Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 53:ജയന്‍ വര്‍ഗീസ്)

Published on 08 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍  53:ജയന്‍ വര്‍ഗീസ്)
പ്ലിമത് മില്ലില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ചാര്‍ലി, ലിസി ദന്പതികളെ അപ്രതീക്ഷിതമായാണ് പരിചയപ്പെടുന്നത്. ലിസി നാലാം നിലയിലും, ചാര്‍ളി മൂന്നാം നിലയില്‍ ഷിപ്പിംഗ് ഡിപ്പാര്‍ട്ടുമെന്റിലും ആണ് ജോലി ചെയ്തു കൊണ്ടിരുന്നത്. യുവ ദന്പതികള്‍ ആയിരുന്ന അവര്‍ക്ക് ഒന്നോ, രണ്ടോ ചെറിയ കുട്ടികള്‍ ആണുള്ളത്. ലിസിയുടെ 'അമ്മ ലിസിയോടൊപ്പം താമസിക്കുന്നത് കൊണ്ട് ബേബി സിറ്റിംഗ് പ്രോബഌ ഇല്ല. അത് കൊണ്ട് തന്നെ ചാര്‍ളി രണ്ടു ജോലിയാണ് ചെയ്തു കൊണ്ടിരുന്നത്. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ വീട്ടിലെത്തിയ ശേഷം അഞ്ചാറു മൈല്‍ അകലെ ഹൈലന്‍ ബുളവാടിലുള്ള അമോക്കോ ഗ്യാസ് സ്‌റ്റേഷനില്‍ പതിനൊന്ന് മുതല്‍ ഏഴുമണി വരെയുള്ള സമയത്ത് നൈറ്റ് ഡ്യുട്ടി ചെയ്‌യുന്നുണ്ട്. അവിടെ നിന്ന് ഏഴുമണിക്ക് ഇറങ്ങിയാല്‍ കൃത്യം ഏഴരക്ക് പ്ലിമത് മില്ലിലെത്തി ജോലിക്കു കയറാം. യാതൊരു പ്രശ്‌നവുമില്ല. ഗ്യാസ് സ്‌റ്റേഷനില്‍ രാത്രി രണ്ടു മണി കഴിഞ്ഞാല്‍ പിന്നെ അധികം കസ്റ്റമേഴ്‌സ് വരാറില്ലെന്നും, സെല്‍ഫ് സര്‍വീസ് സ്‌റ്റേഷന്‍ ആയതു കൊണ്ട് അകത്തിരുന്നു കുറച്ചൊക്കെ ഉറങ്ങാന്‍ കഴിയുമെന്നും ചാര്‍ലി പറഞ്ഞു.

ഇത്തരത്തില്‍ സമയ ക്രമമുള്ള ഒരു ജോലി കിട്ടിയാല്‍ എനിക്കും സൗകര്യമായിരിക്കുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. ചാര്‍ലിയോട് ചോദിച്ചപ്പോള്‍ ഗ്യാസ് സ്‌റ്റേഷനുകളില്‍ എപ്പോഴും ഒഴിവുകള്‍ ഉണ്ടാവുമെന്നും, സെല്‍ഫ് സര്‍വീസ് ഓപ്പറേഷന്‍ പഠിച്ചിരുന്നാല്‍ ഏതു സമയത്തും ജോലി കിട്ടാന്‍ സാധ്യതയുണ്ടെന്നും, ആറു ഡോളറില്‍ താഴെയേ ശന്പളമുണ്ടാവുകയുള്ളു എന്നും പറഞ്ഞു തന്നു. സെല്‍ഫ് സര്‍വീസ് ഓപ്പറേഷന്‍ വലിയ വിഷമമുള്ള കാര്യമല്ലെന്നും, ഒരു രാത്രി തന്റെ കൂടെ ഗ്യാസ് സ്‌റ്റേഷനില്‍ വന്നാല്‍ പഠിപ്പിച്ചു തരാമെന്നും ചാര്‍ലി പറഞ്ഞപ്പോള്‍ അന്ന് തന്നെ പതിനൊന്നു മണിക്ക് ഞാന്‍ ചാര്‍ലിയുടെ ഗ്യാസ് സ്‌റ്റേഷനില്‍ എത്തി.

ചാര്‍ലി ചെയ്യുന്നത് എന്തൊക്കെയാണെന്ന് നോക്കിക്കൊണ്ട് ഞാനിരുന്നു. അകത്തു കടന്നു കഴിഞ്ഞാല്‍ വാതില്‍ അകത്തു നിന്ന് പൂട്ടണം. ആര് ആവശ്യപ്പെട്ടാലും, പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ രാത്രിയില്‍ വാതില്‍ തുറക്കാന്‍ പാടുള്ളു. ബുള്ളറ്റ് പ്രൂഫ് ഗ്‌ളാസിന്റ ഭിത്തികള്‍ കൊണ്ടാണ് സര്‍വീസ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത് എന്നതിനാല്‍ അകത്തിരിക്കുന്നയാളെ ആക്രമിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതുകൊണ്ടാണ് ഏതൊരു റൂറല്‍ ഏരിയായിലും ഒറ്റക്കൊരു ജോലിക്കാരനെ വച്ച് കൊണ്ട് സെല്‍ഫ് സര്‍വീസ് സ്‌റ്റേഷനുകള്‍ ഓപ്പറേറ്റ്  ചെയ്യുവാന്‍ കന്പനിക്ക് സാധിക്കുന്നത്.

തിരക്ക് കുറഞ്ഞപ്പോള്‍ ചാര്‍ലി  കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നു. സാധാരണ ഗതിയില്‍ ആറോ, അതിലധികമോ പന്പുകള്‍ ഉണ്ടാവും ഓരോ സ്‌റ്റേഷനിലും. ഈ പന്പുകള്‍ എല്ലാം ഒരു കന്പ്യൂട്ടറുമായി ഘടിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കസ്റ്റമര്‍ വന്ന് അയാള്‍ക്ക് എത്ര ഗ്യാസ് വേണമെന്ന് പറഞ്ഞാല്‍, അയാള്‍ക്ക് മുന്നിലേക്ക് തുറക്കുന്ന ഒരു ചെറിയ ഡ്രോവര്‍ നാം തുറന്നു കൊടുക്കും. അയാള്‍ അതിലേക്ക് കറന്‍സിയോ, ക്രെഡിറ് കാര്‍ഡോ നിക്ഷേപിക്കും. അയാളുടെ വാഹനം നില്‍ക്കുന്ന പന്പിന്‍റെ നന്പരും ആവശ്യമുള്ള ഗ്യാസിന്റെ വിലയും നമ്മുടെ മുന്നിലുള്ള മോണിറ്ററില്‍ എന്റര്‍ ചെയ്തു കഴിയുന്‌പോള്‍ ആ പന്പില്‍  നിന്ന് അത്രയും തുകയുടെ ഗ്യാസ് റിലീസ് ആവും. ഗ്യാസ് അടിച്ചു കഴിഞ്ഞു അയാള്‍ വരുന്‌പോള്‍ അയാള്‍ക്കുള്ള റിസിപ്റ്റും ക്രെഡിറ്റ് കാര്‍ഡും തിരിച്ചു കൊടുക്കുന്നതോടെ ഒരു ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാവുന്നു. ( ഇപ്പോള്‍ പന്പില്‍ തന്നെ കസ്റ്റമര്‍ക്ക് ഇതെല്ലാം ചെയ്യുന്നതിനുള്ള സൗകര്യം വന്നു കഴിഞ്ഞു.)

കൃത്യം ഏഴുമണിക്ക് തന്നെ അന്നത്തെ വില്‍പ്പനയുടെ സ്‌റ്റേറ്റ്‌മെന്റ് പൂറത്തു വരും. അത് അടുത്ത ഷിഫ്റ്റ് കാരനെ ബോധ്യപ്പെടുത്തിയാല്‍ നമുക്ക് സ്ഥലം വിടാം. തന്റെ ജോലിസ്ഥലത്തേക്ക് മറ്റൊരു മലയാളിയെ അടുപ്പിച്ചാല്‍ അവന്‍ പാര പണിയും എന്ന് വിശ്വസിക്കുന്ന അനേകം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്ന് താന്‍ വ്യത്യസ്തനാണെന്ന് തെളിയിച്ചു കൊണ്ടാണ് ചാര്‍ലി  ഇതെല്ലാം എനിക്ക് പറഞ്ഞു തന്നത് എന്നത് നന്ദി പൂര്‍വം ഇവിടെ സ്മരിക്കുന്നു.

തുടര്‍ന്ന് സമീപത്തുള്ള ഒന്ന് രണ്ട് സെല്‍ഫ് സര്‍വീസ് സ്‌റ്റേഷനുകളില്‍ ഞാന്‍ അപേക്ഷ കൊടുത്തു. സെല്‍ഫ് സര്‍വീസ് ഗ്യാസ് സ്‌റ്റേഷന്‍ ഓപ്പറേഷന്‍ അറിയാമെന്ന്  പറഞ്ഞത് കൊണ്ട് അപ്പോള്‍ത്തന്നെ ജോലി കിട്ടുമായിരുന്നെങ്കിലും, എനിക്ക് ആവശ്യമുള്ള നൈറ്റ് ഷിഫ്റ്റ് ഒഴിവില്ലാത്തതു കൊണ്ട്, അവസരം വരുന്‌പോള്‍ വിളിക്കാമെന്ന മറുപടിയും കേട്ട് കൊണ്ടു മടങ്ങിപ്പോന്നു.

ഇതിനിടയില്‍ എന്റെ കാര്‍ ഒരു ആക്‌സിഡന്റില്‍ പെട്ടു. വണ്ടിയിലെ സ്ഥിരം യാത്രക്കാരായ ഞങ്ങള്‍ അഞ്ചു പേര്‍  രാവിലെ ജോലിക്കു പോകുകയായിരുന്നു. അന്ന് അപകടകരമായ ബ്‌ളാക് ഐസ് രൂപപ്പെട്ടു കിടന്ന ഒരു ദിവസം ആയിരുന്നു. മഴയുമായി ചേര്‍ന്ന് പെയ്യുന്ന സ്‌നോ താഴ്ന്ന ഊഷ്മാവില്‍ ഉറഞ്ഞു കണ്ണാടി പോലെയാവുന്ന നിറമില്ലാത്ത അവസ്ഥയാണ് ബ്‌ളാക് ഐസ്. റോഡില്‍ ഇത് രൂപപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് കാണാനാവില്ല. വണ്ടി ഓടിക്കുന്‌പോള്‍ അത് തെന്നി നീങ്ങുന്നതായി തോന്നുമെങ്കിലും, റോഡില്‍ ചവിട്ടിയാല്‍ തെന്നി വീഴുന്‌പോള്‍ മാത്രമേ നമുക്ക് ഇതിന്റെ അപകടാവസ്ഥ മനസിലാസവുകയുള്ളു.

പരിചയ സന്പന്നരായ െ്രെഡവര്‍മാര്‍ അന്ന് വണ്ടി റോഡിലിറക്കുകയേയില്ല. അഥവാ ഇറക്കിയാല്‍ത്തന്നെ പത്തു മൈലില്‍ താഴെയുള്ള ഒരു വേഗതയില്‍ ഉരുട്ടിക്കൊണ്ട് പോയാലേ എന്തെങ്കിലും നിയന്ത്രണം കിട്ടുകയുള്ളു. ഇറക്കത്തിലാണെങ്കില്‍ സ്പീഡ് അഞ്ചു മൈലില്‍ താഴെ നിന്നാല്‍പ്പോലും വണ്ടി തെന്നി നീങ്ങാനുള്ള സാധ്യതയുണ്ട്. ആരൊക്കെയോ പറഞ്ഞ് എന്തൊക്കെയോ കേട്ടിട്ടുള്ള ഞാന്‍ ഇതിന്റെ ഗൗരവം ഒന്നുമറിയാതെ ഇരുപതു മൈല്‍ വേഗതയില്‍ കാറോടിച്ചു പോവുകയാണ്. റോഡില്‍ തെന്നല്‍ ഉള്ളത് കൊണ്ട് ഞാന്‍ പതിയെ പോവുകയാണെന്നാണ് എന്റെ ധാരണ. കന്പനിയിലേക്ക് തിരിയാനായി ഗ്രീന്‍ സ്ട്രീറ്റില്‍ തിരിയുന്നതിന് മുന്‍പ് ബേയ് സ്ട്രീറ്റിലേക്കു ഒരു ഇറക്കമുണ്ട്. ഇരുപതു മൈലില്‍ ഓടിച്ചു ചെന്ന ഞാന്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു ചെന്ന് വലതു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു വാനിന്റെ പിന്നില്‍ ഇടിക്കുന്നു. വാന്‍ അതിന്റെ മുന്നിലുള്ള കാറിലും, ആ കാര്‍ അതിന്റെ മുന്നിലുള്ള കാറിലും ഇടിച്ച് നാല് വണ്ടികള്‍ നിരങ്ങി ബേയ് സ്ട്രീറ്റില്‍  വട്ടം കിടക്കുന്നു.

കാറില്‍ നിന്ന് പെണ്ണുങ്ങളുടെ കൂട്ട നിലവിളി ഉയര്‍ന്നെങ്കിലും ഒരു വിധത്തില്‍ ഡോറ് തുറന്നു ഞാന്‍ പുറത്തിറങ്ങി. റോഡില്‍ കാലുവച്ച ഞാന്‍ യാതൊരു നിയന്ത്രണവും കിട്ടാതെ നിലത്തു വീണു. പാട് പെട്ട് പിടഞ്ഞെണീറ്റെങ്കിലും എടുത്തിട്ട പോലെ വീണ്ടും നിലത്തു വീണു. ബ്‌ളാക് ഐസ് എന്താണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കുകയായിരുന്നു ഞാന്‍. വീഴുന്ന സമയത്ത് ബേയ് സ്ട്രീറ്റിലൂടെ വണ്ടികള്‍ ഒന്നും വന്നിരുന്നില്ലാ എന്നത് കൊണ്ടാവാം, ഇതെഴുതുവാന്‍ ഇപ്പോള്‍ ഞാനുള്ളത്. തപ്പിപ്പിടിച്ചു കാറിനടുത്തു ചെന്നപ്പോള്‍ എല്ലാവരും ജീവനോടെയുണ്ട്. സാലമ്മയുടെ കൈവിരല്‍ മുറിഞ്ഞു ചോര വരുന്നുണ്ട്. വണ്ടിയിലുണ്ടായിരുന്ന തുണി കൊണ്ട് മേരിക്കുട്ടി അത് പൊതിഞ്ഞു കെട്ടുന്നു. ഇത്രയും ഒരു ആക്‌സിഡന്റ് ഉണ്ടായാല്‍ അതിന്റെ പേരില്‍ നടു വേദനയോ, കഴുത്തു വേദനയോ ഉണ്ടെന്നു വരുത്തി ഡിസെബിലിറ്റിയില്‍ ഇരുന്ന് വാഹന  ഉടമയുടെ ഇന്‍ഷൂറന്‍സില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള ചാന്‍സ് യാത്രക്കാര്‍ക്കെല്ലാം ഉണ്ട്. അങ്ങിനെ ചെയ്ത് മാന്യന്മാരായി ജീവിക്കുന്ന ധാരാളം മലയാളികളും ഉണ്ട്. ഒരു പൈസ പോലും പ്രതിഫലം പറ്റാതെ ഇത്രയും സ്ത്രീകളെ ദിവസവും വണ്ടിയില്‍ കയറ്റി നടന്ന എനിക്കെതിരെ അവരാരും ഒന്നും ചെയ്തില്ലാ എന്നത് കൃതജ്ഞതയോടെ ഇവിടെ ഓര്‍ക്കുന്നു.

വണ്ടിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മറ്റു വണ്ടികള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ട്.  പോലീസ്  എത്തി റിപ്പോര്‍ട്ടുകള്‍ ഒക്കെ എഴുതിപ്പോയി. പോലീസ് ഏര്‍പ്പെടുത്തിയ ടോ ട്രക്ക് വണ്ടികള്‍ എല്ലാം വലിച്ച് അടുത്തുള്ള ഗ്യാസ് സ്‌റ്റേഷനില്‍ നിരത്തിയിട്ടു. എനിക്ക് നല്ല ശിക്ഷ കിട്ടും എന്നാണു ഞാന്‍ കരുതിയത്. എന്റെ ലൈസെന്‍സ് റദ്ദാക്കപ്പെടുകയോ, മറ്റു മൂന്നു വണ്ടികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള തുക എന്റെ ഇന്‍ഷുറന്‍സില്‍ നിന്ന് ഈടാക്കുകയോ ഒക്കെ ചെയ്യാം. ഞാന്‍ എടുത്തിട്ടുള്ള കവറേജില്‍ ഈ തുക ഒതുങ്ങുന്നില്ലെങ്കില്‍, ഭാവിയില്‍ ഞാന്‍ ഉണ്ടാക്കാന്‍ പോകുന്ന ആസ്തികളിന്മേല്‍ ഈ തുക ബാധ്യതയായി നില നിര്‍ത്തുവാനും നിയമമുണ്ട്.

ഒന്നും സംഭവിച്ചില്ല. പോലീസ് റിപ്പോര്‍ട്ടില്‍ ' നോണ്‍ ഫാള്‍ട്ട് ' ആക്‌സിഡന്റ് എന്ന വിഭാഗത്തില്‍ ആണ് ഈ അപകടം ഉള്‍പ്പെടുത്തപ്പെട്ടത്. അതായത് െ്രെഡവറുടെ ഫാള്‍ട്ട് കൊണ്ടല്ലാ അപകടം ഉണ്ടായത്, കാലാവസ്ഥ ഉണ്ടാക്കിയ ഫാള്‍ട്ട് കൊണ്ടായിരുന്നു എന്ന് സാരം  ആകാത്ത വേഗതയില്‍ കാറോടിച്ച് സൈഡില്‍ പാര്‍ക്ക് ചെയ്ത് ഇട്ടിരുന്ന മൂന്നു വണ്ടികള്‍ ഇടിച്ചു തകര്‍ത്ത ഞാന്‍ നിരപരാധി. കണ്ണാടി മഞ്ഞു വഴിയില്‍ വാരിയെറിഞ്ഞ് എന്റെ വണ്ടിയെ വഴിതെറ്റിച്ച പ്രകൃതി അപരാധി. സാഹചര്യങ്ങളുടെ കരുക്കള്‍ നീക്കി സമര്‍ത്ഥമായി കളിക്കുന്ന കാലമെന്ന കളിയാശാന്‍ എനിക്ക് വേണ്ടി എന്റെ പിറകില്‍ നില്‍ക്കുന്നത് ഇത് ആദ്യമല്ലല്ലോ? ഒരു നഷ്ടമേ സംഭവിച്ചുള്ളു. വണ്ടി പൂര്‍ണ്ണമായും തകര്‍ന്നു പോയിരുന്നു. വെറും ഇരുന്നൂറു ഡോളറിന് അത് ജങ്ക് യാര്‍ഡുകാര്‍ക്ക് വിറ്റു. ആദ്യ വണ്ടിയുടെ അഹങ്കാരം അങ്ങനെ അവസാനിച്ചു.

അക്കാലത്ത് ഏറ്റു വാങ്ങേണ്ടി വന്ന മറ്റൊരു വേദനയുടെ കഥ കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. ഒരു ശനിയാഴ്ചയായിരുന്നു അന്ന്. രാവിലെ പത്തു മണിയോടെ എല്‍ദോസ് വരിസംഖ്യ കളക്ഷന്  പോയിരിക്കുകയാണ്. വണ്ടി ഇല്ലാത്തതു കൊണ്ടും, വലിയ തണുപ്പില്ലാത്ത തെളിഞ്ഞ ദിവസം ആയതു കൊണ്ടും ഞാന്‍ കൂടെ പോയിട്ടില്ല. ഇത്തരം ദിവസങ്ങളില്‍ അവന്‍ തനിച്ചാണ് പോകാറുള്ളത്. ഒരു വീട്ടില്‍ ഡോര്‍ ബെല്ല് അടിച്ചു കാത്തു നില്‍ക്കുന്‌പോള്‍ ആ വീട്ടിലെ വളര്‍ത്തു പട്ടി അവനെ കടിച്ചു. പട്ടിയുടെ രണ്ടു പല്ലുകള്‍ അവന്റെ കാല്‍വണ്ണയില്‍ ഏറ്റു മുറിഞ്ഞു.  കടിയുടെ വേദനയെക്കാളുപരി അവന്‍ പേടിച്ചു വിറച്ചു പോയി എന്നാണു പറഞ്ഞത്. ചോരയൊലിക്കുന്ന കാലുമായി അവന്‍ വീട്ടില്‍ വന്നു. വന്ന വഴിയേ പച്ചവെള്ളം കൊണ്ട് വൃത്തിയായി കാലു കഴുകി തുടച്ചു. ഓടിയും നടന്നുമായി അവന്‍ പറഞ്ഞ വീട്ടില്‍ ഞാനെത്തി. വീട്ടുകാരന്‍ വളരെ സങ്കടത്തോടെ സോറി പറയുകയും, പട്ടിക്ക് സമയത്ത് പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിട്ടുള്ളതാണെന്നു പറയുകയും ചെയ്തു.

പാസ്റ്ററോടു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ കൂടെ വരാമെന്നു പറഞ്ഞു. താഴെ വരുന്‌പോള്‍ മുറിവില്‍ നിന്ന് വീണ്ടും ചോര വരുന്നുണ്ട്. അവന്റെ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നു. എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ബാത്ത് റൂമില്‍ കയറി വാതിലടച്ചു ഞാന്‍ ശബ്ദമുണ്ടാക്കാതെ കുറേ കരഞ്ഞു. അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ അടിച്ചു പൊളിച്ചും, ആഘോഷിച്ചും ജീവിക്കുന്‌പോള്‍ അന്നന്നപ്പം കണ്ടെത്താനുള്ള ശ്രമത്തില്‍ പതിനൊന്നാം വയസില്‍ ജോലിക്കിറങ്ങിയിട്ടാണല്ലോ എന്റെ കുഞ്ഞിന് പട്ടികടി ഏറ്റത് എന്നോര്‍ത്തപ്പോള്‍  ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ അവനെ സമര്‍പ്പിച്ചു കൊണ്ട് ഞാന്‍ തേങ്ങിക്കരഞ്ഞു. സിങ്കിലേ വെള്ളം തുറന്നു വിട്ടു കൊണ്ട് ആ ശബ്ദത്തില്‍ എന്റെ തേങ്ങലുകള്‍ ഞാന്‍ ഒളിച്ചു.

പാസ്റ്ററുടെ വണ്ടിയില്‍ ഞങ്ങള്‍ മൂന്നുപേര്‍, ഞാനും, മേരിക്കുട്ടിയും, എല്‍ദോസും ആശുപത്രിയില്‍ പോയി. അവിടെ പാസ്റ്ററാണ് സംസാരിച്ചത്. ഒരു ഇഞ്ചക്ഷന്‍ എടുക്കുകയും, മുറിവില്‍ മരുന്ന് വച്ച് കെട്ടുകയും ചെയ്!തു. ഇത്തരം കേസുകളില്‍ പട്ടിയുടെ ആരോഗ്യ നില ഉറപ്പു വരുത്തുന്ന ഒരു പരിപാടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടെന്ന്  കേട്ടിട്ടുണ്ട്, അവര്‍ അത് ചെയ്തിരിക്കാം, അറിയില്ല. മുറിവൊക്കെ രണ്ടു ദിവസം കൊണ്ട് കരിഞ്ഞു. കുറെ ദിവസത്തേക്ക് ഞാന്‍ പട്ടിയെ വാച്ചു ചെയ്‌യാനായി അവിടെ പോകുമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞും പട്ടിക്ക് കുഴപ്പമില്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. വീട്ടുകാരനെ ' സൂ ' ചെയ്യണം എന്ന നിര്‍ദ്ദേശം എല്ലാ ഭാഗത്തു നിന്നും വന്നു. യൂറോപ്പില്‍ എവിടെയോ നിന്നുള്ള ആ വീട്ടുകാരനും അങ്ങിനെയൊരു നടപടി ഭയക്കുന്നതായി അയാളുടെ സംസാരത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയിരുന്നു. ഞങ്ങളുടെ മനസ്സ് പണ്ട് മുതല്‍ അതിനൊന്നും തയാറാവുന്ന തരം ആയിരുന്നില്ല. അത് കൊണ്ട് തന്നെ അതിനൊന്നും പോവുകയുണ്ടായില്ല. ( ഞങ്ങളുടെ അയല്‍ക്കാരന്റെ വീടിനു മുന്നിലുള്ള വാക്‌വേയിലൂടെ നടന്നു വരുന്‌പോള്‍, സ്‌നോയില്‍  തെന്നി വീണ് മേരിക്കുട്ടിയുടെ ഇടതു കൈയിലെ തള്ള വിരലിലെ അസ്ഥി പൊട്ടിയ സംഭവം മുന്‍പ് ഉണ്ടായിരുന്നു. അയാളെ ' സൂ ' ചെയ്യണം എന്ന നിര്‍ദ്ദേശം അന്നും എല്ലാ ഭാഗങ്ങളില്‍ നിന്നും വന്നുവെങ്കിലും, ഞങ്ങള്‍ തയ്യാറായില്ല. അങ്ങിനെയൊക്കെ ഉണ്ടാക്കുന്ന പണം നമ്മുടെ തലമുറകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന കടുത്ത വിശ്വാസമായിരുന്നു എനിക്കും, എന്നെക്കാളുപരി മേരിക്കുട്ടിക്കും.)

Join WhatsApp News
amerikkan mollakka 2019-12-08 10:31:19
ജയൻ സാഹേബ് അസ്സലാമു അലൈക്കും 
ഇങ്ങടെ അനുഭവങ്ങൾ വായിക്കുന്നതിൽ 
ഞമ്മളെ സന്തോഷിപ്പിക്കുന്നത് പടച്ചോനിലുള്ള 
ഇങ്ങടെ ബിശ്വാസമാണ്.  ഇബ്‌ലീസിന്റെ 
ചതിയില്പെടാതെ ഇങ്ങള് ജീബിക്കുന്നു 
ആരെയും സൂ ചെയ്യണ്ട സാഹിബ്, പടച്ചോൻ 
ഇങ്ങക്ക് കരുതിയത് തരും. അതല്ലേ സാഹിബ് 
ഞമ്മടെയൊക്കെ ധനം. ഈസ മിശിഹാ 
ഇങ്ങളെയും കുടുംബത്തെയും കാത്ത് 
രക്ഷിക്കട്ടെ, 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക