Image

ഒഴിമുറി

Published on 30 May, 2012
ഒഴിമുറി
ശരത്ചന്ദ്രന്റെ ജീവിതത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അതിനായാണ് തന്റെ കുടുംബാംഗങ്ങള്‍ ജീവിക്കുന്നത് എന്നുപോലും തോന്നുന്ന സാഹചര്യം. അച്ഛന്‍ താണുപിള്ളയും അമ്മ മീനാക്ഷിയുമാണ് വ്യവഹാരങ്ങളിലെ പ്രധാന കക്ഷികളും. ഇതുമായിട്ടൊക്കെ ബന്ധപ്പെട്ടാണ് അഡ്വ. ബാലാമണിയെന്ന ബാല തന്റെ വീട്ടിലെത്തുന്നതും. ബാല സമര്‍ത്ഥയാണ്. ഒരു വക്കീലിന്റെ കൂര്‍മ്മബുദ്ധിയും കുശാഗ്രതയുമൊക്കെ കൈമുതലായുള്ളവള്‍. എല്ലാവരെയും പ്രീതിപ്പെടുത്താന്‍ കഴിയുന്നവള്‍. ബാലയുടെ സംസാരവും പെരുമാറ്റവും ആചാരവുമെല്ലാം ശരത്ചന്ദ്രനെ ഏറെ ആകര്‍ഷിച്ചു എന്നതു സത്യം. ബാലക്കും ശുദ്ധഹൃദയനായ ശരത്ചന്ദ്രനെ ഇഷ്ടമായതുപോലെ. ഈ സാഹചര്യത്തിലാണ് ഇവരുടെ സൗഹൃദം പൊട്ടിമുളയ്ക്കുന്നതും. ഒരു വക്കീലും സിവിലിയനും തമ്മിലുള്ള സൗഹൃദം. ഇതു വെറും സൗഹൃദത്തിന് അപ്പുറത്തേക്കുള്ള ഒരു ബന്ധമായി കടന്നുവരാനും സഹായകരമായി.

പ്രശസ്തനടന്‍ മധുപാല്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ഒഴിമുറിയിലെ രണ്ട് സുപ്രധാനമായ കഥാപാത്രങ്ങളാണിത്. യുവനടന്‍ ആസിഫ് അലിയും ഭാവനയുമാണ് ഇവിടെ ശരത്ചന്ദ്രനെയും ബാലയെയും അവതരിപ്പിക്കുന്നത്.

തലപ്പാവ് എന്ന ചിത്രത്തിനുശേഷം മധുപാല്‍ സംവിധാനംചെയ്യുന്ന ഈ ചിത്രം കന്യാകുമാരിയിലെ തക്കല, തിരുവട്ടാര്‍, കുലശേഖരം ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിരിക്കുകയും ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമാവുകയുംചെയ്ത സ്ഥലമാണ് കന്യാകുമാരി ജില്ല. മലയാളികള്‍ക്ക്, പ്രത്യേകിച്ച് നായര്‍ സമൂഹത്തിന് ഇവിടെ ഏറെ സ്ഥാനമുണ്ട്. ഈ സമൂഹത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന വ്യവസ്ഥിതികളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.സ്ത്രീ മേധാവിത്വമായിരുന്നു ഇവിടങ്ങളില്‍ അക്കാലത്തു നടന്നുപോന്നിരുന്നത്. കുടുംബഭരണത്തില്‍ സ്ത്രീകളുടെ അധികാരം ഏറെ വലുതായിരുന്നു. അങ്ങനെയൊരു കുടുംബത്തില്‍ ജനിച്ച താണുപിള്ളയുടെ ജീവിത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

താണുപിള്ള കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പഴയ സ്ത്രീഭരണത്തെ ഒരുതരം പ്രതികാരത്തോടെ നോക്കിക്കണ്ടുള്ള ജീവിതമായിരുന്നു. അതിനിടയില്‍ ഭാര്യ മീനാക്ഷിയോടും മകന്‍ ശരത്ചന്ദ്രനോടുമൊക്കെ ഒരകല്‍ച്ച. ഉള്ളിന്റെയുള്ളില്‍ സ്‌നേഹമുണെ്ടങ്കിലും അതു പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. അതു വളര്‍ന്നെത്തുന്ന സംഭവവികാസങ്ങളാണ് തികച്ചും രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ലാലാണ് ഇതിലെ താണുപിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്നു ഘട്ടങ്ങളിലാണ് ഇതിലെ താണുപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു കഥാപാത്രമാണിത്.

മല്ലിക മീനാക്ഷിയെ അവതരിപ്പിക്കുന്നു. ശ്വേതാ മേനോന്‍, ജഗദീഷ്, കൊച്ചുപ്രേമന്‍, നന്ദുലാല്‍, ഇന്ദ്രന്‍സ്, എം.ആര്‍. ഗോപകുമാര്‍, ബാലാജി, കൃഷ്ണന്‍ എന്നിവരും നിരവധി അമച്വര്‍ നടീനടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രശസ്ത തമിഴ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

നാന്‍ കടവുള്‍, അങ്ങാടിത്തെരു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജയമോഹന്‍. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയാണ് ജയമോഹന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

അഴകപ്പനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വി. സാജന്‍, മേക്കപ്- രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- എസ്.ബി. സതീശന്‍, അസോസിയേറ്റ് ഡയറക്ടര്‍- കെ.ആര്‍. ഉണ്ണി, പ്രൊഡ. ഡിസൈനര്‍- ജയ്‌സണ്‍ ഇളങ്ങുളം, പ്രൊഡ. കണ്‍ട്രോളര്‍- എ.ഡി. ശ്രീകുമാര്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- സുദര്‍ശനന്‍, പ്രൊഡ. മാനേജര്‍- ജയശീലന്‍.

പി.എന്‍.വി. അസോസിയേറ്റ്‌സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

ഒഴിമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക