Image

പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

Published on 12 December, 2019
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയിലും പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യും. ഇത്തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല. ഇത്തരമൊരു നിയമം കേരളത്തില്‍ നടപ്പാക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ നയം. അതുതന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അതിനുള്ള വേദികളിലൂടെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതേതരത്വം തകര്‍ത്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക