Image

ചാരവൃത്തി; ഇന്ത്യന്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ വിചാരണ നേരിടുന്നു

Published on 23 November, 2019
ചാരവൃത്തി; ഇന്ത്യന്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ വിചാരണ നേരിടുന്നു


ഫ്രാങ്ക്ഫര്‍ട്ട്: സിക്ക്, കാഷ്മീരി സമൂഹങ്ങള്‍ക്കെതിരേ ചാരവൃത്തി നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കെതിരായ വിചാരണ ജര്‍മന്‍ കോടതിയില്‍ ആരംഭിച്ചു. മന്‍മോഹന്‍ എന്ന അമ്പതുകാരനും ഭാര്യ കണ്‍വല്‍ജീത് എന്ന അമ്പത്തൊന്നുകാരിയുമാണ് പ്രതികള്‍.

ഫ്രാങ്ക്ഫര്‍ട്ട് കോടതിയിലാണ് വിചാരണ. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിനു (റോ) വേണ്ടിയാണ് മന്‍മോഹനും കണ്‍വല്‍ജീത്തും വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

ജര്‍മനിയിലെ സിക്ക് സമൂഹമോ കാഷ്മീരി പ്രസ്ഥാനങ്ങളോ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വിവരശേഖരണമായിരുന്നു എന്നാണ് സംശയിക്കുന്നത്.

ഇരുവരും ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പ്രതിമാസ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നും 7200 യൂറോ പ്രതിഫലം പറ്റിയിരുന്നു എന്നും പ്രോസിക്യൂഷന്‍ പറയുന്നു.

പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയില്‍ സിക്കുകാര്‍ ജര്‍മനിയില്‍ താമസിക്കുന്നുണ്ട്. ബ്രിട്ടീഷുകാരും ഇറ്റലിക്കാരും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇവരുടേത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക