Image

ശ്രീമദ് വാല്മീകീ രാമായണം പതിനേഴാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 01 August, 2020
ശ്രീമദ് വാല്മീകീ രാമായണം പതിനേഴാം ദിനം സംഗ്രഹം (ദുർഗ മനോജ്)

കിഷ്കിന്ധാകാണ്ഡം എട്ടാം സർഗം മുതൽ ഇരുപത്തി അഞ്ചുവരെ
ബാലീ സുഗ്രീവ കഥകളാണിന്നത്തെ പ്രതിപാദ്യം

സുഗ്രീവനും രാമനും സംഖ്യത്തിലേർപ്പെട്ടുകൊണ്ട് സ്വന്തം കഥകൾ പറയവേ രാമൻ, സുഗ്രീവനും ബാലിയുമായുളള ശത്രുതയുടെ കാരണം അന്വേഷിച്ചു. സുഗ്രീവൻ ആ കഥ പറഞ്ഞു.
സുഗ്രീവൻ്റെ ജേഷ്ഠനാണു ബാലി.അച്ഛൻ മരിച്ചപ്പോൾ മുറപോലെ ബാലിയെ കിഷ്കിന്ധാധിപനാക്കി. സുഗ്രീവൻ ദാസനെപ്പോലെ അവനെ സേവിച്ചു വന്നു. ഒരിക്കൽ ദുന്ദുഭിയുടെ മകനായ മായാവിയുമായി ബാലി, സ്ത്രീ വിഷയത്തിലുണ്ടായ പോരിൽ ഇടഞ്ഞു.അതിൽ തോറ്റ മായാവി, ഒരു ദിവസം രാത്രി ഏവരും ഉറങ്ങിക്കിടക്കുമ്പോൾ  വന്നു ബാലിയെ പോരിനു വിളിച്ചു.എല്ലാവരുടേയും അപേക്ഷയും തള്ളി, ബാലി ആ രാത്രി തന്നെ ആ മായാവിയുടെ പിന്നാലെ ചെന്നു. ഒപ്പം സുഗ്രീവനും. മായാവി ഒരു ഗുഹയ്ക്കുള്ളിലേക്ക് ഓടിക്കയറി. അവിടെ എത്തിയ സുഗ്രീവനോട് ഗുഹക്കു പുറത്തുകാവൽ നിൽക്കുവാൻ ആവശ്യപ്പെട്ട്, ബാലി അകത്തേക്കു പ്രവേശിച്ചു.ഒരു വർഷം കഴിഞ്ഞു. ഒടുവിൽ ആ ഗുഹയിൽ നിന്നു മായാവിയുടെ അട്ടഹാസങ്ങൾ കേൾക്കുകയും പതഞ്ഞ ചോര പുറത്തേക്ക് ഒഴുകുകയും ചെയ്തു തുടങ്ങി. മായാവിയാൽ ബാലി വധിക്കപ്പെട്ടു എന്നു നിനച്ച് സുഗ്രീവൻ ആ ഗുഹാമുഖം വലിയ പാറകൊണ്ടടച്ചു കൊട്ടാരത്തിലേക്കു വന്നു.  മന്ത്രിമാരും ബാലി മരണപ്പെട്ടുവെന്നു കരുതി സുഗ്രീവനെ രാജാവാക്കി.എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ ബാലി തിരികെ വന്നു. സുഗ്രീവൻ പറഞ്ഞതൊന്നും കേൾക്കുവാൻ ബാലി കൂട്ടാക്കിയില്ല. ബാലി, സഹോദരൻ തന്നെ വഞ്ചിച്ചു എന്നു പറഞ്ഞു രാജ്യത്തു നിന്നും പുറത്താക്കി. ഭാര്യയെ അവൻ്റെതാക്കി. അങ്ങനെ ഹതാശനായ സുഗ്രീവൻ ബാലിക്കു ശാപം കിട്ടിയ ഋഷ്യ മൂകം എന്ന മലയിൽ നാലു സചിവരോടൊത്തു പാർത്തു വരികയാണ്.

ഈ കഥ കേട്ട രാമൻ, സുഗ്രീവനെ സഹായിക്കാമെന്നു വാക്കു കൊടുത്തു. എന്നാൽ രാമന് ബാലിയെ വധിക്കാനാകുമോ എന്ന കാര്യത്തിൽ സുഗ്രീവനു സംശയമുണ്ടായിരുന്നു. അവൻ പണ്ടു ദുന്ദുഭി എന്ന രാക്ഷസൻ പോത്തിൻ്റെ രൂപമെടുത്തു സാഗരത്തേയും, ഹിമവാനേയും വെല്ലുവിളിച്ചിരുന്ന കഥ പറഞ്ഞു. അന്ന് ഹിമവാൻ ദുന്ദുഭിയെ നേരിടാൻ ഭൂമിയിൽ ബാലി മാത്രമേ ഉള്ളൂ എന്നറിയിച്ചു.ദുന്ദുഭി ബാലിയെപ്പോരിനു വിളിച്ചു.ബാലിയുമായുള്ള ഏറ്റുമുട്ടലിൽ ദുന്ദുഭി ചത്തുമലച്ചു. അവൻ്റെ കുന്നോളം പോന്ന ശരീരം ബാലി, കാലിൻ്റെ തള്ളവിരൽ കൊണ്ടുത്തോണ്ടി ദൂരേക്ക് പറപ്പിച്ചു.ആ സമയം അവൻ്റെ പിണത്തിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ മാതംഗാശ്രമത്തെ മലിനപ്പെടുത്തി.ഇതു കണ്ടു മാതംഗ മുനി, ആശ്രമം അശുദ്ധപ്പെടുത്തിയ ബാലിയോ കിങ്കരന്മാരോ ആശ്രമത്തിൽ കടന്നാൽ കല്ലായിപ്പോകുമെന്നു ശപിച്ചു.ആ ശാപം പേടിച്ച് ബാലിയും കൂട്ടരും ഋഷ്യ മൂകത്തേക്കു കടക്കില്ല. അതിനാലാണ് സുഗ്രീവനും നാലു സചിവരും അവിടെ താമസിച്ചു വന്നത്..
ഇത്രയും ബലവാനായ ബാലിയെ രാമൻ എപ്രകാരം വധിക്കും എന്ന കാര്യത്തിൽ സുഗ്രീവനു സംശയമുണ്ടായിരുന്നു. അവൻ മാതംഗാശ്രമത്തിൽ ഒരു കുന്നുപോലെ കിടന്ന ദുന്ദുഭിയുടെ എല്ലിൻ കൂട് കാണിച്ചു കൊടുത്തു. അതു കാലിൻ്റെ പെരുവിരൽ കൊണ്ട് പത്തു വിൽപ്പാടു നീക്കാമോ എന്നു ചോദിച്ചു.രാമനതു തളള വിരൽ കൊണ്ടു ഇരുന്നൂറു യോജേന തോണ്ടി എറിഞ്ഞു എന്നിട്ടും സുഗ്രീവനു വിശ്വാസം വരായ്കയാൽ രാമൻ, ബാലി ഒറ്റ അമ്പു കൊണ്ടു തുളച്ചിരുന്ന സാല മരങ്ങൾ ഏഴെണ്ണം ഒറ്റ അമ്പു കൊണ്ടു തുളച്ചുകാട്ടി.
സുഗ്രീവനു വിശ്വാസമായി.
അവൻ പോരിനു ബലിയെ വിളിച്ചു. പക്ഷേ കാണാൻ ഒന്നു പോലിരിക്കുന്ന ബാലി സുഗ്രീവന്മാരെ വേറിട്ടു തിരിച്ചറിയാനാകാതെ രാമൻ കുഴഞ്ഞു. ഒടുവിൽ തോറ്റു തിരിഞ്ഞോടിയ സുഗ്രീവൻ ഋഷ്യ മൂകത്തിലെത്തി. പിന്നെ രാമനിർദ്ദേശപ്രകാരം ലക്ഷ്മണൻ ഗജപുഷ്പി കൊണ്ടുണ്ടാക്കിയ മാല സുഗ്രീവനു നൽകി. അതും ധരിച്ചവൻ വീണ്ടും ബാലിയെ പോരിനു വിളിച്ചു. ഇക്കുറി താര ബാലിയോടു പോരിനിറങ്ങരുത് എന്ന് അപേക്ഷിച്ചു.രണ്ടാമതും പോരിനു വന്നുവെങ്കിൽ അവനു പിന്നിൽ ശക്തമായ ആരെങ്കിലും ഉണ്ടാകും.അതിൽ ചതിവു പറ്റും എന്നുമറിയിച്ചു.
എന്നാലതു കേൾക്കുവാൻ ബാലി കൂട്ടാക്കിയില്ല.
രണ്ടാമതു നടന്ന യുദ്ധത്തിൽ സുഗ്രീവൻ തളർന്നു തുടങ്ങിയ ഘട്ടത്തിൽ രാമനെയ്ത അമ്പേറ്റ് ബാലി നിലം പതിച്ചു. വീണു കിടക്കുന്ന ബാലിയുടെ അടുത്തേക്കു രാമലക്ഷ്മണന്മാരെത്തി. അവരെക്കണ്ട ബാലി, രാമനു നേരിട്ടു ശത്രുത ഇല്ലാതിരുന്നിട്ടും എന്തിനു വേണ്ടിയാണു തനിക്കു നേരെ അമ്പെയ്തത് എന്നു ചോദിച്ചു. ഇതു കേട്ടു രാമൻ ബാലിയോടു ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ജേഷ്ഠ സഹോദരൻ, പിതാവ്, വിദ്യാദാതാവ് എന്നിവർ പിതാവിൻ്റെ സ്ഥാനത്താണുള്ളത്. അനുജനെ പുത്രനെന്നും കരുതണം.ബാലി, സഹോദരപത്നിയെ പുത്രിയായി കാണുന്നതിനു പകരം ഭാര്യയാക്കി. അത്തരം ധർമ്മഭ്രംശത്തിനു മരണമാണു ശിക്ഷ. പിന്നെ, മനുഷ്യർ മൃഗങ്ങളെ വേട്ടയാടുന്നതും പതിവു തന്നെ. ആ അർത്ഥത്തിലും രാമനു പിഴവു പറ്റിയിട്ടില്ല എന്നു ബാലിയെ ബോധിപ്പിച്ചു.തുടർന്ന് ബാലിയുടെ ഭാര്യ താര അലമുറയിട്ടു കൊണ്ട് ബാലിയുടെ അടുത്തെത്തി. അവൾക്കു സങ്കടം അടക്കുവാനായില്ല. അവളെ ഹനുമാൻ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. ഇതിനിടയിൽ അങ്ഗദനെ ചേർത്തു പിടിച്ചു കൊണ്ടു സുഗ്രീവനെ അനുസരിക്കണമെന്ന് ഉപദേശിച്ചു.കൂടാതെ സ്വന്തം കഴുത്തിലെ രത്നമാല സുഗ്രീവനു നൽകി.പിന്നെ ബാലി കണ്ണുകളടച്ചു.

ബാലിയുടെ മരണം കണ്ട താര ഭർത്താവിൻ്റെ മുഖം മുകർന്നു കൊണ്ട് ഓരോന്നു പറഞ്ഞു വിലപിച്ചുകൊണ്ടിരുന്നു. പിന്നെ രാമനിർദ്ദേശപ്രകാരം ബാലിക്ക് ഉദകക്രിയകൾ ചെയ്തു.ശേഷം ലക്ഷ്മണനോടൊത്തു സുഗ്രീവൻ രാമൻ്റെ അടുത്തെത്തി.

രാമായണത്തിൽ ധർമ്മമൂർത്തിയായ രാമനു നേരെ വായനക്കാരൻ്റെ നെറ്റി ചുളിയുന്ന ആദ്യ സന്ദർഭം ഇന്നു സംഭവിക്കുകയാണ്.കാരണം ബാലീ വധം തന്നെയാണ്.
സുഗ്രീവനുമായി യുദ്ധം ചെയ്യുമ്പോൾ മറഞ്ഞിരുന്നു ബാലിയുടെ മാറു പിളർക്കുന്ന രാമൻ.രാമൻ ആ പ്രവർത്തിച്ചത് ശെരിയോ തെറ്റോ? ഉത്തമപുരുഷനു നേർക്ക് വിമർശകർ എയ്യുന്ന ആദ്യ ശരം ഈ സന്ദർഭത്തിലാണ് സംഭവിക്കുന്നത്. അവർ പറയുന്ന കാരണങ്ങൾ നോക്കാം.
1. ബാലിയും രാമനും തമ്മിൽ ശത്രുതയില്ല.
2. രാവണനെ കീഴടക്കുവാൻ സാധിച്ചതു പരമേശ്വരനും പിന്നെ ബാലിക്കും മാത്രമാണ്. സസ്യാവന്ദന വേളയിൽ ബാലിയുടെ വാലിൽ തൂങ്ങാൻ പോയ രാവണനെ നാലു സമുദ്രത്തിലും മുക്കിയെടുത്ത കഥ വിഖ്യാതമാണ്.
സുഗ്രീവനേക്കാൾ പോരിൽ മുമ്പൻ ബാലിയാണ്.
ഇനി ഇറച്ചിക്കു വേണ്ടി വേട്ടയാടിയതാണെങ്കിൽ, കുരങ്ങുകളെ മാംസത്തിനായി വേട്ടയാടുക പതിവില്ല.

ഇവയുടെ മറുപടി ഇതാണ്.
 രാമൻ ആദ്യം സഖ്യം ചെയ്യുന്നത് സുഗ്രീവനുമായാണ്. അങ്ങനെ സുഗ്രീവ ശത്രു രാമൻ്റേയും ശത്രുവാകുന്നു.
രണ്ട്, ബാലി സുഗ്രീവനെ ഓടിച്ച ശേഷം സുഗ്രീവ ഭാര്യ രുമയെ ജീവിത പങ്കാളിയാക്കുന്നു. അനുജനെ മകനായി കാണേണ്ട സമയത്ത് അവനെ ഓടിച്ചു വിട്ട് അവൻ്റ ഭാര്യയെ പ്രാപിച്ചാൽ മരണമാണു ദണ്ഡം.
മൂന്നാമതായി ക്ഷത്രിയന്മാർക്കു ഏതു മൃഗങ്ങളേയും വേട്ടയാടാം.

ഇത്രയുമാണ് ബാലീ വധത്തിനുള്ള ന്യായങ്ങൾ.

പതിനാറാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക