Image

ശബരിമല: 7.7 ലക്ഷം പേര്‍ ദര്‍ശനം നടത്തി, വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു

അനില്‍ പെണ്ണുക്കര Published on 03 December, 2019
ശബരിമല: 7.7 ലക്ഷം പേര്‍ ദര്‍ശനം നടത്തി, വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു
പോലീസിന്റെ കണക്കനുസരിച്ച് ഇതുവരെ 7,71,288 പേര്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് 52,060 പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. വെര്‍ച്വല്‍ക്യൂവില്‍ ബുക്കു ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്കു ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്.  തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സുഗമമായി തീര്‍ഥാടനം നടത്താവുന്ന സാഹചര്യമാണുള്ളതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എ.ശ്രീനിവാസ് പറഞ്ഞു. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെമേല്‍നോട്ടത്തിന് 10 ഡി.വൈ.എസ്.പിമാരുമുണ്ട്. 

ശബരിമലയില്‍ ഇതുവരെ 20 ലക്ഷം ടിന്‍ അരവണ വിറ്റു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ തയ്യാറാക്കിയിട്ടുമുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ് വില. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അരവണ പ്ലാന്റില്‍ 250ലധികം പേര്‍ ജോലി ചെയ്യുന്നു.

ഒമ്പത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റുപോയി. രണ്ട് ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കുന്നു. ഒരു പാക്കറ്റ് അപ്പത്തിന്റെ വില  35 രൂപ. ധനലക്ഷ്മി ബാങ്കാണ് അപ്പത്തിന്റെയും അരവണയുടെയും വില്‍പ്പന നടത്തുന്നത്.

ശബരിമല: 7.7 ലക്ഷം പേര്‍ ദര്‍ശനം നടത്തി, വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക