സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങള്‍ എന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുള്ളതാണ്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിലെ നര്‍മ്മകഥകളും നര്‍മ്മ സല്ലാപങ്ങളും അവര്‍ തന്നെ പലപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വൈറലാകുകയാണ്. മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സിനിമകളില്‍ കാരവാനുകള്‍ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ചിത്രം പറയുന്നത്.
ലാലു അലക്സിന്റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലില്‍ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള കാഴ്ചയാണ് ചിത്രം. ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ കണ്ട അപൂര്‍വ്വ കാഴ്ച ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുറന്ന് കിടന്ന ജനല്പാളിയിക്കിടയിലൂടെയാണ് ചിത്രം പകര്‍ത്തിയത്. സൗഹൃദത്തിന്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.
ഇത്തരത്തില്‍ ഉള്ള ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ ചിത്രാ കൃഷ്ണന്‍കുട്ടി എന്ന ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്നും ഒന്ന് കാണാന്‍ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കില്‍ എന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് ചിത്രത്തിന് കമന്റുകളായി ആരാധകര്‍ കുറിച്ചിരിക്കന്നത്. കാരവാന് ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളില്‍ അവര്‍ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.