Image

ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍

Published on 08 December, 2019
ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍
മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷക മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ശാരദ റെട്രോസ്‌പെക്ടീവ് വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 47 വര്‍ഷങ്ങള്‍ക്കുശേഷം സ്വയംവരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ശാരദ അഭിപ്രായപ്പെട്ടു. 
ശാരദയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത തുലാഭാരം, സ്വയംവരം ഉള്‍പ്പെടെ 7 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയിലെ മറ്റ് ചിത്രങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ഫിലിം പ്രൊജക്ടര്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങളുടെ പ്രദര്‍ശനം. 
ശാരദയുടെ ചലച്ചിത്രജീവിതം സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡോ. അനുപാപ്പച്ചന്‍ തയ്യാറാക്കിയ ശാരദപ്രഭ എന്ന പുസ്തകത്തിന്റെ പ്രകാശനം സിതാരയ്ക്ക് നല്‍കി അടൂര്‍ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സിബി മലയില്‍, നടി സിതാര, ഡോ. അനുപാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പുറത്താക്കാമെങ്കിലും രാജ്യസ്‌നേഹത്തെ

നശിപ്പിക്കാനാകില്ലെന്നു ശില്പ കൃഷ്ണ ശുക്ല

രാജ്യത്ത് നിന്നും പൗരന്‍മാരെ വേര്‍പെടുത്താമെങ്കിലും,അവരില്‍ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശില്പ കൃഷ്ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവര്‍ക്ക് രാജ്യസ്‌നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉള്‍കൊള്ളുന്നവരാണെ ന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന മീറ്റ് ദ ഡയറക്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ തിയേറ്ററുകളും നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ലെന്ന് കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെരിഫ് സി പറഞ്ഞു. സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും തന്റെ സിനിമയും ആ വെല്ലുവിളി നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
തായ്‌ലന്‍ഡ് സംവിധായകന്‍ ടോം വാളെര്‍, സന്തോഷ് മണ്ടൂര്‍,സൗദ ഷെരീഫ്,ലളിത് പ്രഭാകര്‍ ബഥനെ, ഫിയേലാസ് ചൈല്‍ഡിന്റെ സഹ നിര്‍മാതാവ് ഡാനി ബസ്റ്റര്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, മീരാസാഹേബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റ് ഇന്ന് മുതല്‍

മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിന് ഇന്ന് തുടക്കമാകും.രാവിലെ 10 മുതല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ ആണ് പരിപാടി. സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു,ദേവദാസ് കല്ലുരുട്ടി,മോനി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ആദ്യദിവസം ചിത്രങ്ങളുമായി ഫിലിംമാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്.

രാജീവ് രഘുനന്ദന്‍ (വിസ്റ്റാ ഇന്ത്യ ഡിജിറ്റല്‍ മീഡിയ), ജൂഡി ഗ്ലാഡ്സ്റ്റന്‍ (എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍), രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ (സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ), പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവര്‍ ഈ ചിത്രങ്ങളുടെ മാര്‍ക്കറ്റിങ് സംബന്ധിച്ചു ചര്‍ച്ച നടത്തും. ഡിസംബര്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ചയുടെ വസന്തം തീര്‍ത്തു 'ഫിലാസ് ചൈല്‍ഡ്'

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രേക്ഷകരുടെ മനസ്സു നിറച്ച് ബ്രെറ്റ് മൈക്കല്‍ ഇന്നസിന്റെ ഫിലാസ് ചൈല്‍ഡ്. വെള്ളക്കാരനായ അനാഥബാലനെ എടുത്തുവളര്‍ത്തിയ കറുത്തവര്‍ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയുള്ള ഈ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ശനിയാഴ്ചത്തെ നാല് മത്സരചിത്രങ്ങളില്‍ സിനിമ ഓപ്പറേറ്ററുടെ കഥപറഞ്ഞ ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റും കൈയ്യടി നേടി. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനങ്ങള്‍.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷെരീഫ് സി സംവിധാനം ചെയ്ത മലയാള സിനിമ കാന്തന്‍- ദി കളര്‍ ഓഫ് ലൗവ്, ഇന്ത്യന്‍ സിനിമ ഇന്നില്‍ ഉള്‍പ്പെട്ട ചിത്രമായ ആനന്ദി ഗോപാല്‍ തുടങ്ങിയവ രണ്ടാം ദിനത്തില്‍ മികച്ച അഭിപ്രായം നേടി.

ഡിജിറ്റല്‍ യുഗത്തിലായാലും സിനിമ
കാഴ്ചപ്പാടുകളുടേത് : ഓപ്പണ്‍ ഫോറം

സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പണ്‍ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം ടെക്നോളജിയിലും സിനിമയുടെ നിര്‍മ്മാണത്തിലും പ്രദര്‍ശന രീതിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്.എങ്കിലും സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പണ്‍ ഫോറത്തില്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ് പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍' മാറുന്ന ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മൊബൈല്‍ ഫോണില്‍ പോലും സിനിമ നിര്‍മ്മിക്കുന്ന കാലത്ത് അതിന്റെ വിതരണം തന്നെയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകം.സ്ട്രീമിങ് പ്ലാറ്റുഫോമുകള്‍ ഇക്കാര്യത്തില്‍ ആശ്വാസമാണെന്ന് പ്രശസ്ത സാഹിത്യകാരി നന്ദിനി രാംനാഥ് പറഞ്ഞു. എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മറ്റൊരു അരക്ഷിതാവസ്ഥയിലേക്കായിരിക്കും വിരല്‍ ചൂണ്ടുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലെ എല്ലാ മാറ്റങ്ങളും ശുഭാപ്തി വിശ്വാസത്തോടെ സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രുചിര്‍ ജോഷിപറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജയന്‍ ചെറിയാന്‍, ചെലവൂര്‍ വേണു എന്നിവരും പങ്കെടുത്തു. സി.എസ് വെങ്കടേശ്വരന്‍ മോഡറേറ്റര്‍ ആയിരുന്നു. 
ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍ ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍ ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍ ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി - അടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക