Image

ചര്‍ച്ച് ആക്ട് കാട്ടി വിരട്ടാന്‍ നോക്കുന്നവര്‍ ഭരണഘടന പഠിക്കാത്തവര്‍: ലെയ്റ്റി കൗണ്‍സില്‍

Published on 02 December, 2019
ചര്‍ച്ച് ആക്ട് കാട്ടി വിരട്ടാന്‍ നോക്കുന്നവര്‍  ഭരണഘടന പഠിക്കാത്തവര്‍: ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ചര്‍ച്ച് ആക്ട് കാട്ടി ക്രൈസ്തവ സഭയെ വിരട്ടി വരുതിയിലാക്കാമെന്നു സ്വപ്നം കാണുന്നവര്‍ ഇന്ത്യന്‍ ഭരണഘടന പഠിക്കാത്തവരാണെന്നും ഇക്കൂട്ടരുടെ ജ്വല്പനങ്ങള്‍ വിശ്വാസിസമൂഹം പുച്ഛിച്ചു തള്ളുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 

ഭരണഘടനയെയും നിയമസംവിധാനങ്ങളെയും ഏറെ ബഹൂമാനത്തോടെ കാണുന്നവരാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവരുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ നടപടികള്‍ എടുക്കുവാനുള്ള സംവിധാനങ്ങളും നിയമവ്യവസ്ഥകളും രാജ്യത്തുണ്ട്. സഭയുടെ സ്വത്തുക്കള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ട് വിശ്വാസികള്‍ ആര്‍ജ്ജിച്ചതാണ്. 

ദേവസ്വം, വഖഫ് ബോര്‍ഡുപോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണംമുടക്കി നേടിയ പൊതുസ്വത്തല്ല. ദേവസ്വം ബോര്‍ഡും വഖഫ് ബോര്‍ഡും രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും മോസ്‌കുകളും മാത്രം കൈകാര്യം ചെയ്യാന്‍ ഉണ്ടാക്കിയ സംവിധാനമാണ്. അനേകായിരം ക്ഷേത്രങ്ങളും മോസ്‌കുകളും സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഇവര്‍ക്കുവേണ്ടി നിയമം സൃഷ്ടിക്കാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാരിനുണ്ടോ? ലോകമെമ്പാടുമായി പ്രവര്‍ത്തനനിരതവും, ആഗോളജനസംഖ്യയിലെ ബഹൂഭൂരിപക്ഷവുമായ ക്രൈസ്തവസമൂഹത്തെ കേരളത്തിലിരുന്ന് നിര്‍വീര്യമാക്കാമെന്നു കരുതുന്നത് വിഢിത്തമാണ്. അതിനാല്‍ തന്നെ സഭാസംവിധാനങ്ങളെ പുതിയ നിയമം സൃഷ്ടിച്ച് കീഴ്‌പ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.

കേരളത്തില്‍ കത്തോലിക്കാ സഭയുടേതോ ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയോ ഏതു പള്ളിയാണ് സര്‍ക്കാര്‍ പണംമുടക്കി പണിതിരിക്കുന്നത്? രാജ്യത്തിന്റെ നിയമങ്ങള്‍ തെറ്റിച്ച് സംസ്ഥാനത്ത് എവിടെയെങ്കിലും ക്രൈസ്്തവര്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് നിലവിലുള്ള രാജ്യനിയമങ്ങള്‍ അനുസരിച്ച് നടപടിയെടുക്കാം. അതിന് പുതിയൊരു ചര്‍ച്ച് ആക്ടിന്റെ ആവശ്യമില്ല.

ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാസമൂഹത്തിന്റെ ആത്മീയ ഭൗതീക വളര്‍ച്ച ഒരു ദിവസം കൊണ്ടുണ്ടായതല്ല. വാര്‍ത്താ ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും ക്രൈസ്തവവിരുദ്ധത വിളിച്ചറിയിക്കുന്നവരുടെ ധാര്‍ഷ്ഠ്യത്തിലും ആക്ഷേപ അവഹേളനങ്ങളിലും ഈ ആത്മീയതയും വിശ്വാസവും ഇടിഞ്ഞു വീഴുന്നതുമല്ല. ഇന്നലകളിലും ഇന്നും സ്വന്തം ജനതയ്ക്കു വേണ്ടിമാത്രമല്ല പൊതുസമൂഹത്തിനൊന്നാകെ ജീവിതം മുഴുവന്‍ മാറ്റിവച്ച ആയിരക്കണക്കിന് വൈദിക ശ്രേഷ്ഠരുടെ, വൈദികരുടെ, സന്യാസിനിമാരുടെ, അവരോടൊപ്പം രാപ്പകലധ്വാനിച്ച, അധ്വാനിക്കുന്ന ലക്ഷക്കണക്കിനായ അല്മായവിശ്വാസികളുടെ തലമുറകളിലേയ്ക്ക് വിശ്വാസത്തിന്റെ അരൂപി പകര്‍ന്നേകിയ പൂര്‍വ്വികരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സംഭാവനകളുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ബാക്കിപത്രമാണ് ഈ മണ്ണിലുയര്‍ന്നുനില്‍ക്കുന്ന ക്രൈസ്തവ ദേവാലയങ്ങളും ഇതര സഭാസ്ഥാപനങ്ങളും. 

ഈ സ്ഥാപനങ്ങളിലൂടെ നേട്ടമുണ്ടാക്കുന്നത് പൊതു സമൂഹമൊന്നാകെയാണെന്നുള്ളത് ആരും മറക്കരുത്.
വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറംതള്ളപ്പെട്ടവരെ മുന്നില്‍ നിര്‍ത്തി സഭയ്‌ക്കെതിരെ ഭീകരവാദപ്രസ്ഥാനങ്ങളും നിരീശ്വരവാദികളും ക്രൈസ്തവവിരുദ്ധരും രൂപപ്പെടുത്തുന്ന അജണ്ടകള്‍ തെരുവില്‍ അരങ്ങേറുമ്പോള്‍ ഇതിന്റെ പിന്നിലെ കുതന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള ആര്‍ജ്ജവം ക്രൈസ്തവര്‍ക്കുണ്ട്. ക്രൈസ്തവ സംരക്ഷണമെന്നപേരില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ സഞ്ചിയും തൂക്കി വന്നവരും പര്‍ദ്ദയിട്ട് സ്റ്റേജിലിരുന്നവരും ആരായിരുന്നുവെന്ന് പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

 പശ്ചിമേഷ്യയിലും ശ്രീലങ്കയിലും ക്രൈസ്തവരെ കൊലയ്ക്കു കൊടുത്തവര്‍ മറ്റൊരു രൂപത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലേയ്ക്കും സഭാസ്ഥാപനങ്ങളിലേയ്ക്കും നുഴഞ്ഞു കയറുന്നതും പീഢന ജിഹാദുകളിലൂടെ ക്രൈസ്തവ കുടുംബങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും നിസ്സാരവല്‍ക്കരിക്കരുത്. ശക്തമായ അടിത്തറയും വേരുകളും ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി ലോകംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന മേഖലകളേയും ആത്മീയ നിറവിനേയും നിര്‍വീര്യമാക്കുവാന്‍ ചില സഭാവിരോധികളെ ഉപകരണങ്ങളാക്കുമ്പോള്‍ വൈദികരും സന്യസ്തരുമടങ്ങുന്ന സഭയുടെ അഭിമാനമായ സംവിധാനത്തെ ക്ഷതമേല്‍ക്കാതെ സംരക്ഷിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും വിശ്വാസിസമൂഹം നിര്‍വ്വഹിക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
മൂസല്‍ വാര്‍ത്തകള്‍ 2019-12-02 08:38:00
ഇന്ത്യ പൂർണ്ണ സ്വതന്ത്ര രാജ്യം ആണ്. ബ്രിട്ടീഷ് കാരുടെയോ ഏതെങ്കിലും മതത്തിന്റെയോ കോളനി അല്ല. റോമാ പോപ്പിനോ, ഇറാനിലെ അയത്തുള്ള കുമെനിക്കോ, മൂസലിലെ മുസ്‌ലിം പാട്രിയാർക്കിസിനോ; ഇന്ത്യൻ പൗരൻമാരെ ഭരിക്കാൻ ഉള്ള അധികാരം ഇല്ല. റഷ്യയിലും ചയിനയിലും ഇന്ന് കമ്മ്യൂണിസം ഇല്ല എങ്കിലും ഇന്ത്യയിലെ കുറെ കമ്മ്യൂണിസ്റ്റുകാർ, അവരെ പൂട്ടിൻ ഭരിച്ചാൽ മതി എന്ന് ആവശ്യപെട്ടാൽ വിലപ്പോകുമോ?
അതുപോലെ കോഴിക്കോട്ട് മുസ്ലീങ്ങൾക്കും ആവശ്യപ്പെടാം  അവരെ ആയത്തുള്ള ഭരിച്ചാൽ മതി എന്ന്. അത് തന്നെ ആണ് കുറെ  തീവ്രവാദി കുപ്പായക്കാർ ആവശ്യപ്പെടുന്നത്. കുറേക്കാലം മുമ്പ് സിറിയയിൽ ഒരു പാത്രിയര്കീസ് ഉണ്ടായിരുന്നു. അയാൾക്കോ പുത്തൻകുരിശ് കാതോലിക്കക്കോ ഇവർ കോടികൾ കൈക്കൂലി കൊടുത്തു. ഇന്ത്യൻ പരമോന്നത നീതി പീഠം; ഇവർ ആൾബലത്തിൽ പിടിച്ചെടുത്ത മലങ്കര സഭയുടെ പള്ളികളും സ്വത്തുക്കളും  തിരികെ കൊടുക്കുവാൻ വിധിച്ചു. അതിനാൽ ഇ കള്ള കുപ്പായക്കാർക്കു അവരുടെ തൊഴിലും നഷ്ടപ്പെട്ടു. ചർച് ആക്ട് നടപ്പാക്കിയാൽ ഇവർക്ക് കുറെ പള്ളികൾ തിരികെ കിട്ടും എന്ന് വ്യാമോഹിക്കുന്നതു  വെറും അറിവ് ഇല്ലായ്മ ആണ്. ഇ കൈക്കൂലി കുപ്പായക്കാർക്കു സ്‌കൂൾ വിദ്യാഭ്യാസം  വളരെ കുറവ് ആണ്. അതിനാൽ വായിച്ചു മനസ്സിൽ ആക്കാൻ ഉള്ള കഴിവും യോഗ്യതയും ഇവർക്ക് ഇല്ല. ഇവരുടെ കൂടെ നിൽക്കുന്ന നിരണം ഭദ്രാസന മെത്രാൻ മിടുക്കനും വിദ്യാഭ്യാസം ഉള്ളവനും ആണ്. കൂടെ നിൽക്കുന്ന  വിവരം കെട്ടവരെ സത്യം മനസ്സിൽ ആക്കുക. കൈക്കൂലി കുപ്പായക്കാർ ആർക്കു കൈക്കൂലി കൊടുത്തോ; അവരിൽ നിന്നും പണം തിരികെ വാങ്ങുക. ചുവന്ന കുപ്പായം സിപിഎം നു കൊടി ഉണ്ടാക്കാൻ കൊടുക്കുക.  പോത്തു വളർത്തൽ, കൃഷി എന്നിങ്ങനെ ഉള്ള തൊഴിൽ ചെയിതു മാന്യമായി ജീവിക്കുക.
- ഒരു എക്സ് പാത്രിയർക്കാ ഗ്രൂപ്കാരൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക