Image

ഗ്രീന്‍ കാര്‍ഡ്: ഏബ്രഹാം തെക്കേമുറിയുടെ പ്രശസ്ത നോവല്‍ ഇ മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു

Published on 11 August, 2020
ഗ്രീന്‍ കാര്‍ഡ്: ഏബ്രഹാം തെക്കേമുറിയുടെ പ്രശസ്ത നോവല്‍ ഇ മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു
ആസ്വാദനം

“ഗ്രീന്‍ കാര്‍ഡ്” കാലത്തിന്റെ ശബ്ദം.

 ഏബ്രഹാം തെക്കേമുറിയുടെ ഗ്രീന്‍കാര്‍ഡ് എന്ന നോവലിന്റെ വായനയില്‍  വിശാലമായൊരു അറിവിന്റെ പശ്ചാത്തലമാണ് ലഭിക്കുന്നത്. :പച്ചയുടെ നെഗറ്റീവുകള്‍ എന്ന തലക്കെട്ടില്‍ ഡി. വിനയചന്ദ്രന്‍ എഴുതിയ അവതാരിക ഇത് ഒന്നുകൂടി വ്യക്തമാക്കുന്നു.

“ഗ്രീന്‍കാര്‍ഡെന്ന പച്ചക്കിനാവിന്റെ വിസ്തൃതമായ അണിയറയില്‍ നടക്കുന്ന മൃഗീയമായ വര്‍ണവെറികളുടെ സൂക്ഷമായ ഒരു പരിഛേദമാണ് ഈ നോവല്‍.  അമേരിക്കയില്‍ കുടിയേറിയ മലയാളിസമൂദായത്തെപ്പറ്റിയുള്ള സ്വയം വിമര്‍ശനാത്മകമായ ആലേഖ്യം.

“എനിക്കുമുണ്ടേതോ ചിലതെല്ലാമൂഴി
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാന്‍”
എന്നൊരു ഉള്‍വിളി  ആഖ്യാതാവിനുണ്ട്. മലയാളി മലയാളിയെ സംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കഥ. ‘നെഞ്ചു കീറി നേരുകാട്ടുന്ന ഒരു തിരുവത്താഴം. എന്നു തുടങ്ങി ചരിത്രപരമായ ഒരു അവബോധത്തോടെ വിനയചന്ദ്രന്‍ നോവലിനെ വിലയിരുത്തുന്നു.
പ്രവാസ സാഹിത്യത്തിന്റെ സമകാലികതയ്ക്ക് പലവഴികളാണെന്നും ആധുനികോത്തരമായ സാംസ്കാരിക പരിസരത്തില്‍ നോവല്‍ എന്ന സാഹിത്യരൂപത്തെ പൊളിച്ചുപണിത് അത്ഭുതപ്പെടുത്തുന്ന അപരിചിത്വം സൃഷ്ടിയുടെ ഉന്മേഷമാക്കിയെടുക്കുന്ന എഴുത്തുകാര്‍ ചരിത്രത്തിലുള്ളത് ചൂണ്ടിക്കാട്ടി നോവലിലെ ചില ‘ാഷാപ്രയോഗത്തെ എടുത്തുകാട്ടി അദേഹം തുടരുന്നു.

നോവല്‍ സംസാരിക്കുന്നു. “ആദ്യം കുറെ നേഴ്‌സുമാര്‍. പിന്നെ അവരുടെ പിന്നാലെ കുറെ പട്ടാളം. അവരെ ചുറ്റിപ്പറ്റി ഒരു കുടിയേറ്റം. ഇതിനിടയില്‍ കുറെ സുവിശേഷം. പിന്നെ അല്പം ഉപരി പഠനം. ചേനയ്ക്കു വിത്തും പൊട്ടുംപോലെ കുറെ വിത്തുകളും. അഴികളില്ലാത്ത ജയിലിനുള്ളില്‍ വിലങ്ങുകളില്ലാത്ത തടവുകാരെപ്പോലെ കഴിയുകയാണെല്ലാവരും.” ഇതിന്റെ വിശദാംശങ്ങള്‍, രൂപാന്തരങ്ങള്‍, ഒളിവും വെളിവും ആണ് ഈ കഥ. അനായാസമായി വായിച്ചുപോകാവുന്ന കഥപറച്ചില്‍. മദ്ധ്യതിരുവിതാംകൂര്‍ ഭാഷയുടെ കൂറും കുറുമ്പും ഇണക്കവും നര്‍മ്മവും അതിനു വശ്യത നല്‍കുന്നു. അയ്യപ്പപണിക്കരുടെ പാഠഭേദത്തിനും സക്കറിയായുടെ സലാം അമേരിക്കയ്ക്കും മദ്ധ്യത്തില്‍ മുട്ടത്തുവര്‍ക്കിയുടെ ആഖ്യാനത്തിന്റെ നന്മ നിറഞ്ഞ ഘടകത്തിന്റെ അടുത്ത ഘട്ടമാണീ നോവല്‍.

സജീവമായ ഒരു വര്‍ത്തമാനത്തിന്റെ സ്വാഭാവികതയില്‍ കഥാഗതിയുടെ പിരിമുറുക്കവും കഥാപാത്രങ്ങളുടെ മാനസാന്തരങ്ങളും ആശ്ലേഷിച്ചു നില്‍ക്കുന്നധ്വനിപ്രധാനമായ പ്രകൃതിയുടെ സാന്നിദ്ധ്യവും ശ്രദ്‌ധേയമാണ്.
 “അകലെ നക്ഷത്രങ്ങള്‍ തെളിയാത്ത കറുത്ത രാവ് ഇരുണ്ടു കിടന്നു. സുനന്ദ നിര്‍നിമേഷമായി ജനാലയിലൂടെ വെളിയിലേക്ക് നോക്കി. മരച്ചില്ലകളുടെ പിന്നിലും ഭീകരതയുടെ നിഴല്‍. പാതിരാക്കാറ്റിന്റെ നേര്‍ത്ത ചലനത്തില്‍ ജനാലച്ചില്ലുകള്‍ അനങ്ങി. മനസിന്റെ കോണില്‍ അവശേഷിച്ച വിഷാദത്തിന്റെ നീര്‍പോലെ ഓക്ക്മരച്ചില്ലകളില്‍ മഞ്ഞുതുള്ളികള്‍ തൂങ്ങിക്കിടക്കുന്നു.”

 ഏച്ചുകെട്ടും ഏങ്കോണിപ്പുമില്ലാതെ ഒരു പ്രത്യേക ജീവിതക്രമത്തിന്റെ ക്രമക്കേടുകളും നൈതികവിളംബങ്ങളും ‘ഗ്‌നപ്രതിഷ്ഠകളും ‘യാക്രാന്തവും അനാഥവുമാകുന്ന ചര്യാഭേദങ്ങളും കളമെഴുത്തിലെ ക്രിയാംശങ്ങളോടെ രവിവര്‍മ്മച്ചിത്രങ്ങളിലെ ദൃശ്യപരതയോടെ നോവലിസ്റ്റ് തെക്കേമുറി കോറിയിടുന്നു”വെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് “ഓടിപ്പോകാത്തവളുടെ ദുരന്തവും ഓടിപ്പോയവരുടെ അരാജകത്വവുമാണ് ഈ നോവലിന്റെ കാതല്‍ എന്ന വിനയചന്ദ്രന്റെ വിളംബരം വായനക്കാരനെ ഈ കഥയുടെ വിശാലതയിലേക്ക് വഴിനടത്തുന്നു.

കഥ തുടങ്ങുന്നു. ഒരു പത്രപ്പരസ്യത്തിലൂടെ മത്തായിച്ചന്‍ നേഴ്‌സായ മകള്‍ സുനന്ദയെ അമേരിക്കന്‍ വിസായ്ക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. താളപ്പിഴകളുടെ ഒരു നീണ്ട പട്ടികയിലൂടെ നാല് കുടംബങ്ങളും പത്തോളം കഥാപാത്രങ്ങളുമായി കഥ വികസിക്കുന്നു. ഇരുപത് അദ്ധ്യായങ്ങളിലായി അനുഭവങ്ങളുടെ തീവ്രത കഥയുടെ ഊര്‍ജ്ജമാകുമ്പോള്‍ അവതരണത്തില്‍ ആത്മാര്‍ത്ഥതയുള്ള, സത്യസന്ധതയുമുള്ള എഴുത്തുകാരന്‍ തന്നേ കഥാപാത്രമായി രംഗത്തു വരുന്നു. സംഭവങ്ങളിലെല്ലാം തന്നെ കറുത്തഫലിതത്തിന്റെ ചൂടാണനുഭവപ്പെടുക.

അമേരിക്കന്‍ എഴുത്തകാരില്‍ വേറിട്ടു നില്‍ക്കുന്ന തെക്കേമുറി ശൈലി “അതിരു കടക്കുന്ന ഫലിത പരിഹാസങ്ങള്‍” എന്നുവരെ കേരളത്തിലെ മുഖ്യധാരാഎഴുത്തുകാര്‍ വിശേഷിപ്പിച്ചിട്ടുള്ളത് ഈ നോവല്‍ ശരിവയ്ക്കുന്നു.
ഉദാഹരണമായി ഈ നോവലിന്റെ പതിനാലാം അദ്ധ്യായം ആദ്യ ഖണ്ഡികകള്‍

(തുടരും)

Join WhatsApp News
2020-08-15 07:59:57
കുറെ വര്ഷങ്ങള്ക്കു മുൻപ് കൈരളി പത്രത്തിൽ 'ഗ്രീൻകാർഡിനു' ചിത്രങ്ങൾ വരക്കാനായത് ഓർക്കുന്നു. ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥയാണ്, ആഖ്യാനവും മെച്ചം. - കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക