Image

കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

Published on 18 September, 2020
 കേന്ദ്രമന്ത്രി  ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു


ന്യുഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ അംഗം ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി. 

ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പിന്റെ അധിക ചുമതല നരേന്ദ്ര സിംഗ് തോമറിന് കൈമാറി. നിലവില്‍ കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമീണ വികസനം എന്നീ വകുപ്പുകള്‍ തോമറുടെ പക്കലുണ്ട്. 

നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ ബില്ലുകളില്‍ പ്രതിഷേധിച്ചാണ് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ഇന്നലെ വൈകിട്ട് രാജി പ്രഖ്യാപിച്ചത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് ഏറെ പ്രതികൂലമാണ് ബില്‍ എന്ന് ഇവര്‍ ആരോപിക്കുന്നു. കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സിനും നിയമനിര്‍മ്മാണത്തിനുമെതിരെ പ്രതിഷേധിക്കുന്നതിനാണ് രാജിയെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കൊപ്പം അവരുടെ ഒരു സഹോദരിയായോ മകളായോ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമാണ്. -കൗര്‍ ട്വീറ്റ് ചെയ്തു. 

ബില്ലുകള്‍ ലോക്‌സഭ പാസാക്കിയതിനു പിന്നാലെയായിരുന്നു കൗറിന്റെ രാജി. ബില്ലുകള്‍ രാജ്യസഭയിലും പാസാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. കൗര്‍ രാജി പിന്‍വലിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ നിരസിച്ചു. 

അതേസമയം, മന്ത്രിയുടെ രാജി വെറും തട്ടിപ്പ് മാത്രമാണെന്നും വളരെ വൈകിയുള്ള രാജിയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. 

പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അകാലിദളിന്റെ നടപടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക