Image

പെണ്ണാടും വെള്ളക്കരടിയും ( കഥ: പുഷ്പമ്മ ചാണ്ടി )

Published on 01 August, 2020
പെണ്ണാടും വെള്ളക്കരടിയും ( കഥ: പുഷ്പമ്മ ചാണ്ടി )
ഊട്ടിയിലെ വേനൽക്കാലവസതിയിലെ വരാന്തയിൽ  ചൂരക്കസേരയിൽ  അവൾ അലസമായി ചാരിക്കിടന്നു. നിശ്ചലമായ പ്രകൃതി. ഇടയ്ക്കു കുളിരണിയിക്കാൻ കയറി വരുന്ന മഞ്ഞും. നോക്കെത്താ ദൂരത്തു പരന്നു  കിടക്കുന്ന തോട്ടം.
 മനസ്സിന് ഒരു സന്തോഷവുമില്ല അതാണ് ഈ കാഴ്ചകളെല്ലാം വിരസമായിട്ടു തോന്നുന്നത്.
ചെടികളെല്ലാം പൂവിട്ടു  നിൽക്കുന്നു, 
എന്നിട്ടും ഒരു വർണപ്പകിട്ടു തോന്നിക്കുന്നില്ല.. 
മൂകത, വിരസത , എല്ലാം ചേർന്നൊരു വികാരം, 
അല്ല, വൈകാരികാനുഭവം ഇല്ലാത്ത അവസ്ഥ.
അടുത്തെങ്ങും ഒരു വീടു പോലുമില്ല, ഒന്നിറങ്ങിപ്പോയി കുശലം പറയാൻ .

പക്ഷെ, അയാൾക്കിവിടം തിരക്കുകൾ മറന്നു ഓടിവരാൻ ഒരിടമാണ്. പിരിമുറുക്കം കുറയ്ക്കാൻ, പിന്നെ രാവും, പകലും ഉറക്കം..
ദിവസങ്ങൾ ബാക്കിവെച്ച ഉറക്കം മുഴുവൻ ഇവിടെ വന്നുറങ്ങിത്തീർക്കും. 
മനുഷ്യർക്കെങ്ങനെയാണ് ഇങ്ങനെ കിടന്നുറങ്ങാൻ കഴിയുന്നത്?  
അത് കാണുമ്പോൾ വല്ലാത്ത ദേഷ്യംവരും, കൂടെ കുറച്ച് അസൂയയും. അയാൾക്കുമാത്രം ഉറങ്ങാനുള്ള മന്ത്രം ഈ കെട്ടിടത്തിൽ എവിടെയോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു . 
അവളെ സംബന്ധിച്ചിടത്തോളും ഇതൊരു തടവറയാണ്. പാചകം ചെയ്യുന്ന ഒരമ്മയും,  തോട്ടം നോക്കുന്ന അവരുടെ മക്കളും മാത്രമുള്ള ഒരു ലോകം .
ഇവിടെ വന്നാൽ പിന്നെ നിദ്രാവിഹീനമാണ് ഓരോ രാവും പകലും .

" ഈ തണുപ്പിൽ, ഇങ്ങനെ പുതപ്പിന്റെ കീഴെ ഉറങ്ങാനെന്തു രസമാണ്. നീ ഇങ്ങുവന്നെന്നെ ഇറുകെ കെട്ടിപ്പിടിച്ചു കിടക്കൂ ." അയാൾ വിളിക്കും, 
അവൾ അതു കേൾക്കാത്ത ഭാവത്തിൽ തലവരെ മൂടിപ്പുതച്ച്, കണ്ണുകൾ ഇറക്കിയടച്ചു കിടക്കും "  കൂർക്കം വലിക്കാൻ ഒരു വിഫലശ്രമം കൂടി നടത്തും ... ചിലപ്പോൾ  അവളുടെ അഭിനയം പിടിക്കപ്പെടുകയും ചെയ്യും. . 

ഇനിയുള്ള ദിവസങ്ങളെങ്ങനെ തള്ളിനീക്കുമെന്നാലോചിച്ചു വിഷണ്ണയായിരുന്ന അവളുടെ ശ്രദ്ധ പെട്ടെന്ന്  വേലിചാടിക്കടക്കാൻ ശ്രമിക്കുന്ന ആടിലേക്ക് തിരിഞ്ഞു.അത് കുറേനേരമായി കൊമ്പുകൊണ്ടു ആ വള്ളി പടർത്തിയ വേലിക്കകത്തൊരു  വിടവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു.

ഇഷ ആടിനെത്തന്നെ നോക്കിയിരുന്നു.നല്ല സുന്ദരിയായ  വെളുത്ത ആട് . നല്ല ചന്തമുണ്ട് കാണാൻ ...കഴുത്തിൽ ഒരു കിങ്ങിണി,  ഓ... അതൊരു പെണ്ണാടാണ്. ഭുവന്റെ  ഭാഷയിൽ  പറഞ്ഞാൽ,
എല്ലാ മൃഗങ്ങളുടെയും അയാൾ അങ്ങനെയേ പറയൂ. 
"പെൺപൂച്ച , പെൺനായ് , പെണ്ണാട് , പെൺപുലി" പെൺകൊതുകുകളെ അയാൾ കൃത്യമായി കണ്ടിപിടിക്കും. 
ഇക്കാര്യത്തെച്ചൊല്ലി ഒരിക്കൽ ഭുവനോട് വഴക്കും പിടിച്ചതാണ്. .
" നിങ്ങളെന്താണ് , എല്ലാത്തിനെയും ഇങ്ങനെ ലിംഗം ചേർത്ത് വിളിക്കുന്നത് ?"

" തെറ്റുണ്ടോ ?"
"തെറ്റല്ല , എവിടെയോ ഒരു ...MCP  സ്വരം, അങ്ങനെ പറയുമ്പോൾ "

" അതെ ഞാനൊരു MCP  ആണ് ,എന്തെങ്കിലും  കുഴപ്പം ഉണ്ടോ അതുകൊണ്ടു  ?"

അയാൾ അങ്ങെനയാണ് ഇപ്പോഴും , കീറിമുറിക്കുന്നപോലെ ഉത്തരം പറയും . ആ സമയങ്ങളിൽ അവളയാളെ തുറിച്ചു നോക്കും. സംസാരം അവിടെ തീരും .അയാളോട് ഒരിക്കലും തർക്കിച്ചു ജയിക്കാൻ പറ്റില്ല. ജയിക്കാൻ  സാധിക്കാത്ത ഇടങ്ങളിൽ,  തോൽക്കാതെ ഇരിക്കാമല്ലോ ?
അവളുടെ ശ്രദ്ധ പിന്നെയും ആ ആടിലേക്കു തിരിഞ്ഞു , എത്ര നേരമായി അത് പരിശ്രമിക്കുന്നു , ആ ഫെൻസിങ് പതുക്കെ ഒന്ന് മാറ്റികൊടുത്താലോ? വേണ്ടാ. ഭുവൻ ഉറപ്പായിട്ടും വഴക്കു പറയും.
ഇവിടുത്തെ ചെടിയൊക്കെ  അത് തിന്നു തീർക്കും . നാളെ നോക്കാം. അവൾക്കു ചാടിക്കടക്കാൻ സാധിച്ചില്ലെങ്കിൽ ആരും കാണാതെയതു തുറന്നുകൊടുക്കാം കിങ്ങിണിയുള്ള ആ പെണ്ണാട് ജയിക്കട്ടെ.

തീരെ പ്രതീക്ഷിക്കാതെ ഭുവൻ പുറകിൽനിന്നും വന്നു അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു.

ആമസോൺ മഴക്കാടുകളിൽ കണ്ടുവരുന്ന ഒരു തരം ചിത്രശലഭമാണ് ബ്ലൂ മോർഫോ (Blue Morpho ) അതിൻ്റെ ചിത്രം , നല്ല ഭംഗിയുള്ള ഒരു തരം നീലനിറം,അതവൾ പിൻകഴുത്തിൽ പച്ചകുത്തിയിരുന്നു .വിവാഹനിശ്ചയം കഴിഞ്ഞ ആദ്യ നാളുകളിൽ എപ്പോഴോ  അയാൾ അവളെ    ആദ്യമായി ചുംബിച്ചത് പിൻകഴുത്തിലാണ്.അന്നവൾ പുളികിതയായി. ഉടലാകെ പൂത്തുലഞ്ഞപോലെ തോന്നി. അതിന്റെ ഓർമയ്ക്കായി ചെയ്ത വിഡ്ഢിത്തം തനിക്കു പിൻകഴുത്തു കാണാനും വയ്യ, അതൊട്ടു തുടച്ചുമാറ്റാനും വയ്യ. 
കസേര വലിച്ചിട്ടു ഭുവൻ  അവളുടെ അടുത്തിരുന്നു. തൻ്റെ കാലെടുത്തു  ഇഷയുടെ മടിയിൽ വെച്ചു , 
" ബോറടിച്ചോ ?"
" ഉം ... നമുക്ക് തിരികെ പോകാം , ?
" വന്നിട്ട് രണ്ടു ദിവസമായതല്ലേയുള്ളു, 
പോകാം , ഒരു രണ്ടുദിവസംകൂടി കഴിയട്ടെ  നിനക്കവിടെച്ചെന്നിട്ടു  പ്രേത്യകിച്ചെന്തെങ്കിലും assisgnment ഉണ്ടോ ? "
ആ ചോദ്യത്തിനൊരു പരിഹാസച്ചുവയുണ്ടായിരിന്നു അവളതു ശ്രദ്ധിക്കാതെ പറഞ്ഞു,
" ബോറടിക്കുന്നു , "
' ബോറിനെ തിരിച്ചടിക്ക്, അതെല്ലേ നീ സാധാരണ ചെയ്യാറ് , " 
അത് പറഞ്ഞിട്ട് അവളെ നോക്കി അയാൾ ചിരിച്ചു. ഭുവൻ അങ്ങനെയാണ് , അയാൾ തന്നെ തമാശ പറയും   അയാൾ തന്നെ ചിരിക്കുകയും ചെയ്യും "

അയാളുടെ കാലുകൾ തൻ്റെ മടിയിൽ വലിയ ഭാരമായി അവൾക്കു  തോന്നി. വെളുത്ത കാലുകളിലെ ചെമ്പൻ രോമം .
ആദ്യരാത്രിയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി. മുഖത്തിനു യോജിക്കാത്ത ആകാരം.
വെളുത്തശരീരം നിറയെ ചെമ്പൻ രോമം. കല്യാണനിശ്ചയം മുതൽ ആറുമാസത്തേക്ക് ചുറ്റിനടന്നിട്ടും അയാളെപ്പറ്റി ഒന്നും അറിഞ്ഞില്ല. 
ചുറ്റുമോരു  മായാലോകമായിരിന്നു.
പ്രേമം തലക്കുപിടിച്ചാൽ പിന്നെ ചുറ്റും നടക്കുന്നതൊന്നും കാണില്ലല്ലോ ? അറിയില്ലല്ലോ?
ആദ്യരാത്രിയിലെ ആക്രമം കഴിഞ്ഞപ്പോൾ ദേഹമാസകലം ബ്ലൂ മോർഫോ, കരിംനീല ചിത്രശലഭങ്ങൾ ചത്തുവീണു കിടക്കുന്നതുപോലെ, അതിനോരു ഓമനപ്പേരും love bites ... 
സങ്കടം താങ്ങാൻ ത്രാണിയില്ലാത്ത അവൾ അമീഷായെ വിളിച്ചു. അവളാണേറ്റവുമടുത്ത കൂട്ടുകാരി.
" അമി "
" എന്താ ഈ പാതിരാത്രിയിൽ , "
"നീ ഉറങ്ങിയോ ? 
"ഇപ്പോൾ മണി എത്രയായെന്നറിയുമോ നിനക്ക് ? "
"ഉറക്കം വരാതെ പിന്നെന്തു ചെയ്യും ? "
"അല്ല മോളെ  ഇന്നു നിന്റെ  ആദ്യരാത്രിയല്ലേ, അങ്ങ് ഊട്ടിയിൽ. 
പിന്നെന്താ നീ ഈ നേരത്തു ?" 
( ജീവിതം തുടങ്ങുന്നത് ഊട്ടിയിലെ അയാളുടെ കുടുംബവീട്ടിൽ നിന്നാകണമെന്നായിരുന്നു ആഗ്രഹം. ഇതാണോ ജീവിതം?  )
അവളുടെ ഉറക്കം പോയെന്നുറപ്പായി.
കട്ടിലിൽ ചാരിയിരുന്നു സിഗരറ്റു കത്തിക്കാൻ ലൈറ്റർ എടുക്കുന്ന ശബ്ദം .
" are you going to  smoke ?" 
ഇപ്പോൾ അത്യാവശ്യം അറിയിയേണ്ട കാര്യമാണോ  അത്.,? നീ വിളിച്ച കാര്യം പറയൂ "
"നീ അടുത്തുണ്ടായിരുന്നങ്കിൽ ഞാനൊരു സിഗരറ്റ് പുകച്ചേനെ." 
" നടക്കാത്ത, നടപ്പില്ലാത്ത കാര്യം പറയാതെ വിളിച്ചകാര്യം പറയൂ "
ഒരു പൊട്ടിക്കരച്ചിലായിരിന്നു അതിനുളള  മറുപടി.
" ഇഷ കരയാതെ, കാര്യം പറയൂ , 
" bhuvan is so hairy,  ദേഹം മുഴുവനും രോമം , എനിക്ക് എന്തോ പോലെ "
" അത് പൗരുഷത്തിന്റെ ലക്ഷണമല്ലേ ? ഇതൊക്കെ കെട്ടുന്നതിനു മുൻപേ നോക്കാൻ വയ്യായിരുന്നോ ? പാതിരാത്രിയിൽ വിളിച്ചു മോങ്ങാൻ പറ്റിയ സബ്ജെക്ട് '"
"എനിക്ക് രോമം ഇഷ്ടമല്ല "
" എങ്കിൽ വല്ല ചൈനക്കാരനെയും കെട്ടിയാൽ പോരായിരുന്നോ ? കരച്ചിൽ നിർത്തിയിട്ടു പോയി കിടക്കാൻ നോക്ക് "
" രോമം മാത്രമല്ല, എനിക്ക് ഒന്നും ഇഷ്ടമല്ല.
"He was like a wild animal and he attacked me so brutally that I am bruised all over"

"എനിക്ക് ഡിവോഴ്സ് വേണം "
" നീ എന്താ ഓർത്തത് അയാൾ നിന്നെ ചുംബിച്ചു മാത്രം കഴിയുമെന്നോ ? എനിക്ക് അന്നേ അയാളെ ഇഷ്ടമായില്ല , അപ്പോൾ , made for each other,  എന്തൊക്കെയായിരിന്നു ... നീ പെട്ടു മോളേ രക്ഷയില്ല..
 നീ ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചിച്ചിട്ടു പോയിക്കിടന്നുറങ്ങാൻ നോക്ക് വേണെമെങ്കിൽ ഒരു പെയിൻ കില്ലർ എടുത്തോ "
" എന്നെ ആശ്വസിപ്പിക്കാനെങ്കിലും എന്തെങ്കിലുമൊന്നു പറഞ്ഞുകൂടേ ?"
" ഇന്ന് രാത്രിയിലിനി ഒന്നും  ചെയ്യാൻ പറ്റില്ല , ഉറങ്ങാൻ നോക്ക്"
അവൾ പിന്നെയും പറഞ്ഞു.  അമി അങ്ങനെ ആണ്, 
ഒരു ടോംബോയ്. കല്യാണം വേണ്ടേ, ജീവിതകാലം മുഴുവനും ഒറ്റയ്ക്കു കഴിയാൻ തീരുമാനിച്ച അവളോട് ഇതൊക്കെ  പറഞ്ഞിട്ടെന്തു കാര്യം..?
കട്ടിലിന്റെയറ്റത്തു , അയാളെ തൊടാതെ,  അവൾ കിടന്നുറങ്ങി.  രാവിലെ എഴുനേൽക്കാനും വൈകി .
കണ്ണ് തുറന്നപ്പോൾ ഭുവനെ കണ്ടില്ല.. പുറത്തിറങ്ങി നോക്കിയപ്പോൾ   അയാൾ തൻ്റെ രംഗൂൺ ക്രീപ്പർസ്, ബ്ലൂ മോർണിംഗ് ഗ്ലോറി , സ്റ്റാർ ജാസ്മിൻ , ഇവരോടൊക്കെ കിന്നാരം പറഞ്ഞു നിൽക്കുന്നു .  
ഭുവനു  വള്ളിച്ചെടികളോടു വല്ലാത്ത  പ്രണയമാണ്. വീടിനു ചുറ്റുമുളള, ഫെൻസിങ്ങെല്ലാം വള്ളിച്ചെടികളാണ്. ഏതിനത്തെപ്പറ്റി ചോദിച്ചാലും വാചാലനാകും. ബൊട്ടാണിക്കൽ പേര് വരെ കാണാപാഠം. 
വള്ളിച്ചെടികൾ പടരും,  വലിഞ്ഞു മുറുക്കും 
 "എനിക്ക് പടരേണ്ട, എന്നെ വരിഞ്ഞു മുറുക്കരുതേ ...."
.
ഈ നേരമെല്ലാം ഭുവൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു . 
" എന്താ നോക്കുന്നത് ?"
" നീ ശരിക്കും ബ്യൂട്ടിഫുൾ ആണ് "
" കല്യാണം കഴിഞ്ഞു മൂന്നുവർഷം കഴിഞ്ഞപ്പോൾ ആണോ അത് കണ്ടുപിടിച്ചത് ?
"I just enjoy looking at you"
" ഞാൻ ഇത്രയുമൊക്കെ പറഞ്ഞിട്ട് നിൻറെ മുഖത്തൊരു ഭാവഭേദവും ഇല്ലലോ ? മുൻപേ ഞാൻ എന്ത് പറഞ്ഞാലും you would blush "
അവൾ നിസ്സഹായയായി അയാളെ നോക്കി. പിന്നെ പതുക്കെ അയാളുടെ കാൽ മടിയിൽനിന്നുമെടുത്തു താഴെ വെച്ചു .
അകത്തേക്ക് പോകുന്നതിനിടയിൽ അയാൾ പറഞ്ഞു 
"ഇഷ നമുക്ക് നാളെ തിരികെ പോകാം "
സന്തോഷം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറിപ്പോയി . 
രാത്രിയിൽ അയാളുടെ കരവലയത്തിൽക്കിടന്നു ശ്വാസംമുട്ടുമ്പോൾ അവൾ കിങ്ങിണിയുള്ള ആ വെളുത്ത പെണ്ണാടിനെക്കുറിച്ചോർത്തു.
നാളെ നാട്ടിൽ പോകുന്നതിനു മുൻപ് ആ വേലി മാറ്റി കൊടുക്കണം .

ഇഷ രാവിലെ എഴുന്നേറ്റതും പുറത്തിറങ്ങി നോക്കി. ആടിനെ കണ്ടില്ല.
വണ്ടിയിൽ  തിരികെ പോകാൻ സാധനങ്ങളെടുത്തുവെക്കുമ്പോഴും അവളുടെ കണ്ണ് 
വേലിക്കലായിരിന്നു.
കിങ്ങിണി കിലുക്കി അവൾ വരുമായിരിക്കും അല്ലേ ?
ഭുവൻ കാർ സ്റ്റാർട്ട് ചെയ്തു പുറത്തു ഗേറ്റ് കടന്നതും ഇഷ  പറഞ്ഞു 
" കാർ ഒന്നു നിർത്തുമോ ? , എൻ്റെ ഗാർഡിഗൻ എടുത്തു വെച്ചോന്നൊരു സംശയം "
അയാൾ കാർ നിർത്തിയതും അവൾ തിടുക്കത്തിൽ നടന്ന് ആ വേലിക്കടുക്കലെത്തി. വള്ളിച്ചെടികൾ വകഞ്ഞുമാറ്റി ആ പെണ്ണാടിനു വഴിയുണ്ടാക്കി. തിരികെ കാറിൽ കയറുമ്പോൾ ഭുവൻ ചോദിച്ചു " ഡ്രസ്സ് കിട്ടിയില്ലേ ?"
" ഞാനത് പായ്ക്കു ചെയ്തിട്ടുണ്ടാവും." 
വണ്ടി വളവുതിരിയുമ്പോൾ കുന്നിൻ ചെരിവിലങ്ങു ദൂരെ അവളാ വെളുത്ത  പെണ്ണാടിനെ കണ്ടു .
ഒരു ഗൂഢസ്മിതത്തോടെഅവൾ സീറ്റിൽ ചെരിഞ്ഞിരിന്നു കണ്ണടച്ചു ആശ്വാസത്തോടെ .....
പെണ്ണാടും വെള്ളക്കരടിയും ( കഥ: പുഷ്പമ്മ ചാണ്ടി )
Join WhatsApp News
Sana 2020-08-01 01:17:50
നല്ലൊരു കഥ. ബന്ധങ്ങൾ ബന്ധനങ്ങൾ ആവാത്ത ജീവിതം വളരെ അപൂർവമാണ്. സ്വന്തമായുള്ള സ്വാതന്ത്ര്യം പലപ്പോഴും അകലെയാണ് പല മനുഷ്യർക്കും. വിവാഹം എപ്പോഴും soul സംയോജനം ആവണമെന്ന് എന്നാണ് മനുഷ്യൻ മനസിലാക്കുക.
2020-08-01 01:39:45
Very good story. Drawing the week bond of relationship instead it seems to be strong. Dont make saffocated relationships. Let it go !
2020-08-03 03:25:28
നല്ല കഥ, മനസ്സിലരിച്ചിറങ്ങുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക