Image

ലോകത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ആന്റി കോവിഡ് പുരസ്കാരം റോമിലെ ഡാവിഞ്ചി എയര്‍പോര്‍ട്ടിന്

Published on 18 September, 2020
ലോകത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ആന്റി കോവിഡ് പുരസ്കാരം റോമിലെ ഡാവിഞ്ചി എയര്‍പോര്‍ട്ടിന്
റോം: ഫൈവ് സ്റ്റാര്‍ ആന്റി  കോവിഡ് അവാര്‍ഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ട് എന്ന പദവി റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയര്‍പോര്‍ട്ടിന് ലഭിച്ചു. രാജ്യാന്തര എയര്‍പോര്‍ട്ട് സെക്ടറിലെ പ്രിസിപ്പല്‍ റേറ്റിങ് ആന്‍ഡ് അസസ്‌മെന്റ് കമ്പനിയായ സ്‌കൈട്രാക്‌സിന്റെ റേറ്റിങ്ങിലാണ് ഫ്യുമിച്ചിനോ എയര്‍പോര്‍ട്ടിന് ലോകോത്തര പദവി ലഭിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ വാര്‍ഷിക റാങ്കിങ്ങിന് സ്‌കൈട്രാക്‌സ് റേറ്റിങ് പേരുകേട്ടതാണ്. കൊറോണ വൈറസ് പ്രതിസന്ധികാലത്ത് എയര്‍പോര്‍ട്ടുകളിലെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കിയാണ് ഇത്തവണ തിരഞ്ഞെടുപ്പു നടത്തിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമതാപരിശോധന, വിഷ്വല്‍ നിരീക്ഷണ വിശകലനം, പരിശോധന തുടങ്ങിയവയുടെ വിദഗ്ധമായ സംയോജനമാണ് ഫ്യുമിച്ചിനോയെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നും സ്‌കൈട്രാക്‌സ് അധികൃതര്‍ വെളിപ്പെടുത്തി.

വായിക്കാന്‍ എളുപ്പമുള്ള രീതിയില്‍ വിവിധ ഭാഷകളില്‍ തയാറാക്കിയിട്ടുള്ള ഡിസ്‌പ്ലേ സിസ്റ്റം, യാത്രക്കാര്‍ക്ക് മാസ്ക് കര്‍ശനമാക്കുന്നതില്‍ കാണിക്കുന്ന ഉത്തരവാദിത്തം, എയര്‍പോര്‍ട്ടിലെ ശുചീകരണ തൊഴിലാളികളുടെ കാര്യക്ഷമത എന്നിവയും റേറ്റിങ് പരിഗണനയില്‍  പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവെന്ന് കമ്പനി പറഞ്ഞു.

കോവിഡ് - 19 വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ലഭിച്ച യുറോപ്യന്‍ യൂണിയനിലെ ആദ്യത്തെ വിമാനത്താവളമെന്ന പദവിയും അടുത്തിടെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയര്‍പോര്‍ട്ടിനെ തേടിയെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക