Image

വാഹനങ്ങളിലെ ഫാസ്ടാഗ്: സമയപരിധി ജനുവരി 15 വരെ നീട്ടി

Published on 14 December, 2019
വാഹനങ്ങളിലെ ഫാസ്ടാഗ്: സമയപരിധി ജനുവരി 15 വരെ നീട്ടി
ന്യൂഡല്‍ഹി: ടോള്‍ പ്ലാസകള്‍ കടക്കുന്ന വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. 2020 ജനുവരി 15 വരെയാണ് നീട്ടിയത്. രണ്ടാം തവണയാണ് ഫാസ്ടാഗ് സമയപരിധി നീട്ടുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ഡിസംബര്‍ 15 വരെ നീട്ടി. ടോള്‍ ഗേറ്റുകളില്‍ നേരിട്ട് പണം നല്‍കാതെ വാഹനയാത്രികരുടെ അക്കൗണ്ടില്‍ നിന്ന് കൈമാറുന്ന സംവിധാനമാണ് ഫാസ്ടാഗ്.

വലിയ ശതമാനം വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറിയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത് നീട്ടിയത്. ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാതെ ഈ സംവിധാനം നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതി നടപ്പാക്കിയതിന് ശേഷം ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ 'ഫാസ്ടാഗ്' ഇല്ലാതെ ഫാസ്ടാഗ് ലെയിനിലൂടെ വാഹനം ഓടിക്കുന്നവരില്‍നിന്ന് ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്തെ 537 ടോള്‍ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയ വാഹനങ്ങളില്‍ നിന്ന് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെതന്നെ വാഹനങ്ങളുടെ വിന്‍ഡ്‌സ്ക്രീനില്‍ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോള്‍ പിരിക്കാം. വാഹനം ഓടിക്കുന്നവര്‍ക്ക് ബാങ്കുകള്‍ വഴിയും ഓണ്‍ലൈനിലൂടെയും പ്രിപെയ്ഡ് ടാഗ് വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക