Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

അനില്‍ പെണ്ണുക്കര Published on 04 December, 2019
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
ശബരിമലയിലേക്കുള്ള കവാടമായ പുണ്യനദിയായ പമ്പയില്‍ തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇത് നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിന് പുറമെ ഈ പുണ്യതീര്‍ഥത്തെ മലിനമാക്കുകയും ചെയ്യുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍, പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നവരെ പിന്തിരിപ്പിക്കാനായുള്ള ഗ്രീന്‍ ഗാര്‍ഡുകളുടെ പ്രവര്‍ത്തനം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതായി കാണുമ്പോള്‍ ഗ്രീന്‍ ഗാര്‍ഡുകളുടെ വിസിലടി മുഴങ്ങും. പമ്പാ സ്‌നാനഘട്ടത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ് ഇവര്‍. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധിസേനാ അംഗങ്ങളാണ് ഇത്തവണ ഗ്രീന്‍ ഗാര്‍ഡ്‌സായി പ്രവര്‍ത്തിക്കുന്നത്. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രീന്‍ ഗാര്‍ഡ്‌സിനെ പമ്പാതീരത്ത് വിന്യസിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 24 ഗ്രീന്‍ ഗാര്‍ഡ്‌സുകളെയാണ് ഇത്തവണ പമ്പാസ്‌നാനഘട്ടത്തില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ തീര്‍ത്ഥാടന കാലയളവില്‍ ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി പമ്പാനദിയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളുടെ അളവ് പകുതിയോളം കുറഞ്ഞിട്ടുണ്ട്. കൂടാതെ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കരുതെന്നും ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നുമുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡും തുണിസഞ്ചിയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ബേസ്‌ക്യാമ്പ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നല്‍കുന്നുണ്ട്.
ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും യൂണിഫോം വിതരണവും പമ്പയില്‍ നടന്ന ചടങ്ങില്‍ ശബരിമല എ.ഡി.എം ഉമേഷ്.എന്‍.എസ്.കെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പമ്പാഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃപ. എന്‍.കെ, പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍.സി, പ്രോഗ്രാം ഓഫീസര്‍ അജയ് കെ.ആര്‍, ടെക്‌നിക്കല്‍ കസള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ്, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് സി.ഇ.ഒ ക്രിസ്റ്റഫര്‍ എം, ഉദ്യോഗസ്ഥര്‍, വിശുദ്ധിസേനാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് മറ്റൊരു ശ്രദ്ദേയമായ ചടങ്ങുകൂടി സന്നിധാനത്ത് നടന്നു .
ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നതിനെതിരെ അയ്യപ്പസ്വാമിമാരെക്കൊണ്ട് സത്യപ്രതിജ്ഞയെടുപ്പിച്ച് 'പുണ്യം പൂങ്കാവനം' പ്രവര്‍ത്തകര്‍. ബുധനാഴ്ച രാവിലെ സന്നിധാനത്താണ് തമിഴ്‌നാട്ടില്‍നിന്നെത്തിയ അയ്യപ്പ ഭക്തന്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തിയത്. ഇരുമുടിക്കെട്ടിലെ പനിനീര്‍ക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും സന്നിധാനത്ത് മാലിന്യമായി ഉപേക്ഷിക്കപ്പെടുകയാണ്്. ഇവ ഇപ്പോള്‍ തിരിച്ചുകൊണ്ടുപോവണമെന്നും അടുത്ത വര്‍ഷം ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുവരരുത് എന്നുമാണ് സന്ദേശം. മണ്ണില്‍ അലിഞ്ഞുചേരാത്ത ഒന്നും അയ്യന്റെ മണ്ണിലേക്ക് കൊണ്ടുപോവരുതെന്ന ഈ സന്ദേശം ഗ്രാമത്തിലെത്തി അറിയുന്നരോടെല്ലാം പറയണമെന്നും നിര്‍ദേശിച്ചു. അങ്ങിനെയെങ്കില്‍ മാത്രമേ ഈ കുഞ്ഞ് വലുതായി ഇവിടെ വരുമ്പോള്‍ ഇവിടെ ശുദ്ധമായ വായു അവശേഷിക്കുകയുള്ളൂവെന്ന് കൂട്ടത്തിലെ കുട്ടിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.
സ്വാമി അയ്യപ്പന്റെ പവിത്രമായ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കരുതെന്നും അവ  രിച്ചുകൊണ്ടുപോവണമെന്നുമുള്ള ശക്തമായ സന്ദേശമാണ് കേരള പോലീസിന്റെ 'പുണ്യം പൂങ്കാവനം' നല്‍കുന്നത്. സന്നിധാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങിയ ഭക്തര്‍ക്കിടയില്‍ ബോധവത്കരണം നടത്തി ലഘുലേഖയും നല്‍കിയാണ് കേരള പോലീസ് മടക്കിയത്.
ആത്മജ്ഞാനത്തിന്റെ പൂങ്കാവനമായ ശബരിമല നശിപ്പിക്കരുതെന്ന ആഹ്വാനവുമായി സപ്ത കര്‍മ്മങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി തെലുങ്കിലും തമിഴിലും മലയാളത്തിലുമുള്ള ലഘുലേഖകളാണ് 'പുണ്യം പൂങ്കാവനം' നല്‍കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള ബോധപൂര്‍വമായ തീര്‍ഥാടനം എന്ന സന്ദേശവുമായി ആരംഭിച്ച 'പുണ്യം പൂങ്കാവനം' ഓര്‍മ്മിപ്പിക്കുന്ന സപ്തകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനം അയ്യപ്പന്റെ പൂങ്കാവനത്തിലെത്തുന്ന ഓരോ അയ്യപ്പനും പൂങ്കാവനത്തിന്റെ പരിശുദ്ധിയേയും നിലനില്‍പ്പിനേയും ബാധിക്കുന്ന ഒരു വസ്തുവും പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നില്ലെന്ന് സ്വയം ഉറപ്പുവരുത്തുക എന്നതാണ്. തീര്‍ഥാടന വേളയില്‍ അവശേഷിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ ശബരീവനത്തില്‍ വലിച്ചെറിയാതെ ഒപ്പം തിരികെ കൊണ്ടുപോവുക. ശബരിമലയില്‍ എത്തുന്ന ഓരോ അയ്യപ്പനും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സന്നിധാനവും പരിസരവും വൃത്തിയാക്കുവാന്‍ സന്നദ്ധ സേവനം ചെയ്ത് യഥാര്‍ഥ അയ്യപ്പ സേവയില്‍ പങ്കാളിയാവണമെന്നും 'പുണ്യം പൂങ്കാവനം' ആഹ്വാനം ചെയ്യുന്നു.

പുണ്യനദിയായ പമ്പയെ പാപനാശിനിയായി കാത്തുസൂക്ഷിക്കുക, പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കരുത് എന്നതാണ് മറ്റൊരു പ്രധാന സന്ദേശം.

ബോധവത്കരണത്തിനും ശുചീകരണത്തിനും നേതൃത്വം നല്‍കാന്‍ സന്നിധാനത്തും പമ്പയിലും 'പുണ്യം പൂങ്കാവനം' 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, കേരള പോലീസ്, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം, അയ്യപ്പ തീര്‍ഥാടകര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ശുചീകരണം നടത്തുന്നു. ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍, ബ്രോഷറുകള്‍, അനൗണ്‍സ്‌മെന്റുകള്‍ എന്നിവയിലൂടെ സപ്ത കര്‍മ്മങ്ങളെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നു. https://punyampoonkavanam.org/ എന്ന വെബ്്‌സൈറ്റിലൂടെ പ്രചാരണവും നല്‍കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഹെല്‍പ്ലൈന്‍ നമ്പര്‍: 9847800100.
ഇതര സംസ്ഥാനങ്ങളിലും ബോധവത്കരണത്തിനായി 'പുണ്യം പൂങ്കാവനം' കടന്നുചെല്ലുന്നുണ്ട്. ഗുരുസ്വാമിമാരുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് ഒഴിവാക്കാനും കൊണ്ടുവരുന്നുണ്ടെങ്കില്‍ അവ തിരികെ കൊണ്ടുപോവാനും ആഹ്വാനം നല്‍കുന്നു.
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക