Image

മഞ്ജു ഉണ്ണികൃഷ്ണന്‍: വസ്ത്ര വിപണിയിലെ എഴുത്തിന്റെ സാന്നിധ്യം (മാനസി പി.കെ.)

Published on 05 December, 2019
മഞ്ജു ഉണ്ണികൃഷ്ണന്‍: വസ്ത്ര വിപണിയിലെ എഴുത്തിന്റെ സാന്നിധ്യം (മാനസി പി.കെ.)
നേര്‍രേഖയില്‍ പറഞ്ഞാല്‍ എന്ന ഒറ്റ പുസ്തകത്തിലൂടെ മലയാള സാഹിത്യ ലോകത്ത് തന്റേതായ ഒരു ഇരിപ്പിടമുണ്ടാക്കിയ കവയത്രിയാണ് മഞ്ജു ഉണ്ണികൃഷ്ണന്‍. ജീവിതത്തിന്റെ പലമുഖങ്ങള്‍ ചെറിയ കവിതകളിലൂടെ അവതരിപ്പിക്കുന്ന മഞ്ജു അറിയപ്പെടുന്ന ഒരു സംരംഭക കൂടിയാണ് അങ്കമാലിയില്‍ 'ബാന്ധിനി' എന്ന പേരില്‍ ഒരു വസ്ത്രശാല കൂടി നടത്തി സ്ത്രീകള്‍ക്ക് പ്രചോദനവും, ജീവിതത്തിന്റെ പുതുവഴി കാട്ടിക്കൊടുക്കുന്ന വഴികാട്ടിയുമാകുന്നു. മഞ്ജു ഉണ്ണികൃഷ്ണനയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

നേര്‍രേഖയും, ബാന്ധിനിയും.
ആത്മാവും, ജീവനും.
എന്താണ് ഇവയെ കുറിച്ച് പറയാനുള്ളത്...?


നേര്‍രേഖ എന്റെ ആത്മാവ് തന്നെയാണ്. ഇരുപത് വര്‍ഷത്തോളം കവിതയില്ലാതിരുന്ന ഒരു ഉറങ്ങി പോയ വിത്ത് . പെട്ടെന്നങ്ങ് ഉണര്‍ന്നുയര്‍ന്നതാണ് . എന്തുകൊണ്ട് എങ്ങനെ എന്നൊന്നും ഉത്തരം ഇല്ല . എഴുതിയത് പെറുക്കി പുസ്തകമാക്കി . മൂന്നാം പതിപ്പ് എന്ന് കേട്ട് അന്തം വിട്ട് നില്‍പ്പാണ് ഞാന്‍ .

ബാന്ധിനി എന്റെ ജീവന്‍ തന്നെ അങ്ങനെ ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എനിക്കറിയില്ല , പുറത്തേക്ക് വാതിലുകള്‍ ഇല്ലാത്ത അടുക്കളയില്‍ തന്നെ ഉണ്ടാകുമായിരുന്നു .

നേര്‍രേഖ പോലെ തന്നെയാണ് ജീവിതവും എന്ന് പറയുന്ന
മഞ്ജു ഉണ്ണിക്കൃഷ്ണന്റെ ഇത് വരെയുള്ള ജീവിത വഴികളെ കുറിച്ച് പറയാമോ?


വളരെ ചെറിയ ഒരു ജീവിതമാണ.് അതിനുള്ളില്‍ ഒരു പാട് കോംപ്ലിക്കേഷന്‍സ് ഒന്നും എനിക്ക് പറ്റില്ല . ബോധ്യമല്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല . എന്റെ ആത്മീയതയാണ് എന്നെ മിണ്ടാതിരുത്തുന്നത് .
'വാക്കു കൊണ്ട് മുറിച്ചിടുമ്പോള്‍
നിന്നിലേക്ക് മാത്രം വീഴുന്ന
മരമാണ് ഞാന്‍ '
എന്നത് എന്റെ പുസ്തകത്തിന്റെ ടാഗ് ലൈന്‍ ആണ് .
പുസ്തകത്തിന് പേരിടുമ്പോള്‍ മേതില്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ,ഇത് നിന്റെ സ്വഭാവമാണ്. അദ്ദേഹത്തിനത് അറിയാം .

പറഞ്ഞറിയിക്കാന്‍ മാത്രം ജീവിത സഞ്ചാരം നടത്തിയ ആളല്ല ഞാന്‍ . അച്ഛന്‍ പരേതനായ ഭാസ്‌ക്കരന്‍ എയര്‍ഫോഴ്‌സിലായിരുന്നു . അമ്മ പ്രേമ ടീച്ചറും. അമ്മൂമ്മ, അമ്മ, അനിയന്‍ എന്നിങ്ങനെ ഉള്ള ഒരു ജീവിതമായിരുന്നു . ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ അമ്മ മേജര്‍ സര്‍ജറി ഒക്കെ കഴിഞ്ഞ് വന്നു . എപ്പോള്‍ വേണമെങ്കിലും ആശുപത്രിയിലാകാന്‍ സാധ്യതയുള്ള ഒരാള്‍ വീട്ടിലുണ്ട് എന്ന ജാഗ്രതയാണ് എന്റെ വീക്ഷണങ്ങളെ നേര്‍രേഖയാക്കിയത് . പത്തു വയസ്സു മുതല്‍ ആരംഭിച്ച അടുക്കള ജീവിതമാണ് . അമ്മുമ്മയാണ് എന്റെ അടുക്കള ഗുരു .

ഇന്നത്തെ കാലത്തും പശ്‌നമായി കാണുന്ന ചില ജാതീയ ചിന്തകളെ 90 വര്‍ഷത്തോളം മുന്‍പ് തട്ടി എറിഞ്ഞ് ജീവിച്ച ആളാണ് . അവര്‍ ഒരു തീയ് ഉള്ളില്‍ കൊണ്ട് നടന്നിരുന്നു . ആരും തുണയില്ലാത്തെ മല കയറി ഇറങ്ങി പണി എടുത്ത് മക്കളെ വളര്‍ത്തിയതിന്റെ ഒരു വല്ലാത്ത ആത്മ ധൈര്യം . അതു തന്നെയാണ് ആശുപത്രി വരാന്തയില്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ എന്നെ പ്രാപ്തയാക്കുന്നത് .

അസുഖങ്ങളോട് പൊരുതി അമ്മ ഒരിക്കലും മനസ്സ് തളര്‍ന്നില്ല . പല തരത്തില്‍ പ്രഹരമേറ്റിട്ടും അമ്മ അങ്ങനെ നിലകൊണ്ടു . ഞാന്‍ അത്ര പോര . പല പ്രാവശ്യം കുഴഞ്ഞ് പോയിട്ടുണ്ട് .

മുന്നോട്ട് നടത്തത്തിന് ഒരു കാരണമാണ് എനിക്ക് എന്റെ Business. അങ്ങനെ യാണ് അത് എനിക്ക് ജീവനാകുന്നത് .

കവിതയും, ബിസിനസ്സും രണ്ട് വ്യത്യസ്ത മേഖലകളാണല്ലോ. എങ്ങനേയാണ് ടെക്‌സ്‌റ്റൈല്‍ ബിസിനസ്സിലേക്ക് എത്തിപ്പെടുന്നത്...?

ഒരു സുഹൃത്തിന്റെ ആശയമായിരുന്നു . അതായിരുന്നു തുടക്കം . പിന്നെ ഞാനിത് മുന്നോട്ട് കൊണ്ടു പോകുന്നു .

വീട്ടമ്മ, കവയത്രി, ബിസിനസ്സുകാരി മൂന്നും എങ്ങനെ ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നു..?

കുട്ടികള്‍ മുതിര്‍ന്നല്ലോ. പഴയ പോലെ എല്ലാ കാര്യത്തിനും അമ്മ വേണ്ട . അവര് സ്വയം മാനേജ് ചെയ്യും . ഉണ്ണിയും കുട്ടികളും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . അല്ലാതെ പറ്റില്ലല്ലോ . അടുക്കളയൊക്കെ കുറേ വര്‍ഷമായി ചെയ്യുന്നതു കൊണ്ട് എനിക്ക് പ്രശ്‌നമില്ല .
പത്തിന് കടയില്‍ എത്തും . ഏഴിന് മടങ്ങും . ബിസിനസ് ടെന്‍ഷന്‍ നന്നായി ഉണ്ട്. നോട്ടുനിരോധനം, ഇപ്പോഴത്തെ മാന്ദ്യം ഇതൊക്കെ മറികടക്കാന്‍ ആകുന്നില്ല എന്നു തന്നെ .

കവിതയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് മൗന മരണമാണെന്ന് എന്നാണ് തിരിച്ചറിഞ്ഞത്..?

കവിതയുണ്ടായിരുന്നെങ്കില്‍ മരണം വന്ന് തൊടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മനസ്സ് ദ്രവിച്ച് പോയ മരം പോലെ ആയിരുന്നു ആദ്യം , ഇപ്പോള്‍ അങ്ങനെ അല്ല . വാക്കിന്റെ പച്ചയുണ്ട്. അത് ഞാന്‍ നന്നായി അനുഭവിക്കുന്നുണ്ട്

ഓരോ കവിതയിലും സൂക്ഷമമായ നിരീക്ഷണങ്ങളെ കാണാന്‍ കഴിയുന്നുണ്ട്. അത്തരം തിരഞ്ഞെടുപ്പുകള്‍ ബോധപൂര്‍വ്വമാണോ?

അല്ല , അത് ഒരു എഴുത്തു ശൈലി മാത്രമാണ് . വലിയ കവിതകളൊന്നും എനിക്ക് വഴക്കമാവില്ല . സ്പഷ്ടമായി കാണുന്നു എന്ന് പോലും ഞാന്‍ തിരിച്ചറിയുന്നില്ല . വായനക്കാര്‍ അങ്ങനെ കണ്ടെത്തുന്നെങ്കില്‍ അത് സന്തോഷം .

കവിതയിലേക്കുള്ള തിരിച്ച് വരവ് ജീവിതത്തിന് നല്‍കിയ നിറപ്പകിട്ടാണോ ടെക്‌സ്‌റ്റൈല്‍ ബിസിനസ്സ് രംഗത്തേക്കിറങ്ങാന്‍ പ്രചോദനമായത്..?

അല്ല, തിരിച്ച് വരവ് വളരെ പരിഭ്രമിച്ചാണ് . ഇപ്പോള്‍ കവിത എന്താണ് എന്ന് മനസ്സിലാക്കാന്‍ 2 വര്‍ഷത്തോളം നിരീക്ഷിച്ചു .
കരുണാകരനും മറ്റും കവിത നല്ലത് എന്ന് പറയുന്നതു തന്നെ എനിക്ക് തലക്കകത്ത് ചിത്രശലഭം പറക്കുന്ന പോലെയാണ് .

നിറ പകിട്ടുള്ള ജീവിതത്തിന്റെ ആളല്ല ഞാന്‍ . ഞാന്‍ പറഞ്ഞല്ലോ , അമ്മ അധ്യാപികയായിരുന്നു , ആശുപത്രി ജീവിതവും . അച്ഛന്‍ അവധിക്കാലത്ത് മാത്രമാണ് വരിക . അമ്മ വളരെ കണക്ക് കൂട്ടിയാണ് ജീവിക്കുന്നത് . ഇപ്പോഴും .
ലക്ഷങ്ങള്‍ക്ക് സാരി വാങ്ങി ബനാറസില്‍ നിന്ന് മടങ്ങുമ്പോഴും , ഇതെനിക്ക് എന്ന് ഞാന്‍ ഒന്നും പോലും ബാഗില്‍ വയ്ക്കില്ല . പലതും എന്നെ ഭ്രമിപ്പിക്കുന്നില്ല . ചിലതെല്ലാം ഞാന്‍ വേണ്ട എന്ന് തിരുമാനിച്ചാല്‍ അത് അങ്ങനെയാണ് .
കടയില്‍ വരുന്ന പലരും എനിക്ക് ഒരു പുസ്തകമാണ് .ചിലര്‍ നന്നായി സംസാരിക്കും അവര്‍ക്ക് ഞാന്‍ ചെവിയാകും . അവിടെ യാണ് കവിതയും ബാന്ധിനിയും കൂട്ടിമുട്ടുന്നത്

ഫാഷനുകളിലെ ട്രെന്റുകള്‍ മാറുന്നതിനനുസരിച്ച് കവിതയിലെ ട്രെന്റുകള്‍ മാറുന്നുണ്ടെന്ന അഭിപ്രായമുണ്ടോ..?

പിന്നേ , എല്ലായിടത്തും അതുണ്ടല്ലോ , വളരെ വേഗത്തില്‍ . കസ്റ്റമര്‍ന് അനുസരിച്ചാണ് വാങ്ങുക .
കവിതയും എത്രയോ മാറി . ചുമ്മാ അങ്ങ് എഴുതിയാ പോരല്ലോ . അതില്‍ കവിത വേണമല്ലോ . ഈ കാണും വാക്കൊക്കെ ഇവിടെ തന്നെ ഉള്ളതല്ലേ .?

കവയത്രിയായാണോ അല്ലെങ്കില്‍ ബിസിനസ്സുകാരിയായാണോ കൂടുതല്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്..?

അറിയപ്പെടാന്‍ മാത്രം ഗംഭീര Business ലേക്ക് ഞാന്‍ എത്തിയിട്ടില്ല , കവിതയിലും അത്ര തന്നെ . എത്രയോ മുന്നോട്ട് പോകാനുണ്ട് .പറ്റുന്നയത്ര പോകണം .
ഇപ്പോള്‍ shop ലാഭത്തില്‍ എന്നൊന്നും ആയിട്ടില്ല . അതാവണം .സ്മൂത്ത് റണ്ണിങ് അവസ്ഥ വരണം . അതാഗ്രഹിക്കുന്നുണ്ട് .

കവിതയിലൂടേയും, ബിസിനസ്സിലൂടേയും അറിയപ്പെടാന്‍ സോഷ്യല്‍ മീഡിയകള്‍ സഹായകരമല്ലേ...?

രണ്ടു കാര്യങ്ങളിലും എന്നെ നില നിര്‍ത്തുന്നത് സോഷ്യല്‍ മീഡിയ തന്നെയാണ് . എഫ് ബിയില്‍ എഴുതിയപ്പോള്‍ കിട്ടിയ സപ്പോര്‍ട്ട് കൊണ്ടാണ് പുസ്തകമാക്കാന്‍ ചങ്ങാതികള്‍ തുനിഞ്ഞത് . ഇല്ലെങ്കില്‍ എഴുതിയ കാര്യം പോലും ഞാന്‍ ഓര്‍ക്കാതെ പോകുമായിരുന്നു .

സോഷ്യല്‍ മീഡിയ സൗഹൃദം കവിതയില്‍ എന്നെ സഹായിക്കുന്നുണ്ട് . കരുണാകരന്‍ , വിജു നായരങ്ങാടി , രഘുനാഥന്‍ പറളി , ജയറാം സ്വാമി ഇവരെയെല്ലാം എഫ് ബി യില്‍ നിന്നും കിട്ടിയതാണ് . എഴുത്തിലെ മൂര്‍ച്ച കുറവോ , ഇഴച്ചിലോ മറ്റോ ഇവരോട് സംസാരിക്കും . ( 20 വര്‍ഷം മാറി നിന്നതിന്റെ അങ്കലാപ്പ് എനിക്ക് നന്നായുണ്ട് ) . പിന്നെ ഒരാള്‍ അഷിതയായിരുന്നു . മരണത്തിന് രണ്ടാഴ്ച്ച മുന്‍പും എന്നെ കാണാന്‍ അനുവദിച്ചു . കവിത ഓര്‍ത്ത് തിരുത്തി . കയ്യില്‍ നിന്ന് ഉതിര്‍ന്ന് പോയ ഒരു പട്ടുതുണിയാണ് അഷിത . എഫ് ബി ചെങ്ങാതി എന്ന് എങ്ങനെ ഞാന്‍ അഷിതയെ വിളിക്കും . എഫ് ബി ഒരു കാരണം മാത്രമാണ് .

പുസ്തകം വന്നപ്പോള്‍ കിട്ടിയ സുഹൃത്തുക്കള്‍ കടയില്‍ വരുന്നു , ഓണ്‍ലൈന്‍ല്‍ വാങ്ങുന്നു.
അങ്ങനെ വന്ന ചങ്ങാതി ഫോട്ടോഗ്രാഫര്‍ ആണ് അലോയിസ് മോറിസ് . കടയ്ക്ക് വേണ്ടി ഫോട്ടോ എടുത്തു തന്നത് . വിനീത വെള്ളിമന മോഡല്‍ ആയത് .
ഏറ്റവും ശ്രദ്ധേയമായത് . പ്രസിദ്ധ കഥാകൃത്ത് . പ്രിയ .എ എസ് മോഡല്‍ ആകുന്നു എന്നതാണ് . (പ്രിയയുമായി 25 വര്‍ഷിലേറെയായുള്ള ചങ്ങാത്തമാണ് .
എഫ് ബിയും കവിതയും .ബാന്ധിനീ യുമായി റിലേറ്റഡ് ആണ് . ഷൗക്കത്ത് വന്ന് വര്‍ത്തമാനം പറയുന്ന ഇടം കൂടിയാണ് ബാന്ധിനി .

കവിതയില്‍ വിഷയങ്ങള്‍ എന്തുമാകാം. പക്ഷെ ബിസിനസ്സ് നിലനിര്‍ത്താന്‍ ട്രെന്റുകള്‍ക്ക് പുറകേയോടണം അത്തരം ഓട്ടപ്പാച്ചിലുകള്‍ നടത്താന്‍ കഴിയാറുണ്ടോ..?

ട്രെന്‍ഡ് അറിയാന്‍ ഓണ്‍ലൈന്‍ പഠനം മതി .
ഷോപ് ഇരിക്കുമ്പോള്‍ എന്ത് വേണം വേണ്ട എന്നറിയാന്‍ പറ്റും . ഈ നാട്ടില്‍ എന്ത് ചിലവാകും എന്ന ബോധ്യമേ വേണ്ടൂ .

ബിസിനസ്സിലെ പുത്തന്‍ പരിഷ്‌കരങ്ങള്‍ എന്തൊക്കെയാണ്...?

ഷോപ് പുതിയ ഒരു റൂമിലേക്കു മാറ്റി , സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങി .

തിരഞ്ഞെടുപ്പുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന മലയാളികള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ജാഗ്രത കാട്ടാറുണ്ടോ?

എല്ലാം ഒന്നും ആള്‍ക്കാര്‍ക്ക് ബോധ്യമല്ല . പിന്നെ എറണാകുളത്തെ പോലെ അല്ല അങ്കമാലി . ജാഗ്രതയുണ്ട് . അത് നമ്മുക്ക് മനസ്സിലാക്കാനാവും . ചില ഫാഷന്‍ വന്ന വഴി പോകും . അത് വരുമ്പോള്‍ തന്നെ അറിയാന്‍ പറ്റും

കവിതയിലും, ബിസിനസ്സിലും ഉയര്‍ച്ചയിലും താഴ്ച്ചയിലും എന്നും കൂടെ നില്‍ക്കുന്നവര്‍ ആരൊക്കേയാണ്..? സൗഹൃദങ്ങള്‍ക്ക് അവിടെ വലിയൊരു സ്ഥാനമില്ലേ?

കുടുംബം ഒപ്പം ഉണ്ടല്ലോ. അമ്മയും അനിയനും ഞാനെന്ന പട്ടത്തിന്റെ നൂലാണ് .

ഗായത്രി , രശ്മി , സജീവ് , അജയ് .പി . മങ്ങാട്ട് , സന്തോഷ് ബാബു
വര്‍ഷങ്ങളായുള്ള ചങ്ങാതികളാണ് . എല്ലാ കാലത്തും സൗഹൃദം എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത് . അവര്‍ ഉന്തിയാല്‍ ഓടുന്ന വണ്ടിയാണ് ഞാന്‍ പലപ്പോഴും . അത് കവിതയോ , ബിസ്‌നസ്സോ , ജീവിതമോ ആകട്ടെ .
അവര്‍ക്ക് അറിയാം എന്നെ . ഒപ്പം നിന്നവരേയും , അടി വെട്ട് വെട്ടിയവരേയും ഞാന്‍ ഒരേ പോലെ ഓര്‍ക്കുന്നു .

ബനാറസിലും , കല്‍ക്കട്ടയിലും മറ്റും ഉള്ള ചിലര്‍ തുണി വ്യാപാരികള്‍ . അവര്‍ എനിക്കൊപ്പം നിന്നു . എന്റെ കെട്ട കാലത്ത് . ഒരു ചെക്ക് പോലും വാങ്ങാതെ തുണി അയച്ച് തന്നു . പുതിയ മുറിയില്‍ വീണ്ടും തുടങ്ങുമ്പോള്‍ അവരില്‍ പലരും പറഞ്ഞത് നിങ്ങള്‍ നേരില്‍ മാത്രം സംസാരിക്കുന്നു . കട തുടങ്ങൂ . കാശ് നിങ്ങള്‍ പിന്നെ തരും എന്ന് ഉറപ്പുണ്ട് എന്നാണ് . അവര്‍ക്ക് എന്നെ സഹായിച്ചിട്ട് എന്തിനാണ് . എഴുത്തുകാരി എന്ന ബഹുമാനം അവര്‍ എനിക്ക് നന്നായി തരുന്നുണ്ട് .
ആരോട് സംസാരിക്കുമ്പോഴും ഞാന്‍ ഒരു സുതാര്യത പാലിക്കും .

കവിതയുടേയും, ബിസിനസ്സിന്റേയും ഭാവി എവിടെ എത്തപ്പെടാനാണ് ആഗ്രഹിക്കുന്നത്..?

രണ്ടിന്റേയും പേര് എന്റെ പേരിനൊപ്പം ചേര്‍ത്ത് രേഖപെടുത്താനാണ് മോഹം .
മഞ്ജു ഉണ്ണികൃഷ്ണന്‍: വസ്ത്ര വിപണിയിലെ എഴുത്തിന്റെ സാന്നിധ്യം (മാനസി പി.കെ.)
Join WhatsApp News
രഘുനാഥൻ കൊളത്തൂർ 2019-12-07 11:08:48
നന്നായിട്ടുണ്ട്..... പ്രിയ സുഹൃത്തിന് ആശംസകൾ........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക