Image

മഹാകവി അക്കിത്തത്തിനെ അപഹസിച്ചും ആലങ്കോട് ലീലാകൃഷ്ണനു ആജ്ഞ കൊടുത്തും എഴുതിയ ഒരു കത്ത് (സുരേന്ദ്രന്‍ നായര്‍)

Published on 17 November, 2019
മഹാകവി അക്കിത്തത്തിനെ അപഹസിച്ചും ആലങ്കോട് ലീലാകൃഷ്ണനു ആജ്ഞ കൊടുത്തും എഴുതിയ ഒരു കത്ത് (സുരേന്ദ്രന്‍ നായര്‍)

ഈയടുത്തകാലത്തു മലയാളത്തിലെ ആദരണീയനായ മഹാകവി അക്കിത്തത്തിന് ആദരം അര്‍പ്പിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് (97:27) ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. അഭിമുഖം നടത്തിയതാകട്ടെ മലയാളത്തിലെ നവ കാവ്യപരമ്പരയിലെ നിറസാന്നിധ്യമായ ആലങ്കോട് ലീലാകൃഷ്ണനും.


അഭിമുഖത്തില്‍ ലീലാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങളേയും മഹാകവി നല്‍കിയ മറുപടികളെയും സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ നിറംപിടിപ്പിച്ച കണ്ണടയിലൂടെ കണ്ട വായനക്കാരനായ ഒരു ഷാജഹാന്‍ പത്രാധിപര്‍ക്ക് എഴുതിയ കത്താണ് ഇവിടത്തെ വിഷയം.


ഇംഗ്ലീഷ് ഭാഷയിലെ ഒരു കവിയുടെ പേര് ഉയര്‍ത്തിക്കാട്ടി തന്റെ ആംഗലേയ സാഹിത്യത്തിലെ പാണ്ഡിത്യം വായനക്കാരെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം കത്ത് തുടങ്ങുന്നത്.


അഭിമുഖത്തിന്റെ ഔചിത്യം തികച്ചും പാലിച്ചുകൊണ്ട് തികഞ്ഞ അവധാനതയോടെ ആലങ്കോട് ഉന്നയിച്ച ചോദ്യങ്ങളില്‍ വല്ലാത്ത അസഹിഷ്ണത പ്രകടിപ്പിക്കുന്ന ഷാജഹാന്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള, നവതി പിന്നിട്ട മഹാകവിയുടെ കാവ്യജീവിതം അംഗീകരിക്കാമെങ്കിലും കാവ്യയേതര ജീവിതം വായനക്കാര്‍ വിസ്മരിക്കേണ്ട ഒന്നാണെന്ന ഒരു മുന്നറിയിപ്പ് നല്‍കുന്നു.


ആഴ്ചപ്പതിപ്പ് അതിന്റെ മുഖവുരയില്‍ത്തന്നെ, വിവേകത്തിന്റെ ഉലയില്‍ പാകം ചെയ്ത് അഗ്‌നിശുദ്ധി വരുത്തിയ കവിതകളുടെ സ്രഷ്ടാവായും, സഹൃദയകേരളം ഋഷിതുല്യനായ പ്രതിഭാധനനായും കാണുന്ന കവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ സ്വകാര്യജീവിതത്തില്‍ എന്തോ ഭീകരതയോ, അരുതായ്മകളോ ഒളിഞ്ഞിരിക്കുന്നതായി ദുഃസൂചന നല്‍കുന്നതിന്റെ സാംഗത്യമാണ് സംശയം ജനിപ്പിക്കുന്നത്.


ആ അഭിമുഖം അദ്ദേഹത്തിന് നല്‍കിയ അനുഭവം ഒരു ഭൂതരതിയുടേതിന് സമാനമായിരുന്നു എന്ന ആമുഖം ഒരു വീക്ഷണ വൈകല്യമായി അവഗണിക്കാം. എന്നാല്‍ വിസ്മരിക്കേണ്ട കാവ്യയേതര ജീവിതത്തിലെ പാതകങ്ങളായി ചൂണ്ടിക്കാണിക്കുന്ന വസ്തുതകള്‍ രസാവഹമാണ്. തപസ്യ എന്ന സാഹിത്യകാരന്മാരുടെ കൂട്ടയ്മയുടെ അധ്യക്ഷനായിരുന്നതും, തന്റെ ജീവിതകാലത്തു നടന്ന സോമയാഗത്തിലും അതിരാത്രങ്ങളിലും പങ്കുകൊണ്ടതും ഒരിക്കലും വായനാലോകത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്നു ഷാജഹാന്‍ അലമുറയിടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വേദികളില്‍ പരിചിതമല്ലാത്ത കവിയുടെ ചിന്താസ്വാതന്ത്ര്യത്തിലും, ബാല്യകാലം മുതല്‍ വേദങ്ങളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കിയ അദ്ദേഹം ഋഗ്വേദ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന അതിരാത്രങ്ങളില്‍ പങ്കെടുത്തതും പൊതുസമൂഹത്തിനു എന്തെങ്കിലും അലോസരം ഉണ്ടാക്കി എന്ന് കരുതുക വയ്യ. പക്ഷെ ഇതൊക്കെ ഈ ഷാജഹാനെ അസ്വസ്ഥനാക്കുന്നതു തന്റെ ബന്ധിത മസ്തിഷ്കം കാരണമാണെന്ന് പറയേണ്ടി വരുന്നു. പ്രായേണ പരിണിത പ്രജ്ഞനായ ലീലാകൃഷ്ണന്‍ കവിയുടെ വ്യക്തിജീവിതത്തില്‍ താന്‍ കണ്ട കളങ്കിത കഥകള്‍ കണ്ടെത്താന്‍ ശ്രമിക്കാത്തതുകൊണ്ടു അദ്ദേഹത്തെയും സവര്‍ണ്ണ ഫാസിസ്റ്റായി ഈ എഴുത്തുകാരന്‍ പറഞ്ഞു വയ്ക്കുന്നു. ഉത്തരാധുനികതയെയും വെല്ലുന്ന മറ്റൊരു ചിന്താവിപ്ലവം.


തന്റെ ഭൂതകാല കമ്മ്യൂണിസ്റ്റു ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കവി, ഈ. എം. എസ്, അച്യുത മേനോന്‍, കെ. ദാമോദരന്‍, വി. ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരോടുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും, ഭാരതീയതയുമായി ഇണങ്ങിച്ചേരാന്‍ കൂട്ടാക്കാതെ സ്റ്റാലിനിസ്റ്റ് മാര്‍ഗം സ്വീകരിച്ചതാണ് ഇന്ത്യയില്‍ കമ്മ്യൂണിസത്തിനുണ്ടായ അപചയത്തിന് കാരണമായതെന്നുമുള്ള കെ.ദാമോദരന്റെ നിരീക്ഷണത്തോടു യോജിപ്പുണ്ടായിരുന്നതായും മറുപടി പറയുന്നു. കമ്മ്യൂണിസത്തിന്റെ അപചയം എന്ന വാക്കില്‍ പ്രകോപനംകൊണ്ട ഷാജഹാന്‍, ഇ എം എസ്, വി ടി എന്നീ പേരുകള്‍ പ്രത്യകം ഓര്‍ത്തെടുക്കാന്‍ കാരണം കവിയുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന ബ്രാഹ്മണിക്കല്‍ സവര്‍ണ്ണാധിപത്യ വാസനകളാണെന്നു ഭാഷ്യം ചമച്ചു വര്‍ഗീയവിദ്വേഷത്തിന് വഴിമരുന്നിടുന്നു. നമ്പൂതിരിപ്പാടിന്റെ സെക്രട്ടറിയും കമ്മ്യൂണിസ്റ്റു മാനവികതയുടെ സഹയാത്രികനുമായിരുന്ന കവിയെ ദുഷിച്ച കക്ഷിരാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ തളച്ചിട്ടു അഭിമുഖത്തെ നിറംപിടിപ്പിക്കാത്തതില്‍ അലങ്കോടിനെതിരെ വാളെടുക്കുന്ന ഇയാള്‍ എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്.


സംഭാഷണം തുടരുന്നതിനിടയില്‍ അന്ന് നിലവിലുണ്ടായിരുന്ന പൗരോഹിത്യ ശാസനകള്‍ക്കെതിരെ നവോഥാന വിപ്ലവം നടത്തിയ വി ടി ഭട്ടതിരിപ്പാടിന്റെ പേര് പറഞ്ഞത് നാരായണ ഗുരുദേവനോടും അയ്യങ്കാളിയോടുമുള്ള അവഗണനയായി ദുര്‍വ്യാഖ്യാനം നടത്തി മാതൃഭൂമിയുടെ പുറങ്ങളെ അദ്ദേഹം വീണ്ടും മലീമസമാക്കുന്നു.


മലയാള കവിതയുടെ വികാസപരിണാമങ്ങളില്‍ ഭാരതീയ തത്വചിന്തയുടെ പിന്‍ബലത്തോടെ സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഒരു മഹാകവിയില്‍ സവര്‍ണ്ണ ഗൃഹാതുരത്വം ആരോപിക്കുകയും, അഭിമുഖക്കാരന്‍ അതിനെ വെള്ളപൂശുന്നുവെന്നും ആക്രോശിക്കുന്ന രാഷ്ട്രീയം എന്തുതന്നെയായാലും കേരളത്തിനോ മലയാള സാഹിത്യശാഖക്കോ ഭൂഷണമല്ല. ഹൈന്ദവ നാമധാരികളായ മുഴുവന്‍ പേരെയും അവര്‍ സ്വീകരിക്കുന്ന സ്വതന്ത്രമായ നിലപാടുകളുടെ പേരില്‍ സംഘിയെന്നു മുദ്ര കുത്തുകയും അവശേഷിക്കുന്നവരുടെ മറുചേരി നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നവരും, വിഭജനത്തിന്റെ പ്രവാചകന്മാരുമാണ്.


മഹാകവിയുടെ തൊണ്ണൂറ്റി മൂന്നാം പിറന്നാളിന് ആഴ്ചപ്പതിപ്പ് നല്‍കിയ വലിയ ആദരത്തിന്റെ ശോഭകെടുത്തുന്ന ഇത്തരം വികലമായ വീക്ഷണങ്ങള്‍ അതെ പ്രസിദ്ധീകരണത്തിന്റെ താളുകളിലൂടെ പങ്കുവയ്ക്കാതിരിക്കുന്നതും മറ്റൊരു ആദരം തന്നെയായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക