Image

രാമായണത്തിലെ ആകസ്മികതകൾ ( രാമായണ ചിന്തകൾ -29: ഡോ.എസ്.രമ)

Published on 12 August, 2020
രാമായണത്തിലെ ആകസ്മികതകൾ ( രാമായണ ചിന്തകൾ -29: ഡോ.എസ്.രമ)
കഥാഗതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്ന ആകസ്മിക സന്ദർഭങ്ങൾ രാമായണത്തിലുടനീളം കാണാം. മിക്കപ്പോഴും സ്ത്രീകഥാപാത്രങ്ങളതിന് ഹേതുവാകുന്നു..

രാമാഭിഷേക വിഘ്നം
==================
 മന്ഥരയുടെ വാക്കുകൾ കേട്ട കൈകേയിയുടെ പ്രവർത്തികൾ  രാമാഭിഷേക വിഘ്നത്തിനും തദ്വാര രാമന്റെ  വനവാസത്തിനും  കാരണമാകുന്നു . മകനോടുള്ള അമിത വാത്സല്യം തൊട്ടടുത്ത ദിവസം  അഭിഷേകം നിശ്ചയിച്ചിരുന്ന രാമനിൽ നിന്ന് രാജ്യം  ഭരതന്  ലഭിക്കുന്നതിനുവേണ്ടി  ഭർത്താവായ ദശരഥന്റെ  തീരുമാനങ്ങളെ അദ്ദേഹത്തിന് ഹിതകരമല്ലെങ്കിൽ  കൂടി മാറ്റുന്നതിന്  നിർബന്ധിതനാക്കുന്ന  കൈകേയിയുടെ നിർബന്ധബുദ്ധിയും പിടിവാശിയും  ജയിക്കുന്നത് നമുക്ക് കാണാം.   മകനത് ഇഷ്ടമാകുമെന്നും   തന്നോട് കൂടുതൽ കരുതൽ കാണിക്കുമെന്നുമുള്ള സ്ത്രീസഹജമായ  ചിന്തയാണ് കൈകേയിയെ കൊണ്ട്  ആ  പ്രവർത്തി ചെയ്യിക്കുന്നത്. പക്ഷേ   മകനെ മനസ്സിലാക്കാൻ പറ്റാതെ പോയി ആ അമ്മക്ക്..ആ  പ്രവർത്തിയുടെ പ്രത്യാഘാതം  ഭർത്താവിന്റെ  മരണത്തിൽ കലാശിക്കുകയും മകനാൽ പോലും തിരസ്കൃതയാകേണ്ട  അവസ്ഥയിൽ അവരെ  എത്തിക്കുകയും ചെയ്യുന്നു.മകന്റെ  അതിക്രൂരമായ ഭർത്സനങ്ങളും   ഒരുപക്ഷേ മരണംവരെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും കേട്ട് കഴിയേണ്ടി വന്ന ഒരു കഥാപാത്രമാണ്  കൈകേയി..
ശൂർപ്പണഖയുടെ ഇച്ഛാഭംഗം
=======================
രാമലക്ഷ്മണൻമാരോട് മാറി മാറി വിവാഹാഭ്യർത്ഥന നടത്തി  നിരാശയോടെ പിന്മാറേണ്ടി  വന്ന ശൂർപ്പണഖയുടെ പ്രണയം ഒടുവിൽ കടുത്ത കോപമായി പരിണമിക്കുന്നു.രാമലക്ഷ്മണൻമാരെ സ്വയം വധിക്കുന്നതിൽ അവൾ പരാജയപ്പെട്ടു എന്നു മാത്രമല്ല.ഒരു സ്ത്രീയെന്ന നിലയിൽ അപമാനിതയായി മടങ്ങേണ്ടി വരുന്നു.ആ സങ്കടവും വൈരാഗ്യവും കൊണ്ടവൾ   സഹോദരൻമാരായ ഖരദൂഷണൻമാരെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കുന്നു.യുദ്ധത്തിൽ ഖരദൂഷണൻമാരും സൈന്യവും ഇല്ലായ്മ ചെയ്യപ്പെട്ടിട്ടും പക തീരാത്ത ശൂർപ്പണഖയാണ് തന്റെ തന്നെ മറ്റൊരു സഹോദരനായ രാവണനെ സീതാപഹരണത്തിന് പ്രേരിപ്പിക്കുന്നത്.ബലശാലിയും സ്ത്രീലമ്പടനുമായ രാവണനെ സീതയുടെ സൗന്ദര്യവർണ്ണനയിലവൾ മോഹിപ്പിക്കുന്നു.. സീതയെ അപഹരിക്കാൻ പ്രേരിപ്പിക്കുന്നു.സഹോദരിയുടെ വാക്കുകേട്ട രാവണന്റെ വിനാശമവിടെ തുടങ്ങിയെന്നത് സത്യം.

സീതാപഹരണം
===============
വനവാസം അവസാനിക്കാൻ ഏകദേശം ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് സീത അപഹരിക്കപ്പെടുന്നത്.
രാക്ഷസനായ മാരീചൻ രാവണനിർദ്ദേശപ്രകാരം പൊൻമാന്റെ രൂപം ധരിച്ചു വന്ന്  സീതയെ മോഹിപ്പിക്കുന്നു.മാനിന്റെ രൂപഭംഗിയിൽ ഭ്രമിച്ച സീത അതിനെ ജീവനോടെയോ അല്ലാതെയോ തനിക്ക് പിടിച്ചു തരണമെന്ന് രാമനോട്‌ ആവശ്യപ്പെടുന്നു.
വനവാസം കഴിഞ്ഞു അയോധ്യയിലേക്ക് പോകുമ്പോൾ കൂടെയത് ഉണ്ടാകണം.. ജീവനോടെയല്ല യെങ്കിൽ അതിന്റെ തോൽ എങ്കിലും വേണം.. അതാണ് സീതയുടെ ആവശ്യം.
സ്ത്രീസഹജമായ മോഹത്തെ സഫലീകരിക്കാൻ രാമൻ തയ്യാറാകുന്നു. ഏതെങ്കിലും രാക്ഷസന്റെ മായയായിരിക്കുമത് എന്ന് പറയുന്ന ലക്ഷ്മണന്റെ വാക്കുകളെ തൃണവൽഗണിക്കുന്ന രാമൻ സീതയുടെ ആഗ്രഹസാഫല്യത്തിന് മുൻതൂക്കം കൊടുക്കുന്നു. സീതയുടെ മോഹം തുടർന്നുള്ള ജീവിതത്തിലുടനീളം സൃഷ്ടിച്ച  ദുഃഖത്തിന്റെ വ്യാപ്‌തി മരണം വരെ പിന്തുടർന്നു എന്ന് കാണാൻ കഴിയും.രാമന്റെ അമ്പേറ്റ് മരണപ്പെടുന്ന മാരീചൻ രാമന്റെ ശബ്ദത്തിൽ നിലവിളിച്ചും കൊണ്ട് മരണം വരിക്കുന്നു. രാമന് ആപത്ത് സംഭവിച്ചു ന്ന് തെറ്റിധരിച്ച സീത ജേഷ്ഠനെ തിരക്കി പോകാൻ ലക്ഷ്മണനോട്‌ ആവശ്യപ്പെടുന്നു.. രാക്ഷസന്റെ മായയാണിത്. ജേഷ്ഠന് ആപത്തു സംഭവിച്ചതാവില്ല എന്ന് പറയുന്ന ലക്ഷ്മണൻ രാമൻ തന്നെ ഭരമേൽപ്പിച്ച   സീതയുടെ സുരക്ഷയെ ഓർത്ത്‌ അവിടം വിട്ടു പോകാൻ കൂട്ടാക്കുന്നില്ല.ആ സാഹചര്യത്തിൽ ഭർതൃസ്നേഹത്തിൽ അന്ധയായ സീത എത്രയും ക്രൂരമായ നിന്ദാവചനങ്ങളിൽ ലക്ഷ്മണനെ ഭർസി ക്കുന്നു. തന്നെ മോഹിക്കുന്ന ലക്ഷ്മണൻ ശ്രീരാമന്റെ മരണം ആഗ്രഹിക്കുന്നു എന്നു പോലും  പറയുമ്പോൾ സഹികെട്ട് ലക്ഷ്മണൻ ചെവിപൊത്തി രാമനെ തിരക്കി പുറപ്പെടുകയാണ്.അപ്പോഴും ലക്ഷ്മണരേഖ വരച്ച്  ജേഷ്ഠത്തിയെ  സുരക്ഷിതമാക്കാൻ മറക്കുന്നില്ല. സന്യാസിയുടെ വേഷത്തിലെത്തിയ രാവണന് ഭക്തിപൂർവ്വം സ്വീകരിക്കുന്ന സീത ലക്ഷ്മണരേഖക്ക്  പുറത്തേക്ക് കടന്നു ഭിക്ഷ നൽകാൻ നിർബന്ധിതരാകുന്നു കേവലമൊരു ഭിക്ഷാo ദേഹിയുടെ ദൈന്യതയിലുള്ള അനുകമ്പയായിരിക്കാം അതിന് കാരണമായത്.രാക്ഷസനെന്ന്  തിരിച്ചറിയുമ്പോഴേക്കും രക്ഷപ്പെടൽ  അസാധ്യമായിരുന്നു. ഒരുപക്ഷേ അതിനുശേഷമുള്ള സീതയുടെ ജീവിതം എത്രമാത്രം ദുരിതപൂർണമായിരുന്നു എന്ന് രാമായണത്തിൽ നിന്ന്  നമ്മൾ വായിച്ച് അറിയുന്നു.കേവലമൊരു പൊന്മാനിനോടുള്ള അമിതമായ മോഹം, സന്യാസിയുടെ രൂപം ധരിച്ച രാക്ഷസനെ തിരിച്ചറിയാൻ കഴിയാതെ പോയത്.എല്ലാം   സീതയുടെ പിന്നീടുള്ള ദുരവസ്ഥയ്ക്ക് കാരണമായെന്ന് പറയണം.  എല്ലാത്തിലുമുപരി തന്നെ സ്വന്തം അമ്മയെപ്പോലെ കണ്ടിരുന്ന ഭർതൃസഹോദരനോട് ഒരു സന്നിഗ്ദഘട്ടത്തിൽ പറഞ്ഞ ക്രൂരമായ നിന്ദാ വചനങ്ങളുമതിന് കാരണമായി .

ചില സമയങ്ങളിൽ നിർബന്ധബുദ്ധിയും പിടിവാശിയും അമിത മോഹങ്ങളും  മനുഷ്യനെ എങ്ങനെ വിനാശത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് രാമായണത്തിലെ ഈ കഥാസന്ദർഭങ്ങളിൽ നിന്നും മനസ്സിലാക്കാം.ഈ സന്ദർഭങ്ങളിൽ  പുരുഷന്മാർ സ്ത്രീകളുടെ വചനങ്ങളെ അന്ധമായി മുഖവിലക്കെടുക്കുന്നു എന്നും  കാണാം. വിനാശകാലേ വിപരീത ബുദ്ധി എന്നത്  അന്വർത്ഥമാക്കുന്ന സന്ദർഭങ്ങൾ.ജീവിതത്തിൽ ദുരിതങ്ങൾ സംഭവിക്കാനുള്ളതാണെങ്കിൽ  വന്നു ഭവിക്കുക തന്നെ ചെയ്യുന്നു. സദ് വചനങ്ങൾ ചെവികൊള്ളാൻ ഉള്ള മനസ്സ് അപ്പോൾ ഉണ്ടാവില്ല..
വിധി എന്ന വാക്ക് എല്ലാക്കാലത്തും പ്രസക്തമാണ്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക