Image

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അനില്‍ പെണ്ണുക്കര Published on 06 December, 2019
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്  വര്‍ണ്ണാഭമായ തുടക്കം; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം.  വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു.

സാംസ്ക്കാരിക മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി.നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം മേയര്‍ കെ ശ്രീകുമാര്‍ വി കെ പ്രശാന്ത് എം എല്‍ എയ്ക്ക് നല്‍കിയും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാറിന്  നല്‍കിയും പ്രകാശനം ചെയ്യും..തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

വിവിധ തിയേറ്ററുകളില്‍ രാവിലെ 10 മണിമുതലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി.മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക.ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ  നിശാ ഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര  മല്‍സര വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ ചെയര്‍മാന്‍ .ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക