Image

ചിക്കാഗോ താടിക്ക് മാത്രമല്ല, ഈ മലയാളത്താടിക്കും ചന്തമേറെ... (ശ്രീനി)

Published on 03 December, 2019
ചിക്കാഗോ താടിക്ക് മാത്രമല്ല, ഈ മലയാളത്താടിക്കും ചന്തമേറെ... (ശ്രീനി)
കനത്തിലുള്ള താടിയും മീശയുമാണ് നാട്ടിലും ഇപ്പോഴത്തെ ട്രെന്റ്. വൃത്തിയായി വെട്ടിയൊതുക്കിയ അപാര നീളമുള്ള താടിയും പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു കൂളിങ് ഗ്ലാസും കൂടി വെച്ചാല്‍ ലുക്കിന്റെ കാര്യം പിന്നെ പറയാനില്ല. എന്താ ലുക്കില്ലേ...? ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ""മാസാണ്...മരണ മാസ്സ്...'' പൗരുഷത്തത്തിന്റെ ലക്ഷണങ്ങള്‍ തന്നെ താടിയും മീശയുമാണ് എന്ന് വിചാരിച്ച് അഭിരമിക്കുന്നവരാണ് പലരും. ചിക്കാഗോയില്‍ നിന്നുള്ള ഒരു താടി-മീശ മല്‍സരത്തിന്റെ വാര്‍ത്തയിങ്ങനെ...

താടി എങ്ങനെയൊക്കെ ഡിസൈന്‍ ചെയ്യാമെന്ന് ചിക്കാഗോയിലെ റ്റിന്‍ലി പാര്‍ക്കില്‍ നടന്ന "ബിയേഡ് ആന്‍ഡ് മൊസ്റ്റാഷ് ചാമ്പ്യന്‍ഷിപ്പി'ലെ മത്സരാര്‍ഥികളെ കണ്ടാല്‍ മനസിലാകും. കാറ്റാടിയും നക്ഷത്രവും വളയങ്ങളും കത്രികയും ചക്രങ്ങളുമൊക്കെയാണ് ഇവരുടെ താടിയില്‍ അതിസുന്ദമായി നിറയുന്നത്. ക്രാഫ് ബിയേഡ്, ഫുള്‍ ബിയേഡ്, ഫുള്‍ മൊസ്റ്റാഷ്, ബിസിനസ് ബിയേഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുത്തു. ഫുള്‍ ബിയേഡ് ഫ്രീസ്‌റ്റൈലില്‍ ജേസണ്‍ കെല്ലി ഒന്നും ജോ ഫാരെല്‍ രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. 2013ലാണ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചത്. ഓരോ വര്‍ഷവും താടിക്കാരുടെ എണ്ണവും പുതിയ പരീക്ഷണങ്ങളും കൂടിവരുന്നു. ഫോട്ടോഗ്രഫറായ ഗ്രെഗ് ആന്‍ഡേഴ്‌സണ്‍ പകര്‍ത്തിയ താടിക്കാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്. എല്ലാ വര്‍ഷവും നവംബറിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാറുള്ള ഗ്രെഗ്, താടിക്കാരുടെ ചിത്രങ്ങള്‍ കൊണ്ട് ഒരു ആല്‍ബം ഉണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

എന്നാല്‍ ചിക്കാഗോ മല്‍സരാര്‍ത്ഥികളുടെ താടി പോലെ തന്റെ താടിയും കേമമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി. നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വര്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്വന്തം താടി മാഹാത്മ്യം വിളംബരം ചെയ്തു. ഏഴു ഷത്തെ പ്രയത്‌നത്തില്‍ 38 ഇഞ്ച് നീളമുള്ള താടിയുമായി പ്രവീണ്‍ രംഗപ്രവേശം ചെയ്തതോടെ, രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകര്‍ന്നു. മൂന്നുവര്‍ഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തിലായിരുന്നു റാമ്പില്‍ പ്രവീണിന്റെ പ്രകടനം.

പ്രവീണ്‍ ടെക്‌നോപാര്‍ക്കില്‍ ഐ.ടി എന്‍ജിനിയറായിരുന്നു. സിനിമാമോഹത്തെ തുടര്‍ന്ന് 2012ല്‍ രാജിവെച്ച് കൊച്ചിയിലേക്കു ചേക്കേറി. ആദ്യസിനിമയായ "ടമാര്‍ പഠാറി'ലെ താടിപ്പാട്ട് പ്രവീണിനെ ശ്രദ്ധേയനാക്കി. ഷെര്‍ലക് ഹോംസ്, ഇടി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനിലും അഭിനയിച്ചു. ഇതിനിടെ, ചില സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഏഴുവര്‍ഷം മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ താടി കുറവായതിന്റെ പേരില്‍ തഴയപ്പെട്ടതാണ് ഇപ്പോഴത്തെ നീളന്‍ താടിക്കു പിന്നിലുള്ള രഹസ്യം. ചരിത്രത്തില്‍ ഇഷ്ടമുള്ള താടിക്കാരനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ കാള്‍ മാക്‌സാണെന്നാണ് താടിയുഴിഞ്ഞുകൊണ്ട് പ്രവീണ്‍ മറുപടി നല്‍കിയത്.

"ടമാര്‍ പഠാറി'ലെ (2014) താടിപ്പാട്ട് എഴുതിയത് സന്തോഷ് വര്‍മയാണ്. ബിജിലാലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനാലാപനം അരുണ്‍ ഇലാട്ട്. ഇതാണാ പാട്ട്...

താടി വെയ്ക്കാന്‍ ആശിച്ചോരേ താടി കണ്ടോ താടി
താടി വെച്ചു നടക്കുന്നോരീ
ഭൂമിയിലുണ്ടൊരു കോടി
താടിയങ്ങനെ നൂറുതരത്തില്‍ മാനവരില്‍ വേരോടി
താടിയാദ്യം വെച്ചവനാര്
നമുക്കു പോകാം തേടി
ഈ താടി പാട്ടും പാടി...

താടി വെച്ചവനാരയാലും താടിക്കുണ്ടൊരു മോടി
താടിയുള്ളോരപ്പനോടെ ഉള്ളൂ ആര്‍ക്കും പേടി
താടി വെച്ചവരെല്ലാംതന്നെ
മഹാനല്ലെങ്കില്‍ക്കൂടി
ഒട്ടുമിക്ക മഹാന്മാര്‍ക്കും
നാം കണ്ടിട്ടില്ലേ താടി
ടാഗോര്‍ താടി...ലിങ്കണ്‍ താടി...
കാള്‍മാക്‌സിന്റെ താടി
ഡാര്‍വിന്‍ താടി...ഓഷോ താടി...ചെഗുവേര താടി...

തത്വചിന്ത ജനിച്ചതു നീളന്‍ താടികളില്‍ വിരലോടി
താടിവെച്ചൊരു മാമുനിയിവിടെ മാനിഷാദാ പാടി
നാടുതോറും ശൈലികള്‍ മാറി താടിക്കമ്പം കേറി
കഥയൊന്നുമറിഞ്ഞീടാതെ വളര്‍ന്നു പാവം താടി
അഫ്ഗാന്‍ താടി...ബുള്‍ഗാന്‍
താടി...ജപ്പാനീസ് താടി
തെല്ലും താടിയല്ലാത്താടി
അപ്പൂപ്പന്‍താടി...

താടിയങ്ങനെ നൂറു തരത്തില്‍ മാനവരില്‍ വേരോടി
താടിയാദ്യം വെച്ചവനാര്
നമുക്കു പോകാം തേടി
ഈ താടി പാട്ടും പാടി...

പണ്ട് ഹിപ്പികളായിരുന്നെങ്കില്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താടിയാണോ ഈ തരംഗത്തിന് കാരണമെന്നറിയില്ല. പക്ഷേ, താടി വളര്‍ത്തിയവരുടെ കൂടെ നടന്നാല്‍ നാട്ടുകാര്‍ വീട്ടിലെ മുതിര്‍ന്നവരോട് പറയും, ""മോന്റെ പോക്ക് അത്രയ്ക്ക് ശരിയല്ല കേട്ടാ...'' എന്ന്. പിന്നെ താടി കളയാതെ വീട്ടില്‍ പ്രവേശനമില്ല. കാലം മാറിയപ്പോള്‍ താടിക്കാര്‍ മദ്യപാനികളും കഞ്ചാവ് പ്രേമികളും മാവോയിസ്റ്റുകളുമൊക്കെയായി. ഇതൊന്നുമില്ലെങ്കില്‍ വിരഹ പ്രണയത്തിലെ നിരാശാ കാമുകന്‍. സിനിമകള്‍ സാമൂഹിക ജീവിതത്തെ അളവറ്റ രീതിയില്‍ സ്വാധീനിക്കാന്‍ തുടങ്ങിയതില്‍ പിന്നെ താടിയും താടിക്കാരും എപ്പോഴൊക്കയോ ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു. എന്നാല്‍ താടിക്കാര്‍ പോലും അറിയാത്ത പത്ത് ഗുണങ്ങളുണ്ട് താടി വളര്‍ത്തിയാല്‍. ഒരാളുടെ ളുടെ താടി കണ്ട് ""ഒരു ബ്ലേഡ് വാങ്ങി തരട്ടെ സഹോദരാ...'' എന്ന് ചോദിക്കുന്നവരോട് താടിക്ക് പിന്നിലെ പത്ത് രഹസ്യങ്ങളങ്ങോട്ട് പറഞ്ഞു കൊടുക്ക്...ദേ, ഇങ്ങനെ തന്നെ...

സംഗതി നോര്‍ത്ത് കാലിഫോര്‍ണിയയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞ കാര്യമാണ് ഒന്ന്. അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി മുഖ സൗന്ദര്യത്തെ താടി സംരക്ഷിക്കുന്നു. രോഗാണുക്കള്‍ മൂക്കിലേക്ക് കയറുന്നത് താടിയും മീശയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നു. പൊടി കടത്തിവിടാതെ താടിയിലും മീശയിലും തടഞ്ഞു നിര്‍ത്തും.  മുഖത്തെ ചുളിവുകള്‍ മറച്ചു വെയ്ക്കുന്നതിന് താടിയ്ക്ക് വലിയ പങ്കുണ്ട്. ലുക്ക് ബെറ്റര്‍ ഫീല്‍ ബെറ്റര്‍ എന്നല്ലേ...സ്ഥിരമായി താടി ഷേവ് ചെയയ്യുന്നവര്‍ക്ക് മുഖത്ത് കറുത്ത പാടുകള്‍ വരും. ഇത് തടയുന്നതിന് താടി വളര്‍ത്താം. മുഖത്തെ പാടുകള്‍ ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലവില്ലാത്ത ട്രീറ്റ്മന്റാണ് താടി വളര്‍ത്തല്‍. തുടര്‍ച്ചയായി താടി ഷേവ് ചെയ്യുന്ന ഒരു വ്യക്തി അഞ്ച് മാസം 3350 മണിക്കൂറാണ് ചിലവഴിക്കുന്നത്. താടി നീട്ടി വളര്‍ത്തി മാസത്തില്‍ ഒരു തവണ മാത്രം ട്രിം ചെയ്താല്‍ എത്രയോ സമയം ലാഭിക്കാം.

വായുവിലൂടെ പകരുന്ന രോഗാണുകള്‍ക്ക് താടിക്കാരെ പേടിയാണ്. ഇവ താടിയില്‍ തടഞ്ഞ് നില്‍ക്കും. തൊണ്ട വേദനയോ ജലദോഷമോ താടിക്കാരെ ബാധിക്കുന്ന പ്രശ്‌നമില്ല. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ താടിയ്ക്ക് കഴിയുന്നു. ഇതിനാല്‍ അലര്‍ജി, ആസ്തമ പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കില്ല. സാധാരണ എണ്ണമയമുള്ള മുഖത്താണ് മുഖക്കുരു കൂടുതലായി കാണുന്നത്. എന്നാല്‍ താടി വളര്‍ത്തുമ്പോള്‍ മുഖത്തെ എണ്ണമയം കുറയുന്നു. ഇത് മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നു. എക്‌സിക്യൂട്ടീവ് ലുക്കില്‍ നടക്കുന്ന പയ്യന്മാരെയൊന്നും ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട. ലുക്കിനും ലൈക്കിനും താടി തന്നെ വേണം.

താടിക്കാര്‍ ഒട്ടും മോശക്കാരല്ല. അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കേരളത്തിലെ താടിക്കാരുടെ ഏക രജിസ്‌റ്റേഡ് സംഘടനയായ "കേരളാ ബിയേര്‍ഡ് സൊസൈറ്റി'യുടെ നേതൃത്വത്തില്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. താടിയും മുടിയും വെട്ടുന്നതിനുള്ള തുക മാറ്റി വെച്ച് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായത്തിന് നല്‍കുന്നതാണ് നവംബര്‍ മാസത്തിലെ "നോ ഷേവ് ക്യാമ്പയിനി'ലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു. 500 അംഗങ്ങളില്‍ നിന്നും രണ്ടു ലക്ഷം രൂപ ഇതിനോടകം പിരിച്ചു കഴിഞ്ഞിട്ടുണ്ട്. താടിവളര്‍ത്തുന്നവരെ തീവ്രവാദികളായും മയക്കുമരുന്ന് അടിമകളായും ചിത്രീകരിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് തിരുത്തകയെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്. സംഘടന രക്തദാന പരിപാടികളും സംഘടിപ്പിക്കുന്നു. താടിയോടപ്പം സാമൂഹ്യസേവനങ്ങളില്‍ താല്‍പര്യമുള്ളവരെ മാത്രമാണ് സംഘടനയില്‍ അംഗങ്ങളാക്കുക.

എന്നാല്‍ താടിയും മീശയും ഇല്ലാത്തവരോ ശരിയായി വളരാത്തവരോ നിരാശപ്പെടേണ്ട. നല്ല കരുത്തുള്ള താടിയും മീശയും ആര്‍ക്കും സ്വന്തമാക്കാം. ഇപ്പറയുന്ന കാര്യങ്ങള്‍ ശീലിച്ചാല്‍ മതി. താടിയും മീശയും മാത്രമല്ല മുടി വളരാനും നല്ല ഔഷധമാണ് ആവണക്കെണ്ണ. ആവണക്കെണ്ണ രാത്രി മുഴുവന്‍ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നത് ശീലമാക്കാം. ആവണക്കെണ്ണയും ബദാം ഓയിലും കലര്‍ത്തി താടിയില്‍ പുരട്ടുന്നതും താടിയുടേയും മീശയുടേയും കരുത്ത് കൂട്ടും. മുടിയുടേയും താടിയുടേയും എല്ലാം അടിസ്ഥാന ഘടകം ഡയറ്റ് തന്നെയാണ്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ച് ടെസ്‌റ്റോസ്റ്റിറോണ്‍ സപ്ലിമെന്റ് കഴിക്കുന്നതും ഉചിതമാണ്. ധാരാളം വെള്ളം കുടിക്കുന്നതും താടിയും മീശയും വളരാന്‍ സഹായിക്കും. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കും. മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തിയാണെങ്കില്‍ അത് അടിയന്തിരമായി കുറക്കുക. പലപ്പോഴുെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണ്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും വളരനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യമുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്. ഉറക്കമില്ലായ്മയും താടിയുടെയും മീശയുടെയും വളര്‍ച്ചയെ സ്വാധീനിക്കും. ഉറക്കമില്ലെങ്കില്‍ ശരീരത്തിലെ റിസ്‌റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ രാത്രിയില്‍ എട്ട് മണിക്കൂര്‍ ഉറക്കം ശീലമാക്കുക.

""വിഷ് യു എ വണ്ടര്‍ഫുള്‍ ബിയേഡ് ലൈഫ്...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക