Image

സന്യാസ ജീവിതത്തെ പുച്ഛിക്കുന്ന അരാജക വാദികള്‍ അറിയാൻ (വെള്ളാശേരി ജോസഫ്)

Published on 03 December, 2019
സന്യാസ ജീവിതത്തെ പുച്ഛിക്കുന്ന അരാജക വാദികള്‍ അറിയാൻ (വെള്ളാശേരി ജോസഫ്)
അര്‍ത്ഥിനി,  പോസ്റ്റുലന്‍സി,  നൊവിഷ്യേറ്റ്  ഈ മൂന്ന് കാലഘട്ടങ്ങള്‍ കഴിഞ്ഞാണ് ഒരുവള്‍ ക്രിസ്ത്യന്‍ സന്യാസിനി ആകുന്നത്. ഈ കാലഘട്ടങ്ങളില്‍ കോണ്‍വെന്‍റ്റില്‍ നിന്ന് പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം സന്യാസിനിക്ക് ഉണ്ട്; പലരും പിരിഞ്ഞു പോകാറുമുണ്ട്. സഭയുടെ അച്ചടക്കനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് പിന്നീടുള്ള ജൂനിയറേറ്റ് കാലഘട്ടം. ജൂനിയറേറ്റ് കാലഘട്ടത്തിലേക്ക് ഒരു സമര്‍പ്പിത കടക്കുന്നതിനു മുമ്പായി സന്യാസ വ്രതങ്ങളായ കന്യകാത്വം, അനുസരണം, ദാരിദ്രം   എന്നീ വ്രതങ്ങള്‍ തന്‍റ്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊള്ളാമെന്ന് തിരുസഭയുടെയും സന്യാസസഭയുടേയും ദൈവജനത്തിന്‍റ്റേയും മുമ്പില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയുടെ മദ്ധ്യത്തില്‍ പ്രതിജ്ഞ ചെയ്യുന്നു. ഇതിന് പുറമെ സാമൂഹ്യ ജീവിതം, ലോകവുമായുള്ള ബന്ധം, സ്വന്തം സന്യാസസഭയും കത്തോലിക്കാസഭയും ഒരു സമര്‍പ്പിതയ്ക്ക് നല്‍കുന്ന അവകാശങ്ങള്‍  ഇവയെ കുറിച്ചൊക്കെ അറിഞ്ഞിരിക്കണം.

തുടര്‍ന്ന് ആറുമാസത്തെ റീജന്‍സി സന്യാസസഭയുടെ കീഴിലുള്ള ഒരു കോണ്‍വെന്‍റ്റില്‍ തുടര്‍ന്ന് ചെയ്യുന്നു.

ഈ കാലഘട്ടങ്ങളിലൊക്കെ ഒരു ജൂനിയറേറ്റ് സിസ്റ്ററിന്‍റ്റെ കാര്യത്തില്‍ മിസ്ട്രസിന്‍റ്റെ (ഗുരുത്തിയമ്മയുടെ) റിപ്പോര്‍ട്ടും നിര്‍ണായകമാണ്. ജൂനിയറേറ്റ് കാലഘട്ടം സിറോ മലബാര്‍ സഭയുടെ നിയമമനുസരിച്ച് 5 മുതല്‍ 7 വര്‍ഷക്കാലവും, ലാറ്റിന്‍ സഭയുടെ നിയമാവലിയനുസരിച്ച് 7 മുതല്‍ 9 വര്‍ഷകാലവും നീണ്ടതാകുന്നു. മദര്‍ ജനറാളും, ജനറല്‍ കൗണ്‍സിലും അടങ്ങുന്ന അധികാരികളുടെ മേല്‍നോട്ടത്തില്‍ അനേകം വര്‍ഷങ്ങളുടെ സ്ട്രിക്റ്റ് ആയ പരിശീലനത്തിന് ശേഷവും, സ്വന്തം ധ്യാനത്തിന്‍റ്റേയും പ്രാര്‍ഥനയുടേയും വിചിന്തനത്തിന്‍റ്റേയും അവസാനമേ ഒരുവള്‍ സന്യാസ ജീവിതത്തിലേക്ക് കടക്കൂ എന്ന് സാരം. സന്യാസിനികള്‍ പിന്നീടും മദര്‍ സുപ്പീരിയറിന്‍റ്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു മദര്‍ സുപ്പീരിയറിന്‍റ്റെ മേല്‍നോട്ടം ഓരോ ക്രിസ്ത്യന്‍ കോണ്‍വെന്‍റ്റിലും ഉണ്ട്. ഇതൊന്നും അറിയാത്തവര്‍ക്ക് വെറുതെ സന്യാസ ജീവിതത്തെ പുച്ഛിക്കാം. അതാണിപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റ്റെ പേരു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നതും.

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് അരാജക വാദികളുടെ നീക്കം. ഈ അരാജക വാദികള്‍ മിഷനറിമാരെ പോലെ മനുഷ്യന് എന്തെങ്കിലും ഉപകാരം ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? മദര്‍ തെരേസയെ ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷെ എത്ര പേര്‍ക്ക് മദര്‍ തെരേസ ആകാന്‍ പറ്റുമെന്ന് ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ ഒന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.

കേരളത്തില്‍ ഇടതുപക്ഷവുമായി അടുത്തുനില്‍ക്കുന്ന  കണ്ടമാനം അരാജക വാദികള്‍ കലാസാഹിത്യ മേഖലകളില്‍ ഉണ്ട്. ഇത്തരം അരാജക വാദികള്‍ക്ക് വിവാഹത്തേയും, കുടുംബ സങ്കല്‍പ്പങ്ങളേയും, മത രീതികളേയും, സന്യാസത്തേയും, ഭരണകൂടത്തേയും എന്നുവേണ്ട സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളേയും വെല്ലുവിളിക്കണം. ഇതിനൊക്കെ പകരം എന്താണ് അവരുടെ കയ്യിലുള്ളത് എന്നു ചോദിച്ചാല്‍ അവര്‍ക്ക് തന്നെ മറുപടി ഇല്ലാ. ജോണ്‍ എബ്രാഹത്തേയും, ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും, കവി അയ്യപ്പനേയും ഒക്കെ ആരാധിച്ചിരുന്ന അരാജക വാദികളായ ഒരു യുവ തലമുറ 1980കളിലും, 90കളിലും കേരളത്തില്‍ ഉണ്ടായിരുന്നു. ഇന്ന് അത്തരം അരാജകവാദികളെ ആരാധിക്കുന്ന അധികം പേര്‍ കേരളത്തില്‍ ഇല്ലാ എന്നുള്ളത് ആശ്വാസകരമാണ്.

ഈയിടെ ചിലര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി. അങ്ങനെ ചെയ്തത് നല്ലതാണെന്ന് പലരും പറയും. പക്ഷെ ഫ്രാങ്കോ അല്ല അരാജക വാദികളുടെ കണ്ണിലെ പ്രതിപാദ്യ വിഷയം എന്ന് സുബോധത്തോടെ ചിന്തിച്ചാല്‍ പലര്‍ക്കും മനസിലാക്കാം. ഫ്രാങ്കോയെ കേന്ദ്ര കഥാപാത്രമാക്കി അരാജക വാദികള്‍ മത സങ്കല്‍പ്പങ്ങളെ വെല്ലു വിളിക്കുകയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോള്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ അല്ലാതെ ക്രിസ്ത്യന്‍ സമൂഹമൊന്നും പ്രതിഷേധിച്ചു കണ്ടില്ല. ഫ്രാങ്കോയെ ഇനീ ബലാത്സംഗ കേസില്‍ പരസ്യമായി തൂക്കികൊല്ലാന്‍ ശിക്ഷിച്ചാലും ക്രിസ്ത്യന്‍ സമൂഹത്തിന്‍റ്റെ മത വികാരം വ്രണപ്പെടാനുള്ള ചാന്‍സൊന്നും ഒട്ടുമേ ഇല്ലാ. പക്ഷെ മെത്രാന്‍റ്റെ അംശവടിയില്‍ ജെട്ടി തൂക്കിയിട്ട് വിമര്‍ശിക്കുമ്പോള്‍ അത് പല ക്രിസ്ത്യാനികളും അംഗീകരിച്ചെന്നു വരികയില്ല. സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നാണ് പുരുഷനും വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ തൃശൂരിലെ കേരളവര്‍മ കോളേജില്‍ യുവതിയുടെ കാലുകള്‍ക്കിടയില്‍ തലകീഴായി ശബരിമല ശാസ്താവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ എത്ര പേര് അനുകൂലിക്കും? ഇവിടെയൊക്കെ 'മിതത്ത്വം' എന്ന് പറയുന്നത് വരുന്നതായിരിക്കും നമ്മുടെ സമൂഹത്തിന്‍റ്റെ കെട്ടുറപ്പിന് അഭികാമ്യം. മതപരമായ വിഷയങ്ങളില്‍ ഒരു മിതത്ത്വം പുലര്‍ത്തുന്നതാണ് ഉത്തരവാദിത്ത്വബോധമുള്ള ഒരു പൗരന്‍ നമ്മുടെ പാരമ്പര്യ സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട രീതി. കലാസൃഷ്ടി നടത്തുന്ന അരാജകവാദികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

സന്തോഷവും, സംതൃപ്തിയും, സമാധാനവും ഉള്ള ഒരാള്‍ എന്തിന് കള്ളിന്‍റ്റേയും, കഞ്ചാവിന്‍റ്റേയും, പുകവലിയുടെയും ഒക്കെ പുറകെ പോണം എന്ന് അരാജക വാദികളെ കാണുമ്പോള്‍ സുബോധത്തോടെ ആരും ചിന്തിക്കുന്നത് നല്ലതാണ്. സ്വന്തം മനസിനുള്ളില്‍ സമാധാനക്കേട് ഉള്ളത് കൊണ്ടല്ലേ  അരാജക വാദികള്‍ കള്ളിന്‍റ്റേയും, കഞ്ചാവിന്‍റ്റേയും, പുകവലിയുടെയും ഒക്കെ പുറകെ എപ്പോഴും പോകുന്നത്? അരാജക വാദികള്‍ പലപ്പോഴും സന്തോഷം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും കള്ളും, കഞ്ചാവും അടിച്ചു കഴിയുമ്പോഴാണ് ഇവരുടെ ഉള്ളില്‍ കെട്ടി കിടക്കുന്ന ദുഖങ്ങളും, വിഷമങ്ങളും, 'ഫ്രസ്‌റ്റ്രേഷനും' ഒക്കെ പുറത്തു വരുന്നത്. പണ്ട് ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഇത്തരത്തിലുള്ള രണ്ടു മലയാളികള്‍ കഞ്ചാവടിച്ചതിനു ശേഷം കെട്ടിപിടിച്ച് കരയുമായിരുന്നു. പലരും അത് കണ്ടിട്ടുണ്ട്. രണ്ടു പേരും വലിയ പണ്ഡിതരുമായിരുന്നു. പക്ഷെ എന്ത് പ്രയോജനം? ജോണ്‍ എബ്രഹാമിനെ പോലെ തന്നെ അവര്‍ പലരുമായി ഉടക്കുണ്ടാക്കി; തല്ലു കൂടി; പ്രണയ നൈരാശ്യങ്ങളില്‍ ഏര്‍പ്പെട്ടു.

അച്ചടക്കമില്ലാത്ത മനസ്സില്‍ നിന്ന് സന്തോഷവും, സംതൃപ്തിയും, സമാധാനവും ഒരിക്കലും ഉണ്ടാവില്ല. അരാജകവാദികള്‍ക്ക് എപ്പോഴും ഭ്രാന്തന്‍ സ്വപ്നങ്ങളുമായി ജീവിക്കാന്‍ ലഹരി വേണം. അക്കാരണം കൊണ്ടാണ് അവര്‍ ലഹരിക്ക് അടിമപ്പെടുന്നത്. വ്യവസ്ഥിതിക്കെതിരെ ഇത്തരം കൂട്ടര്‍ പൊരുതുന്നു എന്ന് ചിലരൊക്കെ പറയുന്നത് അങ്ങേയറ്റം മൂഢമായ സങ്കല്‍പ്പമാണ്. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിച്ച ലാറി ബക്കറും, കന്യാസ്ത്രീ മഠത്തിന്‍റ്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് ജീവിതം സമര്‍പ്പിച്ച മദര്‍ തെരേസയും, സാധാരണ ജനങ്ങളോട് താദാത്മ്യപ്പെടാന്‍ വസ്ത്രം പോലും ഉപേക്ഷിച്ച മഹാത്മാ ഗാന്ധിയും ഒക്കെ നിലനില്‍ക്കുന്ന വ്യവസ്ഥാപിത ജീവിത രീതികളോട് പൊരുതിയവരാണ്. കള്ളിലും, പുകവലിയിലും, കഞ്ചാവിലും മുങ്ങി നടന്നവര്‍ക്ക് വേണ്ടി അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സുബോധമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂ. ഇത്തരക്കാര്‍ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, വഴിയില്‍ കാണുന്നവര്‍ക്കും ഒക്കെയാണ് പലപ്പോഴും ദുരിതങ്ങള്‍ സമ്മാനിക്കുന്നത്. ജന്മനാ ഉള്ള കലയെപ്പോലും കള്ള് ഷാപ്പിനും, പട്ട ഷാപ്പിനും അപ്പുറം ഒരു ജീവിതമില്ലാതെ ഇക്കൂട്ടര്‍ നശിപ്പിക്കുന്നു. എന്തായാലും ജോണ്‍ എബ്രഹാമിനും, കവി അയ്യപ്പനും കുടുംബവും കുട്ടികളും ഇല്ലാതിരുന്നതു ഭാഗ്യം!!! കുടുംബത്തിലുള്ള സ്ത്രീകളും ഇത്തരം അരാജക ജീവിതം നയിക്കുകയാണെങ്കില്‍ കുടുംബം പുലരുമോ? അരാജക ജീവിതത്തെ ആരാധിക്കുന്നവര്‍ കുടുംങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുമോ? സ്ത്രീ പക്ഷത്തു നിന്ന് അരാജകവാദത്തെ നോക്കി കാണുമ്പോഴാണ് ഇതിന്‍റ്റെയൊക്കെ പൊള്ളത്തരം മനസിലാക്കാന്‍ സാധിക്കുന്നത്. സമൂഹത്തിലെ വ്യവസ്ഥാപിതമായ എല്ലാത്തിനേയും വിമര്‍ശിക്കുന്ന അരാജക വാദികള്‍ സ്വപ്നത്തില്‍ പോലും തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ തങ്ങളെ പോലെ തന്നെ പെരുമാറണമെന്ന് പറയത്തില്ലാ.

കുറച്ചു നാള്‍ മുമ്പ് പശ്ചിമ ബംഗാളിലെ പുരുലിയയില്‍ നിന്നൊരു റിപ്പോര്‍ട്ട് കണ്ടിരുന്നു. അവിടെ കുഷ്ഠ രോഗികളുടെ മുറിവുകള്‍ വെച്ചു കെട്ടാനായി മിഷനറിമാര്‍ മാത്രമേ ഉള്ളൂ. കുഷ്ഠം പിടിപെട്ടാല്‍ രോഗികളെ ആളുകള്‍ കല്ലെറിഞ്ഞു ഓടിക്കും. അങ്ങനെ ജാര്‍ക്കണ്ട്, പശ്ചിമ ബംഗാള്‍, ബീഹാര്‍  ഇവിടുന്നെല്ലാം രോഗികള്‍ എത്തുന്ന സ്ഥലമാണ് പുരുലിയ. മദര്‍ തെരേസയെ ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷെ എത്ര പേര്‍ക്ക് മദര്‍ തെരേസ ആകാന്‍ പറ്റുമെന്ന് കൂടി സ്വയം വിലയിരുത്തേണ്ടതുണ്ട്.  മദര്‍ തെരേസയെ കുറിച്ചൊരു കഥയുണ്ട്: പണ്ട് ഭിക്ഷ യാചിച്ചു ചെന്നപ്പോള്‍ മദറിന്‍റ്റെ മുഖത്ത് ഒരാള്‍ തുപ്പി. തുപ്പല്‍ തുടച്ചു കളഞ്ഞിട്ട് മദര്‍ "എന്നെയല്ലേ തുപ്പിയത്; അത് സാരമില്ല; ഇനി രോഗികള്‍ക്കുള്ളത് താ" എന്ന് പറഞ്ഞു. ഇതൊക്കെ കാടടച്ചു വെടി വെക്കുന്നത് പോലെ മിഷനറിമാര്‍ക്കും, സന്യസ്തര്‍ക്കുമെതിരേ വിമര്‍ശനങ്ങള്‍ തൊടുക്കുമ്പോള്‍ ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
പ്രകിര്‍തി വിരുദ്ധം 2019-12-03 09:45:58
സന്യാസ ജീവിതം പ്രകിര്‍തി വിരുദ്ധം ആണ്. സന്യാസം, ജനസംഖ്യ വര്‍ധനവിനെ തടയും എന്നതും ഇപ്പോള്‍ തിരുത്തണം. സന്യാസം സീകരിച്ച പുരുഷനും സ്ത്രിയും സന്യാസികള്‍ അല്ല എന്ന് മില്യന്‍ തെളിവുകള്‍. നിങ്ങളുടെ ലേഗനം വളരെ വിവേചനം കാണിക്കുന്നു, എന്നും പറയാം.
-ചാണക്യന്‍ 
John 2019-12-03 18:32:02
എല്ലാ ന്യായീകരണക്കാരും പറയുന്ന ഒരു കാര്യം ആണ് ചെറിയൊരു കൂട്ടർ മോശക്കാരാണ് അതുകൊണ്ടു അടച്ചാക്ഷേപിക്കരുത് എന്ന്. പോപ്പ് ഫ്രാൻസിസ് പറഞ്ഞത് അഞ്ചു ശതമാനം വൈദികർ ബാലപീഡകരും സ്ത്രീ പീഡകരും ആണെന്നാണ്അതായത് ഒരു ലക്ഷത്തിലേറെ വൈദികരുള്ള സഭയാണെന്നോർക്കുക. അയ്യായിരത്തിലേറെ വൈദികർ ഇക്കൂട്ടരാണെന്നു പോപ്പ് തന്നെ സമ്മതിക്കുന്നു. ഈ അയ്യായിരത്തിൽ അന്പതുപേർക്കെതിരെ എങ്കിലും കർശന നടപടിയെടുത്താൽ ഇതിനൊക്കെ ഇത്തിരി കുറവുണ്ടാകും എന്നെങ്കിലും ഈ ന്യായീകരണ കുഞ്ഞാടുകളും വൈദികരും മനസ്സിലാക്കുക. അല്ലാതെ അരാജക വാദി, യുക്തിവാദി സഭയെ തകർക്കുന്ന അദൃശ്യ ശക്തികൾ എന്ന സ്ഥിര പല്ലവി ഒഴിവാക്കി ഫ്രാങ്കോ റോബിൻ കോട്ടൂർ പൂത്തൃക്ക സെഫി തുടങ്ങിയ കൊടും ക്രിമിനലുകളെ പുറത്താക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക