Image

നമസ്കാരം ടീച്ചർ (എഴുതാപ്പുറങ്ങൾ - 69: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 05 September, 2020
നമസ്കാരം ടീച്ചർ (എഴുതാപ്പുറങ്ങൾ - 69: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
(സെപ്റ്റംബർ 5  അധ്യാപക ദിനം)

സെപ്തംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലേയും, ഈ കാലഘട്ടത്തിലേയും ഗുരുശിഷ്യ ബന്ധങ്ങളെ ക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്

ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയിൽ മികവുറ്റ മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു  അന്നു കാലത്തെ ഗുരു. അതുപോലെത്തന്നെ പഠന സമയം കഴിഞ്ഞ് പുറത്തുകടന്നാൽ അധ്യാപകന്റെ  രൂപത്തിനേയും, സ്വഭാവങ്ങളേയും കുറിച്ച് വിമർശിയ്ക്കുവാനോ, ശിക്ഷയോ,  ഉപദേശമോ അധ്യാപകൻ നൽകിയാൽ പ്രതികാരം ചെയ്യുവാനും, അദ്ദേഹത്തിനെതിരെ മാതാപിതാക്കളെ കൊണ്ട് നിയമനടപടികൾ എടുപ്പിയ്ക്കുവാനും ധൈര്യം കാണിച്ചിരുന്ന ഒരുവനായിരുന്നില്ല ശിഷ്യൻ. അവനെ സംബന്ധിച്ചിടത്തോളം ഒരു ജീവിതം പടുത്തുയർത്തി വളരെ ഭംഗിയായി മുന്നോട്ടു നയിക്കുവാനുള്ള ധൈര്യവും, അറിവും വിജ്ഞാനവും പകരുന്ന ഒരു ശക്തിയാണ് ഗുരു.

ആരാണ് ഗുരു? ‘ഗു’ എന്ന അക്ഷരത്തിനു അന്ധകാരം എന്നും ‘രു’ എന്ന അക്ഷരത്തിനു അകറ്റുക എന്നും അർത്ഥമാണ്. അല്ലെങ്കിൽ വെളിച്ചം കൊണ്ട് (അറിവിനാൽ) അന്ധകാരത്തിനെ (അജ്ഞതയെ) ഇല്ലാതാക്കുന്നവൻ  'ഗുരു'   തമസ്സിനെ അകറ്റി ജ്യോതിസ്സ് നൽകുന്നവൻ ഗുരു. 

ഗുരു ബ്രഹ്മാ
ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരം ബ്രഹ്മ
തസ്മയ് ശ്രീ ഗുരു വേ നമ:

സൃഷ്ടി, സ്ഥിതി സംഹാരങ്ങൾക്ക് അവലംബമാകുന്ന ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ, ത്രിമൂർത്തികളുടെ സമാഹൃതമാകുന്ന   ഗുരുവിനെ നമസ്കരിക്കുന്നു. ഗുരു എന്നത് ഒരു വ്യക്തിയല്ല , ഒരു തത്വമാണ് അതുകൊണ്ടാണ് വന്ദേ ഗുരു പരമ്പര എന്ന് ഗുരുവന്ദനത്തിൽ പറയുന്നു.

പണ്ടത്തെ ഗുരുകുല വിദ്യഭ്യാസത്തിൽ, ഗുരുവിനോടുക്കൂടി സമയം ചെലവഴിച്ച്, ഗുരുവിൻ്റെ ജീവിതത്തെ നോക്കികണ്ട്, സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത് മനസ്സിലാക്കി, ഗുരുപകരുന്ന വിദ്യ അഭ്യസിക്കുന്നു. ഇതിലൂടെ ഒരു ശിഷ്യൻ പഠിയ്ക്കുന്നത് ഒരു വിഷയമല്ല, ഒരു പുസ്തകമല്ല മറിച്ച് ഒരു ജീവിതമാണ്.

ഗുരുനാഥന്മാർ സ്മരിയ്ക്കുവാൻ പരമ്പരാഗതമായി   ‘ഗുരുപൂർണ്ണിമ’  എന്ന ഒരു അവസരം ഉപയോഗിയ്ക്കുന്നുണ്ടെങ്കിലും സെപ്തംബർ അഞ്ചിനെ അധ്യാപക ദിനം അല്ലെങ്കിൽ ഗുരുനാഥദിനമായി ഇന്ത്യയിൽ ആചരിച്ചു പോരുന്നു. ദാർശനികൻ, തത്വചിന്തകൻ, ഗ്രന്ഥകാരൻ, അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ ഇന്ത്യയിൽ ആഘോഷിച്ചു പോരുന്നു. നാല്പതുവർഷക്കാലം അദ്ധ്യയനത്തിനായി ചെലവഴിച്ച അദ്ദേഹം ലോകത്തെ പഠിച്ചുകൊണ്ടേയിരിയ്ക്കാവുന്ന ഒരു പാഠശാലയായാണ് കണക്കാക്കിയിരുന്നത്. വിദ്യാർത്ഥികൾക്കെന്നും അദ്ദേഹം ഒരു മാർഗ്ഗദർശിയായിരുന്നു.

ഭാരതീയ പുരാണങ്ങൾ പരിശോധിക്കുമ്പോൾ കാണുന്നത്, അന്ന് കുട്ടികൾ സകല വിദ്യയും അഭ്യസിച്ചിരുന്നത് ഗുരുമുഖത്തുനിന്നുമാണ്. ഗുരുകുലവിദ്യാഭ്യാസം എന്ന ഗുരുവും ശിഷ്യന്മാരും തമ്മിൽ ശരിയായ ആത്മബന്ധം പുലർത്തുന്ന ഒരു വിദ്യാഭ്യാസ രീതിയായിരുന്നു അന്നുകാലങ്ങലിൽ. ഗുരുവിനെ ശിഷ്യന്മാർ വന്ദിച്ചിരുന്നു, ആരാധിച്ചിരുന്നു, അനുസരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു.  അന്ന് ഗുരു, ശിഷ്യന് നൽകിയിരുന്നത് വെറും വിദ്യാഭ്യാസമല്ല, ജീവിതം മുന്നോട്ട് നയിക്കുവാനുള്ള ധാർമ്മികമായ മാർഗ്ഗദര്ശനമാണ്. അതുകൊണ്ടുതന്നെ ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം എന്നും മനസ്സിൽ അണയാതെ നിൽക്കുന്ന ഒരു വിളക്കാണ് ഗുരു . ഗുരുവിനുവേണ്ടി എന്തും ത്യജിയ്ക്കാൻ അന്നത്തെ ശിഷ്യന്മാർ സന്നദ്ധരായിരുന്നു. മഹാഭാരതത്തിലെ ഏകലവ്യന്റെ കഥ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

പണത്തിനും, സ്ഥാനമാനങ്ങൾക്കും, ആൾസ്വാധീനത്തിനും വേണ്ടി വേദികളിൽ പക്ഷഭേദം കാണിയ്ക്കുന്ന ഈ കാലഘട്ടത്തിലെ ചില അധ്യാപകരെപ്പോലെ ആയിരുന്നു  ദ്രോണാചാര്യർ എങ്കിലും ഗുരുവിനെ ബഹുമാനിയ്ക്കുന്ന, അദ്ദേഹത്തിനുവേണ്ടി എന്തും ത്യജിയ്ക്കുന്ന ഒരു ഉത്തമ ശിഷ്യനായിരുന്നു ഏകലവ്യൻ.  ഗോത്രവംശജനും താഴ്ന്ന കുലത്തിൽ പിറന്നവനും ആണ് എന്ന കാരണത്താൽ തനിയ്ക്ക് ശിഷ്യത്വം നിഷേധിച്ചപ്പോൾ ദ്രോണാചാര്യരെ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിച്ച് വിദ്യ അഭ്യസിച്ചവനാണ് ഏകലവ്യൻ. അവിടെ ആ ബാലന്റെ മനസ്സിൽ പതിഞ്ഞ ഗുരു സങ്കൽപ്പത്തിന്റെ ശക്തിയായ ഭാവമാണ്,   വില്ലാളിവീരനായ, ഉന്നതകുലജാതനായ, ദ്രോണാചാര്യർക്ക് പ്രിയനായ അർജ്ജുനൻ എന്ന ശിഷ്യനോടൊപ്പം ഏകലവ്യനെ നിപുണനാക്കിയത്.  അർജ്ജുനനും സഹോദരന്മാരും  നായാട്ടിനായി കാട്ടിലെത്തിയപ്പോഴാണ്   തനിയ്‌ക്കെതിരെ  കുരച്ചുവരുന്ന ഒരു നായ്‌ക്കെതിരെ  ‘ശബ്ദഭേരി’ എന്ന അസ്ത്രവിദ്യ പ്രയോഗിച്ച കാട്ടുയുവാവിനെ ശ്രദ്ധിയ്ക്കാൻ ഇടയായത്. തനിയ്ക്ക് ദ്രോണാചാര്യർ ഉപദേശിച്ചുതന്ന ഈ അസ്ത്രവിദ്യ കാട്ടുയുവാവ് പ്രയോഗിച്ചതിൽ ഉന്നതകുലജാതനും, വില്ലാളിവീരനും എന്ന അഹന്ത ഉള്ളിലുറങ്ങുന്ന  അർജ്ജുനനിൽ ആശങ്ക ഉണർത്തി. ദ്രോണാചാര്യരുടെ ശിക്ഷണത്തിൽ അഭ്യസ്ത വിദ്യ വശത്താക്കിയില്ല എങ്കിലും തന്റെ ഗുരു ദ്രോണാഹാര്യർ ആണെന്ന് നിസ്സംശയം ഏകലവ്യൻ പറഞ്ഞതിൽ നിറയെ ഗുരുഭക്തിയായിരുന്നു. അസ്ത്രവിദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത തള്ളവിരൽ മുറിയ്ക്കുന്നത് തന്നെ കൊലചെയ്യുന്നതിന് തുല്യമാണെന്നറിഞ്ഞിട്ടും അവിടെ സ്വാർത്ഥനായ അർജ്ജുനനന്റെ നിർദ്ദേശപ്രകാരം ഗുരു ആവശ്യപ്പെട്ട തള്ളവിരൽ മുറിച്ചു നൽകാൻ തയ്യാറായ ഏകലവ്യൻ     ത്യാഗത്തിന്റെയും ഗുരു ഭക്തിയുടെയും ഉത്തമ ഉദാഹരണമാണെന്നതാണ് ഗുരു ശിഷ്യ ബന്ധത്തിൽ ഈ കഥയ്ക്കുള്ള പ്രാധാന്യം. 

ഭഗവത്ഗീതയിലും അർജ്ജുനവിഷാദയോഗത്തിൽ നിഷ്ക്രിയനായിരുന്ന അർജ്ജുനന് മാർഗ്ഗദർശനം നൽകുന്ന കൃഷ്ണന്റെ ഗുരുഭാവം കാണാൻ കഴിയും.    മാർഗ്ഗദര്ശിയായ കൃഷ്ണൻ എല്ലാ ഉപദേശങ്ങളും നൽകി അർജ്ജുനന്റെ വിഷാദത്തിൽ വെളിച്ചം പകർന്നതിനുശേഷം അർജ്ജുനനോട് ഭഗവാൻ  ചോദിയ്ക്കുന്നുണ്ട് (ഭഗവത് ഗീത പതിനെട്ടാം അദ്ധ്യായം  ശ്ലോകം 72 ) അർജ്ജുനാ ഞാൻ ഇതുവരെ ഉപദേശിച്ചതെല്ലാം ഏകാഗ്രമായ മനസ്സോടെ നീ കേട്ടുവോ? അജ്ഞാനം നിമിത്തം നിനക്കുണ്ടായ വ്യാമോഹം നീങ്ങിയോ? വിദ്യയെല്ലാം പകർന്നു കൊടുത്തതിനുശേഷം അത് പ്രായോഗികമാക്കാൻ ശിഷ്യന് കഴിയുന്നുണ്ടോ എന്ന ഭഗവാന്റെ ഉറപ്പുവരുത്തലിലാണ് ഒരു ഗുരുവിന്റെ യഥാർത്ഥ ഗുണം എടുത്തുകാണിക്കുന്നത്

ഒരുപാട് പ്രതീക്ഷകളോടെ വിദ്യാലയത്തിലേയ്ക്ക് പ്രവേശിയ്ക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിയെയും ജീവിത വിജയം കൈവരിയ്ക്കാൻ പ്രാപ്തരാക്കുക, നല്ല മാർഗ്ഗങ്ങളിലൂടെ മാത്രം നയിയ്ക്കപ്പെടുക എന്നത് ഒരു അധ്യാപകന്റെ കർത്തവ്യമാണ്. ഒരുപക്ഷെ മാതാപിതാക്കളുടേതുപോലെ   ഒരു കുട്ടിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ തുല്യമായ പങ്ക് അവരുടെ അധ്യാപകർക്ക് ഉണ്ടെന്നു പറയാം. ‘വിദ്യാലയത്തിന്റെ പടിവാതിൽ തുറക്കുന്നവൻ കാരാഗൃഹത്തിന്റെ വാതിൽ അടക്കുന്നു’  എന്നൊരു ചൊല്ലുണ്ട്.   അജ്‌ഞത മനുഷ്യരെ തെറ്റുകളുടെ ലോകത്തേക്ക് നയിക്കുന്നു. വിദ്യഭ്യാസം, അറിവ് ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു.   ഭാരതത്തിന്റെ ഭാവി യുവാക്കളുടെ കരങ്ങളിലാണെന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞതുപോലെ നല്ലൊരു ഗുരു ശിഷ്യ ബന്ധത്തിനു മാത്രമേ  രാജ്യനന്മയ്ക്കുവേണ്ട നല്ലൊരു തലമുറയെ വാർത്തെടുക്കാനാകൂ 

ഹിന്ദുമത സിദ്ധാന്തങ്ങൾ അനുസരിച്ച്   ഒരാൾ പരമമായ മുക്തിയും മോചനവും നേടുന്നത് ഗുരുവിലൂടെയാണ്.  ഗുരുവിനു ആർഷഭാരതം പരമോന്നത സ്ഥാനം നൽകിയിരുന്നു. നമ്മുടെ ഉപനിഷദുക്കളുടെ വാക്യാർത്ഥം  തന്നെ ഭക്തിയോടെ അടുത്തിരിക്കുക എന്നാണു. ശിഷ്യർ ഭക്തിപൂർവ്വം ഗുരുവിന്റെ അടുത്തിരുന്നു വിദ്യ അഭ്യസിച്ചിരുന്നു. ഉപനിഷദിന് രഹസ്യമായ അധ്യാപനം എന്നും അർഥം പറയുന്നുണ്ട്.  ഭാരത സംസ്‌കാര പ്രകാരം ഗുരുവിനെ ഈശ്വരതുല്യനായി കാണുന്നു.  ഗുരു നമ്മുടെ നിതാന്ത സാന്നിധ്യമാണ്.  ഒരു സമയം അവൻ ശിഷ്യൻ പിന്നെ അവൻ ഗുരു. ഓരോരുത്തരും അവരുടെ അറിവുകൾ പങ്കു വയ്ക്കുമ്പോൾ അവർ ഗുരുസ്ഥാനീയരാകുന്നു.

എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസകാലം. നമ്മൾ ഓരോരുത്തരും നമ്മുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ എത്രയോ സന്തോഷകരമായ ഓർമ്മകളാണ് ഉണരുന്നത്. പാഠശാലയിലേക്ക് അച്ഛന്റെയോ അമ്മയുടെയോ കൈ പിടിച്ച നടന്ന അനുഭവം. വാസ്തവത്തിൽ മഹത്തായ അറിവ് നേടാനുള്ള നമ്മുടെ ആദ്യത്തെ പടിയാണ് അതെന്നറിയാതെ നിറയെ കൂട്ടുകാരുമായി കളിക്കാം എന്ന ഉത്‍സാഹത്തോടെ അന്ന് ചവിട്ടി കയറിയ സ്‌കൂളിന്റെ പടികൾ ജീവിതത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു എന്ന തിരിച്ചറിവ് പിന്നീട് നമ്മൾക്കുണ്ടാകുന്നു.   അച്ഛൻ 'അമ്മ എന്ന മഹത്തായ രണ്ടു വാക്കുകളിലും അടങ്ങിയിരിയ്ക്കുന്ന,  കുഞ്ഞി കൈകൾക്ക് വഴങ്ങാത്ത  'അ' എന്ന അക്ഷരത്തിൽ നിന്നാണ് നമ്മൾ നമ്മുടെ ആദ്യാക്ഷരം ആരംഭിയ്ക്കുന്നത്.

ജീവിതയാത്രയിൽ മുന്നോട്ടു നടക്കുമ്പോൾ എപ്പോഴെങ്കിലും നമ്മൾ കണ്ട ഏതെങ്കിലും ഒരു അധ്യാപകനെ ഓർക്കാത്ത ആരും ഉണ്ടാകില്ല.എന്നിരുന്നാലും ഒരു അദ്ധ്യാപകൻ നമ്മുടെ ജീവിതത്തിലെ ഇത്രയും പ്രാധാന്യമര്ഹിയ്ക്കുന്ന ഘടകമാണെന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല.

വിദ്യാഭ്യാസം വെറും കച്ചവടമായും, ഗുരുശിഷ്യ ബന്ധങ്ങൾ വ്യക്തിവൈരാഗ്യങ്ങളും പകപോക്കലുകളും ആയി മാറികൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ അടർത്തിമാറ്റാനാകാത്ത ഗുരു ശിഷ്യ ബന്ധങ്ങളെ കുറിച്ച് അധ്യാപകരും കുട്ടികളും ബോധവാന്മാരാകേണ്ടതുണ്ട്. അധ്യാപകരുടെ കുട്ടികളോടുള്ള സാമീപ്യം, മാതാപിതാക്കൾക്ക് അധ്യാപകരോടുള്ള വിശ്വാസം എന്നിവ ഈ കാലഘട്ടത്തിൽ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാക്കുന്നു. ഇവ രണ്ടും പവിത്രമാക്കാനുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ശപഥമാകട്ടെ ഈ അധ്യാപകദിനം.

അധ്യാപകദിനം എന്ന ഒരു ചിന്തയിലൂടെത്തന്നെ  തന്നെ ഞാൻ ഇഷ്ടപ്പെട്ട കുറെ അധ്യാപകരെ കുറിച്ചുള്ള സ്മരണകൾ കടന്നുപോയി. എന്നോടൊപ്പം നിങ്ങളോരോരുത്തരും നമ്മളിൽ  ആദ്യാക്ഷരം കുറിച്ച അധ്യാപകരെ സ്മരിയ്ക്കുമെന്നു കരുതുന്നു.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യദിവസം നമ്മൾ ഓരോരുത്തരും ഉരുവിട്ട ' ‘നമസ്കാരം ടീച്ചർ' എന്ന അഭിവാദ്യം നമ്മൾക്കെല്ലാവർക്കും നമ്മുടെ അധ്യാപകർക്കായി ഇന്നൊരിയ്ക്കൽ കൂടി  ഉരുവിടാം
Join WhatsApp News
prg 2020-09-05 02:22:39
നമ്മെ സ്വയം ചിന്തിക്കാൻ സഹായിക്കുന്നയാളാണ് ഒരു യഥാർത്ഥ അധ്യാപകൻ. നമ്മൾ ആശാൻ കളരിയിലേക്ക് ചുവടുവെക്കുന്ന നിമിഷം മുതൽ, മാതാപിതാക്കളിൽ നിന്ന് അകന്ന്, ബിരുദം കരസ്ഥമാക്കുന്നതുവരെ, അധ്യാപകർ നമ്മെ ഉടനീളം, സൗമ്യമായി, ദൃഡമായ രീതിയിൽ നമ്മെ നയിക്കുന്നു. രക്ഷകർത്താക്കൾക്ക് അവിടെ ഉണ്ടാകാൻ കഴിയാത്തപ്പോൾ നമ്മെ പരിപാലിക്കുന്നത് അധ്യാപകനാണ്. അവരാണ് നമ്മെ മാനവികത പഠിപ്പിക്കുന്നത്, എല്ലാവരെയും ഒപ്പം കാണുന്നതിന് മാതൃകയായി പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതത്തിലെ അധ്യാപകരുടെ എണ്ണമറ്റ സംഭാവനകളോട് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളോ, കാർഡുകളോ, പൂച്ചെണ്ടുകളോ, സമ്മാനങ്ങളോ ഒരിക്കലും മതിയാകില്ല. നമ്മുടെ രാജ്യത്തെ എക്കാലത്തെയും മികച്ച അധ്യാപകരെക്കുറിച്ച് നമുക്ക് എങ്ങനെ മറക്കാൻ കഴിയും? ഡോ. സർവപ്പള്ളി രാധാകൃഷ്ണൻ മുതൽ ഡോ. എ.പി.ജെ. അധ്യാപകർക്കും ഉപദേഷ്ടാക്കൾക്കുമായി ഒരു ദിവസം സമർപ്പിക്കാൻ നമ്മോട് ആവശ്യപ്പെട്ട ഡോ. സർവപ്പള്ളി രാധാകൃഷ്ണന്റെ ജൻമദിനം തന്നെ അതിനായി തിരഞ്ഞെടുത്തു. നാം ഇന്നത്തെ അവസ്ഥയിലാകാൻ നമ്മളെ സഹായിച്ച, നമുക്ക് പറക്കാൻ ചിറകുകൾ നൽകിയ, നമ്മുടെ ജീവിതത്തിൽ ഇത്രയും മഹത്തായ പങ്ക് വഹിച്ച മാർഗ്ഗനിർദ്ദേശ ശക്തികളെയും സഹായികളുമായ അധ്യാപകരെ നമ്മൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. താങ്കളുടെ ഓരോ ലേഖനവും വളരെ നന്നായി വരുന്നു. വളരെ പ്രശംസനീയമായ ലേഖനത്തിന് അഭിനന്ദനം.
Das 2020-09-05 05:53:58
Congrats Jyoti, The content has great insight ... Culturally & historically our tradition has always revered Teachers which is evidenced from a saying 'Mata, Pita, GURU Daivam' !
kanakkoor 2020-09-05 09:28:53
ഗുരു ശിഷ്യ ബന്ധത്തെ കുറിച്ച് നന്നായി എഴുതി.
Jayasree 2020-09-05 10:41:45
Teachers play an important and special role in our lives. They inspire and guide us and help shape our lives. On this Teachers Day, take a moment and thank all our teachers for their hard work and dedication in reminding us of who we are today. Good narration Jyothy. Congrats.
Elcy Yohannan Sankarathil 2020-09-05 14:48:24
Good article dear Jyothi! Good teachers always leave lasting imprints in the pupils' minds, they are the second parents, the teachers were greeted standing saying in unison 'namaskaaram' in my days back in India, also this article takes me back to the days I was a teacher who was greeted with respect even outside the class, teaching is a very noble profession, a teacher would forget everything while in class, sincere and loyal to his/her profession, blessed Teachers' Day!
Elcy Yohannan Sankarathil 2020-09-05 15:19:57
Beautiful article dear Jyothi! In olden days back in India teachers were highly respected, always greeted in unison with 'namaskaram' , even outside the class teachers were highly respected, teachers are the next to the parents, this article reminds me of my teacher days, the love and respect I received from my children, I always reminisce it, they were the sweetest days I had, a good teacher always place lasting imprints in the children's hearts, mold their character to a certain extent, is a very noble profession, blessed and happy Teachers' day to all the teachers who take the profession with sincerity! regards!
Elcy Yohannan Sankarathil 2020-09-05 15:52:26
Beautiful article on 'Teachers' Day', Jyothi reminds us of the importance of a teacher. A good teacher who stays with love and reverence in the hearts of the kids' minds, This article reminds me of the days I went to my 'Aasan' at the age of four and the days after that and the long walk to the schools etc. Also the days I was a teacher when the kids would get up in the class with folded hands, would welcome the teacher in the class in unison with 'namaskaram' , the teacher was given high respect in olden days, teachers were very dedicated too, teaching is a noble profession, good teachers leave permanent imprints in the minds of his/her children, blessed 'Teachers'day to all the dedicated teachers
Lekshmy Nair 2020-09-05 16:24:53
Ekalvya who cuts his finger and give Gurudakshina......... No more Kannan will be born to sit down as a silence without destroying the Guru's sleep...... But, if we can offer a small smile as a Guru dakshina when we meet with respect and gratitude, that's where the knowledge they have given us is clear....... Guru is the journey and evolution tha fulfill eternal energy through Jaivarupas.... Remembering all the teachers of life with memory... This article definitely took me back to my past school life. Very nicely narrated Ammaye....
Lekshmy Nair 2020-09-05 17:07:28
Karnna* not kannan
ടീച്ചര്‍ ഒരു പ്രകാശം 2020-09-05 17:24:40
Good Teachers are ജോതിസ് - which eliminate the darkness of ignorance. Thanks to Jothy Lakshmi for this beautiful article. My 'Assan Kalari' was in the property next to my house, so I was there when I was 3 years old. Kunjuttan was the Assan, and I was his side-kick. I helped the other kids with writing in the sand while Assan was imprinting on the palm leaves. I always had great respect for my good teachers who were dedicated to their profession. I myself knew the value of being dedicated when I became a teacher. Some of my teachers were long term friends and partners when I had the printing & publishing business. Teachers, Doctors, Nurses- these are glorious professions and so only who are dedicated to that profession should do that. Please don't use that profession for money-making. - andrew
Sharath Parampath 2020-09-06 04:58:33
Fantastic and wonderful an article. The most appreciated profession is teaching, it moulds the mind. They deserve more than nurses who deals with minds who intends to recover. Thanks my teachers for helping me be all I can be. Because of you all I can see that my future is bright. Congrats.......
Jyothylakshmy Nambiar 2020-09-06 11:57:12
അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി. ഇനിയും നിങ്ങൾ എല്ലാവരുടെയും വായനയും പ്രോത്സാഹനങ്ങളും പ്രേതീക്ഷിയ്ക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക