Image

മഴകൊണ്ടു മുറിവേറ്റവര്‍ (നിഷ മാവിലശ്ശേരി)

Published on 05 August, 2020
മഴകൊണ്ടു മുറിവേറ്റവര്‍ (നിഷ മാവിലശ്ശേരി)
മഴ, ജനാലച്ചില്ലുകളില്‍ മുടിയഴിച്ചിട്ട് തലതല്ലിക്കരയുന്നുണ്ട്. ചിങ്ങത്തിലും ഇങ്ങനെതോരാത്തമഴയുണ്ടോ! രാത്രിയുടെ കരിമ്പടം മാറ്റി മിന്നല്‍ ഒന്നു പുളഞ്ഞു.

ഉറക്കംവരാതെ ജനലിലൂടെ മനോജ് വെറുതെ നോക്കിക്കിടന്നു. മഴനാമ്പുകള്‍ അവ്യക്ത ഭാഷയില്‍ എന്തോ ജല്പ്പിച്ചുകൊണ്ട് മുറ്റത്തെ ചെടികളെ ആശ്ലേഷിക്കുമ്പോള്‍ കൊച്ചുനീര്‍ക്കുമിളകള്‍ ചാര്‍ത്തി അവ പുളകംകൊള്ളുന്നു. ജലം വരകള്‍ വരയ്ക്കുന്ന ജനാലച്ചില്ലുകളില്‍ മിന്നല്‍ കൈകള്‍ വീരാളിപ്പട്ടു കുടഞ്ഞെറിയുന്നു. മഴ വീണ്ടും വികാരവായ്‌പ്പോടെ ചുറ്റുമുള്ളതിനെ എല്ലാം അമര്‍ത്തി ചുംബിച്ചു.
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. കണ്ണുതുറന്നപ്പോള്‍ രാവിലത്തെ കട്ടന്‍ മേശമേല്‍ ആവിപറത്തി ഇരുപ്പുണ്ട്. വിമല രാവിലെതന്നെ അടുക്കളയില്‍ കയറിയിരിക്കണം. മൂന്നാം ക്ലാസ്സുകാരി പാഠാവലിയിലെ കുഞ്ഞിക്കവിതകള്‍ മൂളിപഠിക്കുന്നത് പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കാം.

അമ്മ ജാനകി ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയില്‍ തലയിലൂടെ ഒരു തോര്‍ത്തുമിട്ടിരുന്ന് മഴ കാണുന്നു. പായലിന്റെ പാട വീണ കുത്തുകല്ലുകളില്‍ മഴത്തുള്ളി പതിച്ച് ചെറുകുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അതില്‍വീണ് പുറത്തേയ്ക്കു തുള്ളിത്തെറിക്കുന്ന മഴത്തുള്ളികള്‍ വരാന്തയില്‍ ഈറന്‍പായ വിരിക്കുന്നു. നനവു കുടിച്ചുവീര്‍ത്ത മരത്തൂണുകളില്‍നിന്നും വമിക്കുന്ന പൂപ്പല്‍ഗന്ധവും സിമന്റു ഭിത്തിയിലെ പായല്‍ ഗന്ധവും കൂടിക്കലര്‍ന്ന് പുറത്തേയ്ക്കു പോകാനാവാതെ തളംകെട്ടിക്കിടക്കുന്നു.

“”ഇതെന്തൊരു കാലമാണപ്പാ’’ വീണ്ടുമൊരു കരിമേഘക്കൂട്ടം കിഴക്കോട്ട് ധൃതിപിടിച്ച് പായുന്നതുകണ്ട് ജാനകി പിറുപിറുത്തു. മനോജ് കൈ എത്തിച്ച് ചാര്‍ജ്ജില്‍ കുത്തിവച്ചിരുന്ന ഫോണെടുത്തു. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും രണ്ടുദിവസമായി പെയ്യുന്ന മഴയെപ്പറ്റിത്തന്നെയാണ് വിവരണങ്ങള്‍. എല്ലാവരും സ്വഃലേഖകന്മാരാണ്.

പടിഞ്ഞാറുഭാഗങ്ങള്‍ വെള്ളത്തിനടിയിലേക്ക് പതിയെ മൂണ്ടുപോകുന്നുണ്ട്. നദികള്‍ കരകവിയുന്നു. അണക്കെട്ടുകള്‍ ബലക്ഷയമെന്നും ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുകള്‍. ഇന്നും വര്‍ക്‌ഷോപ്പില്‍ പോകുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അത്യാവശ്യക്കാരാരെങ്കിലും വിളിക്കുകയാണെങ്കില്‍ പോകാം.

കാപ്പിയും എടുത്തുകൊണ്ട് ഉമ്മറത്ത് മറ്റൊരു കസേരയില്‍ അവനും മഴയിലേക്ക് വെറുതെ നോക്കിയിരുന്നു. ഇളകിത്തകര്‍ന്ന ടാര്‍ റോഡിന്റെ അസ്ഥിപഞ്ചരങ്ങളില്‍ക്കൂടി മഴവെള്ളം തന്റേതായ തോന്നിവാസങ്ങളോടെ വളഞ്ഞുപുളഞ്ഞ്     ഒഴുകുന്നു. കാലിത്തൊഴുത്തില്‍നിന്നും ചാണകവും ഗോമൂത്രവും കലങ്ങിയൊലിച്ച് വാഴത്തടങ്ങള്‍ക്കും തെങ്ങിന്‍തടങ്ങള്‍ക്കും കറുത്ത പ്രതിച്ഛായ കൊടുത്തിട്ടുണ്ട്.
മനോജ് വീണ്ടും ഫെയ്‌സ്ബുക്കിലേക്ക് തലകുമ്പിട്ടിരുന്നു. പെട്ടെന്നാണ് അവനത് കണ്ടത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍! കൂടുതല്‍ അറിയാന്‍ ടെലിവിഷന്‍ ഓണ്‍ചെയ്തു. മഴയുടെ രൗദ്രഭാവങ്ങളും നാശനഷ്ടങ്ങളും കാണിക്കുന്നതിന്റെ ഇടയ്ക്ക് കവളപ്പാറയിലും, പുതുമലയിലും, പുതുക്കല്ലിലും ഉള്ള രക്ഷാദൗത്യങ്ങളും കാണിക്കുന്നുണ്ട്. നിര്‍ന്നിമേഷനായി അവന്‍ ആ പ്രദേശത്തെ ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കി.

മലനിരകള്‍ തഴുകിവരുന്ന കറ്റേറ്റ് ഓലക്കൈകള്‍ വീശിനിന്നിരുന്ന തെങ്ങിന്‍തോപ്പുകള്‍ എവിടെ? ഒറ്റയ്ക്കും കൂട്ടമായും താഴ്‌വാരത്തു നിന്നിരുന്ന മണ്‍ചുവരുകള്‍ ഉള്ള വീടുകള്‍ എവിടെ? പകരം കല്ലും മണ്ണും വാരിവിതറിയ ഒരു യുദ്ധഭൂമിപോലെ, ഒരു ശവപ്പറമ്പുപോലെ ആപ്രദേശം മുറിവേറ്റ് മരണാസന്നയായി കിതച്ചുകിടക്കുന്നു.

മനസ്സിന്റെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കള്‍ക്കും കാഴ്ചപ്പണ്ടങ്ങള്‍ക്കും കാലത്തിന്റെ കുത്തൊഴുക്കില്‍ നിറംമങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍
നിലമ്പൂരിനടുത്തുള്ള കവളപ്പാറ എന്ന  മലയോരഗ്രാമം. കൈക്കോട്ടും തളപ്പും മുഖ്യ ആയുധമായിരുന്ന ഒരു ജനത മണ്ണിനോടുമല്ലടിച്ച് അവിടെ അതിജീവിക്കുന്നുണ്ടായിരുന്നു.

വനം അതിരിടുന്ന ഇടവഴികളിലൂടെ ഒരു ചെറിയ ഉരുളന്‍ കല്ലു തൊഴിച്ചുരുട്ടിക്കൊണ്ട് അലസമായി സ്കൂളില്‍നിന്നു നടന്നുവരുമ്പോള്‍, നിര്‍ത്താതെ സംസാരിച്ചുകൊണ്ടു കൂടെവന്നിരുന്ന മിനിക്കുട്ടിയുടെ ഓര്‍മ്മകളില്‍തട്ടി മനോജിന്റെ മനോവ്യാപാരങ്ങളുടെ ഗതി തിരിഞ്ഞു.

കുഞ്ഞുചിരികളും കുഞ്ഞുവര്‍ത്തമാനങ്ങളും പൂമരക്കൊമ്പില്‍നിന്നു കൊഴിഞ്ഞുവീഴുന്നതുപോലുള്ള ബാല്യം. ഉച്ചയൂണിനു പങ്കിട്ടുകഴിച്ച അച്ചിങ്ങാത്തോരനും മാങ്ങാച്ചമ്മന്തിയും. “ഭൂദാനം’ കുന്നിന്റെ ചെരിവില്‍ അച്ഛന്‍ കുറച്ചു കശുമാങ്ങാത്തോട്ടം പാട്ടത്തിനെടുത്തു. അവിടെ കൃഷിചെയ്യുവാനാണ് കോട്ടയത്തുനിന്നും മനോജും കുടുംബവും കവളപ്പാറയില്‍ എത്തുന്നത്. പലതരം ഓര്‍മ്മകളില്‍ മുങ്ങിത്തപ്പി വ്രണിതഹൃദയനായി അവന്‍ ടെലിവിഷനിലേക്ക് വീണ്ടും മിഴികള്‍ പായിച്ചു. ബാല്യത്തിലെ രണ്ടു വര്‍ഷങ്ങള്‍ ചിലവഴിച്ച ആ സ്ഥലവും, ഞെട്ടിക്കുളത്തിനടുത്തുള്ള പോത്തുകല്ല് എല്‍. പി. സ്കൂളും ഒന്നുകൂടി കാണണം എന്നുണ്ടായിരുന്നു. ഓരോരോ കാരണങ്ങളാല്‍ സാധിച്ചില്ല.

മിനിക്കുട്ടി എവിടെയായിരിക്കും? കല്ലിന്റേയും മണ്ണിന്റേയും അടിയില്‍ അവളുടെ നിലവിളികള്‍ അമര്‍ന്നുപോയിട്ടുണ്ടാവുമോ?

ഒരു പുല്‍ക്കൊടിനാമ്പുപോലും ശേഷിക്കാത്ത ഈ ശ്മശാനഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഓടിനടക്കുന്നു. കാണാതായവരുടേയും മരിച്ചവരുടേയും പേരുവിവരങ്ങള്‍ വീര്‍പ്പടക്കിനോക്കി. “”മിനി” എന്ന പേരുകാണാന്‍ ഇല്ല. അവളുടെ ചിത്രം കണ്ടാല്‍ മനസ്സിലാകുമെന്നുതോന്നുന്നില്ല. ഇരുനിറത്തില്‍ ഗുണ്ടുമണിപോലെയിരുന്ന ഒരു നാലാംക്ലാസ്സുകാരി വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ക്കിപ്പുറം എങ്ങിനെ ആയിരിയ്ക്കും ഉണ്ടാവുക! കുടുംബം ഉണ്ടാകാം. കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം.

ഇളം പച്ചപ്പാവാടയ്ക്കു താഴെ കറുത്തുതുടങ്ങിയ വെള്ളിക്കൊലുസ്സുകള്‍, തേഞ്ഞുതീരാറായ റബ്ബര്‍ ചെരുപ്പ്. പ്ലാസ്റ്റിക് വളയിട്ട കയ്യില്‍ ഒരു തുണിസഞ്ചിയില്‍ ചോറ്റുപാത്രവും സ്‌ളേറ്റും. മറ്റേ കയ്യില്‍ തലകുത്തനെ പിടിച്ചിരിക്കുന്ന ശീലക്കുട, അണ്ടികളഞ്ഞ പറങ്കിമാങ്ങാ—യുടെ അകൃതിയിലാണ് കുടയുടെ സെല്ലുലോയ്ഡ് പിടി.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയാവുന്ന പണ്ഡിതന്‍ ആയിരുന്നു താനവള്‍ക്ക്. കൂടാതെ അവളുടെ നാട്ടില്‍നിന്നല്ലാതെ പുറത്തുനിന്നുവന്ന ഒരു വിദേശിയുടെ പരിവേഷവും.
തമ്മില്‍ പിരിഞ്ഞപ്പോള്‍ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച് സമ്മാനമായി അവള്‍ സിനിമാനടന്‍ ജയന്റെ ഒരു പടം തന്നു, ഏതോ സിനിമാ പോസ്റ്ററില്‍നിന്ന് അവള്‍തന്നെ വെട്ടിയെടുത്തതാവാം. അപ്പോള്‍ അവളുടെ മുന്‍പില്‍ ആകാശത്തോളം വളര്‍ന്ന് താനും അജയ്യനായ ജയനാണെന്ന് സങ്കല്‍പ്പിച്ചു. വളരെനാളുകളോളം ആ പടം കൈയ്യില്‍ ഉണ്ടായിരുന്നു.

തിരിച്ചറിയാന്‍ ആകാത്ത, ജീവിച്ചിരുന്നു എന്നതിന് ഒരടയാളവും ശേഷിപ്പിക്കാത്ത, ധാരാളം കബന്ധങ്ങള്‍ ആ യുദ്ധഭൂമിയില്‍നിന്നും വീണ്ടും വീണ്ടും കണ്ടെടുക്കപ്പെട്ടുകൊണ്ടിരുന്നു. അന്നൊക്കെ ചാലിയാര്‍പുഴ എന്തു ശാന്തമായിരുന്നു. അതിന്റെ തീരത്തുകൂടി എന്ത് ഓടിക്കളിച്ചിട്ടുണ്ട്. മനുഷ്യന്‍ ഭൂമിക്ക് ഏല്പിച്ച മാരക മുറിവുകളുടെ പരിണിതഫലം ആണ് ഈ തിരിച്ചുകിട്ടുന്നത്.

പോത്തുകല്ല് സ്കൂളിന് അടുത്തുള്ള വെളുത്ത പിള്ളേച്ചന്റെ മാടക്കടയില്‍നിന്നും വാങ്ങുന്ന “”തുപ്പലൊട്ടി’’ മിഠായി മതിയായിരുന്നു ഏത് പിണക്കവും മാറി അവള്‍ അടുത്തുവരാന്‍.

അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഇഴകീറാന്‍ അറിയാതിരുന്ന ബാല്യത്തില്‍തന്നെ തന്റെ അനുരാഗത്തിന്റെ ആദ്യ സ്ഫൂരണം താന്‍പോലുമറിയാതെ ആ ദരിദ്രയായ മലയോരപ്പെണ്‍കിടാവില്‍ പതിച്ചിരിക്കുമോ! അവള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുമോ!

ഓര്‍മ്മകളുടെ ഓളപ്പരപ്പുകള്‍ക്കുമീതെ കണ്ണടച്ചു ഒരു ധ്യാനത്തിലെന്നപോലെ അവന്‍ ഇരുന്നു. അപ്പോള്‍ അങ്ങകലെ മഴയില്‍ അലിഞ്ഞ ഒരുനിലവിളിയായി ഒരുമണ്‍കൂമ്പാരത്തിനടിയില്‍ ഓര്‍മ്മകളില്ലാത്ത ഒരു ലോകത്തേയ്ക്ക് അവള്‍ പോയി മറഞ്ഞിരിക്കുമോ!!!


മഴകൊണ്ടു മുറിവേറ്റവര്‍ (നിഷ മാവിലശ്ശേരി)മഴകൊണ്ടു മുറിവേറ്റവര്‍ (നിഷ മാവിലശ്ശേരി)മഴകൊണ്ടു മുറിവേറ്റവര്‍ (നിഷ മാവിലശ്ശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക