Image

മൊഞ്ചത്തികള്‍ (കവിത) ജയശങ്കര്‍ പിള്ള

ജയശങ്കര്‍ പിള്ള Published on 12 September, 2020
മൊഞ്ചത്തികള്‍  (കവിത) ജയശങ്കര്‍  പിള്ള
മണല്‍ മഴക്കാടുകള്‍ പെയ്‌തൊഴിയുന്ന
മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി
അതില്‍ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി
മനസ്സിന്റെ  മണിയറ മറ നീക്കി എത്തുമ്പോള്‍
മണല്‍ക്കാടു പൂത്തു  സ്വര്‍ണ്ണവരകളാല്‍  കൊലുസിട്ടു
സ്വപ്‌ന വീഥികള്‍ തരളിതമാകുമ്പോള്‍,സഖീ ..

വെയില്‍ ചൂട് തീര്‍ത്തൊരാ എണ്ണക്കിണറുകളില്‍
ദാഹ ജലത്തിനായ് കേഴുമ്പോള്‍ മുന്നിലായ്
കാരാഗൃഹത്തിലെ കൈപ്പുനീര്‍ പാത്രത്തില്‍
ദാഹം ശമിപ്പിയ്ക്കാന്‍ വ്യഗ്രത പൂണ്ടവള്‍
തേടി അലയുന്നു ഈ സ്വര്‍ണ്ണ രാജിയില്‍
കയ്പ്പുനീര്‍ മോന്തും കറുപ്പിന്റെ മക്കളെ

മണല്‍ ആഴിയായ് കാറ്റുയര്‍ന്നു മറ തീര്‍ത്തു
കറുപ്പിന്റെ ആവരണം വീണുടയുമ്പോള്‍
ഈന്തപ്പന കാടുകളില്‍ കാറ്റിന്റെ മര്‍മ്മരം
കനലായ് എരിയുന്ന നാളം തീര്‍ത്ത ചൂടില്‍
കത്തി അമര്‍ന്നു കുതറി ഓടുന്ന യുവത്വം
പകലിന്റെ ഇരുളില്‍ ലയിച്ചലിയുന്നു.

നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും
പിന്നെയീ അത്തറും,താററ്റു പോയൊരാ മേനിയും
തരളിതമായൊരീ തന്മാത്ര വേളയില്‍
കരിമ്പട കൂട്ടിലെ സ്വര്‍ണ്ണ മല്‍സ്യങ്ങളുടെ
തോരാത്ത രോദനം എന്തിന്നു വേണ്ടിയെന്നു
ഒരു മാത്ര ...,ഒരു മാത്ര മാത്രം ഓര്‍ക്കുക

പച്ച വിരിച്ചൊരാ പഞ്ചാര മണലിന്റെ
പൈതൃകം  വിട്ടു പാറി പറക്കുന്ന യൗവനം
പലതവണ പരകായ,പരദേശ വാസ പ്രവേശത്തില്‍
കുതറിയും,പതറിയും ഓടി ഒളിയ്ക്കുമ്പോള്‍
നാം സ്വയം അറിയണം ഈ കറുപ്പിന്റെ ദാഹവും
കുംങ്കുമം ചാര്‍ത്തിയ പെണ്ണിന്റെ പ്രാര്‍ത്ഥനയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക