Image

ശ്രീമദ് വാല്മീകി രാമായണം പതിനാറാം ദിനം (ദുര്‍ഗ മനോജ്)

ദുർഗ മനോജ് Published on 31 July, 2020
ശ്രീമദ് വാല്മീകി രാമായണം പതിനാറാം ദിനം (ദുര്‍ഗ മനോജ്)
അരണ്യകാണ്ഡം അറുപത്തിയഞ്ചു മുതൽ എഴുപത്തിയഞ്ചു വരേയും
കിഷ്കിന്ധാകാണ്ഡം ഒന്നു മുതൽ ഏഴുവരേയും.

ക്രുദ്ധനായി ലോകത്തെ നശിപ്പിക്കാനൊരുങ്ങിയ രാമനെ ലക്ഷ്മണൻ അനുനയിപ്പിച്ചു. "ഒരിക്കലും അങ്ങ് ഇപ്രകാരം ക്രോധം കൊള്ളരുത്. ഉലകം അങ്ങയെ അഭയം പ്രാപിക്കുമ്പോൾ, അങ്ങ് ഉലകമില്ലാതാക്കുവാൻ പുറപ്പെടുകയാണോ? അങ്ങയെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ശോകം കൊണ്ടുറങ്ങിപ്പോയ അങ്ങയുടെ ജ്ഞാനത്തെ ഞാൻ ഉണർത്തുക മാത്രമാണു ചെയ്യുന്നത്. ഹേ, രഘൂത്തമ, ശത്രുവധത്തിനു യത്നിച്ചാലും. സർവ്വവും മുടിച്ചിട്ട് എന്തു പ്രയോജനം? ആ വൈരിയെ കണ്ടുപിടിച്ചു നശിപ്പിച്ചാലും."

ലക്ഷ്മണന്റെ മൊഴികൾ കേട്ടു രാമൻ കോപമടക്കി. പിന്നെ സീതയെ അപഹരിച്ച രാക്ഷസൻ ജനസ്ഥാനത്തു തന്നെ ഉണ്ടാകുമെന്ന ധാരണയിൽ കാടാകെ തിരഞ്ഞു. അപ്പോഴാണ് ജടായുവിനെ രാമൻ കാണുന്നത്. ആദ്യം ജടായുവാണ് സീതയെ അപഹരിച്ചത് എന്നു നിനച്ചുവെങ്കിലും, ചിറകറ്റു വീണു കിടക്കുന്ന ജടായു, രാവണൻ സീതയെ അപഹരിക്കവേ താനുമായി ഉണ്ടായ യുദ്ധത്തെക്കുറിച്ചു പറയുകയും, അവന്റെ തകർന്ന തേരിനേയും, തേരാളിയേയും ആയുധങ്ങളേയും കാട്ടിക്കൊടുക്കുകയും ചെയ്തു. പിന്നെ, രാവണൻ അരിഞ്ഞു വീഴ്ത്തിയ അവന്റെ ചിറകുകളും രാമനു കാട്ടിക്കൊടുത്തു. രാവണനെക്കുറിച്ചും, 'ഹാ രാമാ' എന്നു കരഞ്ഞ സീതയെക്കുറിച്ചും പറഞ്ഞ്, ജടായു ജീവൻ വെടിഞ്ഞു. ജടായുവിനായി ചിത ചമച്ച്,  അതിൽ ദഹിപ്പിച്ച്, ഗോദാവരിയിൽ ഉദകക്രിയയും ചെയ്ത് ഇരുവരും തെക്കു ദിക്കിലേക്കു യാത്ര തുടർന്നു.

ഏറ്റവും ദുർഗ്ഗമവും ഘോരവുമായ പെരുങ്കാട്ടിലൂടെ സഞ്ചരിക്കവേ അയോമുഖി എന്ന രാക്ഷസിയുടെ മുന്നിൽ അവർ പെട്ടു. തന്നെ കടന്നുപിടിച്ച അവളെ ലക്ഷ്മണൻ അംഗഛേദം നടത്തിവിട്ടു. ക്രുദ്ധയായ അവൾ അലറിക്കൊണ്ടു പോകെ, കബന്ധനെന്ന തലയും കാലുമില്ലാത്ത, നീണ്ട കൈകളും വയറിൽ ഒരു കണ്ണും വായുമുള്ള ഒരു സത്വം അവർക്കു മുന്നിൽ പ്രത്യക്ഷനായി. അതിന്റെ  കൈകളിൽ രാമലക്ഷ്മണന്മാർ പെട്ടു. ഇന്ദ്രൻ്റെ ശാപം കൊണ്ടു വികൃത ശരീരനായ ആ സത്വത്തിൻ്റെ ശക്തി കൈകളിലാണെന്നു തിരിച്ചറിഞ്ഞ രാമലക്ഷ്മണന്മാർ  അവന്റെ കൈകൾ ഛേദിച്ചു. അതോടെ ശക്തി ക്ഷയിച്ച ചത്തുമലച്ച അവനെ കുഴിയിൽ ഇട്ടു ദഹിപ്പിച്ചു. അതോടെ ശാപമോക്ഷം ലഭിച്ച കബന്ധൻ, താൻ ശാപമോക്ഷത്തിനായി രാമൻ്റെ വരവും കാത്തിരിക്കുകയായിരുന്നുവെന്നും, സീതാദേവിയെ ലഭിക്കുവാൻ, ബാലീ സഹോദരൻ സുഗ്രീവനുമായി സന്ധി ചെയ്യുകയാണു മാർഗമെന്നും ഉപദേശിച്ചു. ഒപ്പം പമ്പാതീരത്ത് മാതംഗവനത്തിനടുത്ത്  ഋഷിമൂകമെന്ന സ്ഥലത്തു പാർക്കുന്ന സുഗ്രീവനെ കണ്ടെത്തുവാനുള്ള മാർഗ്ഗങ്ങളും പറഞ്ഞുകൊടുത്ത് കബന്ധൻ മറഞ്ഞു.

തെക്കുദിക്കുനോക്കി നടന്ന രാമലക്ഷ്മണന്മാർ ഒടുവിൽ പമ്പാതീരത്തു ശബരി ആശ്രമത്തിലെത്തി. ആ സാധ്വിയുടെ ആതിഥ്യം സ്വീകരിച്ച രാമൻ അവരെ അനുഗ്രഹിച്ചു. രാമനെ കണ്ടു ചരിതാർത്ഥയായ അവർ അഗ്നിയിൽ ശരീരം വെടിഞ്ഞു, സ്വർഗം പ്രാപ്തമാക്കി വിണ്ണിലേക്കുയർന്നു.
പിന്നെ രാമലക്ഷ്മണന്മാർ  പമ്പാ സരസ്സിൽ എത്തിച്ചേർന്നു. നീർക്കോഴി, മയിൽ, മരംകൊത്തി, തത്ത തുടങ്ങിയ പക്ഷികൾ കൂകുന്നതും, പൂത്തുലഞ്ഞ പല തരം മരങ്ങൾ തിങ്ങിനിറഞ്ഞതുമായ വനം കണ്ടു അവർ നടന്നു. നറുവരിമരം, പുന്നാഗം, അശോകം തുടങ്ങിയവ നിറഞ്ഞ ഉപവനങ്ങളും, പല വല്ലികളാലും വൃക്ഷങ്ങളാലും ചൂഴപ്പെട്ട്, പല നിറമാർന്ന കമ്പിളി പോലുള്ള  ആമ്പലുകളും താമരകളും നിറഞ്ഞ പമ്പ കണ്ട് രാമൻ സീതയെ ഓർത്തു ദീനാർത്തനായി.

അരണ്യകാണ്ഡം സമാപ്തം.

കിഷ്കിന്ധാകാണ്ഡം ആരംഭം

പമ്പാതീരത്തെ പ്രകൃതി മനോഹാരിതയിൽ രാമൻ സീതയെക്കുറിച്ചോർത്തു കൂടുതൽ വിഷാദിച്ചു. പൂത്തു കായ്ച്ചു നിൽക്കുന്ന മരങ്ങങ്ങളും തെളിനീരുറവകളും ചെറു താമര പൊയ്കകളും, പക്ഷികളുടെ കൂജനവും ഒക്കെ രാമനിൽ വിരഹ വേദന ശക്തമാക്കി.
ഇതേ സമയം ഋഷ്യമൂകത്തിനടുത്തു കൂടി സഞ്ചരിച്ചിരുന്ന രാമലക്ഷ്മണൻമാരെ സുഗ്രീവൻ കണ്ടു. അവർ ബാലിയുടെ ചാരന്മാരാകുമെന്നു ശങ്കിച്ചു വേഗം എല്ലാ വാനന്മാരുമായി ഇക്കാര്യം ചർച്ച ചെയ്തു. ഒപ്പം ഇവർ ആരെന്നും എന്തെന്നും അറിഞ്ഞു വരാൻ ഹനുമാനെ അയക്കുകയും ചെയ്തു. ഹനുമാൻ ബ്രാഹ്മണ വേഷത്തിൽ രാമലക്ഷ്മണന്മാർക്കു മുന്നിൽ പ്രത്യക്ഷനായി. എന്നിട്ട്, അവരുടെ വരവിന്റെ ലക്ഷ്യമെന്തെന്ന് ആരാഞ്ഞു. ഒപ്പം ബാലിയുടെ കോപമേറ്റു രാജ്യവും ഭാര്യയും നഷ്ടമായി ബാലികേറാമലയായ ഋഷ്യമൂകത്തിൽ ഭയന്നു കഴിയുകയാണു സുഗ്രീവനെന്നും അറിയിച്ചു.

ഇതുകേട്ടു ലക്ഷ്മണൻ തങ്ങൾ തേടിയതു സുഗ്രീവനെയാണെന്നും സന്ധി ചെയ്യുവാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. രാമനിർദ്ദേശപ്രകാരം രണ്ടുപേരേയും ഹനുമാൻ സുഗ്രീവനു മുൻപാകെ എത്തിച്ചു. അവിടെ വച്ച് സുഗ്രീവനു രാജ്യം വീണ്ടെടുത്തു നൽകാൻ സഹായിക്കുമെന്നു രാമനും, സീതയെ കണ്ടെത്തുവാൻ സഹായിക്കുമെന്നു സുഗ്രീവനും സഖ്യം ചെയ്തു.കൂടാതെ, രാവണൻ തട്ടിക്കൊണ്ടു പോകുന്ന സമയം സീത താഴേക്കിട്ട ആഭരണങ്ങളും ഉത്തരീയവും കാട്ടിക്കൊടുക്കുകയും ചെയ്തു.  സീതയുടെ ആഭരണങ്ങൾ കണ്ട്, അവ മാറോടു ചേർത്തു രാമൻ പൊട്ടിക്കരഞ്ഞു.ദീനനായ രാമനെ സുഗ്രീവൻ സമാശ്വസിപ്പിച്ചു.

പതിനാറാം ദിനമായ ഇന്ന്
അരണ്യകാണ്ഡം ജടായുവിൻ്റെ മൃത്യുവിനാൽ ദുഃഖകരമായി അവസാനിച്ചു. ജടായു രാവണനുമായി നടത്തിയ ഉജ്ജ്വലമായ യുദ്ധമാണ്. തേരും തേരാളിയും വെൺകൊറ്റ കുടയും ആയുധങ്ങളും ഒക്കെ ആ പക്ഷി വീരൻ നശിപ്പിക്കുന്നുണ്ട്. രാവണനെ തോല്പ്പിക്കാനാവില്ലെന്നറിഞ്ഞു കൊണ്ടുള്ള മരണയുദ്ധമാണു ജടായു നടത്തിയത്. അതിനാലാണ് മനുഷ്യനെന്ന നിലയിൽ രാമൻ ഉദകക്രിയ ചെയ്യുന്നതും.

ശബരിയെന്ന സാധ്വി രാമനെക്കാണുവാൻ മാത്രമായി ജീവിതം നീട്ടി വയ്ക്കുകയായിരുന്നു.രാമന് ആതിഥ്യമരുളി അനുഗ്രഹീതയായി അവർ ശരീരം വെടിഞ്ഞു.ഇനി കിഷ്കിന്ധാകാണ്ഡത്തിൽ രാമൻ, സീതയെ കട്ട രാവണൻ എവിടെയാണൊളിഞ്ഞിരിക്കുന്നത് എന്ന ചിന്തയിലാണ് തെക്കു ദിക്കിലേക്കു സഞ്ചരിക്കുന്നത്. അവിടെ  ജേഷ്ഠനാൽ രാജ്യ ഭ്രഷ്ടനാക്കപ്പെട്ട, ഭാര്യ അപഹരിക്കപ്പെട്ട സുഗ്രീവനുണ്ട്.രാമനും സുഗ്രീവനും സമാന കാര്യത്തിൽ ദുഃഖിതരുമാണ്. അതിനാൽ പരസ്പരം സഖ്യം ചെയ്തു കൊണ്ടു മുന്നേറാം എന്നവർ നിശ്ചയിക്കുന്നു. രാമായണത്തിൽ ഹനുമാൻ രംഗ പ്രവേശം ചെയ്യുന്നതും ഇതേ അവസരത്തിലാണ്.

പതിനാറാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക