Image

ഉള്ളിരാഷ്ട്രീയം പൊള്ളും, രുചിയുടെ കലവറ കണ്ണീരോടെ കാലിയാകും (ശ്രീനി)

Published on 03 December, 2019
ഉള്ളിരാഷ്ട്രീയം പൊള്ളും, രുചിയുടെ കലവറ കണ്ണീരോടെ കാലിയാകും (ശ്രീനി)
വലിയ ഉള്ളി എന്നുപറയുന്ന സവാളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇന്ത്യക്കരെയൊന്നാകെയിപ്പോള്‍ കരയിക്കുകയാണ്. പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇവയുടെ വില കുതിച്ചുയര്‍ന്നത് കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുന്നു. ഉള്ളി എപ്പോഴും നമ്മളെ കരയിപ്പിക്കും. എന്നാല്‍ മറ്റൊരു വെജിറ്റബിളിനും മനുഷ്യരെ ഒന്ന് ചിരിപ്പിക്കാനുള്ള ശേഷിയില്ലല്ലോ എന്ന് മനസ്താപപ്പെടുകയാണ്. ഉള്ളി തൊലികളഞ്ഞ് ചെന്നാല്‍ ഒന്നുമില്ല. പക്ഷേ ഉള്ളിയില്ലാതെ രുചിയുള്ള ഭക്ഷണവുമുണ്ടാക്കാനാവില്ല. ഗുരുതരമായ ഉള്ളിപ്രതിസന്ധിയെന്താണെന്ന് നോക്കാം. 

കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം ഇന്ത്യയിലെ ഉള്ളിയുടെ ഉല്‍പാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയിരിക്കുന്നത്. മണ്‍സൂണിനു ശേഷമുണ്ടായ മഴ മിക്ക ഇടങ്ങളിലും കൃഷി നാശത്തിനു വഴിവെച്ചിരിക്കുകയാണ്. ഡല്‍ഹിയിലും സവാള വില കിലോഗ്രാമിന് 100 രൂപ കടന്നു. ഒരു കിലോ സവാളയ്ക്ക് 110 മുതല്‍ 120 രൂപവരേയാണ് മാര്‍ക്കറ്റ് വില. ചെറിയ ഉള്ളിക്ക് 160 മുതല്‍ 170 വരെ ചില്ലറ വിലയുണ്ട്. വെളുത്തുള്ളിയുടെ വിലയാവട്ടെ കിലോയ്ക്ക് 220 രൂപയില്‍ എത്തിനില്‍ക്കുന്നു. നമ്മുടെ തീന്‍മേശകളിലെ ഇഷ്ട വിഭവങ്ങളായ അവിയലും സാമ്പാറുമൊക്കെ തല്‍ക്കാലത്തേക്കെങ്കിലും മുരിങ്ങക്കാ ഒഴിവാക്കി വയ്‌ക്കേണ്ടി വരും. കാരണം  കേരളത്തില്‍ മുരിങ്ങക്കാ കിലോഗ്രാമിന് 300 രൂപ കടന്നിരിക്കുകയാണെന്നതും ഞെട്ടിക്കുന്നു. 

വില വര്‍ധന വീട്ടടുക്കളകളെ മാത്രമല്ല റെസ്‌റ്റോറന്റ് വ്യവസായത്തെയും ബാധിച്ചു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധനയ്ക്കും ഇതു കാരണമായി. ഹോട്ടലിലെ മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ വെട്ടിനിരത്തിയിരിക്കുകയാണ്. ഓംലെറ്റ് ഉള്‍പ്പടെയാണ് ഹോട്ടല്‍ വിഭവങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ബംഗളൂരുവിലെ ഹോട്ടലുകളിലാണ് ഇഷ്ട ആഹാരമായ 'ഉള്ളി ദോശ' ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ പാചകം ചെയ്യുന്നത് നിര്‍ത്തിവെച്ചു.  ഉള്ളി ഉപയോഗിച്ച് തയാറാക്കുന്ന മറ്റ് പല വിഭവങ്ങളും ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടനയുടെ ട്രഷറര്‍ വി കാമത്ത് പറയുന്നു.

വിലക്കയറ്റത്തില്‍ നിന്ന് നിന്ന് കരകയറാന്‍ വീണ്ടും ഉള്ളി ഇറക്കുമതിക്ക് ഇറങ്ങിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ ആണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എം.എം.ടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉള്ളിക്കു പുറമെയാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് വിവരം. ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെയും എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതുവരെ ഉള്ളിയില്ലാ ഊണ്.

താല്‍ക്കാലിക ആശ്വാസം പോലെ കേന്ദ്രം ഉള്ളി കയറ്റുമതി നിരോധിച്ചു. ഇത് തിരിച്ചടിയായിരിക്കുന്നത് ബംഗ്ലാദേശിനാണ്. ഇവിടെ ഉള്ളി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരും തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഉള്ളിയെ ഒവിവാക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും ഉള്‍പ്പെടും. അവര്‍ ഇന്ത്യയ്ക്ക് ഒരു സങ്കടക്കത്ത് നല്‍കി. തന്റെ മെനുവില്‍ നിന്ന് ഉള്ളിയെ മനസില്ലാ മനസോടെ ഒഴിവാക്കിയിരിക്കുകയാണെന്ന് വലിയ ഷോക്കോടെ തന്നെ ഷേഖ് ഹസീന കത്തില്‍ വ്യക്തമാക്കി. അതേസമയം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സവാള ഉല്‍പാദകരായ ഇന്ത്യയുടെ കയറ്റുമതി നിരോധന തീരുമാനം ഏഷ്യന്‍ രാജ്യങ്ങളുടെ രുചിവൈവിധ്യങ്ങളെ പ്രതിസന്ധിയിലാക്കും.

ഇതൊക്കൊയാണെങ്കിലും ഉള്ളിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ഉള്ളി വില കൂടുമ്പോഴും കുറയുമ്പോഴും ഭരണാധികാരികളുടെ ചങ്കാണ് പിടയുന്നത്. പലയിടത്തും കസേരകള്‍ മറിച്ചിട്ട, കുതികാല്‍ വെട്ടിന്റെ അധികാരകൈമാറ്റ കഥയാണ് ഉള്ളിക്ക് പറയാനേറെയുള്ളത്. അധികാര കസേരകളില്‍ എത്തിക്കാനും ഉണ്ടായിരുന്ന കസേര പോകാനുമൊക്കെ ഒരു ഉള്ളി മതിയെന്നതാണ് മുന്‍കാല ചരിത്രം. 2013ലാണ് ഇതിന് മുമ്പ് ഉള്ളി വില ഏറ്റവും ചര്‍ച്ചയായത്. സവാളയുടെ വില കിലോക്ക് 100 രൂപയിലെത്തിയ വര്‍ഷം. എവിടെയും ചര്‍ച്ച ഉള്ളി തന്നെയായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒക്കെ. ഒടുവില്‍ കൂട്ടായ ആക്രമണത്തില്‍ ഉള്ളിയില്‍ കണ്ണ് നീറി ഡോ. മന്‍മാഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ വീഴ്ച സംഭവിച്ചു. 

ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളിലെ കനത്ത മഴയാണ് അന്ന് യു.പി.എ സര്‍ക്കാരിനെ ചതിച്ചത്. സര്‍ക്കാരിനെതിരെ ബി.ജെ.പി ഉയര്‍ത്തിപ്പിടിച്ച പ്രധാന ആയുധങ്ങളില്‍ ഒന്നായിരുന്നു ഉള്ളി. 2010ലാണ് അതിന് മുമ്പ് ഉള്ളി പാരയായത്. മഹാരാഷ്ട്രയിലാകെ ശക്തമായ മഴയും വെള്ളപ്പൊക്കവും. ഉള്ളി കര്‍ഷകരും മറ്റ് കര്‍ഷകരും ഒക്കെ ആശങ്കയിലായി. ഈ സീസണില്‍ കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും മഹാരാഷ്ട്ര നേരിട്ടിട്ടുണ്ട്. വെള്ളപ്പൊക്കം ഉള്ളി ഉല്‍പാദനത്തെ  സ്വാധീനിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന അതേ മാര്‍ഗമാണ് അന്നത്തെ യു.പി.എ സര്‍ക്കാരും ചെയ്തത്. ഉള്ളി വില കിലോഗ്രാമിന് 90 രൂപയിലെത്തിയ സമയമായിരുന്നു അത്. 

ആദ്യം കയറ്റുമതി നിരോധിക്കുകയും ഇറക്കുമതി നികുതി കുറക്കുകയും ചെയ്തു. ഇറക്കുമതി-കയറ്റുമതി നയങ്ങളാണ് അന്ന് ഏറ്റുമുട്ടിയത്. അത് തന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു.1998ലെ അവസ്ഥയെക്കുറിച്ച് അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആ വര്‍ഷം അവസാനം രാജസ്ഥാനിലെയും ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ചതും ഉള്ളി തന്നെ. സുഷമ സ്വരാജിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനാണ് തിരിച്ചടിയായത്. അന്ന് ബി.ജെ.പി പരാജയപ്പെടുക മാത്രമല്ല ഡല്‍ഹിയില്‍ പിന്നീട് ഒരിക്കലും അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ളതാണ് വേദനിപ്പിക്കുന്ന സത്യം. ഷീലാ ദീക്ഷിത്ത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ തുടര്‍ച്ചയായി രണ്ട് തവണ കൂടി കോണ്‍ഗ്രസ് ഡല്‍ഹി നിലനിര്‍ത്തുകയാണുണ്ടായത്.

ഇതൊക്കെ ഉള്ളി വില വര്‍ധനയില്‍ അധികാരത്തില്‍ നിന്ന് താഴെപ്പോയവരുടെ കദന കഥയാണ്. എന്നാല്‍ വിലക്കയറ്റം അനുഗ്രഹമായ ഒരു സമയമുണ്ട്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കിയ മോദി സര്‍ക്കാരിനെപ്പോലെ ഗുണം ചെയ്ത സമയം. അത് ഇന്ദിരാഗാന്ധിയുടെ ലക്കാണ്. 1980ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ തിരിച്ചെത്തിച്ച ചരക്കാണ് ഉള്ളി. 1977ലെ തെരഞ്ഞെടുപ്പില്‍ 'സവാള തെരഞ്ഞെടുപ്പ്' എന്ന് വിളിക്കുന്ന തിരഞ്ഞെടുപ്പിലും ജനതാ സര്‍ക്കാരിനെതിരെ ഇന്ദിരാഗാന്ധി ആഞ്ഞടിച്ചത് ഭക്ഷ്യവില പെരുപ്പമാണ്. ഫെഡറല്‍ ബഫര്‍ സ്‌റ്റോക്കുകളില്‍ നിന്നും കൂടുതല്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ഉള്ളി വില ഉയര്‍ത്തുന്നത് തടയുന്നതിനായി ഹോര്‍ഡിംഗിനെ തടയുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 

ഉള്ളി വില റോക്കറ്റ് പോലെ കുതുച്ചുയരുമ്പോള്‍ രാജ്യത്ത് ഉള്ളി മോഷണം പതിവായിക്കൊണ്ടിരിക്കുന്നുവെന്നതാണ് രസകരം. ഗുജറാത്തിലെ പലന്‍പൂര്‍ പാട്ടീയയില്‍ വിവിധ കടകളില്‍ നിന്നാണ് 250 കിലോ ഉള്ളി കഴിഞ്ഞ ദിവസം മോഷണം പോയത്. കുതിച്ചുയരുന്ന ഉള്ളിവിലയും മോഷണ സാധ്യത കണക്കിലെടുത്ത് ആരും ശ്രദ്ധിക്കാതിരിക്കാനായി വെയ്സ്റ്റ് പേപ്പര്‍ കൊണ്ടാണ് ഉള്ളി ചാക്കുകള്‍ മൂടിയിരുന്നത്. എന്നാല്‍ അത്തരത്തില്‍ മൂടി വെച്ച ഉള്ളി ചാക്കുകളാണ് മോഷണം പോയത്. ഇതോടെ ഉള്ളി സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് വ്യക്തമായി അറിയാവുന്ന ആരോ ആണ് ഉള്ളി മോഷണത്തിന് കാരണമെന്ന് കടയുടമകള്‍ പറയുന്നു. കിലോയ്ക്ക് 60 മുതല്‍ 70 രൂപ മുടക്കിയാണ് വ്യാപാരികള്‍ ഉള്ളി വാങ്ങുന്നത്. ചാക്കുകളിലായി എത്തിക്കുന്ന ഉള്ളികളില്‍ മുന്ന് നാല് കിലോ വരെ കേടുവരാറുണ്ട്.

ഇതിനിടെ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളും ഇപ്പോള്‍ വൈറലാവുന്നു. ബിഹാറിലെ പട്‌നയിലാണ് സംഭവം. കോര്‍പറേറ്റീവ് മാര്‍ക്കറ്റിങ് യൂണിയന്‍ ലിമിറ്റഡ് ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഇവിടെ ഉള്ളി വില്ക്കാനിറങ്ങിയത്. കിലോയ്ക്ക് 35 രൂപ നിരക്കില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് ജനങ്ങള്‍ ഉള്ളി വാങ്ങിയത്. ഉള്ളിക്ക് വേണ്ടി കാത്തുനിന്ന് ക്ഷമകെട്ട നാട്ടുകാര്‍ എങ്ങാനും അക്രമാസക്തരാകുമോ എന്ന് ഭയന്നാണ് ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിച്ചത്. ക്യൂവില്‍ നിന്ന് വലഞ്ഞ ജനങ്ങള്‍ കഴിഞ്ഞദിവസം തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നും കല്ലുകളും വടികളും വലിച്ചെറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ കോളനിയിലും പോയി ഉള്ളി വിതരണം നടത്താന്‍ ശ്രമിക്കുമ്പോഴും ക്ഷമകെട്ട ജനം രോഷത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

എപ്പോഴാണ് വില കുറയുക എന്ന വേവലാതിയിലാണിപ്പോളണിപ്പോള്‍ ഉപഭോക്താക്കള്‍. കര്‍ഷകരാകട്ടെ ഉല്‍പാദനച്ചെലവിനെക്കുറിച്ചുള്ള ആശങ്കയിലുമാണ്. നിലക്കടല, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില, ഉപഭോഗത്തിന്റെ തോത് എത്രതന്നെയാലും അസ്ഥിരമായി തുടരുകയാണെന്നുകൂടി ഓര്‍ക്കണം. ഏതാണ്ട് ഓരോ വര്‍ഷവും ഏതെങ്കിലും ഒരു വിളവിന്റെ കാര്യത്തില്‍ കര്‍ഷകരോ അല്ലെങ്കില്‍ ഉപഭോക്താക്കളുടെ നില ദയനീയമാകുക എന്ന യാഥാര്‍ത്ഥ്യമാണ് നിലവിലുള്ളത്. പതിനാല് ബില്യണ്‍ ഹെക്ടര്‍ കൃഷിഭൂമിയുള്ള ഒരു രാജ്യമാണ് നമ്മുടേത്. ചൈനക്ക് അതിന്റെ കൃഷിഭൂമിയില്‍നിന്ന് അവര്‍ക്കാവശ്യമായ ഭക്ഷ്യോല്‍പാദനത്തിന്റെ 95 ശതമാനവും നിറവേറ്റാനാവുമെങ്കില്‍ ഉള്ളിയോടൊപ്പം എന്തിനാണ് ഇന്ത്യ പയറുവര്‍ഗങ്ങളും ഭക്ഷ്യ എണ്ണയും മറ്റും ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക