Image

രാമക്ഷേത്രത്തിന് വെള്ളി ശിലയിട്ടു; രാഷ്ട്രീയക്കരുത്തില്‍ ബി.ജെ.പി (ശ്രീനി)

Published on 05 August, 2020
രാമക്ഷേത്രത്തിന് വെള്ളി ശിലയിട്ടു; രാഷ്ട്രീയക്കരുത്തില്‍ ബി.ജെ.പി (ശ്രീനി)
ഭക്തകോടികളുടെ അനേക വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഏറെക്കാലത്തെ നിയമയുദ്ധത്തിനും രാഷ്ട്രീയ ബലാബലങ്ങള്‍ക്കുമൊടുവില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 40 കിലോയുള്ള വെള്ളി ശിലയിട്ടത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത്. അതിശക്തമായ സുരക്ഷാവലയത്തിലായിരുന്നു ശിലാന്യാസ ചടങ്ങുകള്‍ നടന്നത്.

""ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമായ രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. ഈ ഐതിഹാസിക നിമിഷത്തിന്റെ ഭാഗാമാകാന്‍ അവസരം നല്‍കിയതിന് നന്ദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. സരയൂ തീരത്ത് സുവര്‍ണക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ് ഇപ്പോള്‍ പ്രകാശഭരിതമായി. ശ്രീരാമനെ ജന്‍മ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൂടാരത്തില്‍ നിന്നും രാംലല്ല വലിയ ക്ഷേത്രത്തിലേക്ക് മാറുകയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയതുപോലെ നാമെല്ലാവരും രാമക്ഷേത്രത്തിനായി പോരാടി. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി നിരവധി പേരാണ് ത്യാഗം ചെയ്തതത്. ദളിതരും പിന്നോക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. ക്ഷേത്രത്തിനായി പോരാടിയ എല്ലാവര്‍ക്കും രാജ്യത്തിന് വേണ്ടി നന്ദി അറിയിക്കുന്നു...'' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഉത്തര്‍ പ്രദേശിലെ പഴയ പട്ടണമായ അയോദ്ധ്യ ശ്രീരാമന്റെ ജന്മഭൂമിയായിട്ടാണ് കാണുന്നത്. രാമക്ഷേത്ര നിര്‍മാണത്തിലേയ്ക്ക് നയിച്ച ചരിത്ര സംഭവങ്ങളുടെ സംഗ്രഹമിങ്ങനെ...മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബര്‍ 1528-ല്‍ പണികഴിപ്പിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കങ്ങള്‍ തുടങ്ങുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന് നിര്‍മോഹി അഖാര അവകാശപ്പെട്ടതോടെ 1850കളില്‍ ഇതുമായി ബന്ധപ്പെട്ട ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളും തുടങ്ങി.

1885ല്‍ അയോധ്യാ ഭൂമിതര്‍ക്കം ആദ്യമായി കോടതിയിലെത്തി. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി തേടി മഹന്ത് രഘുമീര്‍ അപേക്ഷ നല്‍കിയെങ്കിലും ഫൈസാബാദ് കോടതി തള്ളി. ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമിയില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നു കാട്ടി രാം ലല്ലയുടെ ഭക്തന്‍ ഗോപാല്‍ സിങ് വിശാരദ് 1950ല്‍ കോടതിയില്‍. അതേ വര്‍ഷം തന്നെ തര്‍ക്കമന്ദിരത്തില്‍ വിഗ്രഹം വച്ച് ആരാധിക്കണമെന്നാവശ്യപ്പെട്ട് പരമഹംസ രാമചന്ദ്ര ദാസും അപേക്ഷ നല്‍കി. പിന്നീടു പിന്‍വലിച്ചു.

തര്‍ക്കഭൂമിയില്‍ ഷെബയിത് അവകാശങ്ങള്‍ (പ്രതിഷ്ഠയില്‍ അവകാശം) തങ്ങള്‍ക്കാണെന്നു കാട്ടി നിര്‍മോഹി അഖാര 1959ല്‍ കോടതിയെ സമീപിച്ചു. 1961-ല്‍ യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കോടതിയില്‍. പ്രതിഷ്ഠയായ രാം ലല്ലാ വിരാജ്മാനും ജന്മഭൂമിയും 1989ല്‍ രംഗത്ത്. 1989 നവംബര്‍ ഒമ്പതിനാണ് വിശ്വഹിന്ദു പരിഷത് തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിനു തറക്കല്ലിട്ടത്. കൃത്യം 30 കൊല്ലം പിന്നിട്ട 2019 നവംബര്‍ ഒമ്പതിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നു.

രാമക്ഷേത്രനിര്‍മാണത്തിനു പിന്തുണ തേടി എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990ല്‍ രാജ്യത്തുടനീളം രഥയാത്ര. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘര്‍ഷം. രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. മസ്ജിദ് പൊളിച്ചതോടെ അയോധ്യാ ഭൂമിതര്‍ക്ക കേസിലെ എല്ലാ ഹര്‍ജികളും അലഹാബാദ് ഹൈക്കോടതിയില്‍. 2010ല്‍ ഹൈക്കോടതിയുടെ ചരിത്രവിധിയുണ്ടായി. 2.77 ഏക്കര്‍ തര്‍ക്കസ്ഥലം നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഹൈക്കോടതി വിധി 2011ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. 2017ല്‍, കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സുപ്രീംകോടതിയുടെ ആദ്യശ്രമം. 2019ല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചും  മധ്യസ്ഥ ചര്‍ച്ചയ്ക്കു നിര്‍ദേശിച്ചു. മധ്യസ്ഥചര്‍ച്ചകള്‍ ഫലം കണ്ടില്ല. 40 ദിവസത്തോളം വാദം കേട്ട് ഭരണഘടനാ ബെഞ്ചിന്റെ വിധി. രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാം. സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ നല്‍കണമെന്നായിരുന്നു ആ സുപ്രധാന വിധി.

നിര്‍മോഹി അഖാരയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും പ്രതിഷ്ഠയായ രാം ലല്ലയ്ക്കുമായി അലഹബാദ് ഹൈക്കോടതി തുല്യമായി വീതിച്ചു നല്‍കിയ 2.77 ഏക്കര്‍, ക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രമുണ്ടാക്കുന്ന ട്രസ്റ്റിന്റേതാകും. അവിടെ രാമക്ഷേത്രം പണിയാം. ബാബറി മസ്ജിദ് പൊളിച്ച കേസിന്റെ വിചാരണ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടക്കുകയാണിപ്പോള്‍. ഈ മാസം 31നകം വിധി പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി. ഉമാഭാരതി തുടങ്ങിയവരാണ് വിചാരണ നേരിടുന്നത്.

ശ്രീരാമജന്മഭൂമിയില്‍ രാംലല്ല ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതോടെ ബി.ജെ.പിയുടെ ദീര്‍ഘകാലത്തെ രാഷ്ട്രീയ അജണ്ടയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രാമക്ഷേത്രനിര്‍മ്മാണം അവരുടെ ഭാവികാല രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്താന്‍ പോകുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണം, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കല്‍, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍.

ഇവ നാലും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷ ഭരണത്തില്‍ തന്നെ നടപ്പാക്കിയെന്ന് അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാനാവും. രണ്ട് എം.പിമാരില്‍ നിന്ന് 303 പേരെന്ന സുശക്തമായ നിലയിലേക്ക് ബി.ജെ.പി വളര്‍ന്ന് വികസിച്ചതില്‍ അയോധ്യ പ്രശ്‌നം ഉയര്‍ത്തിയുള്ള അതിതീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ക്ക് പങ്കുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ കോട്ടകള്‍ തകര്‍ത്ത് അവിടങ്ങളില്‍ വേരോട്ടമുറപ്പിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് അയോധ്യ കാര്‍ഡാണ്.

രാമക്ഷേത്ര നിര്‍മ്മാണമെന്ന വാഗ്ദാനം ബി.ജെ.പി ആദ്യമായി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് 1996ലെ തിരഞ്ഞെടുപ്പിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ആ വാഗ്ദാനം അവര്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് അംഗബലം കുറവായിരുന്ന എന്‍.ഡി.എ ഭരണകാലങ്ങളില്‍ വിഷയം ഒതുക്കി വയ്ക്കാനും കേവല ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ പുറത്തെടുക്കാനുമുള്ള രാഷ്ട്രീയ സാമര്‍ഥ്യമാണ് ബി.ജെ.പി എക്കാലത്തും കാണിച്ചിരുന്നത്.

രാമക്ഷേത്രത്തിന് ശില പാകും മുമ്പ് ശ്രീരാമ സ്തുതിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നത് ശ്രദ്ധേയമായി. ""രാമന്‍ എല്ലാവരുടേതുമാണ്. ദേശീയ ഐക്യം, സാഹോദര്യം, സാംസ്കാരിക സമന്വയം എന്നിവയുടേതായി അയോധ്യയിലെ ഭൂമിപൂജ മാറും എന്നാണ് പ്രതീക്ഷ...'' പ്രിയങ്ക ഇങ്ങനെയാണ് ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, ക്ഷേത്ര നിര്‍മ്മാണത്തില്‍ സ്വാഗതം ചെയ്യുന്നതും വിമര്‍ശിക്കുന്നതും ഒരുപോലെ കൈപൊള്ളിക്കുമെന്നതിനാല്‍ അതി ജാഗ്രതയോടെയുള്ള നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകട്ടെയെന്ന പ്രിയങ്കാ ഗാന്ധിയുടെ ആശംസ ഇതിന്റെ ഭാഗമാണ്.

അയോധ്യ വിഷയം രാഷ്ട്രീയ ആയുധമായി ഹിന്ദി ബെല്‍റ്റില്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയതോടെ കോണ്‍ഗ്രസിനാണ് കടുത്ത നഷ്ടവും ക്ഷീണവും ഉണ്ടായത്. ഉത്തര്‍ പ്രദേശിലും ബീഹാറിലും കോണ്‍ഗ്രസ് ഒന്നുമല്ലാതെ പോയതിനു കാരണം ഇതുതന്നെയാണ്. അയോധ്യാ രാഷ്ട്രീയത്തില്‍ ഹൈന്ദവ വികാരം ബി.ജെ.പിയെ ആലിംഗനം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സവര്‍ണ്ണ വോട്ടുകളാണ് ചോര്‍ന്നു പോയത്. ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയുന്ന കാര്യത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവു പരാജയപ്പെട്ടെന്ന് വിമര്‍ശിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളും പിന്നോക്കവിഭാഗങ്ങളും കോണ്‍ഗ്രസ്സിനെ കൈയൊഴിഞ്ഞു.

ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും എസ്.പി.ആര്‍.ജെ.ഡി, ബി.എസ്.പി. തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളില്‍ ചേര്‍ന്നതോടെ യു.പിയിലും ബീഹാറിലും കോണ്‍ഗ്രസ് അപ്രസക്തമാവുകയായിരുന്നു. ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ അതിനെ എതിര്‍ത്താലും അനുകൂലിച്ചാലും വോട്ടു ബാങ്കു രാഷ്ട്രീയത്തില്‍ വിള്ളല്‍ വീഴുമെന്ന് ഭയന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മൗനത്തിലാണ്. അതേ സമയം, 1989ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് അയോധ്യയില്‍ ശിലാന്യാസത്തിനായി മന്ദിരം വിശ്വഹിന്ദു പരിഷതിന് തുറന്നു കൊടുത്തത് എന്നു വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗം രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കണമെന്ന് വാദിക്കുന്നു. രാമക്ഷേത്ര ഭൂമിപൂജയ്ക്ക് കോണ്‍ഗ്രസ്സ് നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ലന്ന് പരാതി മറ്റൊരു വിഭാഗത്തിന് ഉണ്ട്.

രാമക്ഷേത്രത്തിന് ശിലയിടും മുമ്പ് അയോധ്യ മന്തസാന്ദ്രമായിരുന്നു. എല്ലാ വിധത്തിലും അയോധ്യ അണിഞ്ഞൊരുങ്ങി. സരയൂ നദീതീരം മന്ത്രമുഖരിതമായി. റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂ തീരവും സ്‌നാനഘട്ടങ്ങളും ദീപങ്ങളും വര്‍ണ്ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിരുന്നു. പാതകളെല്ലാം വൈദ്യുതി വിളക്കുകള്‍ തെളിഞ്ഞു. ചുവരുകളിലെല്ലാം കലാകാരന്മാര്‍ രാമകഥ ചിത്രീകരിച്ചു. റോഡരികിലെ കെട്ടിടങ്ങളെല്ലാം മംഗളസൂചകമായ മഞ്ഞ നിറത്തില്‍ തിളങ്ങി.

ഏതായാലും രാമഭക്തിക്കും വിശ്വാസത്തിനും അപ്പുറം ബി.ജെ.പിയെ ഇന്ത്യന്‍ ഭരണത്തില്‍ തുടരുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഘടകമാണ് രാമക്ഷേത്ര നിര്‍മ്മാണം. നാല് വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ തുടങ്ങി ഇനിയങ്ങോട്ട് ബി.ജെ.പിയുടെ രാഷ്ട്രീയ ട്രംപ് കാര്‍ഡായി മാറിയിരിക്കുകയാണ് രാമക്ഷേത്രം. കോണ്‍ഗ്രസ്സാവട്ടെ ഹിന്ദു വോട്ടുകള്‍ ചോരുമെന്ന ആശങ്കയിലുമാണ്.



Join WhatsApp News
Pisharadi 2020-08-05 19:14:53
ഇനി അവിടെ പോയി പാത്രം കൊട്ടിയാൽ മതി കൊറോണ പമ്പ കടക്കും! കഷ്ടം!!!
SudhirPanikkaveetil 2020-08-05 19:49:46
വയലാറിനെ ഓർക്കുക.. അദ്വൈതം ജനിച്ച നാട്ടിൽ, ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ, ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ.....തമസ്സാണ് ഉണ്ണി സുഖപ്രദം എന്നതിന്റെ അക്ഷരാർത്ഥത്തിൽ സുഖിച്ച് അങ്ങനെ കഴിയട്ടെ ജനങ്ങൾ. അന്ധകാരം കൂടി കൂടി ഒരു ദിവസം സൂര്യനെ കാണാതാവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക