Image

അയോദ്ധ്യ: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Published on 12 December, 2019
അയോദ്ധ്യ: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. ഇതുസംബന്ധിച്ച18 ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇനി തിരുത്തല്‍ ഹര്‍ജിക്ക് മാത്രമാണ് സാദ്ധ്യത.

വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കേസില്‍ വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാര്‍. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിര്‍മോഹി അഖാര ഇന്നലെ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.

കഴിഞ്ഞ മാസമാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കേസില്‍ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി, സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് രാമക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്‌ലിംങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക