Image

കോവിഡ് മരണ നിരക്ക് ആശങ്കാ ജനകമായി തുടരുന്നു (മീട്ടു)

Published on 12 August, 2020
കോവിഡ് മരണ നിരക്ക് ആശങ്കാ ജനകമായി തുടരുന്നു (മീട്ടു)
ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി സ്റ്റേറ്റുകളില്‍ താണ്ഡവമാടിയ കോവിഡ് 19 ഈ മേഖലയില്‍ നിന്നു പിന്നോക്കം പോയെങ്കിലും മറ്റു സ്റ്റേറ്റുകളില്‍ മരണം വിതക്കുന്നു.

എങ്കിലും, കഴിഞ്ഞ മൂന്നു ദിവസമായി പുതുതായി രോഗം വരുന്നവരുടെ എണ്ണം 50,000 കടക്കുന്നില്ല എന്നത് ആശ്വാസം പകരുന്നു.

അമേരിക്കയിലാകെ 1368 പേര്‍ ഇന്നലെ മരിച്ചു. ടെക്‌സസ്-221; ഫ്‌ലോറിഡ-212; കാലിഫോര്‍ണിയ-153; ജോര്‍ജിയ -105; അരിസോണ-148; ന്യു യോര്‍ക്ക്-7 എന്നിങ്ങനെയാണു മരണ സംഖ്യ.

ഏപ്രില്‍ മുതല്‍ ജൂലൈ ആദ്യം വരെ മരണ സംഖ്യ കുറഞ്ഞു കൊണ്ടിരുന്നു. ജൂലൈ 10-നു ശേഷം വീണ്ടും മരണ സംഖ്യ ഉയരാന്‍ തുടങ്ങി. ബിസിനസുകളും മറ്റും തുറന്നതാണ് ഈ കുതിച്ചു ചാട്ടത്തിനു കാരണമായത്.

കോവിഡിന് കീഴടങ്ങിയ ഡോക്ടർമാരായ അച്ഛനും മകനും

 രോഗികളെ ചികിത്സിക്കാനും രോഗം സുഖപ്പെടുത്താനും ജീവിതം ഉഴിഞ്ഞു വച്ച അച്ഛനും മകനും- ഫ്ലോറിഡയിൽ ആരോട് തിരക്കിയാലും ഡോ.ജോർജ് എ.വലേജോ (89) യെയും മകന് ഡോ.കാർലോസ് ഫ്രാൻസിസ്കോ വലേജോ(57)യെക്കുറിച്ചും അങ്ങനെയേ കേൾക്കാൻ സാധിക്കൂ. ജൂൺ അവസാനത്തോടെയാണ് ഇരുവരെയും ഹോസ്പിറ്റലിൽ എത്തിച്ചത്. ഒരു ഡസനിലേറെ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന മകന് , കൊറോണയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് അദ്ദേഹവുമായി അടുത്തിടപഴകിയ അച്ഛനെയും അഡ്മിറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത്. റിട്ടയർ ചെയ്ത ഡോക്ടർ എന്ന നിലയ്ക്ക് അച്ഛനും,  ആന്തരിക രോഗവിദഗ്ധനായ  മകനും രോഗത്തെയും ലക്ഷണങ്ങളെയും കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. രോഗത്തോട് പൊരുതാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലം കാണാതെ 42 ദിവസം നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഓഗസ്ററ് ഒന്നിന് ഇരുവരും വിധിക്ക് കീഴടങ്ങി. ഞെട്ടലോടെയാണ് കുടുംബവും ഇവരെ അറിയുന്നവരും കോവിഡിനെ തുടർന്നുള്ള മരണവാർത്ത ശ്രവിച്ചത്.

 കൊലപാതകങ്ങൾ വർദ്ധിക്കുന്നോ ?

കോവിഡ് ലോക്ഡൗണിൽ നിന്നുണർന്ന ശേഷം അമേരിക്കയിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്  ആശങ്ക പടർത്തുന്നു. ഇരുപത് പ്രധാന നഗരങ്ങളിലായി മെയ് മാസത്തെ അപേക്ഷിച്ച്  ജൂണിൽ     മുപ്പത്തിയേഴ് ശതമാനം അധികമാണ് നരഹത്യ.  കഴിഞ്ഞ വർഷമിത് ആറ് ശതമാനം മാത്രമായിരുന്നു. മുൻവൈരാഗ്യം ഇല്ലാതെ തികച്ചും അപരിചിതരായവർ നിസ്സാര കാര്യങ്ങളുടെ പേരിൽ തർക്കത്തിൽ ഏർപ്പെട്ട് ജീവൻ പൊലിയുന്ന  വാർത്ത അടുത്തിടെ പതിവാണ്. ഇത്തരത്തിൽ മുപ്പത് കേസുകളാണ് ഉള്ളത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഒന്നും ഉണ്ടായിരിക്കില്ല. പതിനഞ്ച് കേസുകൾ ലഹരിക്ക് അടിമപ്പെട്ടും നടന്നിട്ടുണ്ട്. 
അൻപതോളം കേസുകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കാൻ പോലീസിനുപോലും ഒന്നും ലഭിച്ചിട്ടില്ല.  കൊലപാതകങ്ങളുടെ പേരിലെ രാഷ്ട്രീയ മുതലെടുപ്പും കുറവല്ല. ഡെമോക്രാറ്റുകൾക്ക് സ്വീകാര്യത കൂടുതലുള്ള നഗരങ്ങളാണ് ഹിംസയുടെ വിളനിലമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ വിലയിരുത്തൽ. കാൻസസ് നഗരത്തിൽ മെയ്- ജൂൺ മാസങ്ങളിൽ 44 കൊലപാതങ്ങളാണ് നടന്നത്. വൻതോതിൽ രഹസ്യമായി  ലഹരിമരുന്ന് വിറ്റഴിയപ്പെടുന്നതാകാം  കാരണമെന്ന് പറയപ്പെടുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി തകർന്നതുമൂലമുള്ള മാനസിക സംഘർഷവും വകതിരിവ് നഷ്ടപ്പെടാനും അക്രമാസക്തരായി തീരാനുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അഭിപ്രായമുണ്ട്. എന്നാൽ കൊലപാതകം ഒഴികെയുള്ള കുറ്റകൃത്യങ്ങൾ നല്ല രീതിയിൽ കുറഞ്ഞിട്ടുമുണ്ട്. പോലീസിന്റെ അനാസ്ഥയെ ചോദ്യം ചെയ്ത് പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. 

ഗോ ഗ്രീൻകൊണ്ട് കാര്യമില്ല

 പരിസ്ഥിതിക്കും ശരീരത്തിനും ദോഷം വരുന്ന കെമിക്കലുകൾ അടങ്ങിയ ക്ളീനറുകളോട് ബൈ പറഞ്ഞ് പ്രകൃതിദത്തമായ വഴികളിലൂടെ വീടും പരിസരവും വൃത്തിയാക്കുന്ന രീതി അമേരിക്കയിൽ ഇടക്കാലത്ത് ട്രെൻഡ് ആയതാണ്. 'ഗോ ഗ്രീൻ ക്യാമ്പെയിനിന്റെ ' ഭാഗമായി ഓറഞ്ച് തൊലിയിൽ നിന്നും വേപ്പിലയിൽ നിന്നുമൊക്കെ വീട്ടിൽ തന്നെ ക്‌ളീനറുകൾ ഉണ്ടാക്കി. എന്നാൽ, കൊറോണയുടെ വരവ് കാര്യങ്ങൾ തകിടം മറിച്ചു. എത്ര കണ്ട് വൃത്തിയാക്കിയാലും ആളുകൾക്ക് തൃപ്തി വരുന്നില്ല. വൈറസ് ഒളിഞ്ഞിരിക്കുന്നോ എന്ന ഭയമാണ്. വൈറസിനെ തുരത്താൻ ഒരിക്കൽ പുറത്താക്കിയ കെമിക്കലുകൾ അടങ്ങിയ അണുനശീകരണ ഉത്പന്നങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ആവശ്യക്കാർ ഏറി. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി റിസ്ക് എടുക്കാൻ ആരും തയ്യാറല്ല. കോറോണയെ അകറ്റാൻ കഴിയുമെങ്കിൽ ദോഷകരമായ കെമിക്കലുകൾ കണ്ടില്ലെന്നു നടിക്കാം എന്നാണ് ആളുകൾ കരുതുന്നത്. 

കോവിഡിനെ പേടിച്ചപ്പോൾ പനിയും  ഫ്ലുവും പമ്പ കടന്നു 

കോവിഡിനെതിരെ എടുക്കുന്ന മുൻകരുതലുകൾ മറ്റു പകർച്ചവ്യാധികളുടെ തോത് കുറയ്ക്കാൻ സഹായകമായെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഫ്ലൂ അടക്കമുള്ള പകർച്ചപ്പനികൾ കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതിന് കാരണം ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതുമാണ്. സ്കൂൾ തുറക്കുന്ന സമയം പകർച്ചവ്യാധികൾ വ്യാപിക്കുന്നത് പതിവായിരുന്നു. ജലദോഷമോ ചുമയോ ഉള്ള ഒരു കുട്ടി മതി, ക്ലാസിലെ പത്തോ ഇരുപതോ പേർക്കും തുടർന്ന് അവരുടെ വീടുകളിലേക്കും രോഗം പടരാൻ. സ്‌കൂളുകൾ അടച്ചിരിക്കുന്നതും കുട്ടികൾ തമ്മിൽ അടുത്ത് ഇടപഴകാനുള്ള സാഹചര്യം ഇല്ലാതായതും കൂടുതൽ പേരിലേക്ക് അസുഖം വ്യാപിക്കാതെ രക്ഷയാകുന്നുണ്ട്. 

ജലദോഷപ്പനിക്കു പോലും ആശുപത്രികളിലേക്ക് ഓടുകയും അവിടെ എത്തുന്ന രോഗികളിൽ നിന്ന് പകർച്ചവ്യാധിയുമായി വീട്ടിലേക്ക് മടങ്ങുന്നവരും മുൻകരുതലുകൾ കൊണ്ട് രക്ഷപ്പെട്ടതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണം എന്ന നിർദ്ദേശം പാലിക്കുന്നതും രോഗം പടരാനുള്ള അവസരം ചെറുക്കുന്നു. വ്യക്തി ശുചിത്വത്തിന് ഊന്നൽ കൊടുക്കുന്നതും അണുവാഹകരെ തുരത്താൻ സഹായകമാകുന്നുണ്ട്. ആളുകൾ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വായിലെയും മൂക്കിലെയും സ്രവങ്ങളിലൂടെയാണ് ബാക്റ്റീരിയയും വൈറസും അതുമൂലമുള്ള രോഗങ്ങളും പടർന്നിരുന്നത്. 2010 നു ശേഷം 1,40,000 മുതൽ 8,10,000 വരെ ആളുകളാണ് അമേരിക്കയിൽ ഇൻഫ്ലുവെൻസയ്ക്ക് ചികിത്സ തേടിയത്. ഈ രോഗം മൂലമുള്ള മരണനിരക്കാകട്ടെ 12,000 എന്നതിൽ നിന്ന് 61,000 എന്ന സംഖ്യയിലേക്ക് ഉയർന്ന കാഴ്ചയാണ് 2010 മുതൽക്കുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത്. കോവിഡ് പ്രതിസന്ധി മറികടന്നാലും സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിച്ച് മാസ്ക് ധരിക്കുന്നത് ശീലമാക്കി ഫ്ലൂ തടുക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ദ്ധർ.ഇതിനായുള്ള വാക്സിനിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക