Image

വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്, നിരീക്ഷണം ശക്തമാക്കി

Published on 14 December, 2019
വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്, നിരീക്ഷണം ശക്തമാക്കി
ദില്ലി: 2012ലെ നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ കുറ്റവാളികളായ നാല് പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. സ്വയം ഉപദ്രവിക്കാതിരിക്കാന്‍ ജയില്‍ അധികൃതര്‍ ഇവരെ അടുത്ത് നിന്ന് നിരീക്ഷിച്ച്‌ വരികയാണെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കുറ്റവാളികള്‍ക്കുമായി നാലോ അ‍ഞ്ചോ പോലീസ് ഉദ്യോസ്ഥരെയാണ് തിഹാര്‍ ജയിലില്‍ വിന്യസിച്ചിട്ടുള്ളത്. അക്ഷയ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ നാല് പേരാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്.

വെള്ളിയാഴ്ച തിഹാര്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജയില്‍ നമ്ബര്‍ മൂന്നിലെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പിലാക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിന്റെ തയ്യാറെടുപ്പുകള്‍ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. കേസിലെ പ്രതിയായിരുന്ന രാം സിംഗ് ജയിലില്‍ വെച്ച്‌ ആത്മഹത്യ ചെയ്തതോടെ നാല് പ്രതികളെയും പോലീസ് നിരീക്ഷിച്ച്‌ വരികയാണ്. 2013ലായിരുന്നു ഈ സംഭവം. കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇയാളെ റിഫോര്‍മേഷന്‍ ഹോമിലാണ് പാര്‍പ്പിക്കുന്നത്.


കേസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോരുന്നത് തടയാന്‍ തിഹാര്‍ ജയില്‍ അധികൃതരുടെ ഫോണുകളും നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച കേസിലെ നാല് പ്രതികളെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജയിലില്‍ ഹാജരാക്കിയിരുന്നു. അതേ സമയം തിഹാര്‍ ജയിലില്‍ ആരാച്ചാരില്ലാത്ത സാഹചര്യത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധി പേരില്‍ നിന്നായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.


തമിഴ്നാട്ടിലെ രാമനാഥപുരത്തെ സര്‍വീസ് സെന്ററിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസന്‍ ശിക്ഷ നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച്‌ കഴിഞ്ഞ മാസം തിഹാര്‍ ജയിലില്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് മീററ്റ് ജയിലിലെ ആരാച്ചാരും അറിയിച്ചിട്ടുണ്ട്. നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക