Image

വിരിപ്പാവിലെ കണ്ണുനീർ ( കഥ:പുഷ്പമ്മ ചാണ്ടി )

Published on 07 June, 2020
വിരിപ്പാവിലെ കണ്ണുനീർ ( കഥ:പുഷ്പമ്മ ചാണ്ടി )


പല വീടുകളിലും അമ്മച്ചിമാരെ ശുശ്രൂഷിക്കുവാൻ   നിന്നിട്ടുണ്ടെങ്കിലും പൊന്നി അമ്മച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമായി. ശാരീരിക വേദനയിലും ഒരു നിറഞ്ഞ പുഞ്ചിരിയോടെ  അവർ  എന്നെ സ്വീകരിച്ചു. അമ്മച്ചി ചെറുപ്രായത്തിൽ ഒരു സുന്ദരി ആയിരുന്നുവെന്നു കണ്ടാൽ അറിയാം.
" പേരൊന്നും ഞാൻ ചോദിക്കുന്നില്ല,  മോളെ എന്നെ ഞാൻ വിളിക്കൂ , മറ്റൊന്നുംകൊണ്ടല്ല പേര് ഓർമ്മ നിക്കില്ല"
തീരെ പരാതി പറയാത്ത ഒരമ്മച്ചി, ചുണ്ടിൽ സദാ തങ്ങിനിൽക്കുന്ന ഒരു ചെറു മന്ദഹാസം , ആ മന്ദഹാസം ചിരിയാകുന്നത് രാവിലെ അമേരിക്കയിലുള്ള മകനും വൈകുന്നേരം  ഇംഗ്ലണ്ടിലുള്ള മകളും ഫോൺ വിളിക്കുമ്പോഴാണ്. മക്കൾ മുടങ്ങാതെ ഫോൺ വിളിക്കും , ഫോൺ വെക്കുന്നതിനു മുൻപ് എന്നും അമ്മച്ചിക്കൊരു 
 " 'അമ്മ ഐ ലവ് യു "    സംസാരം അവസാനിപ്പച്ചാലും
 " ഐ ലവ് യു ടൂ" എന്ന് അമ്മച്ചി പിന്നെയും രണ്ടു മൂന്ന് പ്രാവശ്യം പറയും. പിന്നീട് ആ ചിരി മന്ദഹാസം ആകും.
" അമ്മച്ചി  കിടപ്പിലായിട്ടു എത്ര നാളായി ?"
" രണ്ടു വർഷം ആകുന്നു , കുളിമുറിയിൽ ഒന്ന് തെന്നി വീണതാ, പത്തു എഴുപത്തഞ്ചു വർഷം ഓടി നടന്നതല്ലേ ? കർത്താവു ഓർത്തു കാണും ഇവള് കുറച്ചു നാൾ കിടക്കട്ടെയെന്നു. "
" അപ്പച്ചൻ ?"
" ഞങ്ങളുടെ അൻപതാം കല്യാണ വാർഷികം ആഘോഷിച്ചു രണ്ടു മാസം കഴിഞ്ഞപ്പോൾ അങ്ങേരു പോയി".
അതു പറഞ്ഞപ്പോൾ അമ്മച്ചിയുടെ കണ്ണുകളേക്കാൾ എൻ്റെ  കണ്ണുകളാണ് നനഞ്ഞതു.
പതുക്കെ പതുക്കെ അമ്മച്ചി എഴുന്നേറ്റിരിക്കാൻ തുടങ്ങി, മുഖത്തെ ക്ഷീണമെല്ലാം മാറി തുടങ്ങി; ഫിസിയോതെറാപിസ്റ് എന്നും വരുമെങ്കിലും അമ്മച്ചി നടക്കാൻ ഭയപ്പെട്ടു, വീണ്ടും വീണെങ്കിലോ? ഒരു നാൾ അമ്മച്ചിയെ ഞാൻ പതുക്കെ നടത്തി, ഒരു പിഞ്ചു കുഞ്ഞിൻറെ  ആദ്യത്തെ കാൽവെപ്പുപോലെ, എൻ്റെ കൈപിടിച്ച്  അമ്മച്ചി പിച്ചവെച്ചു. എൻ്റെ  മോളെ ആദ്യമായി നടക്കാൻ സഹായിച്ചപോലെ തോന്നി. 
ദിവസവും അമ്മച്ചി മുറിയിൽ കുറച്ചു ദൂരം നടന്നു തുടങ്ങി.
ഒരു നാൾ മുറിയുടെ മൂലയിൽ ഇരിക്കുന്ന പെട്ടി ചൂണ്ടികാണിച്ചു അമ്മച്ചി ചോദിച്ചു 
" മോളെ അതൊന്നു തുറക്കുമോ ?
" താക്കോലെവിടെയാണ് ?'
" അതു പൂട്ടിയിട്ടൊന്നുമില്ല , എൻ്റെ  വീട്ടിൽ നിന്നും തന്ന പെട്ടിയാണ്, പണ്ട് അതിനൊരു മണിപൂട്ടുണ്ടായിരുന്നു ."
ഞാൻ പെട്ടി തുറന്നു, കുറച്ചു പഴയ കിടക്കവിരികൾ മടക്കി വെച്ചിരിക്കുന്നു. 
" ആ തുണികൾക്കു താഴെ ഒരു തുണി സഞ്ചിയുണ്ട് "
ആ തുണി സഞ്ചി ഞാൻ തുറന്നു , നരച്ച , നിറംമങ്ങിയ ഒരു പഴയ പട്ടു സാരി, എപ്പോഴോ അതിനു റോസ് നിറം ആയിരിന്നിരിക്കും, കസവു ഒട്ടും തന്നെ മങ്ങിയിട്ടില്ല.
അമ്മച്ചി കൈനീട്ടി ആ സാരിയെടുത്തു മടിയിൽവെച്ചു.
" ഇതു  എൻ്റെ  വിരിപ്പാവാണ്. " മനസ്സിലായില്ലേ മന്ത്രകോടി , ഈ സാരിയുടുത്താണ് ഞാൻ ആദ്യമായി ഈ വീട്ടിൽ വന്നുകയറിയതു, എൻ്റെ  പുള്ളിക്കാരൻ എനിക്ക് തന്ന ആദ്യത്തെ സാരി.
എൻ്റെ  അപ്പനോടും അമ്മയോടും യാത്ര പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു, അപ്പോൾ  അമ്മച്ചി പറഞ്ഞു മക്കളെ വിരിപ്പാവിൽ കണ്ണുനീർ വീഴരുതെന്ന്. ആ  കണ്ണുനീർ അങ്ങേരു ഒരു തൂവാലകൊണ്ടു അപ്പോൾ തുടച്ചു. പിന്നെ  എന്നെവിട്ടു പോകുന്നവരെ ഞാൻ കരഞ്ഞിട്ടില്ല. മോളെ നീ ഇവിടെയുള്ളപ്പോൾ ആണ് ഞാൻ മരിക്കുന്നതെങ്കിൽ ഈ വിരിപ്പാവ് എൻ്റെ  പെട്ടിയിൽ ഇടണം, അപ്പിടി പിഞ്ചി പോയി അല്ലങ്കിൽ ഉടുപ്പിക്കാൻ പറഞ്ഞേനെ " 
അമ്മച്ചിയുടെ സംസാരം കേട്ടിട്ട് സങ്കടം വന്നെങ്കിലും ഞാൻ ചിരിച്ചോണ്ട് പറഞ്ഞു 
" ഈ അടുത്തെങ്ങും ഇത് എടുക്കേണ്ടി  വരില്ല"
അമ്മച്ചി അതിനൊരു പുഞ്ചിരി മറുപടി തന്നു .
ഒരാഴ്ച കഴിഞ്ഞില്ല പെട്ടെന്നൊരു ശ്വാസംമുട്ടൽ, അമ്മച്ചി യാത്രയായി, അപ്പോളും ആ ചിരി മാത്രം ചുണ്ടിൽ തങ്ങിനിന്നിരുന്നു.
അമ്മച്ചിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഗേറ്റ് കടന്നു യാത്രയായപ്പോളാണ് വിരിപ്പാവിൻറെ  കാര്യം ഞാനോർത്തത്. ആ തുണിയും നെഞ്ചോടു ചേർത്ത് ഞാൻ ഓടി. അവസാനം പള്ളിയിലേക്ക് പോകാൻ കിടന്ന വണ്ടിയിൽ ചാടിക്കയറിയപ്പോൾ ആ വിരിപ്പാവ് നനഞ്ഞിരുന്നു എൻ്റെ കണ്ണുനീരാൽ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക