Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ - 67 : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 05 February, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍  - 67 :  ജയന്‍ വര്‍ഗീസ് )
ദേഷ്യം കൊണ്ടോ, വഴക്കു കൊണ്ടോ ഒന്നും ഞങ്ങളുടെ ടെനന്റിനെ മാറ്റാനാകില്ലെന്ന് എനിക്ക് മനസിലാസയി. നിയമങ്ങളൊക്കെ ഇഴ കീറി പരിശോധിച്ചു പഠിച്ചിട്ടാണ് മകളുടെ നില്‍പ്പ്. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചു നില്‍ക്കുന്‌പോള്‍ അതാ മനസ്സില്‍ ഒരു തീപ്പൊരി. ആള് പാസ്റ്ററാണല്ലോ ? ബൈബിള്‍ തന്നെയാവട്ടെ വിഷയം എന്ന് തീരുമാനിച്ചു. കള്ള് കണ്ട കുടിയനെപ്പോലെയും, ചക്കമടല്‍ കണ്ട കാളയെപ്പോലെയും ബൈബിള്‍ കണ്ടാല്‍ പാസ്റ്റര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ലല്ലോ ? 

പിറ്റേ ദിവസം മുതല്‍ ബൈബിള്‍ രഹസ്യങ്ങള്‍ പഠിക്കാനെത്തുന്ന ശിശുവിനെപ്പോലെ ഞാന്‍ പാസ്റ്ററുടെ സവിധത്തിലെത്തി. ഞാന്‍ ചോദിക്കുന്ന കുനിഷ്ടു സംശയങ്ങള്‍ക്കെല്ലാം പാസ്റ്റര്‍ ബിബ്ലിക്കല്‍ ആയിട്ടുള്ള മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. ക്രമേണ ഒരു ഗുരു  ശിഷ്യ ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു. മകന്റെ ഭാര്യയുമായി ഒത്തു പോകാന്‍ പറ്റാഞ്ഞിട്ടാണ് വയസാം കാലത്ത് മാറിത്താമസിക്കുന്നത് എന്ന രഹസ്യം അന്യനായ എന്നോട് തുറന്നു പറയാന്‍ മാത്രം ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. 

പ്ലിമത് മില്‍സ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് എല്ലാ ജോലിക്കാരെയും അറിയിച്ചു. അണ്‍ എംപ്ലോയ്‌മെന്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാവരുടെയും വ്യക്തിഗത വിവരങ്ങള്‍ കന്പനി ശേഖരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കന്പനി പൂട്ടി. ഒന്‍പതു വര്‍ഷക്കാലം അന്നം മുട്ടാതെ തൊഴില്‍ തന്ന ഒരു സ്ഥാപനം, നാലേകാല്‍ ഡോളറിന്റെ സ്വീപ്പര്‍ പദവിയില്‍ നിന്ന്, ഒന്‍പതു ഡോളറിന്റെ കട്ടര്‍ പദവിയില്‍ വരെ എത്തിച്ച സ്ഥാപനം, ഓവര്‍ ടൈമിന്റെ ഒത്തിരി സാധ്യതകളിലൂടെ കൈ നിറയെ കാശ് തന്ന സ്ഥാപനം, അതിന്റെ അടഞ്ഞ വാതിലില്‍ നിന്ന് തിരിഞ്ഞു നടക്കുന്‌പോള്‍, ആത്മ വേദനകളുടെ അജ്ഞാതമായ ഒരു തേങ്ങല്‍ അകത്തു നിന്നുയരുന്നത് ഞാന്‍ കേട്ടിരുന്നു. 

രണ്ടു പേര്‍ക്കും ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന അവസ്ഥ. നാമ മാത്രമായ അണ്‍എംപ്ലോയ്‌മെന്റ്   വേതനം കിട്ടുന്നുണ്ട്. വീടിന്റെ മോര്‍ട്ടഗേജ് ഉള്‍പ്പടെയുള്ള ചിലവുകള്‍ കൂട്ടി മുട്ടാതെ വലിയ വിടവുകള്‍ ബാക്കിയാവുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലാ എന്ന് തോന്നി.  മിനിമം പേയ്‌മെന്റിന് ജോലി ചെയ്തിരുന്ന ഏതോ ഫാമിലി വീട് വാങ്ങിച്ചിട്ട്, ' അവസാനം വീട് ബാങ്കുകാര്‍ കൊണ്ട് പോയി ' എന്ന് പറഞ്ഞു ചിരിച്ചു കുഴഞ്ഞ ഒരടുത്ത ബന്ധുവിന്റെ മുഖം ഭീതിദമായ ഒരു ഭീഷണി പോലെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നു. 

ജോലിയില്ലാതെ വീട്ടിലിരിക്കുക എന്നത് അദ്ധ്വാന ശീലരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്.  ഒരു ബിസിനസ് തുടങ്ങുവാനുള്ള ആലോചന മുന്‍പേ ഉണ്ടായിരുന്നെങ്കിലും ഇതാണ് പറ്റിയ സമയം എന്ന് തോന്നിയതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡ് ബോറോ ഓഫിസില്‍ ' ബ്യൂട്ടി സ്‌പോട്ട് ' എന്ന ഞങ്ങളുടെ സ്ഥാപനം രെജിസ്റ്റര്‍ ചെയ്യുകയും, അതിന്റെ പേരിലുള്ള ഐ. ആര്‍. എസ്  ടാക്‌സ് ഐ ഡി. സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സാരികളുടെ ഇറക്കുമതിയും വില്പനയുമാണ് ആണ് പ്രധാനമായും ബ്യൂട്ടി സ്‌പോട്ടിന്റെ ബിസിനസ് ആയി രേഖപ്പെടുത്തിയിരുന്നത്.

ഇരുപത്തി അയ്യായിരം ഡോളര്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത് സാരി ബിസിനസ് തുടങ്ങി. പര്‍ച്ചേസിംഗിനായി ഞങ്ങള്‍ ഇന്ത്യയില്‍ പോയിരുന്നു. ബാംഗ്ലൂരിലെ പ്രശസ്തമായ ' പാത്തി ' ഇന്റര്‍നാഷണല്‍ എന്ന പട്ടു സാരികളുടെ ഹോള്‍സെയില്‍ ഷോപ്പില്‍ നിന്നാണ് സാരികള്‍ എടുത്തത്. എന്റെ അനുജന്‍ ജോര്‍ജിന്റെ മകന്‍ ' അനീഷ് ' അന്ന് ബാംഗ്ലൂരില്‍ കന്പ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ബാംഗ്‌ളൂരില്‍ കുറച്ചു ' ടെക്കി ' മലയാളി യുവാക്കളുമായി നല്ല സൗഹൃദത്തില്‍ ആയിരുന്ന അവന്റെ സഹായത്തോടെ കന്നടയില്‍ വില പേശിയിട്ടൊക്കെ ആണ് സാരികള്‍ എടുത്തത്. ഈ കന്നഡ ഭാഷാ പരിചയം മൂലം വിലയില്‍ ഒരഞ്ചു ശതമാനം കൂടി കുറച്ചു തരുവാന്‍ ' പാത്തി ' തയാറായി. 

( ലോകത്തിലെ ഏറ്റവും നല്ല പട്ട് അന്വേഷിച്ചു നടക്കുന്നുവെന്ന് പറയുന്ന ചില സിനിമാക്കാരുടെ അമ്മാവന്മാരൊക്കെ  ഈ ' പാത്തി ' യില്‍ നിന്നും അത് പോലെയുള്ള പട്ടു വ്യാപാരികളില്‍ നിന്നും വാങ്ങുന്ന സാരികളാണ് കുറെ നെയ്ത്തു കാരേയും, വിമാനവും, തടാകവും ഒക്കെ കാണിച്ചു സിനിമാക്കുട്ടന്റെ തകര്‍പ്പന്‍ ഡയലോഗുകളിലൂടെ മൂന്നിരട്ടിയിലധികം വിലക്ക് വിറ്റഴിക്കുന്നത്. പത്തു സാരിയില്‍ കുറയാതെ ഒന്നിച്ചെടുക്കാമെങ്കില്‍ ഇക്കൂട്ടരുടെ ചില്ലറ വിലയുടെ മൂന്നിലൊന്നു വിലക്ക് അത് ആര്‍ക്കും വാങ്ങാം. കച്ചവടത്തിനാണെന്ന് ഒരു ചെറിയ കള്ളം പറയേണ്ടി വരും, അത്രേയുള്ളു. പക്ഷെ, ഇതിനൊക്കെ ആര്‍ക്കു നേരം? സിനിമാ ചേട്ടന്മാരും, ചേച്ചിമാരും പറഞ്ഞാല്‍ ഏതു വിഷവും വാങ്ങിത്തിന്നുകയും, ഏതു വികൃത വേഷവും കെട്ടിയാടുകയും ചെയ്യുന്ന ധാര്‍മ്മിക നപുംസകങ്ങളുടെ ഒരു വലിയ കൂട്ടമായി മാറുകയാണല്ലോ അഭ്യസ്ത വിദ്യരായ നമ്മുടെ ന്യൂ ജെന്‍സ് മലയാളം. ? ഇതില്‍ നിന്നൊക്കെ ഉളവായ അധാര്‍മ്മിക സാംസ്‌കാരിക മുന്നേറ്റത്തിന്റെ നേര്‍ചിത്രങ്ങളായിട്ടാണല്ലോ 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയതും, എന്റപ്പന്റെ കള്ളും കുപ്പി എന്റെയമ്മ കാലിയാക്കിയതുമായ ' ബെസ്റ്റ് ഫാമിലികള്‍ കൊണ്ട് ഭൂമി മലയാളം മുന്‍പെന്നത്തേക്കാള്‍ സന്പന്നമായതും ?) 

കുറച്ചു സാരികള്‍ മാത്രമേ ഞങ്ങള്‍ കൂടെ കൊണ്ടു പൊന്നുള്ളു. ചില നിയമ വലകളില്‍ കുടുങ്ങാന്‍ ഇടയുള്ളതു കൊണ്ട് ബാക്കി ചരക്കുകള്‍ നിയമ പ്രകാരം എയര്‍ ഷിപ്പിംഗ് വഴിയാണ് എത്തിയത്. പാത്തിയെക്കൊണ്ട് എല്ലാം ചെയ്യിക്കാന്‍ അനീഷ് തന്നെ മുന്നിലുണ്ടായിരുന്നു. തുടര്‍ന്നുള്ള പര്‍ച്ചേസിംഗുകള്‍ എല്ലാം അനീഷ് നേരിട്ട് നടത്തുകയും, എയര്‍ കാര്‍ഗോ വഴി ഞങ്ങള്‍ക്ക് കിട്ടുകയും ചെയ്തു കൊണ്ടിരുന്നു. 

ബ്യൂട്ടി സ്‌പോട്ടിനു വേണ്ടിയുള്ള ഒരു പരസ്യം ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തു. തെങ്ങോലകളുടെ പശ്ചാത്തലത്തില്‍ ഒരു പുരാതന ക്ഷേത്ര മകുടവും,അതിനു മുന്നില്‍ മനോഹരമായ ഇന്ത്യന്‍ സാരിയണിഞ്ഞു നില്‍ക്കുന്ന ഒരു സുന്ദരിയുമായിരുന്നു പരസ്യത്തില്‍. ഉദിച്ചുനില്‍ക്കുന്ന ഒരു പൂര്‍ണ്ണ ചന്ദ്രന്റെ വൃത്തത്തിനുള്ളില്‍ ' വസ്ത്രങ്ങള്‍, നിങ്ങളുടെ അഭിരുചിയും, ഞങ്ങളുടെ ഭാവനയും  ബ്യൂട്ടി സ്‌പോട്ട് ! ' എന്ന ചെറു വാചകവും കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു പരസ്യം. 

ഇതിനകം കൈരളിയുടെ പത്രാധിപ സമിതിയില്‍ ശ്രീ ജോസ് തയ്യില്‍ എന്നെ ഉള്‍പ്പെടുത്തുകയും,  സമകാലീന സംഭവങ്ങളെ താത്വികമായി അവലോകനം ചെയ്‌യുന്ന ' നമുക്ക് ചുറ്റും ' എന്ന പരന്പര കൈരളിയില്‍ തുടരെ എഴുതുകയും ചെയ്തിരുന്ന ഒരവസരമായിരുന്നു അത്. പരസ്യത്തോടൊപ്പം ഞാനയച്ച അന്‍പതു ഡോളറിന്റെ ചെക്ക്  കൈരളിയുടെ പത്രാധിപര്‍ ശ്രീ ജോസ് തയ്യില്‍ തിരിച്ചയക്കുകയും, കൈരളിയുടെ എല്ലാ ലക്കങ്ങളിലും മനോഹരമായ ഈ പരസ്യം തുടരെ പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരുന്നു. 

ഞങ്ങളുടെ ബിസിനസ് തികച്ചും വിജയം തന്നെ ആയിരുന്നു. അന്‍പതു ശതമാനം വരെ ലാഭം ഇട്ടാണ് ഞങ്ങള്‍ സാരികള്‍ വിറ്റിരുന്നത്. ഈ വില പോലും ന്യൂ ജേര്‍സി ഇന്ത്യന്‍ സ്‌റ്റോറുകളിലെ വിലകളെക്കാള്‍  കുറവായിരുന്നു. മേരിക്കുട്ടിയുടെ സാരി ബ്ലൗസുകള്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ മലയാളികളെ കൂടാതെ ഇന്ത്യന്‍, ശ്രീലങ്കന്‍ വനിതകള്‍ കൂടി ഞങ്ങളുടെ കസ്റ്റമേഴ്‌സ്  ആയി എത്തി. ധാരാളം സാരികള്‍ വിറ്റഴിയുകയും, അതിനെല്ലാമുള്ള ബ്ലൗസുകള്‍ തയ്ച്ചു കൊടുക്കുകയും ചെയ്തിരുന്നത് കൊണ്ടും, ഏതൊരു ജോലിയെക്കാളും വരുമാനമുണ്ടാക്കുവാന്‍ ഭാര്യക്ക് കഴിഞ്ഞിരുന്നു. ഇത് കൂടാതെ മലയാളി സംഘടനകള്‍ ഓര്‍ഗനൈസ് ചെയ്യുന്ന പരിപാടികളില്‍ സാരി സ്റ്റാളുകളുമായി ഞങ്ങള്‍ പോയിരുന്നു. ചില സ്ഥലങ്ങളില്‍ അയ്യായിരം ഡോളര്‍ വരെയുള്ള വില്‍പ്പന ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. 

നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ചാരിറ്റി സംഘടനയുടെ ക്ഷണം സ്വീകരിച്ച് അവരുടെ വാര്‍ഷിക സംഗമത്തില്‍ സാരി വില്‍ക്കാന്‍ പോയ ഞങ്ങള്‍ക്കുണ്ടായ ഒരനുഭവം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. സാരികള്‍ പ്രദര്‍ശിപ്പിക്കാനും, വില്‍ക്കുവാനുമായി ഞങ്ങള്‍ നില്‍ക്കുന്നു. അകത്തു പരിപാടികള്‍ നടക്കുന്നതിനാല്‍ വലിയ തിരക്കില്ല. അമേരിക്കന്‍ മലയാളി സംഘടനകളില്‍ ഇടിച്ചു കയറി നിന്ന് സ്ഥാന മാനങ്ങള്‍ കയ്യാളുന്ന ഒരു ( മാന്യ? ) ദേഹം വെളുത്ത ചിരിയുമായി ഫുള്‍ സ്യൂട്ടില്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തോട് അപൂര്‍വമായി സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ വലിയ അടുപ്പമില്ല. ' ഞാന്‍ കൂടി സഹായിക്കാം ' എന്ന് പറഞ്ഞു കൊണ്ട്  അദ്ദേഹം ഭാര്യയുടെ അപ്പുറത്തു നിലയുറപ്പിച്ചിട്ട് വിടര്‍ത്തിയിട്ടിരുന്ന സാരികള്‍ മടക്കി വയ്ക്കാന്‍ സഹായിച്ചു തുടങ്ങി. ഇതൊരു വലിയ പണിയാണ്. ഓരോ സാരികളും വിടര്‍ത്തി കാണിച്ചു കൊടുക്കുകയും പിന്നീടത് മടക്കി വയ്ക്കുകയും  ചെയ്യണമല്ലോ ? 

കുറച്ചു നേരം ഈ സഹായം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നടുക്ക് നിന്ന  മേരിക്കുട്ടി ഒന്നും പറയാതെ നിന്നിടത്തു നിന്ന് മാറി എന്റെയും ഇപ്പുറത്ത് നിലയുറപ്പിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ നമ്മുടെ സഹായി ' അകത്തു അല്‍പ്പം പരിപാടിയുണ്ട് ' എന്ന് എന്നോട് പറഞ്ഞിട്ട് അകത്തേക്ക് പോയി. പരിപാടി കഴിഞ്ഞതോടെ ബാക്കി സാധനങ്ങള്‍  ഒക്കെ കെട്ടിപ്പെറുക്കി കാറില്‍ ഞങ്ങള്‍ മടങ്ങുകയാണ്. വഴിയില്‍ വച്ച് ' ഇനി ഇത്തരം പരിപാടിക്ക് പോകുന്നില്ല ' എന്ന് മേരിക്കുട്ടി പറഞ്ഞു. പോകണ്ടാ എന്ന്  ഞാന്‍ പറഞ്ഞാലും ഉത്സാഹത്തോടെ ഇത്തരം സ്ഥലങ്ങളില്‍ സാരി വില്‍പ്പനക്ക് ഇറങ്ങിയിരുന്ന ഇവള്‍ക്ക് എന്ത് പറ്റി എന്ന് ഞാന്‍ ചിന്തിച്ചു. വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ കാര്യം പറഞ്ഞു. നമ്മുടെ സഹായി സാരികള്‍ മടക്കുന്നതിനിടയില്‍ അവളുടെ കാലില്‍ പല വട്ടം ചവിട്ടുക ആയിരുന്നുവത്രെ ! ആദ്യമൊക്കെ അറിയാതെ ചവിട്ടിയതാവും എന്നാണു അവള്‍ കരുതിയത്. പിന്നെയും, പിന്നെയും ഇതാവര്‍ത്തിച്ചപ്പോളാണ് അവള്‍ അവിടെ നിന്ന് സ്ഥാനം മാറിയത്. 

എന്നോട് പറയാമായിരുന്നില്ലേ എന്ന് ഞാനവളോട് ചോദിച്ചു. അവിടെ ഒരു സീന്‍ ഉണ്ടാക്കണ്ടാ എന്ന് അവള്‍ കരുതിയത്രെ. മാത്രമല്ലാ, അവളുടെ കസ്റ്റമറും, സുഹൃത്തുമായ ഒരുവള്‍ ആണ് സഹായിയുടെ ഭാര്യ എന്നതിനാല്‍ ആ വെളിപ്പെടിത്തല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് കരുതിയിട്ടാണത്രെ അവള്‍ മൗനം പാലിച്ചത്. കേട്ടപ്പോള്‍ അവളുടെ നിലപാട് ശരിയാണെന്ന് എനിക്കും തോന്നി. മാത്രമല്ലാ, ഒരു രാജ്യത്തിന്റെ പ്രഥമ വനിതയുടേതെന്ന് കരുതി പ്രസിഡണ്ടിന്റെ കാലില്‍ ആളുമാറി ചവിട്ടിയ മറ്റൊരു രാജ്യത്തിന്റെ പ്രധാന മന്ത്രിയുടെ അബദ്ധം, അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളില്‍ ഇന്നും പറയപ്പെടുന്ന ഒരു തമാശക്കഥ നമ്മളും കേട്ടിട്ടുള്ളതാണല്ലോ ? വളരെ ( മാന്യ? ) നായ ഈ സഹായി ഇന്നും പല സംഘടനകളുടെയും തലപ്പത്ത് കൊളീനോസ് പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടാറുമുണ്ട്. ( അമേരിക്കയിലെ മലയാളി സംഘടനകളുടെ തലപ്പത്തിരിക്കുന്ന എത്ര കൊളീനോസ് ജന സേവകര്‍ കണ്ടാല്‍ കൊള്ളാവുന്ന പെണ്ണുങ്ങളുടെ കാലില്‍ ചവിട്ടി രസിക്കുന്നവര്‍ അല്ലെന്ന് ആര് കണ്ടു എന്ന് ഞാന്‍ സംശയിക്കുന്‌പോള്‍ അങ്ങിനെ അല്ലാത്തവര്‍ ക്ഷമിക്കുമല്ലോ ? )
ഏതായാലും മലയാളി ഫങ്ഷനുകളില്‍ സാരി വില്‍പ്പനക്കിറങ്ങുന്ന പരിപാടി അതോടെ അവള്‍ നിര്‍ത്തി. വീണ്ടും പലരും ക്ഷണിച്ചെങ്കിലും, ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞ് അവള്‍ ഒഴിവായി. 

സാരികള്‍ വാങ്ങാനെത്തുന്നവര്‍ ചുരിദാറുകളും,  ലങ്കാ ചോളികളും, കുട്ടികളുടെ വസ്ത്രങ്ങളും ഒക്കെ ആവശ്യപ്പെടാന്‍ തുടങ്ങിയെങ്കിലും, എല്ലാം കൂടി സ്‌റ്റോക് ചെയ്യാനുള്ള ഇടം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതിനകം പാസ്റ്ററുടെ ആത്മീയ ശിഷ്യനായിത്തീര്‍ന്ന ഞാന്‍ പാസ്റ്ററുടെ മുന്നില്‍ ഈ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതികരണമാണ് പാസ്റ്ററില്‍ നിന്നും ഉണ്ടായത്. ' അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ മാറിത്തരാം, ബിസിനസ് നന്നായി നടക്കട്ടെ ' എന്നാണു പാസ്റ്റര്‍ പറഞ്ഞത്. മകന്‍ അദ്ദേഹത്തോട് മടങ്ങിച്ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നും, അടുത്ത സമ്മറില്‍ തന്നെ മകന്റെ കൂടെ പോവുകയാണെന്നും   അദ്ദേഹം പറഞ്ഞു. 

പാസ്റ്ററോട് നന്ദി പറയുവാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. എത്രയായാലും ബൈബിളും കയ്യില്‍ പിടിച്ചു നടക്കുന്നവര്‍ക്ക് അത്രക്കങ്ങു തറയാവാന്‍ സാധിക്കുകയില്ലെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു.

പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍  - 67 :  ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക