Image

ജീവൻ പോലെ തന്നെ അമൂല്യം അല്ലേ ജീവിതവും? (ഡോ.ഗംഗ.എസ്)

Published on 05 August, 2020
ജീവൻ പോലെ തന്നെ അമൂല്യം  അല്ലേ ജീവിതവും? (ഡോ.ഗംഗ.എസ്)
കൊറോണയും സാധാരണക്കാരും  തമ്മിൽ പോരാട്ടം തുടരുകയാണ്.
അത് ആരും കണ്ട മട്ടില്ല. കണ്ടാലും കണ്ടില്ല എന്ന്  നടിക്കുന്നു. അവരായി അവരുടെ പാടായി.
തയ്യൽക്കാരിയായ സിസിയുടെ കട അടഞ്ഞു തന്നെ കിടക്കുന്നു കുറെ ആയി.
"ചേച്ചി എന്തേലും തയ്‌ക്കാൻ ഉണ്ടോ."
 പൂരങ്ങൾക്കും ഓണത്തിനും  സ്‌കൂൾ തുറക്കുമ്പോഴും കിട്ടുന്ന സീസണിൽ ആണ് കടങ്ങൾ വീട്ടുക.
 പൂരങ്ങളും സ്‌കൂൾ തുറക്കലും കാലൊച്ച പോലും കേൾപ്പിക്കാതെ കടന്ന്  പോയി. ഈ ഓണത്തിനും പ്രതീക്ഷ ഇല്ല.
 എന്നെ വിളിച്ചത് തയ്‌ക്കാൻ എന്തെങ്കിലും ഉണ്ടോ എന്നറിയാനാണ്. ഒന്നുമില്ല എന്ന് പറയാൻ മടി. എന്നാലും അതാണ് സത്യം.
 കട തുറക്കുന്നില്ല. വീട്ടിൽ ഇരുന്ന് ആണ് തയ്യൽ. അതും വല്ലപ്പോഴും.
 ഉൾപ്രദേശത്തു ആണ് സിസിയുടെ വീട്. അവിടെ അധികം കസ്റ്റമേഴ്സിനെ കിട്ടാത്തത് കൊണ്ട് ആണ് തിരക്ക് ഉള്ള കോളേജിനടുത്തു കട വാടകയ്ക്ക് എടുത്തത്. മാസങ്ങൾ ആയി വാടക കൊടുക്കാനില്ലാത്തതു കൊണ്ട് കട ഒഴിഞ്ഞു.  ഭർത്താവ് നിർമ്മാണ തൊഴിലാളി ആണ്. ഇപ്പോൾ വല്ലപ്പോഴും ഒരു ദിവസം പണി കിട്ടിയാലായി.
ചിട്ടി പിടിച്ച കൈയിൽ ഉണ്ടായിരുന്ന കാശ് കൊടുത്തു കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിനായി  ആൻഡ്രോയ്ഡ് ഫോൺ മേടിച്ചു. ചിട്ടി മുടങ്ങി. വീടിന്റെ ലോൺ മൊറൊട്ടോറിയം ആണ്.

ഇപ്പോൾ  സാധാരണക്കാരായ അത്യാവശ്യക്കാർ വീട്ടിൽ ഉപയോഗിക്കുന്ന ഡ്രസ്സ്‌ അതും റെഡി മെയ്ഡ് ആണ് കൂടുതലും മേടിക്കുന്നത്. തയ്യൽ കൂലി ലാഭിക്കാം.
സിസിയുടെ അമ്മായിഅമ്മ തൊഴിലുറപ്പ് പണിക്ക് പോയിരുന്നു. ഇപ്പോൾ അതും ഇല്ല. വയസ്സ് 65 ആയി. അമ്മായിയപ്പൻ ലോട്ടറി കച്ചവടം ആയിരുന്നു. അതും നിലച്ചു. ഈ പ്രായത്തിൽ പുറത്ത് ഇറങ്ങാൻ പറ്റില്ല. അവർക്ക്
വാർധക്യ പെൻഷൻ ഉണ്ട്. അതും കൂടി ഇല്ലായിരുന്നെങ്കിൽ? 
അമ്മായിഅമ്മയുടെ രണ്ട് കോഴികൾ ഇടുന്ന മുട്ടയാണ് ആശ്വാസം. സിസിയുടെ പ്രാരാബ്ദം തീരുന്നില്ല.അത് മഴ പോലെ നീണ്ടു പോകുന്നു. ഒരു വീട്ടിൽ മാത്രം ആണ് കൊറോണ കൊണ്ട്  ഇത്രയും ദുരിതം ഉണ്ടായത്.

വാഹിദ് കല്യാണ വീടുകളിൽ ബിരിയാണി വയ്ക്കാൻ സഹായി ആയി പോയിരുന്നത് ആണ്. ഇടയ്ക്ക് പെരുന്നാളിനും പൂരങ്ങൾക്കും തട്ടുകട ഇട്ട് ചായയും  ബജികളും പത്തിരികളും ഉണ്ടാക്കി വിൽക്കും. എല്ലാം നിലച്ചു.
ഭാര്യയും കുട്ടികളും ഉണ്ട്. വയസായ കിടപ്പിലായ ഉമ്മയും ഭിന്ന ശേഷിക്കാരനായ ബാപ്പയും. മരുന്നുകൾ ഇടയ്ക്ക് മുടങ്ങുന്നുണ്ട്.
വീട് വച്ചതിന്റെ ലോൺ ഉണ്ട്. കടങ്ങൾ പെരുകുന്നു. ഇടയ്ക്കിടെ താമസിക്കുന്ന ഇടം  കണ്ടൈൻമെൻറ് സോൺ ആകുന്നുണ്ട്.
അയാൾ ആരുടെ മുന്നിലും കൈ നീട്ടി ശീലിച്ചിട്ടില്ല. ഇത്രയും നാൾ. ഇത്തവണത്തെ പള്ളി പെരുന്നാളുകൾ കഴിഞ്ഞു വേണം വീടിന്റെ മേൽക്കൂര ഒന്ന് വാർക്കാൻ എന്ന ചെറിയ മോഹം ആണ് കൊറോണ കൊണ്ട് പോയത്.
  ചോർന്നൊലിക്കാതെ  സ്വസ്ഥമായി രാത്രിയിൽ കിടക്കണം. അത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ  വാഹിദ് ചൂണ്ടയുമായി തോടുകളിലും പാടങ്ങളിലും  പോകും. വല്ലതും കിട്ടും.

പാണ്ടി മുത്തു ഇടയ്ക്ക് ബസിൽ കിളിയായി പോകുമായിരുന്നു. . അത് വല്ലപ്പോഴുമേ ഉള്ളു. കൂടുതൽ ദിവസവും ബസ് സ്റ്റാന്റുകളിൽ കപ്പലണ്ടി കടല കച്ചവടം ആണ്. രോഗിയായ ഭാര്യയും മകളും  രണ്ട് കുട്ടികളും.
ഭാര്യയുടെ  ആശുപത്രിയിൽ പോക്ക് മുടങ്ങി. പണി ഇല്ല. വീട്ടു വാടക മൂന്നു മാസം ആയി മുടങ്ങി. ദയാലുവായ ഉടമയുടെ അതൃപ്തി കലർന്ന മൗനം എപ്പോൾ വേണമെങ്കിലും രോഷം ആവാം.

 ആരെങ്കിലും എന്തെങ്കിലും വല്ലപ്പോഴും കൊടുക്കുന്ന കൊണ്ട് തട്ടിയും മുട്ടിയും കഴിയുന്നു. സ്വന്തം ആയി  ഒരു കുഞ്ഞു വീട് സ്വപ്നം കണ്ട് കൊണ്ട്. ഉന്തുവണ്ടിയിൽ പച്ചക്കറിയുമായി  ഇപ്പോൾ ചില ദിവസങ്ങളിൽ പോകുന്നുണ്ട്.
ഇങ്ങനെ നീണ്ടു പോകുന്നു സാധാരണക്കാരുടെ ജീവിത സമസ്യകൾ.
ദിവസ കൂലിക്കാർ. അവരുടെ കുഞ്ഞു ' ട്ട വട്ട' ജീവിതങ്ങൾ !
 കോവിഡ് ഭീതിയിൽ മുരടിച്ച സ്വപ്‌നങ്ങൾ!
ഇവർക്കു ഒന്നും ബാങ്ക് ബാലൻസ് ഇല്ല. ലോണുകളും കടങ്ങളും ഇല്ലായ്മകളും മാത്രം ബാക്കി.
 ഇതു വരെ അവരെ ആരും  സഹായിച്ചില്ലെങ്കിലും എങ്ങനെ എങ്കിലും ജീവിച്ചു പോന്നവർ ആണ്, ആർക്കും ഭാരം ആവാതെ.
അവർക്ക് എല്ലാം സൗജന്യ അരിയും സാധനങ്ങളും കിട്ടുന്നുണ്ട്. അത് മാത്രം മതിയോ?

  പഴകി പിഞ്ഞിയ വസ്ത്രം, കേട് വന്ന വീട്ടുപകരണങ്ങൾ, പൊട്ടിയ ചെരുപ്പ്, മരുന്ന്, കുട്ടികൾക്ക് വല്ലപ്പോഴും എങ്കിലും ബിസ്കറ്റ്, സോപ്പ്,.വാടക, ലോൺ, ചിട്ടി.
ഇവർ ഒരു ജനതയെ പ്രതിനിധീകരിക്കുന്ന മൂന്ന് ഉദാഹരണങ്ങൾ മാത്രം ആണ്.
ഇവർ മൂവരും എവിടെ ആണുള്ളത് എന്ന് ചോദിച്ചാൽ അവർ നാട്ടിൽ  എല്ലായിടത്തും ആയി ചിതറി കിടക്കുന്നു.
സിസിമാരും വാഹീദുമാരും പാണ്ടിമുത്തുമാരും അനേകങ്ങൾ ആണ്. അവരെ അന്വേഷിച്ചു ആരും വരേണ്ടതില്ല. നമുക്ക് ചുറ്റും അവർ കൺവെട്ടത്തു തന്നെ ഉണ്ട്.
റഫാലും സിൽവർ ലൈനും  ആണ് നാടിന്റെ ആവശ്യങ്ങൾ എന്ന് വാദിയ്ക്കുന്നവർക്ക്,  മേല്പറഞ്ഞ ആൾക്കാർ കൂടി ചേർന്നതാണ് നമ്മുടെ സമൂഹം എന്ന് അംഗീകരിയ്ക്കാതെ ഇരിയ്ക്കാം.

 അവർ തല്ക്കാലം പ്രതിഷേധവുമായി വരില്ല.
വരുമാനം /ശമ്പളം /ബാങ്ക് ബാലൻസ്  ഏതെങ്കിലും ഒക്കെ  ഉള്ളവർ ആണ് എല്ലാം ലോക്ക് ഡൗൺ ചെയ്ത് അകത്തിരിക്കാം എന്ന് പറയുന്നതിൽ ഭൂരിഭാഗം. അവർക്ക് ജീവൻ ആണ് വേണ്ടത്. സുന്ദരമായ ജീവിതം മുന്നിൽ ഉണ്ട്.
ദിവസക്കൂലിക്കാരായ സാധാരണക്കാരുടെ  ഭാവി ഒന്നും അല്ലേ?
 എല്ലാവരോടും ജീവൻ ആണ് വലുത്, വാക്സിൻ വരട്ടെ അത് വരെ ഇങ്ങനെ അങ്ങ് കഴിഞ്ഞു പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചാൽ മതിയോ ?
 പാടെ തകർന്നു പോയ ജീവിതവും മുന്നിൽ വച്ചു അവർ കൊറോണയ്ക്ക് മുൻപേ ജീവൻ ഒടുക്കിയാലോ?

കൊറോണ ദയ കാട്ടി ഒഴിഞ്ഞു പോയാലും ഭാവി ഭുതമായി തീരുന്നവർ നിരാശയുടെ കുഴിയിൽ വീണു പോയാൽ ആരുണ്ട് കൈപിടിക്കാൻ?
അവർ ആശങ്കകളും മാനസിക സമ്മർദ്ദങ്ങളുമായി ദിവസങ്ങൾ തള്ളി നീക്കി കൊണ്ട് , ഉറക്കം ഇല്ലാത്ത രാവുകൾ കൊണ്ട് പ്രഷുബ്ധമായ വറുതിക്കാലം അതിജീവിക്കുമോ?

ജീവൻ പോലെ തന്നെ അമൂല്യം  അല്ലേ ജീവിതവും?
ചിലർക്ക് മാത്രം  അർഹിയ്ക്കുന്നത്  ആണോ  സുഭിക്ഷ ജീവിതം?
10000 രൂപപോട്ടെ 5000 അങ്ങനെ ഉള്ള ഓരോ  കുടുംബത്തിനും ഈ സന്ദർഭത്തിൽ സർക്കാർ  കൊടുത്താൽ അത് പുണ്യമല്ല വെറും മനുഷ്യത്വം ആണ്.
നമ്മൾ അനുഭവിക്കാത്തത് എല്ലാം കടം കഥകൾ അല്ല.
തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ ആണ് !
ഒന്നമർത്തിയാൽ ചോര കിനിയുന്ന മുറിവുകൾ ആണ് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക