Image

ഒരു കോവിഡിനും നമ്മുടെ സഹജീവി സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല. (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 09 August, 2020
ഒരു കോവിഡിനും നമ്മുടെ സഹജീവി സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല. (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
സ്വന്തം നാട്ടിലേക്ക് തിരകെയെത്തുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. കേരളീയരായ നാം നട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തുബോള്‍ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ചിലര്‍ എഴുനേറ്റു നിന്ന് കൈയടിക്കുന്നത് കാണാം, മറ്റു ചിലര്‍ പ്രാര്‍ത്ഥിക്കുന്നത് കാണാം. അങ്ങനെ പലപ്പോഴും പല രീതിയില്‍ ആണ് സ്വന്തം നാട്ടില്‍ എത്തുബോള്‍ ഉണ്ടാകുന്ന സന്തോഷ പ്രകടനങ്ങള്‍. അങ്ങനെ സ്വന്തം നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും കാണാന്‍ വേണ്ടി കൊതിച്ചു എത്തിയ ഒട്ടേറേ പ്രവാസികളുടെ സ്വപ്നമാണ് കരിപ്പൂര്‍ വിമാന താവളത്തില്‍ തകര്‍ന്നടിഞ്ഞത് .

വിദേശ രാജ്യങ്ങളില്‍ കൊറോണ രോഗം വ്യപകമാകുബോള്‍, മരിക്കുകയാണെകില്‍ സ്വന്തം ഉറ്റവരുടെയും ഉടയവരുടെയും കൂടെ ആകട്ടെ എന്ന ചിന്തയും സ്വന്തം രാജ്യത്തു തിരിച്ചെത്തിയാല്‍ ഒരു സുരക്ഷിതത്വം ഉണ്ട് എന്ന തോന്നലും ആണ് പല പ്രവാസികളെയും തിരിച്ചു വരുവാന്‍ പ്രേരിപ്പിക്കുന്നത് . ജനിച്ച നാട്ടിലും വീട്ടിലും ജീവിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്?. പലപ്പോഴും അന്യ രാജ്യങ്ങളില്‍ പോയി ജീവിക്കുബോഴും ഓരോ പ്രവാസിയുടയും മനസ്സ് അവന്റെ നാടും, വിടും, കുട്ടുകാരുമെക്കെയാണ്. അങ്ങനെ അവരെ എല്ലാം കാണുവാന്‍ വേണ്ടി തിരികെയെത്തിയ പ്രവാസികളുടെ മരണം പ്രവാസി സമൂഹത്തെ ഒന്നടങ്കം സങ്കടത്തില്‍ ആക്കിയിരിക്കുകയാണ് .

കടം എല്ലാം തീര്‍ത്ത്, കുറച്ച് സമ്പാദ്യവുമായി ഉടന്‍ മടങ്ങണം, ഇതാണ് എല്ലാ പ്രവാസികളുടെയും ആഗ്രഹം. പക്ഷേ ദു:ഖവും, സന്തോഷവും, സ്വപ്നവും, വീഴ്ചയും പ്രതീക്ഷകളുമാണ് ഒരു പ്രവാസിയുടെ ജീവിതം മുന്നോട്ട് നയിക്കുന്നത് . വര്‍ഷങ്ങള്‍ കഴിയുംതോറും ഓരോ പ്രവാസിയുടെയും ബാധ്യതകളുടെ എണ്ണം കൂടിവരുന്നതല്ലാതെ കുറയില്ല . എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ച മുഖവുമായി എയര്‍പോര്‍ട്ടിന്റെ പടിയിറങ്ങി വരുന്ന ആ ഓരോ പ്രവാസിയുടെയും മുഖം നമ്മളുടെ മുഖവുമായി വളരെ സാമ്യമുള്ളതാണ് .

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത് . സാധാരണ ഇങ്ങനെയുള്ള അപകടങ്ങളില്‍ ഉണ്ടാവറുള്ള ഒരു മരണ നിരക്ക് ഇവിടെ ഉണ്ടായില്ല എന്നത് ആശ്വാസം ആണ്. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നാണ് വിമാനം തെന്നി മാറിയത് . ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മോശം കാലാവസ്ഥയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ സംഭവം ആകുകയാണ്. ഇങ്ങനെ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ഏറ്റവും സുരഷിതമെന്ന് കരുതിയിരുന്ന വിമാനയാത്രയില്‍ നമുക്ക് പേടി ഉണ്ടാകുന്നതിന് കാരണം ആകുന്നു . ഇങ്ങനെയുള്ള റണ്‍വേകള്‍ പുതുക്കി പണിയേണ്ട സമയം കഴിഞ്ഞിരിക്കുകയാണ് . യാത്രക്കാരുടെ സുരക്ഷിതത്വമാണ് പ്രാധാനം.

ഒരു വശത്ത് കോവിഡ് മഹാമാരിയും അതിനൊപ്പം പേമാരിയും പെയ്യുമ്പോഴും അതൊന്നും വകവയ്ക്കാതെ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ നാട്ടുകാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു .

പലര്‍ക്കും രോഗബാധ ഉണ്ടോ എന്നുപോലും നോക്കാതെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. നാട്ടുകാരുടെ കാറുകളിലും വണ്ടികളിലുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാട്ട്‌സാപ് സന്ദേശങ്ങളിലൂടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരായ യുവാക്കള്‍ ഒന്നിച്ചത്.

രണ്ടു മണിക്കൂറുകള്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനം കൊണ്ടോട്ടിയിലെ പ്രദേശവാസികള്‍ പൂര്‍ത്തിയാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് രക്ഷകര്‍ത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേല്‍പ്പിക്കുകയും ചെയ്ത അവരുടെ സേവനങ്ങള്‍ വളരെ വലുതാണ് . ആ വലിയ മനസുകളെ കാണാതിരിക്കാന്‍ പറ്റില്ല . അവരുടെ മനുഷ്വത്വപരമായ പെരുമാറ്റം ഒരു കോവിഡിനും നമ്മുടെ സഹജീവി സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല എന്നതിന് തെളിവാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക