Image

സിനിമയില്‍ എനിക്കെന്ത് കാര്യം? (ഡോ: എസ്. എസ്. ലാല്‍)

ഡോ: എസ്. എസ്. ലാല്‍ Published on 30 November, 2019
സിനിമയില്‍ എനിക്കെന്ത് കാര്യം? (ഡോ: എസ്. എസ്. ലാല്‍)
വല്ലപ്പോഴും സിനിമ കാണാറുണ്ട്. അതില്‍ക്കൂടുതല്‍ സിനിമയെപ്പറ്റി അറിവൊന്നുമില്ല. സിനിമയേക്കാള്‍ കൂടുതല്‍ ചില സിനിമാക്കാരെ അറിയാം. ചിലര്‍ സുഹൃത്തുക്കള്‍ ആയതിനാല്‍. മറ്റു ചിലരെ ചികിത്സിച്ചതു വഴി. ചില സിനിമാക്കാരുടെ ബന്ധുക്കളെയും ചികിത്സിച്ചിരുന്നു.

സിനിമയില്‍ ഉള്ളവരുമായി ഇടപെട്ടപ്പോഴൊക്കെ അവര്‍ സാധാരണ മനുഷ്യരാണെന്നു മാത്രമേ തോന്നിയിട്ടുള്ളൂ. ബാക്കിയുള്ളത് മറ്റുള്ളവര്‍ അവരുടെ കച്ചവടത്തിനായി ഊതിപ്പെരുപ്പിക്കുന്നതോ സിനിമാക്കാര്‍ സ്വയം ചമയുന്നതോ മാത്രമെന്നാണ് തോന്നിയിട്ടുള്ളത്. ജാടകള്‍.

സിനിമക്കാരില്‍ എല്ലാത്തരം ആളുകളും ഉണ്ടെന്നാണ് കണ്ടത്. സിനിമയിലെ സ്വഭാവം മിക്കവര്‍ക്കും സിനിമയില്‍ മാത്രം. സിനിമയിലെ മഹാനായ നായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തല്ലിപ്പൊളി ആയിരിക്കാം. സിനിമയിലെ വില്ലന്‍ സിനിമയ്ക്ക് പുറത്ത് മാന്യനാകാം. സിനിമയില്‍ കണ്ട കഥാപാത്രത്തെ വച്ച് അഭിനേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്.

ജീവിതത്തില്‍ ഇരുപത്തിമൂന്ന് വയസ്സുകാരായ ചെറുപ്പക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. അതില്‍ എന്റെ മക്കളും പെടും. നല്ല കുട്ടികളാണ് അവര്‍. എങ്കിലും അവര്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും ഒപ്പിച്ചു തന്നെന്ന് വരും. അവരോട് ദേഷ്യം ഉണ്ടായി എന്നും വരും. എന്നാല്‍ ഉപേക്ഷിക്കാറില്ല. നിരോധിക്കാറില്ല. കാരണം അവര്‍ നമ്മളുടേതാണെന്ന തോന്നല്‍ ഉള്ളതു കൊണ്ട്.

മക്കള്‍ നമുക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദേഷ്യം വരും. അന്നേരം ഞാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. കുട്ടികളുടെ പ്രായത്തിലെ എന്റെ പ്രവൃത്തികളുടെ ചരിത്രം ഓര്‍ത്തു നോക്കും. അപ്പോള്‍ കുട്ടികളാണ് മെച്ചമെന്നു തോന്നും. അവര്‍ ഇത്രയല്ലേ ചെയ്തുള്ളൂ എന്ന തോന്നല്‍ ശക്തമാകും.

ചെറിയ കുട്ടികള്‍ ആയിരുന്നപ്പോള്‍ തെറ്റിന് ചെറിയ ശിക്ഷകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുപത്തിമൂന്ന് വയസ്സില്‍ അവരെ ശിക്ഷിക്കാന്‍ നോക്കിയിട്ടില്ല. കാരണം അപ്പോഴേയ്ക്കും അവര്‍ വളര്‍ന്ന് അവരായിക്കഴിഞ്ഞിരുന്നു. ശിക്ഷിച്ചു മാറ്റാന്‍ ഇനിയും കഴിയില്ലെന്നെ തിരിച്ചറിവ് ബലപ്പെട്ടു.

കുട്ടികള്‍ വലിയ പിണക്കത്തില്‍ നില്‍ക്കുമ്പോഴും ഞാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. പതിയെ അവരുടെ അടുത്തു ചെല്ലും. തോളില്‍ പിടിക്കും. അവര്‍ ചെയ്യുന്ന തെറ്റ് എന്നെ എങ്ങനെ ബാധിക്കുന്നു എന്ന് പറയും. അവര്‍ മിക്കവാറും പിന്മാറും. ചിലപ്പോള്‍ കുറ്റബോധം തോന്നി മുഖം കുനിക്കും. ചിലപ്പോള്‍ സങ്കടം വന്ന് അവര്‍ എന്നെ ആലിംഗനം ചെയ്യും. പോട്ടെ, വിഷമിക്കണ്ട, ഇനി അങ്ങിനെ ഉണ്ടാകില്ല എന്ന് അവര്‍ തന്നെ പറയും. ഞാനും അവരും കണ്ണ് തുടയ്ക്കും. അവരും ഞാനും ഒന്നാകും.

ഇരുപത്തിമൂന്നുകാരന്‍ അഞ്ചു കൊല്ലം മുമ്പ് മൈനര്‍. എട്ടു കൊല്ലം മുമ്പ് വെറും പത്താം ക്ലാസുകാരന്‍. കുട്ടി. കുട്ടിയില്‍ നിന്നും എട്ടുകൊല്ലം മാത്രം വളര്‍ന്നവര്‍.

ഇരുപത്തിമൂന്നുകാരന്റെ തോളില്‍ തട്ടി പരിഹരിക്കേണ്ട പ്രശ്‌നം ബോംബെറിഞ്ഞു പരിഹരിക്കാന്‍ നോക്കിയാല്‍ അതിനു ശ്രമിക്കുന്നവര്‍ മണ്ടന്മാരാണ്. മുതിര്‍ന്നവരുടെ ഒരു വലിയ സംഘം ഒരു ഇരുപത്തിമൂന്നുകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാല്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് വേദന തോന്നുന്നില്ലെങ്കില്‍ അത് പ്രശ്‌നമാണ്.

എഴുപത്തി മൂന്ന് വയസ്സില്‍ ഏഴുകൊല്ലം മുമ്പ് മരിച്ച എന്റെ അച്ഛന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നു. അച്ഛന്‍ മരിച്ച ഇരുപത്തിമൂന്നുകാരന്റെ അസ്വസ്ഥത എനിക്ക് ഊഹിക്കാന്‍ കഴിയും. കാരണം, ഞാനിപ്പോള്‍ മരിച്ചുപോയാല്‍ എന്റെ ഇളയ മകനുണ്ടാകുന്ന നഷ്ടവും അവന്റെ പ്രതികരണവും എനിക്ക് ആലോചിക്കാന്‍ കഴിയും എന്നത് തന്നെ.

വീണ്ടും പറയുന്നു. നമുക്ക് നമ്മുടെ കുട്ടികളോട് ദേഷ്യം ഉണ്ടായെന്നു വരും. എന്നാല്‍ നമ്മള്‍ അവരെ ഉപേക്ഷിക്കാറില്ല. നിരോധിക്കാറില്ല. കാരണം അവര്‍ നമ്മളുടേതാണെന്ന തോന്നല്‍ ഉള്ളതു കൊണ്ട്. കുട്ടികള്‍ നമ്മുടേതാണെന്നു തോന്നിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ.

പരിഹാരമില്ലാത്ത ഒരു പ്രശ്‌നവും ഇല്ല. എനിക്ക് ഒരു പ്രശനത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം ആലോചിക്കണം. ഞാനും ആ പ്രശ്‌നത്തിന്റെ ഭാഗമാണോ എന്ന്. മിക്കവാറും ആയിരിക്കും.

ഒരു സിനിമ ഉണ്ടായില്ലെങ്കില്‍ നഷ്ടം മുതല്‍ മുടക്കിയ ആളുകള്‍ക്കും അതിലെ തൊഴിലാളികള്‍ക്കും മാത്രമാണ്. ഒരു യുവാവിനെ നശിപ്പിച്ചാല്‍ ആ നഷ്ടം മുഴുവന്‍ സമൂഹത്തിനുമാണ്.

സിനിമയില്‍ എനിക്കെന്ത് കാര്യം? (ഡോ: എസ്. എസ്. ലാല്‍)സിനിമയില്‍ എനിക്കെന്ത് കാര്യം? (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
josecheripuram 2019-11-30 20:46:41
Media is one thing inherit our mind,It may wrong/right?In this case, is there an ego playing?I being a normal Malayalee,I can't digest your your bullshit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക