ഡല്‍ഹി : തെലങ്കാനയില്‍ യുവ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ പാര്‍ലമെന്റില്‍ രോക്ഷം അലയടിക്കുന്നു . സമാജ്‍വാദി പാര്‍ട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചന്‍ അടക്കം ഒരു സംഘം എംപിമാര്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. 'ഇത്തരം പ്രതികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം. സര്‍ക്കാര്‍ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണം', ജയാബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു .
'എത്ര തവണയാണ് ഇക്കാര്യം ഞാനാവര്‍ത്തിക്കുക? നിര്‍ഭയയും കത്വയിലെ പെണ്‍കുട്ടിയും തെലങ്കാനയിലെ യുവതിയും - ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ കൃത്യം മറുപടി തരുമോ?'- ജയാബച്ചന്‍ ചോദിച്ചു .
'സര്‍ക്കാര്‍ എന്താണ് ചെയ്തിട്ടുള്ളത്? ഇത്തരമൊരു പ്രശ്നത്തെ എങ്ങനെ മറികടക്കണം? ഈ ദുരനുഭവത്തിലൂടെ പോയ ഇരകള്‍ക്ക് എന്ത് നീതിയാണ് നല്‍കുക? സുരക്ഷ ആര് ഉറപ്പാക്കും? തെലങ്കാനയില്‍ ഈ യുവതി മരിക്കുന്നതിന് ഒരു ദിവസം മുന്‍പും ഇത്തരം സംഭവം ആവര്‍ത്തിച്ചു. എന്നിട്ടും ഇത് തടയാന്‍ നടപടി ഉണ്ടാകാതിരുന്നതെന്താണെന്നും' അവര്‍ ചോദിച്ചു.