Image

കേരള ബാങ്ക് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

Published on 07 December, 2019
കേരള ബാങ്ക് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ചുള്ള കേരള ബാങ്കിന്റെ രൂപീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനു മുമ്ബാകെ നടന്ന സമ്മേളനത്തില്‍ കേരള ബാങ്കുമായി അകന്നു നില്‍ക്കുന്ന പ്രതിപക്ഷത്തോട്, നിലപാട് മാറ്റാനും ചര്‍ച്ചയ്ക്ക് തയ്യാറാകാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷം സഹകരണമേഖലയുടെ വളര്‍ച്ചയ്ക്ക് നല്ല സംഭാവന നല്‍കിയിട്ടുണ്ട്. മാറ്റങ്ങളോട് നമ്മള്‍ മുഖം തിരിക്കരുത്. സഹകരണ മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാകണം. സഹകരണ മന്ത്രിയുമായുള്ള ചര്‍ച്ച തൃപ്തികരമല്ലെങ്കില്‍ ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാതെ നില്‍ക്കുന്നതിനെ പരാമര്‍ശിച്ച്‌ കേരള ബാങ്ക് കേരളത്തിന്റെ മുഴുവന്‍ ബാങ്കാണെന്നും ഏതെങ്കിലും ഒരു പ്രദേശമൊഴികെ പരിധിയുള്ള ബാങ്കല്ലെന്നും അദ്ദേഹം പറഞ്ഞു. 5000 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് കേരള ബാങ്ക് അനുവദിക്കുന്നത്. കേരള ബാങ്കിലൂടെയുള്ള കാര്‍ഷിക വായ്പകളുടെ പലിശ നിലവിലുള്ളതിനെക്കാള്‍ ഒരു ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ ഒരു ഏകീകൃത ബാങ്ക് എന്ന ആശയം താന്‍ മുമ്ബും അവതരിപ്പിച്ചതാണ് . അന്നാരും അതിനെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. ഇനി ഏതാനും നാളുകള്‍ക്കുള്ളില്‍ കേരള ബാങ്ക് കേരളത്തിലെ ഏറ്രവും വലിയ ബാങ്ക് ആയി മാറും. മുമ്ബ് സഹകരണ മേഖലയില്‍ അഴിമതി ഇല്ലായിരുന്നു.

ഇന്നത് ചിലയിടങ്ങളിലെങ്കിലും കാണുന്നുണ്ട്. ഇത് നിഷ്‌കാസനം ചെയ്യണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമാണ് കേരള ബാങ്കില്‍ പ്രാതിനിധ്യമുള്ളതെങ്കിലും കണ്‍സ്യൂമര്‍, മാര്‍ക്കറ്രിംഗ്, ഹൗസിംഗ്, വനിതാ സംഘങ്ങള്‍ക്കെല്ലാം കേരള ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. എന്‍.ആര്‍.ഐ നിക്ഷേപം ലഭിക്കാനായി ഇതിനകം റിസര്‍വ് ബാങ്കിനെ സമീപിച്ചു കഴിഞ്ഞു. ഏകീകൃത കോര്‍ ബാങ്കിംഗ് സൗകര്യവും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരും.


ചെറു സഹകരണ ബാങ്കുകള്‍ക്കു പകരം കരുത്തുറ്റ ബാങ്ക് ആണ് ആവശ്യം. എല്ലാ കാലത്തും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സൂചന നല്‍കി. ചെറിയ മനസ്സുള്ളവരാണ് ഇപ്പോള്‍ മാറി നില്‍ക്കുന്നത്. സഹകാരികളും പുതിയ ബാങ്കിന് അനുകൂലമാണ്.


ഭീഷണിയും ഏഷണിയും പോലെ നാണിപ്പിക്കുന്ന നടപടികളിലൂടെ കേരള ബാങ്ക് രൂപീകരണം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം മുതല്‍ കേരള ബാങ്കിനെ തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ നിലപാട് കാരണമാണ് കേരള ബാങ്ക് രൂപീകരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, എം.എം. മണി , ടി.പി രാമകൃഷ്ണന്‍, കെ.കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ , എം.എല്‍.എ മാരായ വി.ജോയ്, വി.കെ. പ്രശാന്ത്, മേയര്‍ കെ.ശ്രീകുമാര്‍ ,കോലിയക്കോട് കൃഷ്ണന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സംസാരിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. കേരള ബാങ്കില്‍ ലയിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം മലപ്പുറം ജില്ലാ ബാങ്കിലെ 400 ജീവനക്കാരും ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക