Image

വെല്ലുവിളി നിറഞ്ഞതും വിലമതിപ്പ് കിട്ടാത്തതുമാണ് വീട്ടമ്മമാരുടെ ജോലി; ബോംബെ ഹൈക്കോടതി

Published on 23 September, 2020
വെല്ലുവിളി നിറഞ്ഞതും വിലമതിപ്പ് കിട്ടാത്തതുമാണ് വീട്ടമ്മമാരുടെ ജോലി; ബോംബെ ഹൈക്കോടതി

മുംബൈ: കുടുംബത്തില്‍ വീട്ടമ്മയുടെ പങ്ക് വളരെ സവിശേഷതയുള്ളതാണെന്നും എന്നാല്‍ അവരുടെ അധ്വാനം ആരും വില മതിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി. വീട്ടമ്മമാരുടെ മരണത്തില്‍ നഷ്ടപരിഹാരം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.


വീട്ടമ്മമാരുടെ റോള്‍ ഏറ്റവും സുപ്രധാനവും വെല്ലുവിളി നിറഞ്ഞതുമാണ്. എന്നാല്‍ അതിനുള്ള വിലമതിപ്പ് കുറവാണ്. കുടുംബത്തെ ഒരുമിപ്പിച്ച്‌ നിര്‍ത്തുന്ന ഘടകമാണ് അവര്‍. ഭര്‍ത്താവിനെ താങ്ങിനിര്‍ത്തുന്ന നെടുംതൂണും കുട്ടികളെ നയിക്കുന്ന ശക്തിയുമാണ്. 


വീട്ടിലെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷാകരുമാണ് ഇവര്‍. -ജസ്റ്റീസ് അനില്‍ കിലോര്‍ പറഞ്ഞൂ.

സമയം നോക്കാതെ, ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നവരാണവര്‍. എന്നാല്‍ അത് ആരും അംഗീകരിക്കുന്നില്ല. ഒരു തൊഴിലായി പരിഗണിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഒരു മാസവരുമാനവും അവര്‍ക്കില്ല- കോടതി ചൂണ്ടിക്കാട്ടി.


അമരാവതി സ്വദേശിയായ രംഭൂ ഗവായും രണ്ട് മക്കളും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്ബോഴാണ് കോടതിയുടെ നിരീക്ഷണം. അമരാവതി മോട്ടോര്‍ അക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണിന്റെ വിധിക്കെതിരെയായിരുന്നു അപ്പീല്‍. രംഭു ഗവായുടെ ഭാര്യ ബേബിഭായ് റോഡപകടത്തില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേകിച്ച്‌ ജോലി ഇല്ലാത്തതിനാല്‍ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു 2007 ഫെബ്രുവരി 3ന് ട്രിബ്യൂണല്‍ വിധി പറഞ്ഞത്.


2005ലായിരുന്നു അപകടം. ബേബിഭായ് സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ ബേബിഭായ് വൈകാതെ മരണമടയുകയായിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് മടക്കി ഹൈക്കോടതി, ഒരു വീട്ടമ്മയുടെ സേവനത്തിന് സാമ്ബത്തിക മൂല്യം കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. 2001ല്‍ സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


വീട്ടമ്മ എന്ന നിലയില്‍ 3000 രൂപയും അവരുടെ ജോലിക്ക് 3,000 രൂപയും വരുമാനം നിശ്ചയിച്ച കോടതി കുടുംബത്തിന് 8.22 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്ബനിക്ക് കോടതി നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക