Image

കരിയില്‍ മുക്കി പതിപ്പിക്കുന്ന കാലടികള്‍ (പ്രസന്ന ജനാര്‍ദ്ദന്‍)

Published on 27 November, 2019
കരിയില്‍ മുക്കി പതിപ്പിക്കുന്ന കാലടികള്‍ (പ്രസന്ന  ജനാര്‍ദ്ദന്‍)
"ന്നാലും ദോശമാവൊക്കെ എനിയ്ക്കരച്ചുണ്ടാക്കാമല്ലോ."

"ഉണ്ടാക്കാം. ദോശമാവ് മാത്രമാക്കണ്ട; ദിവസോം അവിയലും പായസോമുള്ള സദ്യയുണ്ടാക്കാം. എന്തിനാ കുറയ്ക്കണത്? ജീവിതത്തിന്റെ ലക്ഷ്യം തന്നെ മൃഷ്ടാന്നഭോജനമല്ലേ?"

"അങ്ങനെയല്ല... അരി നനച്ച് നമുക്കു തന്നെ..."

"അതെ. അരിയും ഉഴുന്നും കുതിര്‍ക്കണം, മറക്കാതെ അരയ്ക്കണം, പുളിപ്പിക്കാന്‍ വെയ്ക്കണം... എത്ര നേരത്തെ മുന്നൊരുക്കവും അദ്ധ്വാനവും വേണം? ഇതാവുമ്പോ പാക്കറ്റ് വാങ്ങുക, തുറന്ന് ദോശചുടുക; എത്രയെളുപ്പം കഴിയും? ദിവസവും അടുക്കളയില്‍ ചെലവഴിച്ച് ജീവിതത്തിലെ സമയമെത്ര കളഞ്ഞു? ആ നേരം എന്തെങ്കിലും വേറെ ചെയ്യാലോ?"

"അരിയുടെയും മാവിന്റെയും വില തട്ടിച്ചു നോക്കുമ്പോള്‍ ഇതു നഷ്ടമല്ലേ?"

"അല്ലാ; ഞാനൊരു കാര്യം ചോദിയ്ക്കട്ടെ? ഇത്രനാളും ജീവിതത്തില്‍ അരിയരച്ചു വെച്ചുണ്ടാക്കി മിച്ചം പിടിച്ച് സമ്പാദിച്ചതുകൊണ്ട് എന്തുണ്ടാക്കി? വീടുവെച്ചോ? യാത്രപോയോ? പുസ്തകം വാങ്ങിച്ചോ? ആ മിച്ചം പിടിച്ച പൈസകൊണ്ട് ഫാഷനനുസരിച്ച് നാലു ഡ്രെസ്സ് വാങ്ങി ഇട്ടോ?"

"ഇല്ല. ഒന്നും ചെയ്തില്ല."

"പോയ സമയം പോയിക്കിട്ടി. അല്ലേ?"

"എന്നാലും വൃത്തിയുള്ള ആരോഗ്യകരമായ ആഹാരം കുടുംബത്തിന് കൊടുക്കാമല്ലോ."

"ഓ പിന്നേ.. അപ്പോ, ബാക്കി പുറത്തൂന്ന് വാങ്ങ്ണ ബേക്കറി സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണത്തിനുമൊന്നും വൃത്തി വേണ്ടേ? അല്ലെങ്കില്‍ തന്നെ എത്ര കഴുകീട്ടെന്താ? അരിമണി തന്നെ വിഷത്തില്‍ വളര്‍ത്തിയുണ്ടാക്കുമ്പോള്‍ രണ്ടു തവണ കഴുകിയാല്‍ ആരോഗ്യകരമാകുമോ? അതുമല്ല; രോഗകാരണം നമ്മുടെ ഭക്ഷണശീലമാണ്. അന്നജം അടിസ്ഥാനമാക്കിയുള്ള ദൈനംദിന ഭക്ഷണ ക്രമം നമുക്കാര്‍ക്കും പറ്റിയതല്ല. കഠിനമായ ശാരീരികാദ്ധ്വാനമുള്ളവര്‍ മാത്രമാണ് അങ്ങനെ കഴിക്കേണ്ടത്. ഒരു കാര്യം ചെയ്യൂ.. ഫ്രൂട്ട് ആന്‍ഡ് ഫൈബര്‍ ഡയറ്റിലേക്കു മാറൂ ആരോഗ്യം വരട്ടെ."

"ഓരോ പത്തു ദോശയ്ക്കും സിബ് ലോക്കുള്ള കനവന്‍ പ്ലാസ്റ്റിക് കവര്‍ മണ്ണിനു കൊടുക്കേണ്ടേ? അതില്‍ പുരണ്ട മാവും നൂറുകണക്കിന് അരിമണികള്‍ കരണ്ടിന്റേം പെട്രോളിന്റേം ചെലവില്‍ വെള്ളവും രാസവളവും കൊടുത്ത് ദൂരദേശത്തു നിന്നു വണ്ടിയിലിട്ട് കൊണ്ടുവന്നതു തന്നെ. കാര്‍ബണ്‍ ഫൂട് പ്രിന്റെന്നു കേട്ടിട്ടുണ്ടോ?"

"നാമുണ്ടാക്കുന്ന പരിസരമാലിന്യത്തിന്റെ അളവുകോലിനെ സൂചിപ്പിയ്ക്കുന്നതല്ലേ?"

"അതെ. ആഗോള താപനത്താല്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന അമ്പേ ജലത്താല്‍ പൊതിയപ്പെട്ട ഭൂഗോളത്തിന്റെ ഇന്നു കാണപ്പെടുന്ന ഖര പ്രദേശത്ത് നാമോരോരുത്തരും കരിയില്‍ മുക്കി പതിപ്പിയ്ക്കുന്ന കാലടികള്‍. ചവിട്ടിത്താഴ്ത്തുകയാണ് നാം ഭൂമിയെ. ഉപ്പുനീരിലാഴ്ത്തുകയാണ്.."


കടയില്‍ പോകാന്‍ ചെരിപ്പിട്ടപ്പോഴാണ് കാല്‍പാദം വലുതായി ചെരിപ്പു കൊള്ളുന്നില്ലെന്നു തോന്നിയത്. ഇതെന്തു മറിമായം! എന്നെക്കാള്‍ രണ്ടു സൈസ് മൂത്ത ഭര്‍ത്താവിന്റെ ഹവായിയുമിട്ടോണ്ട് പുറത്തേയ്ക്കിറങ്ങി. ചെരിപ്പു കടയുടെ മുന്നിലൊരാള്‍ക്കൂട്ടം. എല്ലാവരും ബഹളം വെയ്ക്കുന്നത് വലിയ ചെരുപ്പുകള്‍ക്കായാണ്. അതാ നോക്കൂ! എല്ലാവരുടെയും പാദങ്ങള്‍ വലുതായിരിക്കുന്നു!! ആരും ചെരിപ്പിട്ടിട്ടില്ല. തടിച്ചു വലുതായ കാല്‍പ്പാദങ്ങള്‍ നോക്കി ഒരു പതിമൂന്നുകാരി കരയുന്നു.. രണ്ടു വയസ്സുള്ള മകനെ അയലോക്കക്കാരി താഴെ വെച്ചപ്പോള്‍ ഒരു കാല്‍ മറ്റൊന്നില്‍ തടഞ്ഞു വീണു ആ കുട്ടി. ഒയ്യോ! രണ്ടു വയസ്സുള്ള കുട്ടിയുടെ പാദം ഞാനിട്ട പത്തു നമ്പര്‍ ചെരിപ്പിനു പാകം! അവിടെ നിന്നു തിരിഞ്ഞിട്ടു കാര്യമില്ല. വീട്ടിലുറങ്ങുന്ന മകളെയോര്‍ത്തു ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നടന്നു. ഇനി അവളുടെ പാദവും..

വഴിയിലും അയല്‍പക്കത്തും ആള്‍ക്കാര്‍ കൂട്ടംകൂടി നിന്നു സംസാരിക്കുന്നു. എല്ലാവരും പരിഭ്രാന്തരാണ്. തുരുതുരാ മെസേജുകളും വിളികളും വരുന്ന മൊബൈലുകള്‍, ചിലര്‍ പരിതപിക്കുന്നു, ചിലര്‍ ഭയന്നു വിറച്ച് അസ്തപ്രജ്ഞരായി നില്‍ക്കുന്നു, മറ്റുചിലര്‍ വാവിട്ടു കരയുന്നു, തടഞ്ഞു വീഴുന്നു, നടക്കാന്‍ പഠിയ്ക്കുന്ന കുട്ടികളെപ്പോലെ വേച്ചു വേച്ചു നീങ്ങുന്നു..

കൈവരിയില്‍ പിടിച്ച്, ഇറങ്ങിയതിനേക്കാള്‍ ശ്രദ്ധിച്ചാണ് കോണികയറി മുകളിലെത്തിയത്. ഹാളില്‍ ഉറക്കെ വെച്ച ടിവിയില്‍ ചാനലുകള്‍ മാറ്റിമാറ്റി ബ്രേക്കിങ് ന്യൂസിലേക്കും സ്വന്തം പാദത്തിലേയ്ക്കും മാറി മാറി നോക്കുന്ന ഭര്‍ത്താവ്. പാദം വലുതായതറിയാതെ സോഫയ്ക്കു താഴെ വളര്‍ത്തുപട്ടി. പാദങ്ങള്‍ വലുതായിക്കൊണ്ടേയിരിക്കുകയാണെന്നും ലിഫ്റ്റില്‍ ഒരേ സമയം രണ്ടുമൂന്നാളില്‍ കൂടുതല്‍ കയറാനാകാതെ നഗരങ്ങളിലെ ഫഌറ്റുകളിലും ആശുപത്രികളിലും കശപിശ നടക്കുകയാണെന്നും ഒതുക്കുകളിറങ്ങവേ വീണു മരിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണെന്നും െ്രെഡവിംഗ് സീറ്റിലിരുന്നു വാഹനം നിയന്ത്രിക്കാനാകാതെ അപകടങ്ങള്‍ നൂറുകണക്കിനാണെന്നും വാര്‍ത്ത. ലോകത്തിന്റെ മറ്റു ചില കോണുകളില്‍ ഇതിലും ഭീകരമായ അവസ്ഥയാണെന്ന് ഒരു റിപ്പോര്‍ട്ടര്‍... ഭര്‍ത്താവിനെയോ മക്കളെയോ ഒന്നു കെട്ടിപ്പിടിച്ചു സാന്ത്വനിപ്പിക്കാനോ സങ്കടം പങ്കുവെയ്ക്കാനോ പോലുമാകാത്ത അവസ്ഥയിലാണെന്ന് ഗള്‍ഫില്‍ നിന്നൊരു തടിച്ചി മലയാളി വീട്ടമ്മ. അവരുടെ എട്ടുവയസ്സുകാരന്‍ തടിയന്‍ കുട്ടി രണ്ടുമൂന്നുവാര അകലെ നിന്ന് തേങ്ങുകയാണ്. ക്യാമറ താഴ്ത്തിയപ്പോള്‍.. എന്റെ ദൈവമേ!! വലിയ പരന്ന കാലുകള്‍... അമ്മയോടു ചേര്‍ന്ന് മകന്റെ. അതിനോടു ചേര്‍ന്ന് അച്ഛന്റെ, മകളുടെ.. മനുഷ്യരോടടുക്കാന്‍ കഴിയാതെ മനുഷ്യര്‍!

വേച്ചു വേച്ചു കിടപ്പുമുറിയിലെത്തി. തൊട്ടിലില്‍ കിടന്നു ഞരങ്ങുന്ന ആറുമാസക്കാരിയുടെ ഭീമാകാരങ്ങളായ പാദങ്ങള്‍ കണ്ടപ്പോള്‍ സങ്കടം കൊണ്ടുറക്കെ കരഞ്ഞുപോയി.

അവളുടെ കരച്ചിലടക്കാനായി ജനലിന്നടുത്തേയ്ക്കു നീങ്ങിയപ്പോഴാണ് തെരുവിലിരുന്നു പാടുന്ന ഭ്രാന്തനെക്കണ്ടത്. അയാളുടെ കാലുകള്‍ ചെറുതാണ്! അതുവഴി നടന്നു നീങ്ങിയ തീര്‍ത്ഥാടകന്‍ സ്വാമിയുടെയും പൂക്കാരിയുടെ ഒക്കത്തുനിന്നിറങ്ങി റോഡിലോടുന്ന ചെരുപ്പിടാത്ത, ഷഡ്ഡിയേ ഇടാറില്ലാത്ത കറുത്ത കുട്ടിയുടെയും കാലുകള്‍ വളര്‍ന്നിട്ടില്ല! തോട്ടക്കാരന്റെ പാദത്തിനടിയില്‍ പെട്ട് നാമ്പുകിളിര്‍ത്ത വിത്തുകള്‍ ഞെരിഞ്ഞു. പാദം വളരാത്ത പക്ഷികളും തെരുവുനായ്ക്കളും ഒന്നുമറിയാതെ ഉത്സാഹത്തോടെയിരിക്കുന്നു!

സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് വേസ്റ്റുവണ്ടിക്കാരന്റെ നീട്ടിയുളള ഹോണടി കേട്ടാണ്. വൈകിയിരിക്കുന്നു. ഇന്നു വേസ്റ്റിടാഞ്ഞാല്‍ പിന്നെയിനി നാലാംപക്കമേ വരൂ. ചാടിയെഴുന്നേറ്റ് ഓടി അടുക്കളയിലെ സിങ്കിനു താഴെനിന്ന് ചവറ്റുകുട്ടയെടുത്ത് വാതിലിനടുത്തെത്തിയപ്പോഴേയ്ക്കും കാത്തുനിന്നു മടുത്ത ഓട്ടോ മുരണ്ടുകൊണ്ടു കടന്നുപോയി. വാതില്‍ തുറന്ന് ധൃതിയില്‍ പടവിറങ്ങുമ്പോള്‍ പെട്ടെന്നോര്‍മ്മിച്ച് പാദങ്ങള്‍ നോക്കി. കാലിടറിയപ്പോള്‍ വേസ്റ്റുകുട്ട കയ്യില്‍ നിന്നും വഴുതി നിലത്തു വീണു ചിതറി പടവിലൂടെ താഴേയ്ക്കുരുണ്ടു. താഴത്തെ നിലയിലെ ഗേറ്റു വരെയെത്തിയ കുട്ടയില്‍ നിന്ന് ഒന്നൊഴിയാതെ എല്ലാം പുറത്തു വീണു.

നാശം. രാവിലത്തെ വൃത്തികെട്ട സ്വപ്‌നവും സുപ്രഭാതത്തില്‍ മാലിന്യം ചിതറിവീണ പടികളും.. ഉറക്കച്ചടവുമാറി നിരാശയും കോപവും നിറഞ്ഞു. വെള്ളി, ശനി, ഞായര്‍ മൂന്നു ദിവസത്തെ ത്യാജ്യമുണ്ട്. കുനിഞ്ഞ് ഓരോന്നായി പെറുക്കണം. വേറെന്തു ചെയ്യാന്‍?

ഇന്നലെ രാത്രി മോള്‍ക്കുവാങ്ങിയ ഇക്കോ ഫ്രണ്ട്‌ലി മരക്കളിപ്പാട്ടത്തിന്റെ കവര്‍, അതില്‍ സ്റ്റാപ്ലര്‍ ചെയ്ത പേരും വിലയും എഴുതിയ ചട്ട, ഏട്ടന്റെ പുതിയ സോക്‌സിന്റെ കവര്‍, കുഞ്ഞിന്റെ നാലു രാവുകളുടെയും മൂന്നു പകലുകളുടെയും മൂത്രഘനമുള്ള, അപ്പി പറ്റിയ ഡയപ്പറുകള്‍, ഞായറാഴ്ച ഉച്ചയ്ക്ക് അടുത്ത ഹോട്ടലില്‍ നിന്ന് ഹോംഡെലിവറി ചെയ്തു വരുത്തിച്ച രണ്ടു നോര്‍ത്തിന്ത്യന്‍ ഥാലിയുടെ കവറുകള്‍.. ബാക്കി വന്ന കറികള്‍ അഴുകി നാറുന്നു. സര്‍ഫ് എക്‌സലിന്റെ, ബിസ്കറ്റിന്റെ, സ്‌റ്റേഫ്രീയുടെ കവറുകള്‍. സ്‌റ്റേഫ്രീയുടെ കവറിനകത്ത് രണ്ടുമൂന്നു ചുരുട്ടിയ പാഡുകള്‍, പേപ്പറിന്റെ കൂടെ വന്ന കുഞ്ഞുകുഞ്ഞു പരസ്യ പാംലെറ്റുകള്‍ കളറുള്ളവ, വാക്‌സ് കോട്ടിങ്ങുള്ളവ... ഗ്രേറ്റഡ് കോക്കനട്ടിന്റെ തെര്‍മോഫോം ഡിഷ്, ഇംപോര്‍ട്ടഡ് കിവി വാങ്ങിയ പ്ലാസ്റ്റിക് ട്രേ, മുട്ടത്തോടുകള്‍, സവോളത്തൊലി, വറുത്ത സേമിയയുടെ പ്ലാസ്റ്റിക് കവര്‍, മില്‍മാക്കവര്‍, സെറിലാക്കിന്റെ പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ ചട്ടക്കൂടും ഉള്ളിലെ ലോഹത്തകിടിന്റെ പൊതിയും, ശനിയാഴ്ച രാത്രി സൊമാറ്റോ കൊണ്ടുത്തന്ന പൊറോട്ട പൊതിഞ്ഞു വന്ന അലുമിനിയം ഫോയില്‍, നാറുന്ന യൂസ് ആന്‍ഡ് ത്രോ പ്ലാസ്റ്റിക് കറിപ്പാത്രം, ബ്രൂസാഷെ, ഷാംപൂ കവര്‍, ഗോദ്‌റെജിന്റെ ഹെയര്‍ കളര്‍ കവര്‍, ബില്ലുകള്‍, പുതിയ ഷര്‍ട്ടില്‍ നിന്നൂരിയെടുത്ത മൊട്ടുസൂചികള്‍, കോളറിനുള്ളിലെ പ്ലാസ്റ്റിക് നാടകള്‍, ബ്രൗണ്‍ പേപ്പര്‍, പൂമാല, പഴത്തൊലി, ചന്ദനത്തിരിയുടെ പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ പെട്ടിയും ഉള്ളിലെ കാഡ്‌ബോഡു സിലിണ്ടറും അതിനുള്ളിലെ കാറ്റൂതി വീര്‍പ്പിച്ചു പൊട്ടിച്ച നീളന്‍ പ്ലാസ്റ്റിക് കവറും.. വെള്ളിയാഴ്ച വൈകുന്നേരം കീറിയെറിഞ്ഞ ഒരു കെട്ട് എഫോര്‍ ഷീറ്റുകള്‍, അരിമാവിന്റെ കവര്‍, പുതിയ ഫോണിന്റെ പെട്ടി, കവര്‍, ബ്രോഷര്‍, റീസൈക്കിള്‍ഡ് പേപ്പര്‍ ട്രേ, മുടി, നഖം, കീറിയ ഷഡ്ഡി, ദീപാവലി മധുരങ്ങള്‍ ഫ്രിഡ്ജിലിരുന്നുണ ങ്ങിപ്പോയത്, ഇനിയുമെന്തൊക്കെ..

ആറുമാസം പ്രായമുള്ളൊരു മനുഷ്യശിശു പുറന്തള്ളുന്ന ഡയപ്പര്‍, പ്ലാസ്റ്റിക്, പേപ്പര്‍, ലോഹ മാലിന്യങ്ങള്‍ മാത്രമെടുത്താല്‍ ഒരു വീപ്പ നിറയും. അങ്ങനെ ഓരോരുത്തര്‍ക്കും അവരവരുടെ പങ്കുണ്ട്. കാര്‍ബണ്‍ ഫൂട് പ്രിന്റെന്ന് അദൃശ്യവത്കരിച്ചാല്‍ ആര്‍ക്കും ഒന്നിനും ഒരു ചേതവുമില്ല. അതിനുപകരം സ്വന്തം പാദങ്ങള്‍ വലുതായാലോ? വലുതായ മനുഷ്യപാദങ്ങള്‍ക്കു കീഴെ ഞെരിഞ്ഞമരുന്ന ഭൂമി, വിത്തുകള്‍, നാമ്പുകള്‍, മാമരങ്ങള്‍, പക്ഷികളുടെയും പാമ്പുകളുടെയും മുട്ടകള്‍... വളര്‍ന്ന പാദങ്ങളാല്‍ പരസ്പരം അകറ്റി നിര്‍ത്തപ്പെട്ട മനുഷ്യര്‍.. ഓരോരുത്തരും ആരോഹണം അസാദ്ധ്യമായ പര്‍വ്വതങ്ങളായി മാറുന്നു. എന്നിട്ടും എണ്ണം പെരുകിപ്പെരുകി..
ചത്തു കുഴിച്ചിട്ടാല്‍ പോലും ഭൂമിയ്ക്കും വായുവിനും വെള്ളത്തിനും താങ്ങാവുന്നതിലുമപ്പുറം വളര്‍ന്ന ശരീരത്തിനുടമകള്‍..

എനിയ്ക്കും യാത്ര ചെയ്യണം, പുസ്തകം വായിയ്ക്കണം, മനുഷ്യര്‍ക്കനുഭവിയ്ക്കാനാകുന്നസൗകര്യങ്ങളനുഭവിയ്ക്കണം, വിമാനത്തിലും കപ്പലിലും സൈക്കിളിലും ചുറ്റണം. പക്ഷേ മിതമായി. വേദനിപ്പിയ്ക്കാതെ. അഥവാ, കഴിയുന്നത്ര കുറവു മാത്രം വേദനിപ്പിച്ച്.

മുപ്പതു മിനിറ്റ് ചെലവാക്കി നാല്പതു ദോശയ്ക്കുള്ള മാവ് ഒന്നിച്ചരച്ച് ഫ്രിഡ്ജില്‍ വെയ്ക്കാന്‍ ഞാനൊരുക്കമാണ്. വല്ലപ്പോഴും കടയില്‍ നിന്നു വാങ്ങിയ ഭക്ഷണം രുചിയ്ക്കണമെങ്കിലും 'എന്റമ്മേടെ കൈപ്പുണ്യം' എന്ന് മോള്‍ അഭിമാനത്തോടെ ഓര്‍ക്കുക മാത്രമല്ല; മിതോപയോഗത്തിന്റെ പൈതൃക പാഠങ്ങള്‍ (ഇതിന്റെ സ്ത്രീലിംഗ പദം മാതൃകം എന്നതുപയോഗിച്ചാല്‍ ഭാഷയ്ക്കു മൂക്കു ചൊറിയുമോ!) അവള്‍ക്ക് അവളുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും പകര്‍ന്നു നല്‍കാനും കൂടിയാണ്. കുറ്റബോധമില്ലാതെ മരിയ്ക്കാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക