Image

ധ്യാനാത്മകമീ പുണ്യദിനം… (ബിന്ദു ടിജി)

Published on 11 April, 2020
ധ്യാനാത്മകമീ പുണ്യദിനം… (ബിന്ദു ടിജി)
ചിലപ്പോൾ ഞാൻ  കടൽ പോലെ പ്രക്ഷുബ്‌ധം,
ചിലപ്പോൾ   മരണവേദന  തിരിച്ചറിയാനാവാതെ തരിച്ചിരിക്കുന്നു.
ഏറ്റവും ശേഷ്ഠമായ സൃഷ്ടി എന്ന അഹം ബോധ ത്തിൽനിന്ന് പ്രകൃതി യ്ക്ക് ഞാൻ ഒരു കീടം മാത്രം എന്ന ആത്മബോധത്തിലേക്ക്  ഉൾവലിയുന്നു . ജീവനെ താങ്ങുന്ന ഭാരമില്ലാത്ത ഒരു വായു കണ ത്തെ ഞാൻ നേർക്കുനേർ കാണുന്നു. ലഘുത്വത്തിലെ  മഹത്വം എന്നെ ലജ്ജിപ്പിക്കുന്നു.
 ”ആൾക്കൂട്ടത്തിൽ തനിച്ച്”  എന്ന സർഗ്ഗാത്മക ഭാവന ഇന്ന്    നിത്യജീവിത നിയമമാകുന്നു . മനുഷ്യാ നീ തനിച്ചാവൂ,
സ്വാർത്ഥനാകൂ , എന്ന അശരീരി മുഴങ്ങുമ്പോൾ    സ്വാർത്ഥത ഒളിച്ചു വെയ്ക്കാനാവാതെ ഞാൻ ഒറ്റയ്ക്ക് 
കരഞ്ഞു തീർക്കുന്നു. 
ചലനം നിലച്ച ലോകം അന്തരീക്ഷ മാലിന്യം  ശുചിയാക്കിയതുപോലെ.
ആചാരങ്ങളാൽ മങ്ങിപ്പോയ ഈശ്വര ചൈതന്യം ഈ  നിശ്ശബ്ദതയിൽ തിളങ്ങുന്നു. മണിനാദങ്ങളില്ലാതെ ധൂപാർച്ചനയില്ലാതെ നിശ്ശബ്ദതയിലേക്കു ഞാൻ മുങ്ങിത്താഴുന്നു .
ഒറ്റപെടുന്നവന്റെ ആത്മരോദനത്തിൽ തെളിയുന്ന ഈശ്വര ദർശനം എനിക്കിന്ന്  സാധ്യമാകുന്നു .

 ഗുരുവേ…
  നിന്റെ ആലയം ഞാൻ കച്ചവടകേന്ദ്രമാക്കിയ ദിനങ്ങളോർത്ത്  കോപമടക്കാൻ  നീ പാടു പെട്ടിട്ടുണ്ടാകും,  ചെളി പുരണ്ട കാലുകൾ  കഴുകിയിട്ടും വിനയാന്വിതനാകാത്ത എന്നെ നോക്കി നീ ഏകനായി കരഞ്ഞിരിക്കാം , ഒടുവിലെ  അത്താഴം വിളമ്പാൻ മണിമാളികയല്ല
ആർദ്രമായ ഒരു ഹൃദയം നൽകൂ എന്ന് തേങ്ങി മടുത്തിരിക്കാം.

പ്രഭോ….
ഇന്ന്  വരികളില്ലാത്ത ഒരു കവിത യാണ് നീ 
വരകളില്ലാത്ത ചിത്രവും
എന്റെ ഉള്ളനക്കങ്ങളിലെ പൊരുളും
നീ എന്നിൽ നിറയുവാ നുള്ളതാണ്‌
എഴുതി നിറക്കുവാനുള്ളതല്ല!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക