Image

ദി വാനിഷിങ് (THE VANISHING,1988) -ലോക സിനിമകള്‍

Published on 01 December, 2019
ദി വാനിഷിങ് (THE VANISHING,1988) -ലോക സിനിമകള്‍
മിസ്റ്ററി / സൈക്കോളജിക്കല്‍ ത്രില്ലര്‍ 
സംവിധായകന്‍: ജോര്‍ജ് സ്ലുസെര്‍.
അഭിനേതാക്കള്‍: ബെര്‍ണാഡ് പിയറെ,  ഡോണാഡ് ഡ്യൂ,  ജെനെ ബെര്‍വോട്ട്, ജൊഹാനറ്റര്‍ സ്റ്റീജ്.
രാജ്യം: നെതെര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്.
ഭാഷ: ഡച്ച്.

ട്ടിം കാബെയുടെ 'ഗോള്‍ഡന്‍ എഗ്ഗ്'  എന്ന നോവലിന്റെ സിനിമാവിഷ്ക്കാരമാണ്, 1988ല്‍ പുറത്തിറങ്ങിയ 'ദി വാനിഷിങ്' എന്ന ഡച്ച് സിനിമ.   ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ജോര്‍ജ് സ്ലുസെര്‍ ആണ്. മിസ്‌റ്റെറിസൈക്കോളജിക്കല്‍ ശ്രേണിയില്‍ പെടുത്താവുന്നതാണ് ഈ ചിത്രം.
ഒഴിവു ദിനം ആഘോഷിക്കാന്‍ പോകുന്ന റെക്‌സിന്റെയും അയാളുടെ കാമുകിയായ സസ്ക്യയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. യാത്രയ്ക്കിടയില്‍, വളരെ അവിചാരിതമായി, ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് സസ്ക്യയെ കാണാതാകുന്നു. അസ്വസ്ഥനായ റെക്‌സ്,  തന്റെ കാമുകിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയാണ്. എന്നാല്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് സസ്ക്യ അപ്രത്യക്ഷയായിരിക്കുന്നത്. റെക്‌സിന്റെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ തുടരുന്നു.

എങ്കിലും ഒരു ചോദ്യം മാത്രം അയാളുടെ ഉള്ളില്‍ അവശേഷിച്ചു. ധാരാളം ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞ ഒരു ഷോപ്പിങ്ങ് ഏരിയയില്‍ നിന്നും ആരും അറിയാതെ, ഒരു തെളിവും അവശേഷിപ്പിക്കാതെ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ അപ്രത്യക്ഷയാകാനാവും? 

3 വര്‍ഷമായി അന്വേഷണം തുടരുന്ന റെക്‌സ്  എല്ലാ വാര്‍ഷികത്തിനും അവിടെ കാണാതായ സസ്കിയയുടെ പോസ്റ്റര്‍ പതിക്കുന്നു. പക്ഷെ അതുകൊണ്ടൊന്നും ഒരു ഫലവും ഉണ്ടാകുന്നില്ല. അവസാന ശ്രമമെന്ന നിലയില്‍ റെക്‌സ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു പ്രേക്ഷകരോട് അഭ്യര്ത്ഥിക്കുന്നു, തന്റെ ഭാര്യയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ താനുമായി ബന്ധപെട്ടു വിവരം കൈമാറണം എന്ന്. വിവരം തരാനായി ആരെങ്കിലും എത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന റെക്‌സിനെ തേടി ഒരു ഫോണ്‍ കോള്‍ വരുന്നു.

യാതൊരു തെളിവും അവശേഷിപ്പിക്കാത്ത ഒരു തിരോധാനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അത് ആസ്വാദനത്തെ ബാധിച്ചേക്കാം. പക്ഷെ ഒരു കാര്യം പറയാം, ലോക സിനിമ ഇന്നുവരെ കണ്ടതില്‍ വെച്ചേറ്റവും സൈക്കോപാത്തായ ഒരാളാണ് ഈ സിനിമയിലെ വില്ലന്‍!  മാത്രമല്ല ഓര്‍മകളില്‍ നിന്ന് പെട്ടന്നൊന്നും മായാത്ത "അതിമനോഹരമായ" ഒരു ക്ലൈമാക്‌സ് കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗവും അത് തന്നെ.

പ്രധാനപ്പെട്ട നാല് അഭിനേതാക്കളും വളരെ മികച്ച അഭിനയം കാഴ്ചവച്ചപ്പോള്‍ ജൊഹാനറ്റര്‍ സ്റ്റീജ് അനശ്വരമാക്കിയ സസ്ക്യ എന്ന കഥാപാത്രത്തിന്റെ മുഖം മനസ്സില്‍ മായാതെ അവശേഷിക്കുന്നു.

ഇതേ സംവിധായകന്‍ തന്നെ 'ദി വാനിഷിംഗ്' എന്ന പേരില്‍ ഈ ചിത്രം 1993ല്‍ ഹോളിവുഡില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ക്ലൈമാക്‌സില്‍ ഒറിജിനലില്‍ നിന്നും നിരവധി മാറ്റങ്ങള്‍ വരുത്തി ഇറങ്ങിയ റീമേക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേടിയെടുത്തിരുന്നു.  

ദി വാനിഷിങ് (THE VANISHING,1988) -ലോക സിനിമകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക