Image

വിശ്വാസനക്ഷത്രങ്ങളുടെ പിറവി-5 (ദുര്‍ഗ മനോജ്)

Durga Manoj Published on 14 December, 2019
വിശ്വാസനക്ഷത്രങ്ങളുടെ പിറവി-5 (ദുര്‍ഗ മനോജ്)
ലോകമെങ്ങും ഓരോ വിശ്വാസിയും ഉള്ളില്‍ അത്രമേല്‍ വിശുദ്ധിയോടെ ഒരു രക്ഷകനായ് കാത്തിരിക്കുകയാണ്. എന്തിനാണവന്‍ പിറന്നത്?

ഓരോ മനുഷ്യനും നന്മതിന്മകളുടെ ആകെത്തുകയാണെന്നും പരിപൂര്‍ണ്ണമായ നന്മ ദൈവത്തിലും പരിപൂര്‍ണ്ണ തിന്മ സാത്താനിലും മാണെന്നിരിക്കെ മനുഷ്യനില്‍ നിശ്ചയമായും അവ പല വിധ ക്രമത്തില്‍ ഇടം പിടിച്ചിരിക്കുന്നു എന്ന് വ്യക്തം. ഈ ഘട്ടത്തിലാണ് ദിവ്യ ജനനത്തിന്റെ പ്രസക്തി.

അമ്പത്തിരണ്ടാം സങ്കീര്‍ത്തനം പറയുന്നു
'.... നീ നന്മയെക്കാള്‍ തിന്മയേയും നീതിയെ സംസാരിക്കുന്നതിനേക്കാള്‍ വ്യാജത്തേയും ഇഷ്ടപ്പെടുന്നു... '
.'....നീ വഞ്ചന നാവും നാശകരമായ വാക്കുകള്‍ ഒക്കെയും ഇഷ്ടപ്പെടുന്നു.... '

ഇതാണ് നാം.
വീട്ടിലോ ഓഫീസിലോ എവിടെയുമാകട്ടെ, രഹസ്യമായി മറ്റൊരാളുടെ കുറ്റവും കുറവും കേള്‍ക്കുവാന്‍ എന്തൊരു താത്പര്യമാണ് നമുക്ക്. ഒരാളിലെ നന്മയെ തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ആദ്യം മുള പൊട്ടുക അസൂയ തന്നെയാവും. എന്നെക്കാള്‍ മുന്നിലോ എന്ന ചിന്ത. ഇത് തിന്മയുടെ ചിന്തയാണ്. മറ്റൊരു വ്യക്തിയുടെ നേട്ടം നമ്മുടെ ഉറക്കം കെടുത്തുന്ന അശുഭ വാര്‍ത്തയാണിപ്പോള്‍. ചെവികൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നത് അപകടങ്ങളുടെ, തുടര്‍ക്കൊലപാതകികളുടെ കഥകള്‍, പങ്കുവക്കാന്‍ താത്പര്യപ്പെടുന്നത് അന്യരുടെ സ്വകാര്യതകള്‍. ഈ വിധത്തില്‍ നാം മാറുമ്പോള്‍, മറ്റുള്ളവരോടും അവനവനോട് തന്നെയും ക്ഷമിക്കാന്‍ കഴിയാത്തവരാകുമ്പോള്‍ നമ്മള്‍ ദൈവത്തില്‍ നിന്ന് എത്രമാത്രം അകലെയാണ് നിലകൊള്ളുന്നത്?

ഇവിടെ ഈ മനസുകളിലേക്കാണ് പുതുപ്പിറവിയുടെ നന്മ വെളിച്ചം കടന്നു വരേണ്ടത്. സത്യവും നന്മയും ആദ്യം പുലരേണ്ടത് അവനവന്റെ മനസുകളിലാണ്.

അതിനു വേണ്ടിയാണവന്‍, ദൈവപുത്രന്‍ നിലകൊണ്ടത്. സകല പാപവും ഏറ്റെടുത്തത്, ക്ഷമിക്കുവാന്‍ പറഞ്ഞതും സ്വയം ക്ഷമിച്ചും അവന്‍ നിലകൊണ്ടത്.. അവന്റെ പിറവിയ്ക്കായാണ് നാം കാത്തിരിക്കുന്നത്. നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്ന സ്വര്‍ഗ്ഗീയ രാത്രിയെ വരവേല്‍ക്കാം നമുക്ക് കഴുകി വെടിപ്പാക്കിയ ഹൃദയകമലങ്ങളോടെ.

'.... ഞാന്‍ നിനക്കെന്നും സ്‌തോത്രം ചെയ്യും നിന്റെ നാമത്തില്‍ പ്രത്യാശ വക്കും.... '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക