Image

ശബരിമല നടവരവില്‍ വന്‍ വര്‍ധന, 28 ദിവസത്തെ വരുമാനത്തില്‍ കൂടിയത് 40 കോടി

Published on 16 December, 2019
ശബരിമല നടവരവില്‍ വന്‍ വര്‍ധന, 28 ദിവസത്തെ വരുമാനത്തില്‍ കൂടിയത് 40 കോടി
ശബരിമല : തീര്‍ഥാടനകാലം തുടങ്ങി കഴിഞ്ഞ ശനിയാഴ്ച വരെ സന്നിധാനത്തെ വരുമാനം 104.72 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 കോടിയുടെ വര്‍ധനവാണ് ഈ 28 ദിവസം കൊണ്ട് ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ വരെയുളള ആകെ വരുമാനം 104,72,72,798 രൂപയാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 64 കോടി 16 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അരവണ വില്‍പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം – 43 കോടി 41 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം ഇത് 23 കോടി 88 ലക്ഷമായിരുന്നു. കാണിക്ക ഇനത്തില്‍ 10 കോടിയുടെ അധിക വരുമാനമുണ്ട്. ഇത്തവണത്തെ കാണിക്ക വരവ് 35.58 കോടിയും. അപ്പം വില്‍പനയിലൂടെ 6.45 കോടി രൂപയും മുറി വാടക ഇനത്തില്‍ 1.86 കോടി രൂപയും ലഭിച്ചു.

അതേസമയം സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ ഏകദേശം 5 കോടിയുടെ നാണയങ്ങള്‍ എണ്ണാതെ കെട്ടിക്കിടക്കുന്നുണ്ട്. കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തില്‍ 2 ഭാഗത്തായി നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.

തിരുപ്പതി ക്ഷേത്രത്തിലെ പോലെ നാണയങ്ങള്‍ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുളള ചര്‍ച്ചകള്‍ പലതലത്തില്‍ നടന്നെങ്കിലും നടപ്പായില്ല. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍, ധനലക്ഷ്മി ബാങ്ക് പ്രതിനിധി, ദേവസ്വം വിജിലന്‍സ് ഓഫിസര്‍, അയ്യപ്പ സേവാസംഘം പ്രതിനിധി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നാണയങ്ങള്‍ തരംതിരിച്ച് തൂക്കി മൂല്യം പരിശോധിച്ചു. ഇവയില്‍ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക