Image

കുതിക്കുന്ന 'പൊന്നുംവില'യും ലോക വിപണി വിശേഷങ്ങളും (ശ്രീനി)

ശ്രീനി Published on 01 August, 2020
കുതിക്കുന്ന 'പൊന്നുംവില'യും ലോക വിപണി വിശേഷങ്ങളും (ശ്രീനി)
സ്വര്‍ണ മോഹികളെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ സ്വര്‍ണ വില ഇന്ന് (ഓഗസ്റ്റ് 1) സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ശരീരത്തിലണിയുന്ന മഞ്ഞലോഹം അങ്ങനെ കൈയെത്തും ദൂരത്തേയ്ക്ക് പോകുന്നു. എന്നാലും സ്വര്‍ണത്തിന്റെ മായിക വലയത്തില്‍ നിന്നും നമുക്ക് മോചനമില്ല. വിലയെത്ര വലിയ കുന്നുകയറിയാലും മലയാളി അതിന്റെ തൊട്ട് പിന്നാലെ തന്നെയുണ്ട്. ഓഗസ്റ്റ് പിറന്നത് ഒരു പവന്‍ സ്വര്‍ണത്തിന് 40,000 രൂപ എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. 1925 മാര്‍ച്ച് 31ലെ വില കേട്ടാലും നാം ഞെട്ടും. പവന് വെറും 13 രൂപ 75 പൈസ. 

ഇക്കൊല്ലം ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ വില. വെറും ഏഴ് മാസം കൊണ്ട് 11,000 രൂപ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതാകട്ടെ ചരിത്രത്തിലാദ്യത്തെ വര്‍ധനവും. കോവിഡ് വ്യാപനവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് മഞ്ഞലോഹത്തിന്റെ തിളക്കം കൂട്ടിയത്. ആഗോള സമ്പദ്ഘടനയ്ക്ക് തന്നെ ഭീഷണിയായാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് അനുസരിച്ച് സ്വര്‍ണ വിലയും കുതിച്ചുയരാന്‍ തുടങ്ങി. സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തില്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയെങ്കിലും സ്വര്‍ണത്തിന്റെ ഭൗതിക ആവശ്യകതയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നന്നതും ശ്രദ്ധേയം.

1965 മാര്‍ച്ച് 31വരെ പവന്റെ വില 100 രൂപയ്ക്കു താഴെയായിരുന്നു. 1970ലെത്തിയപ്പോല്‍ 135 രൂപയിലേയ്ക്ക് വില ഉയര്‍ന്നു. 1975ലെത്തിയപ്പോള്‍ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളിലായത്. 2000മായപ്പോള്‍ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോള്‍ 6,255 രൂപയിലേയ്ക്കും വില ഉയര്‍ന്നു. 2010ല്‍ വില 12,000 കടന്നു. 2015 ആയപ്പോള്‍ 19,000 രൂപയും കടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020ലെ രണ്ടാം പാദത്തില്‍ സ്വര്‍ണാഭരണ വില്‍പനയില്‍ 74 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സ്വര്‍ണാഭരണ വിപണി വലിയ ഇടിവിലാണ്. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് രാജ്യങ്ങളിലും ആഭരണവിപണി തകര്‍ന്നിരിക്കുകയാണ്. ഇതോടെ ലോക സ്വര്‍ണാഭരണ വിപണിയും 53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

ഇക്കണക്കിനു പോയാല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 50,000 രൂപയില്‍ എത്താനുള്ള സാധ്യത ഒട്ടും വിദൂരമല്ല. എന്തുകൊണ്ട് സ്വര്‍ണ്ണത്തിന് ഇങ്ങനെ വില ഉയരുന്നു എന്നു ചോദിച്ചാല്‍ ഒരു കാരണമായി ഇന്ത്യ-ചൈന, യു.എസ്-ചൈന എന്ന് ഉത്തരം പറയാം. ലോത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോഗ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക മാന്ദ്യം നേരിടാന്‍ അമേരിക്കയും യു.കെയും ഉള്‍പ്പെടെയുള്ള സാമ്പത്തിക വന്‍ ശക്തികള്‍ ഉത്തേജന പാക്കേജ് അവതരിപ്പിച്ചതോടെ വിപണിയില്‍ പണ ലഭ്യത കൂടി. ഇത് സ്വര്‍ണ്ണ നിക്ഷേപത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. അതേസമയം, ലഭ്യതയിലുള്ള കുറവും വിലക്കയറ്റത്തിന് വഴി വച്ചു. 

കൊവിഡ് പ്രതിസന്ധിയില്‍ ഇതര വിപണികളെല്ലാം അനിശ്ചിതത്വത്തിലായതോടെ ആളുകള്‍ സുരക്ഷിത മാര്‍ഗ്ഗമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്. പക്ഷേ, കൊവിഡ് വ്യാപനം മൂലം സ്വര്‍ണ്ണത്തിന്റെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ലഭ്യതക്കുറവ് സ്വര്‍ണ്ണ നിക്ഷേപത്തെ ബാധിച്ചിട്ടില്ല. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കൊല്ലം ഇതുവരെയുള്ള കണക്കനുസരിച്ച് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടിലേക്ക് (ഇ.ടി.എഫ്) എത്തിയിട്ടുള്ള നിക്ഷേപം 3950 കോടി ഡോളറാണ്. സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇ.ടി.എഫ്. 

സാധാരണ നിലയില്‍ സ്വര്‍ണ്ണ വിലയില്‍ കുതിപ്പുണ്ടാക്കുന്ന ഘടകങ്ങള്‍ സാമ്പത്തിക മാന്ദ്യം, യുദ്ധങ്ങളും കലാപങ്ങളും, പണപ്പെരുപ്പം എന്നിവയൊക്കെയാണ്. കൊറോണ വ്യാപനം കൂടിയായതോടെ ആഗോള സമ്പദ്ഘടന കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഇതോടെയാണ് പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഏറിയത്.  ഇന്ത്യന്‍ രൂപ ഒഴികെയുള്ള പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ഇടിയുന്നതും പലിശ നിരക്കുകള്‍ കൂപ്പു കുത്തുന്നതും സ്വര്‍ണ്ണ നിക്ഷേപം ഉയരാന്‍ കാരണമായി. നേരത്തെ സൂചിപ്പിച്ചതു പോലെ ഇന്ത്യ-ചൈന, യു.എസ്-ചൈന സംഘര്‍ഷങ്ങളും വിലക്കയറ്റത്തിന് ഗതിവേഗം നല്‍കി. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇതേനിലയില്‍ തന്നെ തുടരുമെന്നതിനാല്‍ സ്വര്‍ണ്ണവില കുറയുമെന്ന പ്രതീക്ഷ വേണ്ട. എന്നാല്‍ പണപ്പെരുപ്പം ശക്തമാകുന്നതോടെ വരും നാളുകളില്‍ സ്വര്‍ണ്ണവില ഉയരുകതന്നെ ചെയ്യും. 

ചൈന, ഓസ്‌ട്രേലിയ, യു.എസ്.എ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, ഘാന, കാനഡ, ഇന്‍ഡോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ജനീവ, ബ്രസീല്‍, മെക്‌സിക്കോ, മാലി, അര്‍ജന്റീന, ടാന്‍സാനിയ, ചിലി, ഫിലിപ്പീന്‍സ്, കൊളംബിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളാണ് സ്വര്‍ണ്ണത്തിന്റെ പ്രധാന ഉത്പാദകര്‍. ഇന്ത്യയിലെ സ്വര്‍ണ്ണ ഖനികളില്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന സ്വര്‍ണ്ണം വെറും ഒന്നര ടണില്‍ താഴെ മാത്രമാണ്. പ്രതിവര്‍ഷ ഇറക്കുമതിയുടെ രണ്ടു ശതമാനം പോലുമില്ല ഇത്. വര്‍ഷം തോറും ഇന്ത്യയുടെ സ്വര്‍ണ്ണ ഉത്പാദനം കുറഞ്ഞുവരുകയുമാണ്. കര്‍ണാടകത്തിലെ കോലാര്‍ ആണ് ഇന്ത്യയിലെ പ്രധാന സ്വര്‍ണ്ണ ഖനി. ഇവിടുത്തെ ഉത്പാദനം കുറഞ്ഞതോടെ 2001ല്‍ ഖനി അടച്ചുപൂട്ടി.

ഒരു ടണ്‍ സ്വര്‍ണ്ണ അയിര് ശുദ്ധീകരിച്ചെടുത്താല്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ ലഭിക്കില്ല എന്നതാണ് വസ്തുത. സ്വര്‍ണ്ണത്തിന്റെ ഉപഭോഗത്തില്‍ മുന്നിലുള്ള ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകത മുഖ്യമായും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.എ.ഇ, യു.എസ്.എ, ഘാന, ദക്ഷിണാഫ്രിക്ക, പെറു, കാനഡ, ഓസ്‌ട്രേലിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ സ്വര്‍ണ്ണമെത്തുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ഏറ്റവും ചെറിയ അംശം മാത്രമാണ് പിടിക്കപ്പെടുന്നത്. 

ഇന്ത്യയില്‍ പ്രതിവര്‍ഷം 800 മുതല്‍ 850 ടണ്‍ വരെ സ്വര്‍ണ്ണം  ഇറക്കുമതി ചെയ്യുന്നു. ഇതില്‍ 300ഓളം ടണ്‍ കേരളത്തിലെത്തും. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ എന്നിവയിലൂടെയും സ്വര്‍ണ്ണ ഇറക്കുമതിക്കും വില്‍പ്പനയ്ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതിയുള്ള ബാങ്കുകള്‍ വഴിയുമാണ് ഇന്ത്യയിലെ ജൂവലറികളില്‍ സ്വര്‍ണ്ണമെത്തുന്നത്. സ്വര്‍ണ്ണം വാങ്ങുന്നതിന്റെ തുക കൈമാറുന്നത് ഏത് ബാങ്ക് അക്കൗണ്ട് വഴിയാണോ ആ ബാങ്ക് വഴിയായിരിക്കും സ്വര്‍ണ്ണ വിതരണം. ഔദ്യോഗിക തലത്തിലൂടെ എത്തുന്ന സ്വര്‍ണ്ണത്തിന്റെ പതിന്മടങ്ങാണ് കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് ഒഴുകുന്നത്. ഇതിന്റെ കണക്ക് എത്ര വരുമെന്ന് ഒരു നിശ്ചയവുമില്ല.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണത്തിന് വില നിശ്ചയിക്കുന്നത് അമേരിക്കയാണ്. ഒരു ട്രോയ് ഔണ്‍സ് അതായത് 31.1 ഗ്രാം തൂക്കത്തിലാണ് വില നിര്‍ണ്ണയിക്കുന്നത്. ഇതാകട്ടെ 24 കാരറ്റ് തനി തങ്കത്തിലാണ്. യു.എസ് വിപണിവിലയും ലോകത്തിലെ പ്രധാന വിപണികളിലൊന്നായ ലണ്ടന്‍ വിപണിയിലെ ചാഞ്ചാട്ടവും രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റും ഡോളര്‍ നിരക്കും ബാങ്ക് നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നത്. പത്തു ഗ്രാം തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദേശീയ വിപണിയിലെ വില നിര്‍ണ്ണയം. 

കേരളത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആണ് സ്വര്‍ണ്ണത്തിന്റെ വിലനിര്‍ണ്ണയാധികാരം. അതുപോലെ ഓരോ സംസ്ഥാനങ്ങള്‍ക്കും വിലനിര്‍ണയാധികാരമുള്ള ഓരോ അസോസിയേഷന്‍ ഉണ്ട്. 22 കാരറ്റിന്റെ അടിസ്ഥാനത്തില്‍ എട്ട് ഗ്രാം കണക്കാക്കിയാണ് അതായത് ഒരു പവന്‍ കണക്കാക്കിയാണ് കേരളത്തില്‍ വില തീരുമാനിക്കുന്നത്. സ്വര്‍ണ്ണം ആഭരണമായി മാറ്റപ്പെടുമ്പോള്‍ ജി.എസ്.ടിയും സെസ്സും പണിക്കൂലിയും ചേര്‍ത്താണ് ജ്വല്ലറികള്‍ ഉപഭോക്താക്കളില്‍ നിന്ന് വിലയീടാക്കുന്നത്. 

ഖനികളില്‍ സംസ്‌കരിച്ച ശേഷം ലോകത്തിന്റെ വിവിധ വിപണികളില്‍ എത്തുന്ന സ്വര്‍ണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക് സൂറിച്ച്, ടോക്കിയോ, മുംബൈ, ഇസ്താംബൂള്‍, ദുബായ്, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന എന്നിവയാണ് ലോകത്തിലെ പ്രധാന സ്വര്‍ണ്ണ വിപണികള്‍. ഇവിടെ നിന്നിറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന് 12.5 ശതമാനമാണ് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ. ഇതിനു പുറമേ മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേര്‍ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വിപണി മുംബൈ ആണ്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണം മുംബൈയിലെ സംസ്‌കരണ കേന്ദ്രത്തിലെത്തിയ ശേഷമാണ് രാജ്യത്ത് വിതരണം ചെയ്യപ്പെടുന്നത്. 

ലോകത്തെ ഖനികളില്‍ നിന്ന് സ്വര്‍ണ്ണം അനധികൃതമായി കടത്തപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഖനികളില്‍ നിന്നാണ് സ്വര്‍ണ്ണക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത്. അവ ഏറ്റവും കൂടുതല്‍ എത്തുന്നതാകട്ടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണ്ണ കള്ളക്കടത്ത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

സ്വര്‍ണ്ണത്തിന് വില കൂടിയ എല്ലാ കാലത്തും സ്വര്‍ണ്ണ വില്പനയെക്കുറിച്ച് ആശങ്കകള്‍ കേള്‍ക്കാം. ''എങ്ങനെ സ്വര്‍ണ്ണം വാങ്ങിക്കും...'' എന്നതാവും പലരുടെയും ഉത്ക്കണ്ഠ. എന്നാല്‍ കേരളത്തില്‍ ഒരിക്കലും വില്പനയില്‍ കാര്യമായ കുറവ് നേരിട്ടിട്ടില്ല. അതാണ് മലയാളിയുടെ ഒരിക്കലുമടങ്ങാത്ത സ്വര്‍ണ്ണ ഭ്രമത്തിന്റെ ചരിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക