Image

കണക്കുകളില്ലാത്ത കാലം വരുന്നു (വെള്ളാശേരി ജോസഫ്)

Published on 18 November, 2019
കണക്കുകളില്ലാത്ത കാലം വരുന്നു (വെള്ളാശേരി ജോസഫ്)
കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ട് പിടിച്ചവർക്ക് ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ല എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 45 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്; 'നോമിനൽ' GDP വളർച്ചാ നിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 'ഹൗസ്‌ഹോൾഡ് കൺസമ്ബ്ബ്‌ഷൻ' 4 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ - ഇതൊക്കെയാണ് സാമ്പത്തിക രംഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മറുവശത്ത് ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു; സാമ്പത്തിക തട്ടിപ്പ് നടത്തിയവർ കൂട്ടത്തോടെ കേന്ദ്ര സർക്കാരിൻറ്റെ അനുഗ്രഹാശിസുകളോടെ രാജ്യം വിടുന്നൂ. അവരെയൊക്കെ നിയമത്തിൻറ്റെ മുന്നിൽ കൊണ്ടുവരും എന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല.

പണ്ട് കോൺഗ്രസ് നെത്ര്വത്ത്വത്തിൽ ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ മാധ്യമങ്ങൾക്കും, കോടതികൾക്കും എന്തായിരുന്നു ശൗര്യം? കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ആം ആദ്മി പാർട്ടിക്കാരും, കമ്യൂണിസ്റ്റുകാരും കൈകോർത്തു. ഇപ്പോൾ അവരുടെ ഒക്കെ ശബ്ദം കേൾക്കാനേ ഇല്ലാ. ഗ്രാമീണ മേഖലയിൽ ഉപഭോഗച്ചെലവും, ഭക്ഷണത്തിന് ചെലവാക്കുന്ന തുകയും ഗണ്യമായി കുറഞ്ഞു എന്ന് വെളിവാക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തു വിടാത്തതിൽ ആർക്കും ഒരു അമർഷവും ഇല്ലാ.  

"CAG പറഞ്ഞു" - എന്ന് പറഞ്ഞാണ് 2G-യിൽ വലിയ കോലാഹലം ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ സൃഷ്ടിച്ചത്. CAG ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ നഷ്ടം 'സ്റ്റെയിറ്റിനു' സംഭവിച്ചു എന്ന് കണ്ടെത്തിയത് 'Data supplied by statutory institutions" - എന്നാണ് CAG വിനോദ് റായിയുടെ റിപ്പോർട്ടിനെ ന്യായീകരിച്ച് പലരും പറഞ്ഞത്. പക്ഷെ സത്യത്തിൽ എന്താണ് സംഭവിച്ചത്?  CAG റിപ്പോർട്ടിൽ റെവെന്യു നഷ്ടമല്ല; മറിച്ച് 'പൊട്ടൻഷ്യൽ നഷ്ടം' ആണ് ചൂണ്ടി കാണിച്ചത്. ബി.ജെ.പി. അന്ന് പറഞ്ഞത് പോലെ ഒരു ലക്ഷത്തിൽ മിച്ചം കോടിയുടെ അഴിമതി ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെങ്കിൽ ഇത്ര കാലമായിട്ടും അവരെന്താണ് അത് കണ്ടു പിടിക്കാതിരുന്നത്? ഒരു ലക്ഷത്തിൽ മിച്ചം കോടിയൊന്നും ഒളിപ്പിക്കുവാൻ ആർക്കും അത്ര എളുപ്പത്തിലൊന്നും സാധ്യമല്ലല്ലോ. ബി.ജെ.പി. ഭരിക്കാൻ തുടങ്ങിയിട്ട് അഞ്ചര വർഷം കഴിഞ്ഞില്ലേ? കോൺഗ്രസിനെതിരെയുള്ള ബി.ജെ.പി.-യുടെ ഏറ്റവും വലിയ ആയുധമായിരുന്ന ആ കേസിൽ എല്ലാ പ്രതികളേയും  വെറുതെ വിട്ട  വിധി വന്നതോടെ ആ ആരോപണം ചീറ്റി പോകുകയും ചെയ്തു. പത്രക്കാർ CAG വിനോദ് റായിയോട് കോടതി വിധി വന്നതിനു ശേഷം മാപ്പു പറയുമോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കും കൃത്യമായ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.  

'ഡിമാൻഡ് ആൻഡ് സപ്ളൈ' ആണ് ഏതൊരു രാജ്യത്തിൻറ്റേയും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ഇപ്പോൾ രാജ്യത്തിൻറ്റെ വളർച്ചാ നിരക്ക് ബി.ജെ.പി. - യും, സംഘ പരിവാറുകാർ സ്ഥിരം പ്രചരിപ്പിക്കുന്നത്‌പോലെ ഔന്നത്യത്തിലാണോ? അല്ലെന്നു വേണം പറയാൻ. ആധുനിക സമൂഹങ്ങളിൽ ഏറ്റവും അവശ്യമായ വൈദ്യൂതിയുടെ ഉൽപ്പാദനം 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റീട്ടെയിൽ രംഗത്തെ വിലക്കയറ്റത്തോടൊപ്പം ഡിമാൻഡ് ഇല്ലാത്ത അവസ്ഥ വരികയും, അതോടൊപ്പം തന്നെ തൊഴിലില്ലായ്മ നിരക്കുകൾ ഉയരുകയും ചെയ്യുമ്പോൾ 'സ്റ്റാഗ്ഫ്‌ളേഷൻ' എന്ന അവസ്ഥയിലേക്ക് രാജ്യം എത്തും എന്നാണ് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടേയും കണക്കുകൂട്ടൽ. എന്നുവെച്ചാൽ കൺസ്യൂമർ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു; പക്ഷെ തൊഴിലും വരുമാനവും ഇല്ലാത്തതുകൊണ്ട് രാജ്യത്തെ പൗരൻമാർക്ക് ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റാത്ത അവസ്ഥ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുവാൻ മറ്റെന്ത് വേണം? ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ വളരെയധികം ശൗര്യം കാണിച്ച മാധ്യമങ്ങളൊക്കെ ഇതിനെ കുറിച്ചൊക്കെ എന്തേ ചർച്ച ചെയ്യാത്തത്? വീരശൂര പരാക്രമികളായിരുന്ന മാധ്യമ പടയുടെ ശൗര്യമെല്ലാം ചോർന്നു പോയോ?

ഇന്ത്യയെ ലോകത്തിൻറ്റെ 'മാനുഫാക്ചറിങ്ങ് ഹബ്ബാക്കും'; ആഭ്യന്തര കമ്പനികളേയും ആഭ്യന്തര ഉൽപന്നങ്ങളേയും പ്രോൽസാഹിപ്പിക്കും; ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമ്മിക്കും; ആഗോള തലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടും - അങ്ങനെ ഒരുപിടി വാഗ്ദാനങ്ങൾ 'മെയ്ക്ക് ഇൻ ഇന്ത്യ' - പദ്ധതിയിലൂടെ മുന്നോട്ട് വെച്ച കേന്ദ്ര സർക്കാരിന് ഇപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും മിണ്ടാട്ടമില്ല.  നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തി. 'Job ക്രിയേഷൻ' രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് മുൻ  ബി.ജെ.പി. ഗവൺമെൻറ്റിൻറ്റെ കാലയളവിൽ, 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാനും മലയാളിയുമായ പി. സി. മോഹനൻ രാജി വെക്കുന്നതിൽ വരെ എത്തി അന്ന് കാര്യങ്ങൾ.  

നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന CMIE - യുടെ പ്രവചനം അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതായിരുന്നു പിന്നീട് വന്ന നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട്. 1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് 2017 -18 കാലഘട്ടത്തിൽ രാജ്യത്ത് ഉണ്ടായത്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് ഉണ്ടായി എന്ന് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കിയപ്പോൾ മാധ്യമങ്ങളൊക്കെ ഇതിനെ കുറിച്ച് എന്താണ് ചർച്ച ചെയ്യാതിരുന്നത്?

കേന്ദ്ര സർക്കാരിന് എന്തായാലും ഇപ്പോൾ ഇത്തരം കണക്കുകളൊന്നും വേണ്ടാ. സത്യത്തിനും ധർമത്തിനും യാതൊരു വിലയുമില്ലാത്ത കലികാലത്തിൽ അല്ലെങ്കിലും 'ഹാർഡ് സ്റ്റാറ്റിസ്റ്റിക്സ്' ഒക്കെ ആർക്ക് വേണം? പി. സി. മഹലനോബിസ് എന്ന കേംബ്രിഡ്ജിൽ പഠിച്ച പ്രശാന്ത് ചന്ദ്ര മഹലനോബിസ് ആയിരുന്നു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറ്റെ പിതാവ്. 1931-ൽ കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും അദ്ദേഹം തന്നെ. 10 വർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗവേഷണ-ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂഷനുകളിൽ ഒന്നായി മാറി. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO), സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO) - ഇവയൊക്കെ പി. സി. മഹലനോബിസിൻറ്റെ സംഭാവനകളാണ്. NSSO -യും, CSO-യും ഉണ്ടായിരുന്നതുകൊണ്ടാണ് രാജ്യത്തിന് കണക്കുകളുടെ കാര്യത്തിൽ നല്ല നിലവാരമുണ്ടായിരുന്നത്. പക്ഷെ ഇന്ന് ഇത്തരം ഇൻസ്‌റ്റിറ്റ്യൂഷനുകളുടെ സംഭാവനകളെ ഒക്കെ ആര് വിലമതിക്കുന്നു? രാജ്യത്തിൻറ്റെ ഉപഭോഗച്ചെലവ് 40 വർഷത്തിനിടയിൽ ഏറ്റവും കുറവെന്ന് കണ്ടെത്തിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻറ്റെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് ഉപേക്ഷിക്കാനാണ് ഒടുവിലായി കേന്ദ്ര സർക്കാർ നീക്കം. ഗ്രാമീണ മേഖലയിൽ ഉപഭോഗച്ചെലവും, ഭക്ഷണത്തിന് ചെലവാക്കുന്ന തുകയും ഗണ്യമായി കുറഞ്ഞു എന്ന് വെളിവാക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സുഖിക്കുന്നില്ലാ. ഇനി നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ തന്നെ പിരിച്ചുവിടുമോ എന്നാണ് ഭാവിയിൽ കാണേണ്ടത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക