Image

അസമിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും

Published on 18 September, 2020
അസമിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും
ദിസ്പുര്‍: അസമിലെ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവ തുറക്കുന്നത്. സ്കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 15നാണ് അസമിലെ സ്കൂളുകള്‍ അടച്ചത്. അതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ അടുത്ത 15 ദിവസത്തേക്ക് സാധാരണ നിലയില്‍ നടത്താനാണ് തീരുമാനം. 15 ദിവസത്തിനുശേഷം സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണോ എന്നകാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനിക്കും. സ്വകാര്യ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാം. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും ബാധകമായിരിക്കുമെന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമായിരിക്കില്ല. രക്ഷിതാക്കളുടെ അനുമതി പത്രവുമായി വരുന്ന വിദ്യാര്‍ഥികളെ മാത്രമെ ക്ലാസില്‍ ഇരുത്തൂ. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പത്ത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. ഓരോ ക്ലാസുകളിലെയും കുട്ടികളുടെ എണ്ണം 20 താഴെ ആയിരിക്കും. ഇതിനനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണം. ആദ്യ ബാച്ചിന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും രണ്ടാമത്തെ ബാച്ചിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് നാലു വരെയുമാവും ക്ലാസ്.

സ്കൂളിലെ 50 ശതമാനം അധ്യാപകര്‍ മാത്രമെ ഒരു ദിവസം എത്താവൂ. എന്തെങ്കിലും അസുഖമുള്ള അധ്യാപകര്‍ സ്കൂളില്‍ എത്താന്‍ പാടില്ല. സ്കൂളുകള്‍ ജില്ലാ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും. എല്ലാ അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചവരെ മാത്രമെ സ്കൂളിലെത്താന്‍ അനുവദിക്കൂ. ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക