Image

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)

Published on 05 September, 2020
ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച 'കോടതി മാറ്റ' ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി.

ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതും തിരഞ്ഞെടുപ്പ് അസാധുവാക്കിയതും പരാതിക്കാരനും എതിര്‍ കക്ഷികളും വിവിധ സംസ്ഥാനങ്ങളിലുള്ളവരായതിനാലായിരുന്നു. ഇപ്പോഴും അതേ നിലപാടെടുത്തിരിക്കുകയാണ് എതിര്‍ കക്ഷികളെന്ന് തോന്നുമെങ്കിലും പ്രത്യക്ഷത്തില്‍ അല്പം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എതിര്‍കക്ഷികളുടെ വാദത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍:

1. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണ്.

2. പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ 'നാനാത്വം' (diversity) കണക്കിലെടുക്കണം.

3. ഈ പരാതി മൂലമുണ്ടായ താത്ക്കാലിക വിലക്കു മൂലം ഫൊക്കാനയ്ക്ക് ഭംഗിയായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതുകൊണ്ടും, പലിശയൊഴികെയുള്ള ചിലവുകളും അതിന്റെ സല്പേരിനു വരുന്ന നഷ്ടമടക്കമുള്ള മൂല്യം 75,000 ഡോളറില്‍ കൂടുതല്‍ വരുന്നതുകൊണ്ടും ഈ കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലാണ്.  

എന്നാല്‍, ഫെഡറല്‍ കോടതിയില്‍ കേസ് വാദം കേള്‍ക്കാനാവശ്യമായ 'നാനാത്വം' ഈ കേസില്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കൊടുത്ത മറുപടിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. കാരണം, ഫെഡറല്‍ കോടതിയില്‍ ഒരു കേസ് നിയമപരമായി നിലനില്‍ക്കണമെങ്കില്‍ വാദികളെല്ലാവരും ഒരേ സംസ്ഥാനത്തുള്ളനിന്നുള്ളവരെന്നതുപോലെ എതിര്‍ കക്ഷികളും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായിരിക്കണം. ഈ കേസില്‍ എതിര്‍ കക്ഷികളിലൊരാള്‍ (ഫിലിപ്പോസ് ഫിലിപ്പ്) ന്യൂയോര്‍ക്കില്‍ നിന്നുള്ളതും മറ്റുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കൂടാതെ, സാമ്പത്തിക ഘടകവും ഈ കേസില്‍ പരിഗണിക്കാന്‍ പാടില്ലെന്നും പറയുന്നു. കാരണം, പരാതിക്കാര്‍ വക്കീല്‍ ഫീസ്, കോടതിച്ചെലവ്, മറ്റു സാമ്പത്തിക നഷ്ടപരിഹാരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്റെ മറുപടിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ മറുപടി.

സാധാരണ കോടതി വ്യവഹാരങ്ങളില്‍ കണ്ടുവരുന്ന പ്രക്രിയകളാണ് മേല്‍ വിവരിച്ചത്. കോടതിയില്‍ വാദം തുടങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരും എന്നുതന്നെ കരുതാം. എന്നാല്‍, അതിലുപരി ഹര്‍ജിക്കാരും എതിര്‍കക്ഷികളും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ എത്രത്തോളം സുതാര്യതയുണ്ട് അല്ലെങ്കില്‍ സത്യസന്ധതയുണ്ട് എന്ന് സാധാരണക്കാര്‍ക്ക് തോന്നുന്നത് സ്വാഭാവികം.

പ്രത്യക്ഷത്തില്‍ 'ഫൊക്കാന' എന്ന ദേശീയ സംഘടനയുടെ തിരഞ്ഞെടുപ്പാണെന്ന് തോന്നുമെങ്കിലും ലേഖകന്റെ കാഴ്ചപ്പാടില്‍ ഇവ രണ്ടും രണ്ടും രണ്ടു സംഘടനകളാണ്. അറിഞ്ഞോ അറിയാതെയോ ഈ സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന അംഗസംഘടനകളും അംഗങ്ങളും വിഢികളായോ എന്നൊരു സംശയവും ഇല്ലാതില്ല.

1983-ല്‍ രൂപീകൃതമായ, 'FOKANA' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' 1985-ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ലാഭരഹിത സംഘടനയാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. ആ രജിസ്ട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതുമാണ്. അതിന്റെ കുടക്കീഴിലാണ് നാളിതുവരെ അംഗസംഘടനകളും ഫൊക്കാനയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നതെന്നതിനും തര്‍ക്കമില്ല. ഇപ്പോള്‍ ആ സംഘടനയുടെ പേരില്‍ കോടതിയില്‍ കേസുമായി പോയവരും എതിര്‍കക്ഷികളായി ഹര്‍ജിയില്‍ പറയുന്നവരില്‍ പലരും ഫൊക്കാനയുടെ ആരംഭകാലം മുതല്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും പ്രവര്‍ത്തിക്കുന്നവരുമാണ്. പക്ഷെ, എതിര്‍ കക്ഷികള്‍ കോടതിയില്‍ നല്‍കിയ മറുപടിയില്‍ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ട്.

അവര്‍ പറയുന്നതു പ്രകാരം 'FOKANA Inc.' മെരിലാന്റില്‍ 2008 സെപ്തംബര്‍ 3-ന് രജിസ്റ്റര്‍ ചെയ്ത സംഘടന എന്നാണ്. 2017-ല്‍ ഫെഡറല്‍ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്. കൂടാതെ 2017 ആഗസ്റ്റ് 1-ന് സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, 2008-ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ ഒരു സ്ഥലത്തും 'ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന് സൂചിപ്പിച്ചിട്ടേ ഇല്ല. സാങ്കേതികമായി പറയുകയാണെങ്കില്‍ ഈ ഫെഡറേഷന്റെ മുഴുവന്‍ പേര്  'FOKANA' എന്നു മാത്രമാണ്. ഒരു സംഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ചുരുക്കപ്പേരിലല്ല രജിസ്റ്റര്‍ ചെയ്യേണ്ടത്, മറിച്ച് മുഴുവന്‍ പേരും നല്‍കണമെന്നാണ് നിയമം.  ഉദാഹരണത്തിന് KANJ, WMA, HVMA, MAGH, PAMPA, MANJ, NAINA മുതലായവ തന്നെ എടുക്കാം. ഈ സംഘടനകളെല്ലാം അവയുടെ മുഴുവന്‍ പേരിലായിരിക്കില്ലേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? എന്നാല്‍, ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ട എതിര്‍കക്ഷികള്‍ 2008-ല്‍ മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത FOKANA Inc.ന്റെ പേരുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇനി മേല്പറഞ്ഞ FOKANA Inc. എന്ന കോര്‍പ്പറേഷന് മെരിലാന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉണ്ടെന്നും (അഡ്രസ്: 9000 Acredale Court, College Park, Maryland 20740), അതാണ് രജിസ്റ്റേഡ് ഓഫീസെന്നും, അവിടെയാണ് ബിസിനസ് നടത്തുന്നതെന്നുമൊക്കെ കോടതിയില്‍ നല്‍കിയ രേഖകളില്‍ വിവരിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് സ്ഥിരമായി ഒരു ഓഫീസ് ഇല്ലെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. കാലങ്ങള്‍ക്കു മുന്‍പ് വാഷിംഗ്ടണില്‍ ഒരു പോസ്റ്റ് ബോക്സ് നമ്പര്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അതെല്ലാം നിര്‍ത്തലാക്കി എന്നും മുന്‍ ഫൊക്കാന പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്ന അഡ്രസ് പാര്‍ത്ഥസാരഥി പിള്ളയുടെ വസതിയാണെന്നാണ് അറിവ്. അദ്ദേഹം ഫൊക്കാനയുടെ മുന്‍‌കാല പ്രവര്‍ത്തകനായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല. യാതൊരു ഔദ്യോഗിക പദവിയുമില്ല. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു. അവിടെ ഫൊക്കാനയുടെ യാതൊരു ബിസിനസ്സും നടക്കുന്നില്ല. എന്നാല്‍, 2008-ലെ FOKANA Inc. എന്ന കോര്‍പ്പറേഷന്റെ രക്ഷാധികാരിയായി (ഏജന്റ്) അദ്ദേഹത്തിന്റെ പേര് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ കൊടുത്തിട്ടുണ്ട്. മാര്‍ച്ച് 8, 2009ല്‍ ഐ ആര്‍ എസില്‍ നിന്ന് ഇ ഐ എന്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ നല്‍കിയ രേഖയില്‍ പറയുന്നു (EIN 26-4405026).

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫൊക്കാനയുടെ സി ഇ ഒയുടെ അഥവാ പ്രസിഡന്റിന്റെ അഡ്രസ് ആണ് ഔദ്യോഗികമായി ഫൊക്കാനയുടെ ബിസിനസ് അഡ്രസ് ആയി പരിഗണിക്കുന്നതെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെ എന്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ളയുടെ വീട് ഇപ്പോഴും ഫൊക്കാന ഔദ്യോഗികമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് എതിര്‍ കക്ഷികളാണ്. ഈ അഡ്രസില്‍ തന്നെയാണ് ആഗസ്റ്റ് 1, 2017-ല്‍ സുധ കര്‍ത്ത മെരിലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അസ്സസ്മെന്റ് ടാക്സേഷനില്‍ 195.70 ഡോളര്‍ ഫീസ് അടച്ചിരിക്കുന്നത്.  Revival fee, Corporate abstract എന്നിവയ്ക്കാണ് ഈ ഫീസ് അടച്ചിരിക്കുന്നത്. സുധ കര്‍ത്ത നിലവില്‍ ഫൊക്കാനയില്‍ സജീവ പ്രവര്‍ത്തകനാണ്. ന്യൂയോര്‍ക്കില്‍ 1985-ലെ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) രജിസ്‌ട്രേഷന്‍ നിലനില്‍ക്കേ എന്തിനാണ് മെരിലാന്റില്‍ ടാക്സ് കൊടുത്തതെന്ന് ഒരു സിപി‌എ ആയ അദ്ദേഹത്തിന് അറിയില്ലെന്നുണ്ടോ? കൂടാതെ, 2017ല്‍ ഇന്റേണല്‍ റവന്യൂ സര്‍‌വ്വിസില്‍ ടാക്സ് ഫയല്‍ ചെയ്തതും (8879-EO) അദ്ദേഹം തന്നെ. എല്ലാ രേഖകളിലും ഇരുവരുടേയും (പാര്‍ത്ഥസാരഥി പിള്ള, സുധ കര്‍ത്ത) പേരുകളാണ് കാണുന്നത്. പാര്‍ത്ഥസാരഥി പിള്ള ഫൊക്കാനയുടെ ആരംഭകാലം മുതല്‍ (1983) അതില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. 1985-ല്‍ ന്യൂയോര്‍ക്കില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിന് അറിയാമായിരിക്കും. പിന്നെ എന്തിന് 2008-ല്‍ മെരിലാന്റില്‍ ഒരു കോര്‍പ്പറേഷനായി FOKANA Inc. എന്ന പേരില്‍ അദ്ദേഹം രജിസ്ട്രേഷന്‍ നടത്തി? തന്നെയുമല്ല, അദ്ദേഹത്തിന്റെ വസതിയെ ഇപ്പോഴും ഫൊക്കാനയുടെ ബിസിനസ് അഡ്രസ്സായി നിലനിര്‍ത്തുന്നത് എന്തിന്?  

പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുകയാണ്. എതിര്‍കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ യഥാര്‍ത്ഥത്തില്‍ ഏത് ഫൊക്കാനയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആദ്യത്തെ ചോദ്യം.  FOKANA Inc. ലോ അതോ Federation Of Kerala Associations in North America (FOKANA)യിലോ? രണ്ടാമത്തെ പേരിലാണ് ഇവരെല്ലാവരും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തി ഓരോരോ സ്ഥാനമാനങ്ങളില്‍ കയറിപ്പറ്റിയതും. എല്ലാ പ്രവര്‍ത്തനങ്ങളും ഈ പേരിലായിരുന്നു. കോടതിയില്‍ കേസ് വരുമ്പോള്‍ മെരിലാന്റിലെ രജിസ്ട്രേഷന്‍ പൊക്കിക്കൊണ്ടുവരുന്നത് ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിന്? ഇനി മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത ഫൊക്കാനയാണെങ്കില്‍ തന്നെ
അവര്‍ക്കെങ്ങനെ 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനാകും? അവര്‍ പിന്തുടരുന്നതും ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതുമായ രേഖകള്‍ പ്രകാരം 2008ലാണ് FOKANA Inc രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  
അപ്പോള്‍ വെറും 12 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമേ നിലവിലുള്ളൂ. അങ്ങനെ വരുന്ന പക്ഷം അവര്‍ ഏത് ഫൊക്കാനയ്ക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ടിവരും. മെരിലാന്റില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫൊക്കാനയ്ക്കുവേണ്ടിയാണ് വാദിക്കുന്നതെങ്കില്‍ 1983ല്‍ സ്ഥാപിതമായ ഫൊക്കാനയില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലാതായി വരികയും ചെയ്യും.

2006-ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും മെരിലാന്റ് മൊണ്ട്‌ഗൊമെരി കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഫൊക്കാന പിളര്‍ന്നതൊന്നും ആരും മറന്നു കാണാനിടയില്ല. അന്നു പക്ഷെ ഏത് രജിസ്ട്രേഷന്റെ പേരിലാണ് കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതെന്ന് അറിയില്ല.

ഏതായാലും കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ തിയ്യതിയായ ഒക്ടോബര്‍ 22-ന് സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. 

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് (മൊയ്തീന്‍ പുത്തന്‍‌ചിറ)
Join WhatsApp News
George Nadavayal 2020-09-05 22:03:32
Very interesting investigation. Thank You Moideen Puthenchirayil. Who are the villains? Who are the black sheep?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക