രമ ദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നും പറയപ്പെടുന്നു. എന്നാല്‍ മകരജ്യോതി എന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേര്‍ന്ന് പോലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതാണെന്നാണ് മുതിര്‍ന്ന തന്ത്രി കണ്ഠര്‍ മഹേശ്വരര്‍ നേരത്തെ  സമ്മതിച്ചിട്ടുണ്ട്.

ഇത്തവണത്തെ മണ്ഡല-മകരവിളക്ക് മഹോല്‍സവ കാലത്ത് ശബരിമലയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ വരെയാണ് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുക. ഇവിടെനിന്ന് കെ.എസ്.ആര്‍.ടി.സിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഉണ്ടാകും. പമ്പയ്ക്കുള്ള കെ.എസ്.ആര്‍.ടി.സിക്ക് നേരേ പമ്പ സ്റ്റാന്‍ഡിലെത്താം. നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് സജ്ജം. നിലയ്ക്കലാണ് പ്രധാന ബേസ് ക്യാമ്പ്. ഇവിടെ വിരി, കുടിവെള്ളം, ശൗചാലയം, അന്നദാനം, ആശുപത്രി എന്നിവയുണ്ട്. ഇക്കുറി അയ്യപ്പ സേവാ സംഘത്തിന്റെ വകയായി 100 സൗജന്യ ബസുകള്‍ പമ്പയിലേയ്ക്ക് സര്‍വീസ് നടത്തുമെന്നും കേള്‍ക്കുന്നു.

ശബരിമലതീര്‍ത്ഥാടനത്തിന്റെ ഭാഗമായി സന്നിധാനത്തെയും പമ്പയിലെയും അന്നദാനം തുടങ്ങി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഒരേസമയം 25,000 പേര്‍ക്കാണ് ഭക്ഷണസൗകര്യം. പമ്പയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് അന്നദാനം. നിലയ്ക്കലില്‍ മൂവായിരം പേര്‍ക്കാണ് അന്നദാനം. രാവിലെ ഏഴുമുതല്‍ രാത്രി 11 വരെയാണ് മൂന്നിടത്തും അന്നദാനം നടക്കുന്നത്. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കായി 479 സ്ഥിരം ശൗചാലയവും 500 കണ്ടെയ്‌നര്‍ ശൗചാലയവും ഉള്‍പ്പെടെ 998 സൗജന്യ ശൗചാലയവും പമ്പയില്‍ 488 ഉം നിലയ്ക്കലില്‍ 970 ഉം ശൗചാലയവും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി രണ്ട് ബ്ലോക്കിലായി 80 ശൗചാലയം ഒരുക്കിയിട്ടുണ്ട്.

വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി നിലയ്ക്കലില്‍ 300 ഏക്കറുണ്ട്. കഴിഞ്ഞ വര്‍ഷം 17 പാര്‍ക്കിങ് ഗ്രൗണ്ടിലായി 9000 വാഹനത്തിനാണ് പാര്‍ക്കു ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ഇത്തവണ 20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്കു സമീപം പുതിയതായി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. 12,000 മുതല്‍ 15,000 വരെ വാഹനം നിലയ്ക്കലിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. സന്നിധാനത്ത് നടപ്പന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ടനിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്‌ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവടങ്ങളിലായി 17,000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യമുണ്ട്. പമ്പയില്‍ രാമമൂര്‍ത്തി മണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവയ്ക്കാനായി താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവയ്ക്കാം.

പരിസ്ഥിതിലോല പ്രദേശമായതിനാല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൂര്‍ണമായും പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി നടപ്പാതകളിലുടനീളം വാട്ടര്‍ കിയോസ്കുകളും ചുക്കുവെള്ള വിതരണ കേന്ദ്രങ്ങളുമുണ്ടാകും.  പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിനാല്‍ ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക്ക് കവറുകളിലെ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥനയുണ്ട്.  പമ്പയിലെ ഒഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി ആഴം വര്‍ധിപ്പിച്ചതിനാല്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ സുരക്ഷ ഉറപ്പാക്കണം. എണ്ണ, സോപ്പ് എന്നിവ ഉപയോഗിച്ചു കുളിക്കുന്നത് നിരോധിച്ചു. കൂടാതെ, കുളികഴിഞ്ഞ് നദിയില്‍ വസ്ത്രം അഴിച്ചുകളയുന്നതും ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

സന്നിധാനത്ത് സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് ശ്രീകോവില്‍ തുറക്കും. തന്ത്രി അഭിഷേകം നടത്തിയ ശേഷം മണ്ഡപത്തില്‍ ഗണപതി ഹോമത്തിനും മുഖ്യ കാര്‍മികത്വം വഹിക്കും. 7.30ന് ഉഷപൂജ. ഇടിച്ചുപിഴിഞ്ഞ ഉഷപ്പായസ നൈവേദ്യത്തിനായി ഭഗവാന്റെ നടയടച്ചശേഷം ഗണപതിക്കും നാഗരാജാവിനും പായസം നിവേദിക്കും. ശ്രീകോവില്‍ തുറന്ന് വീണ്ടും അടച്ചാണ് പൂജ. അല്‍പസമയശേഷം ഭക്തര്‍ക്ക് ദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് 12 വരെയുള്ള നെയ്യഭിഷേകം കഴിഞ്ഞാല്‍ ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജയ്ക്‌കൊരുക്കും. മണ്ഡപത്തില്‍ പൂജിക്കുന്ന കലശം തന്ത്രി വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. നൈവേദ്യം കഴിഞ്ഞാല്‍ ഉച്ചപ്പൂജ. നട അടപ്പ്. വൈകിട്ട് നാലിന് നടതുറന്ന് ആറരയ്ക്ക് ദീപാരാധന. ഏഴരയ്ക്ക് പുഷ്പാഭിഷേകം. രാത്രി പത്തിന് ശേഷം അത്താഴ പൂജയ്ക്ക് പാനകവും അപ്പവും പ്രധാനം. പൂജകഴിഞ്ഞ് ശ്രീകോവില്‍ ശുദ്ധമാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

പ്രധാന ദിനങ്ങള്‍ ഇങ്ങനെ...*തങ്കയങ്കി ഘോഷയാത്ര പുറപ്പാട് ഡിസം. 23 രാവിലെ 7 മണി  *മണ്ഡലപൂജ: ഡിസംബര്‍ 27 *നട തുറക്കുന്നത് ഡിസംബര്‍ 30 *എരുമേലി ചന്ദനക്കുടം ജനുവരി 11 *പേട്ടതുള്ളല്‍ ജനുവരി 12 *മകരവിളക്ക് 2020 ജനുവരി 15 *നട അടയ്ക്കുന്നത് ജനുവരി 20.

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കേടതി വിധിക്ക് ശേഷം യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. മണ്ഡലകാലത്തിനായി നട തുറന്നതോടെ നിലയ്ക്കലില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ദര്‍ശനത്തിനായി ആന്ധ്രാപ്രദേശില്‍ നിന്ന് യുവതികളെത്തിയ പശ്ചാത്തലത്തില്‍ വനിതാ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ വാഹന പരിശോധന. പമ്പയിലേക്ക് പോകുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി വാഹനങ്ങളിലും വനിതാ പോലീസുകാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കൂടാതെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുന്ന തീര്‍ഥാടകരുെട സ്വകാര്യ വാഹനങ്ങളും വനിതാ പോലീസ് പരിശോധിക്കുന്നു. യുവതികളെ പമ്പ വരെ പോകാനേ അനുവദിക്കൂ. മല കയറാന്‍ അനുവദിക്കില്ലെന്ന അറിയിപ്പ് നല്‍കിയാണ് അവരെ നിലയ്ക്കലില്‍നിന്ന് വിടുന്നത്.

ഭൂമിയില്‍ ധര്‍മപരിപാലനത്തിനായി കാലാകാലങ്ങളില്‍ ഭഗവാന്‍ അവതാരമെടുക്കുന്നു. ഈശ്വര വിശ്വാസത്തിനും ധര്‍മനീതികള്‍ക്കും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് യഥാര്‍ത്ഥ ഭക്തര്‍ തങ്ങളുടെ മനസും ശരീരവും ചിന്തയുമെല്ലാം ശബരിമല ധര്‍മശാസ്താവില്‍ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡല-മകരവിളക്ക് മഹോല്‍സവകാലത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ്. ഡിസംബര്‍ 27ന് മണ്ഡല പൂജ നടക്കും. ജനുവരി 14-ാം തീയതിയാണ് ഭക്തകോടികള്‍ക്ക് സായൂജ്യമേകുന്ന മകരസംക്രമ പൂജയും പൊന്നമ്പലമേട്ടിലെ പുണ്യപ്രകാശമായ മകരവിളക്ക് ദര്‍ശനവും. ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന ദിനരാത്രങ്ങഴാണിത്...സ്വാമി ശരണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക