Image

ആഗസ്റ്റിൽ മഴ പെയ്യുമ്പോൾ (മുരളി തുമ്മാരുകുടി)

Published on 07 August, 2020
ആഗസ്റ്റിൽ മഴ പെയ്യുമ്പോൾ (മുരളി തുമ്മാരുകുടി)
ഏപ്രിൽ മാസത്തിൽ ആണെന്ന് തോന്നുന്നു
1922 ലും 1923 ലും 1924 ലും 2300 മില്ലിമീറ്ററിലധികം മഴ കേരളത്തിൽ  ഉണ്ടായതിനാൽ 2018 നും 2019 നും ശേഷം 2020 ഇരുപതിലും അതാവർത്തിക്കുമോ  എന്ന് ചോദിച്ച് TamilNadu Weatherman എന്ന ട്വിറ്റർ ഹാൻഡിലിൽ ഒരു പോസ്റ്റ് വന്നു.
Kerala has only once in last 150 years had hat-trick of great SWM > 2300 mm. Hat-trick of massive SWM rains in Kerala in 1920s -- 1922 - 2318 mm 1923 - 2666 mm 1924 - 3115 mm Can there be another 2300 mm event ? -- 2018 - 2517 mm 2019 - 2310 mm 2020 - ? 
2020 ൽ പെരുമഴ വരുമെന്ന് അദ്ദേഹം പറഞ്ഞില്ല. മഴ വരുമോ എന്ന ചോദ്യം ഉന്നയിച്ചുവെന്ന് മാത്രം. ആർക്കും ചോദിക്കാവുന്ന ചോദ്യം, പൊതുബോധത്തോട് ചേർന്ന് നിൽക്കുന്നതിനാൽ പോപ്പുലർ ആകുന്ന ചോദ്യം.
പക്ഷെ അത് വർത്തയായപ്പോൾ,
"കൊറോണക്കിടയിൽ 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ, നിഗമനങ്ങള്‍ ചര്‍ച്ചയാവുന്നു" (മാതൃഭൂമി ഏപ്രിൽ 17) 
"Tamil Nadu Weatherman forecasts chances for hat trick floods for Kerala" (Deccan Chronicle April 18)
"Kerala to receive above normal rainfall like in 2018 and 2019, forecasts TN Weatherman" (The News Minute, April 19) 
Another year of rain fury in Kerala? (Indian Express April 20th)
ഏറെ ചർച്ചയായി.

എന്നോട് അന്ന് തന്നെ പലരും ഇതിനെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു വർഷം അടുപ്പിച്ച് കടുത്ത മഴ ഉണ്ടായി എന്നത് ഈ നൂറ്റാണ്ടിൽ മൂന്നു തവണ  കടുത്ത മഴ ഉണ്ടാകാനുള്ള ഒരു കാരണമല്ല. അതുകൊണ്ട് തന്നെ അത്തരം വായനയ്ക്ക് ശാസ്ത്രീയമായ അടിത്തറയുമില്ല.
വേണമെങ്കിൽ എനിക്കും പറയാമായിരുന്നു, "ഈ വർഷവും പ്രളയത്തിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല" - മുരളി തുമ്മാരുകുടി.
ഏറെ പബ്ലിസിറ്റി കിട്ടാവുന്ന വാർത്തയാണ്, തെറ്റായി ഒന്നുമില്ല. ഏത് വർഷമാണ് പ്രളയത്തിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റുന്നത്?
അതൊന്നും ശാസ്ത്രത്തിന്റെ രീതിയല്ല.

ചില കാര്യങ്ങൾ പക്ഷെ രണ്ടായിരത്തി പതിനെട്ടിലെ പ്രളയ കാലത്തിന് മുൻപേ പറഞ്ഞിരുന്നതാണ്, അന്നും പറഞ്ഞു.

1. ഒരു വർഷത്തിൽ മൊത്തത്തിൽ എത്ര മഴ ഉണ്ടാകുന്നു എന്നതല്ല, മഴ എത്ര സാന്ദ്രതയിൽ പെയ്യുന്നു എന്നതാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാക്കുന്നത്.  അതായത് കുറച്ചു സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്ന വർഷങ്ങളിൽ (സ്ഥലങ്ങളിൽ) വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ഒക്കെ ഉണ്ടാകാം. അത്രയും മഴ തന്നെ വർഷത്തിൽ പല സമയത്തായി പെയ്താൽ അത് വെള്ളപ്പൊക്കം ഉണ്ടാക്കില്ല.

2. കാലാവസ്ഥാവ്യതിയാനം ഒരു യാഥാർഥ്യമാണ്. മഴ കൂടുതൽ സാന്ദ്രതയിൽ പെയ്യും എന്നുള്ളത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും ശക്തമായ ലക്ഷണങ്ങളിൽ  ഒന്നാണ്.
"It is likely that the frequency of heavy precipitation or the proportion of total rainfall from heavy rainfalls will increase in the 21st century over many areas of the globe. This is particularly the case in the high latitudes and tropical regions, and in winter in the northern mid-latitudes" എന്നാണ് ഐ പി സി സി യുടെ Special Report on Extreme Events പറയുന്നത്.

3. ഈ കാരണങ്ങൾ കൊണ്ട് തന്നെ കേരളത്തിൽ പ്രളയങ്ങളുടെയും മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും സാധ്യത കഴിഞ്ഞ നൂറ്റാണ്ടിലും  കൂടുതലാണ്. ഈ സാദ്ധ്യതകൾ എല്ലാ വർഷവും ഉണ്ട്, വർഷാവർഷം കൂടി വരികയുമാണ്.

4. മഴയുടെ സാന്ദ്രതയെ നമുക്ക് തടഞ്ഞു നിർത്താൻ പറ്റാത്തതിനാൽ കാലാവസ്ഥ വ്യതിയാനത്തെ അറിഞ്ഞു ജീവിക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. ഭൂവിനിയോഗത്തിലുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ്  പ്രളയത്തിൽ നിന്നും ഉരുൾ പൊട്ടലിൽ നിന്നുമുള്ള ശാശ്വത പരിഹാരം.

5. എവിടെയാണ് വീട് വെക്കേണ്ടത്, എവിടെയാണ് റോഡ് പണിയേണ്ടത്, എവിടെനിന്നാണ് പാറ പൊട്ടിക്കേണ്ടത്, മണ്ണെടുക്കേണ്ടത്,  കുട്ടനാട്ടിലും ഹൈറേഞ്ചിലും ഒരേ രീതിയിലാണോ വീടുകൾ നിർമിക്കേണ്ടത് എന്നിങ്ങനെ അനവധി ചോദ്യങ്ങൾക്ക്  ശാസ്ത്രീയമായ അറിവുകൾ ഉപയോഗിച്ച് നയങ്ങൾ ഉണ്ടാക്കണം.

6. ഇത് ഉണ്ടാക്കാത്തിടത്തോളം കാലം കേരളത്തിൽ വെള്ളക്കെട്ടുകൾ കൂടും, മലയിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാകും. ഓരോ വർഷവും നമ്മൾ പേടിക്കേണ്ടി വരും.

ആദ്യമൊക്കെ കുറച്ചു പൊടിക്കൈകളുമായി നമുക്കതിനെ നേരിടാനാകും. പക്ഷെ ആത്യന്തികമായി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മത്സരത്തിൽ പ്രകൃതി ജയിക്കും, മനുഷ്യന് പിൻവാങ്ങേണ്ടി വരും. ഉദാഹരണത്തിന് എറണാകുളം നഗരത്തിലെ ധാരാളം പ്രദേശങ്ങൾ ഇനി വരുന്ന വർഷങ്ങളിൽ കൂടുതൽ ദിവസങ്ങളിൽ വെള്ളെക്കെട്ടിലാകും. ആദ്യമൊക്കെ കാന വൃത്തിയാക്കിയും വെള്ളം പന്പുചെയ്തു കളഞ്ഞും ബണ്ടുകെട്ടിയും വീടും കടകളും സംരക്ഷിക്കാനാകുമെങ്കിലും നമ്മൾ അന്പത് വർഷം മുന്നോട്ട് നോക്കിയാൽ എറണാകുളം നഗരത്തിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴത്തെ തരത്തിൽ ഭൂവിനിയോഗം ചെയ്യാൻ സാധ്യതയുള്ള ഒന്നല്ല. അവിടെ നിന്നും മനുഷ്യൻ പിന്മാറേണ്ടി വരും.

ഇത്തരം ശാസ്ത്രത്തിലോ തത്വശാസ്ത്രത്തിലോ അധികം ആളുകൾക്ക് താല്പര്യമില്ല. കഴിഞ്ഞ രണ്ടു വർഷവും വലിയ മഴ ഉണ്ടായതിനാൽ ഈ വർഷവും ഉണ്ടാകും. അത് ആഗസ്റ്റിൽ ആയതിനാൽ ഈ വർഷവും ആഗസ്റ്റിൽ ആകും. അത് ആഗസ്ത് രണ്ടാം വാരം ആയതിനാൽ ഈ വർഷവും ആഗസ്റ്റ് രണ്ടാം വാരം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകും. ഇതാണ് പൊതുബോധം. അതിനപ്പുറം ബോധമില്ല. ആഗസ്റ്റ് കഴിഞ്ഞാൽ പിന്നെ സ്വർണ്ണവും വെള്ളിയും ക്ഷേത്രവും ആചാരവും ഒക്കെ ആകും വിഷയം. ഇപ്പോൾ കൊറോണയും.

വാസ്തവത്തിൽ ആളുകളുടെ  ചിന്തകളോട് ഒത്തു പോവുകയാണ് ഏറ്റവും എളുപ്പം. "ഈ വർഷവും പ്രളയം ഉണ്ടാകും" എന്ന വലിയ വാർത്തക്ക് ശേഷം ആഗസ്റ്റിൽ മഴ വന്നില്ലെങ്കിൽ ആരും  വന്ന് ചോദിക്കുകയില്ല. രാഷ്ട്രീയം മുതൽ സ്റ്റോക്ക് മാർക്കറ്റ് വരെയുള്ള വിഷയങ്ങളിൽ എത്രയോ വിദഗ്ദ്ധർ എത്രയോ തവണ ഒരടിസ്ഥാനവുമില്ലാത്ത പ്രവചനങ്ങൾ നടത്തുന്നു, പത്രങ്ങൾ അത് വാർത്തയാക്കുന്നു, ആളുകൾ അത് ഏറ്റുപാടുന്നു. പിന്നീട് അതൊക്കെ പൊട്ടത്തെറ്റാണെന്ന് മനസിലായാലും വീണ്ടും ടി വിക്ക് മുന്നിൽ വന്ന് അവർ പ്രവചനം നടത്തുന്നു. എന്നിട്ടും ആളുകൾ അവരോട് തിരിച്ചു ചോദിക്കുന്നുമില്ല.
ഈ വർഷം ആഗസ്റ്റ് ആയി, ഇന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ സാധാരണനിലയിൽ ഈ സമയത്ത് കിട്ടുന്ന ശരാശരി മഴയേക്കാൾ (1482 മില്ലി മീറ്റർ) പത്തു ശതമാനം കുറവ്  മഴയാണ് ഉണ്ടായിരിക്കുന്നത് (1329 മില്ലി മീറ്റർ). 2300 എത്താനുള്ള സാധ്യത തൽക്കാലം കാണുന്നില്ല.

ഇന്നിപ്പോൾ ഇപ്പോൾ ആഗസ്റ്റ്  ഏഴ് ആയി, ആഗസ്റ്റ് ഏഴുമുതൽ  പതിനേഴ് വരെയുള്ള ആഴ്ചയിലാണ് 2018 ലും 2019 മഴ കനത്തതും പ്രളയവും ഉരുൾ പൊട്ടലുമുണ്ടായതും.

ഇപ്പോൾ പുറത്ത് കനത്ത മഴ പെയ്യുന്നു. നിലമ്പൂരിൽ  വെള്ളം കയറിയ വാർത്ത വരുന്നു, പെട്ടിമുടിയിൽ  ഉരുൾ പൊട്ടിയതായിട്ടും.
"ഞങ്ങൾ അതപ്പോഴേ പറഞ്ഞില്ലേ?,  ഈ വിദഗ്ദ്ധർക്ക് സംശയം ഒഴിഞ്ഞിട്ട് നേരമില്ല."

സത്യമാണ്, ശാസ്ത്രത്തിന്റെ രീതികളിൽ പരിശീലിക്കപ്പെട്ടവർക്ക് ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത പ്രവചനങ്ങൾ നടത്തുന്നത്  സാധ്യമല്ല. കാലാവസ്ഥ പ്രവചിക്കാൻ ഇന്നുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ കാലാവസ്ഥ ശാസ്ത്രജ്ഞന്മാർ പറയുന്ന  പല പ്രവചനങ്ങളും ശരിയാവാറില്ല. അതിൻറെയർഥം ശാസ്ത്രത്തിനപ്പുറത്തുള്ള കാലാവസ്ഥ പ്രവചന രീതികളെ നാം വിശ്വസിക്കണം എന്നല്ല. നമുക്കറിയാവുന്ന ശാസ്ത്രത്തിലുള്ള പിഴവുകൾ തിരുത്തി വീണ്ടും മുന്നോട്ട് പോവുക എന്നതേ മാർഗ്ഗമുള്ളൂ.

മഴ പെയ്യുന്ന ഈ അഗസ്തിലും മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോഴും പ്രസക്തിയുള്ളതാണ്. കുറച്ചു കാര്യങ്ങൾ കൂടി പറയാം.

1. പ്രാദേശികമായ പ്രളയങ്ങൾ, വെള്ളക്കെട്ടുകൾ, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഇവയൊക്കെ ഏതു വർഷത്തിലും ഉണ്ടാകാം. മഴ ശരാശരിയിൽ കൂടിയ വർഷത്തിലും കുറഞ്ഞ വർഷത്തിലും. അത് ജൂണിലോ ജൂലൈയിലോ ഒക്കെയാകാം. വൻ പ്രളയങ്ങൾ പക്ഷെ എല്ലാ വർഷവും വരുന്ന ഒന്നല്ല. പ്രളയത്തിന് ആഗസ്റ്റ് മാസത്തോട് മമതയൊന്നുമില്ല, ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നിലെ പ്രളയം ഉണ്ടായത് ജൂലൈ മാസത്തിലാണ്.

2. നമ്മുടെ വീട്ടിൽ വെള്ളം കയറിയാലോ നമ്മുടെ അടുത്ത ബന്ധു മണ്ണിടിഞ്ഞു വീണു മരിച്ചാലോ അത് നമുക്കൊരു ദുരന്തമാണ്. അതേ സമയത്ത് കേരളം മുഴുവൻ മുങ്ങിയോ മറ്റാളുകൾ മരിച്ചോ എന്നത് നമുക്ക് വ്യക്തിപരമായി പ്രസക്തമല്ല. അതുകൊണ്ട് ദുരന്തം പ്രാദേശികമാണോ കേരളം മൊത്തമാണോ എന്നുള്ളത് വ്യക്തികളെ ബാധിക്കുന്ന വിഷയമല്ല.

3. ഭൂവിനിയോഗം, കെട്ടിട നിർമ്മാണം ഇവയെപ്പറ്റിയുള്ള   ചർച്ചക്കുള്ള സമയമല്ല മഴക്കാലം. ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും ദുരന്തം ഉണ്ടായാൽ അത് നേരിടുന്നതിലും ആയിരിക്കണം ശ്രദ്ധ. നയപരമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യേണ്ടവയാണ്.

4.  പ്രാദേശികമായി പ്രളയത്തിനോ മണ്ണിടിച്ചിലിനോ സാധ്യതയുളള പ്രദേശത്തുള്ളവർ വ്യക്തിപരമായി തയ്യാറെടുക്കുക. സർക്കാർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക, അനുസരിക്കുക.

5  . കൊറോണക്കാലമായതിനാൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഏറെ പരിമിതികൾ ഉണ്ടാകും, അതുകൊണ്ട് തന്നെ ഇതിന് മുൻപ് പ്രളയമോ, വെള്ളക്കെട്ടോ, മണ്ണിടിച്ചിലോ, ഉരുൾ പൊട്ടലോ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, അണക്കെട്ട് തുറന്നാൽ വെള്ളം പൊങ്ങുന്ന പ്രദേശത്തുളളവർ, വെള്ളം പൊങ്ങിയാൽ വീട്ടിലേക്കുള്ള റോഡുകൾ വെള്ളത്തിലായി ഒറ്റപ്പെട്ടു പോകുന്നവർ  ഇവരൊക്കെ  സ്വന്തം ബന്ധുക്കളുമായും കൂട്ടുകാരുമായും സംസാരിച്ച് വ്യക്തിപരമായി തന്നെ മാറിത്താമസിക്കൽ അടക്കമുള്ള മുൻകരുതലുകളെടുക്കുക, ചുരുങ്ങിയത് അതിനുള്ള പദ്ധതികൾ ഉണ്ടാക്കുക. 

6.  പ്രളയമോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശത്തേക്ക് യാത്ര പോകാതിരിക്കുക, പ്രളയമോ ദുരിതമോ കാണാൻ ഓടി എത്താതിരിക്കുക.
ഈ കാലവും കടന്നു പോകും, അപ്പോൾ കാലാവസ്ഥ വ്യതിയാനത്തെ, ഭൂവിനിയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങളെ ഒക്കെ മറക്കാതിരിക്കുക. ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ഇപ്പോൾ എടുത്ത് കൂടുതൽ സുരക്ഷിതമായ ഒരു ഭൂമി അടുത്ത തലമുറക്ക് കൈമാറുക. അല്ലെങ്കിൽ ഓരോ വർഷവും കുട്ടികൾ പേടിച്ചിരിക്കേണ്ടി വരും.
പരസ്പരം കരുതലോടെ ഇരിക്കുക, സുരക്ഷിതരായിരിക്കുക
ആഗസ്റ്റിൽ മഴ പെയ്യുമ്പോൾ (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക